മക്കയിൽ പ്രസിദ്ധമായ ചന്ത നടന്നുകൊണ്ടിരിക്കുകയാണ്. ഹിജ്റ (അറബി മാസം) കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞ് നിന്ന് ഒരാൾ ഉറക്കെ ചോദിച്ചു: “ഇന്നലെ രാത്രി നിങ്ങളുടെ കൂട്ടത്തിൽ (ഖുറൈശികളിൽ) ആർക്കെങ്കിലും ഒരു കുഞ്ഞ് പിറന്നിട്ടുണ്ടോ?”
ആളുകൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. മക്കയിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു ജൂതനാണ് കക്ഷി. അയാൾ ചോദ്യം ആവർത്തിച്ചു. അവർ പറഞ്ഞു: “ഞങ്ങൾക്കറിയില്ല.”
ജൂതൻ വിടുന്ന മട്ടുണ്ടായിരുന്നില്ല. അയാൾ ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു: “ഖുറൈശികളെ ശ്രദ്ധിക്കൂ. ഇന്നലെ രാത്രി ഈ സമുദായത്തിൻ്റെ പ്രവാചകൻ അഹ്മദ് പ്രസവിക്കപ്പെട്ടിരിക്കുന്നു. അവൻ്റെ രണ്ട് തോളുകൾക്ക് നടുവിൽ സ്വൽപം മുടികളുള്ള ഒരു മുദ്രയുണ്ട്.” ഈ വൃത്താന്തം അവരെ കൗതുകപ്പെടുത്തി. വീട്ടിലെത്തി കുടുംബങ്ങളോടെല്ലാം വിവരം ആരാഞ്ഞപ്പോൾ ആരോ പറഞ്ഞു: “അബ്ദുല്ലാക്ക് ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ട്. മുഹമ്മദ് എന്നാണ് പേര്.” അവർ ജൂതനെ സന്ദർശിച്ച് വിവരം ധരിപ്പിച്ചു.
ജൂതൻ: “എൻ്റെ വൃത്താന്തത്തിന് മുമ്പോ ശേഷമോ?”
അവർ: “അൽപം മുമ്പ്, പേര് അഹ്മദ്.”
ജൂതൻ: “എന്നെ അവിടേക്ക് കൊണ്ടുപോകുമോ?”
അങ്ങനെ അവർ ജൂതനെയും കൂട്ടി അബ്ദുല്ലയുടെ ഭാര്യ ആമിനയുടെ വീട്ടിലെത്തി. കുട്ടിയെ കാണിച്ചുകൊടുത്തു. മുതുകിലെ അടയാളം കണ്ട് ജൂതൻ ബോധം കെട്ടു വീണു. കുറച്ച് സമയത്തിനുശേഷം ബോധം തിരിച്ചു കിട്ടിയപ്പോൾ അവർ ചോദിച്ചു: “എന്തുപറ്റി?”
ജൂതൻ: “പ്രവാചകത്വവും കിതാബും ബനൂ ഇസ്റാഈല്യരിൽ നിന്ന് നഷ്ടപ്പെട്ടു. അറബികൾ പ്രവാചകത്വം കൊണ്ട് വിജയിച്ചിരിക്കുന്നു. ഖുറൈശികളേ, നിങ്ങൾ സന്തോഷിക്കുന്നില്ലേ?”
വേദക്കാർക്ക് നബിയെ കുറിച്ച് വ്യക്തമായ വിവരമുണ്ടായിരുന്നു എന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. ഇത് അവർ നിരന്തരം പറയുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കി തനിക്ക് ജനിക്കുന്ന കുഞ്ഞ് ആ നബി ആകണം എന്ന് കരുതി മുഹമ്മദ് എന്ന് മക്കൾക്ക് പേരിട്ടവർ വരെ ഉണ്ടായിരുന്നു. അത്തരം ഒരു സംഭവം ഖലീഫ ഇബ്നു അബ്ദ പറയുന്നു:
“ഞാൻ മുഹമ്മദ്ബ്നു അദിജിനോട് തനിക്ക് മുഹമ്മദ് എന്ന നാമം കിട്ടിയ കാരണത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇവ്വിഷയം പിതാവിനോട് ചോദിച്ചതാണ്. അപ്പോൾ പിതാവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: ഞങ്ങൾ ബനൂ തമീം ഗോത്രത്തിലെ നാലാളുകൾ (സുഫ്യാൻ, യസീദ്, ഉസാമ പിന്നെ ഞാനും) ഇബ്നു ജഫ്ന അൽഗസ്സാനിയെ കാണാൻ പോയി. ഞങ്ങൾ ശാമിലെത്തിയപ്പോൾ സസ്യശ്യാമളമായ ഒരു പ്രദേശത്ത് ഇറങ്ങി. അവിടെ ഒരു തടാകമുണ്ടായിരുന്നു. അതിൻ്റെ തൊട്ടടുത്ത് ഒരു സന്യാസി മഠവും. അതിനകത്തുണ്ടായിരുന്ന പുരോഹിതൻ ഇറങ്ങിവന്ന് പറഞ്ഞു:
“നിങ്ങൾ ഈ നാട്ടുകാരല്ലല്ലോ?”
ഞങ്ങൾ: “ഞങ്ങൾ മുളർ ഗോത്രക്കാരാണ്.”
പുരോഹിതൻ: “ഏത് മുളർ?”
ഞങ്ങൾ: “ഖന്തഫിൻ്റെ ഭാഗത്തുള്ള മുളർ.”
പുരോഹിതൻ: “എന്നാൽ നിങ്ങളിലേക്ക് ഒരു പ്രവാചകൻ വരാനിരിക്കുന്നു. അയാളെ വിശ്വസിക്കുക. ഉൾക്കൊള്ളുക. എങ്കിൽ നിങ്ങൾക്ക് വിജയിക്കാം. കാരണം അദ്ദേഹം അന്ത്യപ്രവാചകനാണ്. മുഹമ്മദ് എന്നാണ് പേര്.”
ഞങ്ങൾ ഇബ്നു ജഫ്നയുടെ അടുക്കൽ നിന്ന് മടങ്ങി. വീട്ടിലെത്തി. നാല് പേർക്കും ആദ്യം പ്രസവിച്ച കുട്ടിക്ക് മുഹമ്മദ് എന്ന് പേരിട്ടു.
തിരുനബിയുടെ രൂപംപോലും വേദ പണ്ഡിതന്മാർക്ക് അറിയാമായിരുന്നുവെന്നതാണ് ഏറ്റവും കൗതുകകരം. അവരുടെ കയ്യിൽ വരാൻ പോകുന്ന നബിയുടെ ഫോട്ടോ പോലുമുണ്ടായിരുന്നു!
ഫോട്ടോ? അതെ. ജുബൈർ ബിൻ മുത്ഇം ഉദ്ധരിക്കുന്ന ഒരു സംഭവം കേൾക്കൂ. തിരുനബി നിയോഗിതനാവുകയും വാർത്ത പടർന്ന് പിടിക്കുകയും ചെയ്യുന്ന സമയത്ത് ഞാൻ ശാമിൽ (സിറിയ) പോയി. ബുസ്റയിലെത്തിയപ്പോൾ അവിടെ ഒരു സംഘം ക്രിസ്ത്യാനികൾ എന്നെ സമീപിച്ച് ചോദിച്ചു: “നീ മക്കക്കാരനാണോ?”
ഞാൻ: “അതെ.”
അവർ: “നിങ്ങളിൽ പ്രവാചകത്വം വാദിക്കുന്നയാളെ അറിയുമോ?”
ഞാൻ: “അതെ.”
അപ്പോൾ അവർ എന്നെയും കൂട്ടി ഒരു മഠത്തിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ചിത്രങ്ങളും രൂപങ്ങളും! അവർ ചോദിച്ചു: “നിങ്ങൾക്കിടയിൽ ആഗതനായ നബിയുടെ ഫോട്ടോ ഇതിൽ കാണുന്നുണ്ടോ?” ഞാൻ നോക്കി. പക്ഷേ തിരുനബിയുടെ രൂപം അതിൽ കാണാമായിരുന്നില്ല.
ഞാൻ പറഞ്ഞു: “ഇല്ല, ഞാൻ കാണുന്നില്ല.” അപ്പോൾ അതിനെക്കാൾ വലിയ മഠത്തിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ഒരുപാട് ചിത്രങ്ങളുണ്ട്. കൂട്ടത്തിൽ തിരുനബിയുടെ ചിത്രം ഉണ്ടോയെന്ന് നോക്കാൻ പറഞ്ഞു. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അത്ഭുതം! അവിടെയതാ നബിയുടെ ചിത്രം! കൂടെ അബൂബക്കറിൻ്റെ ചിത്രവുമുണ്ട്.
അവരുടെ ചോദ്യം: “നബിയുടെ ഗുണഗണങ്ങൾ കാണുന്നുവോ?”
ഞാൻ: “അതേ.”
അവർ: “ഇതാണോ അദ്ദേഹം?”
ഞാൻ: “അതെ.” ശേഷം അവർ ചില ഗുണഗണങ്ങളിലേക്ക് സൂചന നൽകി.
ഞാൻ: “അതെ! ഇത് തിരുനബി തന്നെയാണെന്ന് ഞാൻ സാക്ഷി പറയുന്നു.”
അവർ: “അദ്ദേഹത്തിൻ്റെ കൈപിടിച്ചിരിക്കുന്നത് ആരാണെന്നറിയുമോ?”
ഞാൻ: “അതെ.”
അവർ: തിരുനബിയുടെ ചിത്രത്തിലേക്ക് ചൂണ്ടി “ഇത് നിങ്ങളുടെ നബിയാണെന്നും മറ്റേത് ആ നബിക്ക് ശേഷമുള്ള മുസ്ലിംകളുടെ ഖലീഫയാണന്നും ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.”
അംറുബ്നു അബ്സയുടെ ഇസ്ലാമാശ്ലേഷത്തെ കുറിച്ച് കേൾക്കൂ! അദ്ദേഹം പറയുന്നു: “എൻ്റെ ജനതയുടെ ദൈവിക വിശ്വാസത്തിൽ എനിക്ക് വൈമുഖ്യം തോന്നി. അത് അസത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവർ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലിനെ ആരാധിക്കുന്നു! ഞാൻ ഒരു വേദക്കാരനെ കണ്ടു. അദ്ദേഹത്തോട് ഉത്തമമായ മതമേതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: 'മക്കയിൽനിന്ന് ഒരാൾ വരും. അദ്ദേഹം തൻ്റെ ജനതയുടെ ദൈവങ്ങളെ നിരാകരിക്കും. സത്യമതം കൊണ്ടുവരും. അദ്ദേഹത്തെ കുറിച്ച് കേട്ടാൽ നീ അദ്ദേഹത്തെ അനുഗമിക്കുക.' അന്നു മുതൽ മക്ക മാത്രമായി എൻ്റെ ചിന്ത. ഞാൻ പലപ്പോഴും മക്കയിൽ ചെന്ന് പുതിയ വാർത്തകൾ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കും. അവർ പറയും: ഇല്ല. ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചുവരും. മക്കയിൽ നിന്ന് വരുന്ന യാത്രികരോടൊക്കെ അന്വേഷിക്കും. എല്ലാവരും ഇല്ലെന്ന് മറുപടി പറയും.
ഒരിക്കൽ ഞാൻ ഒരിടത്ത് ഇരിക്കുമ്പോൾ എൻ്റെ സമീപത്തുകൂടെ ഒരു യാത്രികൻ കടന്നുപോയി.
ഞാൻ: “എവിടുന്നാ?”
യാത്രികൻ: “മക്കയിൽ നിന്ന്.”
ഞാൻ: “അവിടെ വല്ലതും സംഭവിച്ചോ?”
യാത്രികൻ: “അതെ, ഒരാൾ വന്നിരിക്കുന്നു. തൻ്റെ ജനതയുടെ ദൈവങ്ങളെ തള്ളിപ്പറഞ്ഞ് മറ്റൊരു ദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു.” ഉടൻ ഞാൻ വാഹനത്തിൽ കയറി മക്കയിലെത്തി, മുസ്ലിമായി.
അതെ! വാഴ്ത്തപ്പെട്ടവൻ്റെ (മുഹമ്മദ് എന്ന അറബി നാമത്തിനു വാഴ്ത്തപ്പെട്ടവനെന്നാണ് അർത്ഥം) ജന്മത്തിനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. ആ പുരുഷൻ ജനിക്കും മുമ്പേ അദ്ദേഹത്തിൻ്റെ പേരും നാടും വീടും കുടുംബവും സ്വഭാവ വൈശിഷ്ട്യങ്ങളും ആകാര വിശേഷങ്ങളും ഹിജ്റയുടെ ഇടവും ഒക്കെ പൂർവ്വവേദങ്ങളിൽ അവർ പാരായണം ചെയ്തു. ആ നബിയുടെ ആഗമനത്തിന് വേണ്ടി അവർ കാത്തിരുന്നു.
വേദങ്ങളിൽ തിരുനബിയെ പരാമർശിക്കുന്നതിനെക്കുറിച്ച് ഖുർആൻ വാചാലമാകുന്നുണ്ട്:
{ ٱلَّذِینَ یَتَّبِعُونَ ٱلرَّسُولَ ٱلنَّبِیَّ ٱلۡأُمِّیَّ ٱلَّذِی یَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِی ٱلتَّوۡرَىٰةِ وَٱلۡإِنجِیلِ یَأۡمُرُهُم بِٱلۡمَعۡرُوفِ وَیَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَیُحِلُّ لَهُمُ ٱلطَّیِّبَـٰتِ وَیُحَرِّمُ عَلَیۡهِمُ ٱلۡخَبَـٰۤىِٕثَ وَیَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَـٰلَ ٱلَّتِی كَانَتۡ عَلَیۡهِمۡۚ فَٱلَّذِینَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِیۤ أُنزِلَ مَعَهُۥۤ أُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ } [Surah Al-Aʿrāf: 157]
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്ജീലിലും (തോറ, ബൈബിൾ) രേഖപ്പെടുത്തപ്പെട്ടതായി അവര്ക്ക് കണ്ടെത്താന് കഴിയുന്ന, അക്ഷരജ്ഞാനം ആർജിച്ചിട്ടില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് ദൈവ കാരുണ്യം രേഖപ്പെടുത്തുന്നതാണ്. അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല കാര്യങ്ങൾ അവര്ക്ക് അനുവദിക്കുകയും ചീത്ത അവർക്ക് നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങളും ചങ്ങലകളും ഇറക്കിവെക്കുകയും ചെയ്യുന്നു. അവിടുത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രകാശത്തെ (ഖുർആൻ) പിൻപറ്റുകയും ചെയ്തവർ തന്നെയാണ് വിജയികൾ.
{ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَعۡرِفُونَهُۥ كَمَا یَعۡرِفُونَ أَبۡنَاۤءَهُمۡۖ وَإِنَّ فَرِیقࣰا مِّنۡهُمۡ لَیَكۡتُمُونَ ٱلۡحَقَّ وَهُمۡ یَعۡلَمُونَ} (1:146)
ഗ്രന്ഥം നൽകപ്പെട്ട ആളുകൾക്ക് അവരുടെ സ്വന്തം മക്കളെ അറിയുന്നതുപോലെ മുഹമ്മദ് നബിയെ അറിയും. എന്നാൽ അവരിൽ ഒരു വിഭാഗം സത്യം അറിഞ്ഞിട്ടും മൂടിവെക്കുകയാണ്.
ഹൃദയത്തിൽ നന്മയുള്ള മനുഷ്യർ ആ നബിയെ സ്വീകരിച്ചു, വിശ്വസിച്ചു. ഭൗതിക മോഹങ്ങളും വംശീയ ചിന്തയും അഹന്തയും കൈമുതലാക്കിയവർ വെളിച്ചം കിട്ടാതെ ഒടുങ്ങി.
സ്വന്തം മക്കളെപ്പോലെ അറിഞ്ഞതു കൊണ്ടായിരിക്കും അവർക്ക് തിരുനബിയുടെയും ഒന്നാം ഖലീഫയുടെയും ചിത്രം പോലും വരക്കാൻ സാധിച്ചത്. അങ്ങനെയൊക്കെ അറിഞ്ഞിട്ടും എന്തുകൊണ്ട് ജൂതർ കൂട്ടമായി ഇസ്ലാം ആശ്ലേഷിച്ചില്ല എന്ന ചോദ്യം ന്യായമാണ്. പ്രവാചകത്വം ഇസ്റാഈല്യരിൽനിന്ന് അറബികളിലേക്ക് മാറുന്നത് അവർക്ക് അസഹനീയമായിരുന്നു. പിന്നെ പൗരോഹിത്യ പദവി നഷ്ടപ്പെടുമെന്ന ആശങ്കയും, മതം കൊണ്ട് ലാഭം കൊയ്യുന്ന ഏർപ്പാട് അവസാനിക്കുമെന്ന ഭയവും, ഒപ്പം അസൂയയും അവരെ പിന്തിരിപ്പിച്ചു.
അതുകൊണ്ടാണ് ബാലനായിരുന്ന മുഹമ്മദിനെ ജൂതരിൽനിന്ന് സംരക്ഷിക്കണമെന്ന് പലരും കുടുംബാംഗങ്ങളെ താക്കീത് ചെയ്തത്. ഇത് ബലപ്പെടുത്തുന്ന ഒരു സംഭവമിതാ. ബനൂ അശ്ഹൽ ഗോത്രക്കാരുമായി സംസാരിക്കുകയാണ് അബൂമാലിക്ബ്നു സിനാൻ. അപ്പോൾ ജൂതനായ യൂശഅ് കടന്നുവന്നിട്ട് ഇങ്ങനെ പറഞ്ഞു: “അഹ്മദ് എന്ന ഒരു പ്രവാചകൻ്റെ ആഗമന സമയമായിരിക്കുന്നു. മക്കയിൽ നിന്നാണ് അദ്ദേഹം വരിക.” ഇതുകേട്ട ഖലീഫത്ബ്നു സഅലബ പരിഹാസത്തോടെ ചോദിച്ചു: “ഉം! അയാളുടെ ഗുണഗണങ്ങളൊന്നു പറഞ്ഞാട്ടെ.” യൂശഅ് പറഞ്ഞു: “അദ്ദേഹം കൂടുതൽ നീളമുള്ളവനോ കുറിയവനോ അല്ല. ശംല (തലപ്പാവ് / അരക്കെട്ടിൽ ചുറ്റുന്ന ഷാൾ എന്നിവയുടെ ബാക്കി വരുന്ന അഗ്രഭാഗത്തെയാണ് ശംല എന്ന് വിളിക്കുന്നത്) ധരിക്കും. കഴുതപ്പുറത്ത് യാത്ര ചെയ്യും. ഈ നാട് അദ്ദേഹത്തിൻ്റെ ഹിജ്റ സ്ഥലമാണ് (പാലായനം ചെയ്തെത്തുന്ന സ്ഥലം).”
അബൂമാലിക് തിരിച്ചെത്തി നാട്ടുകാരോട് യൂശഅ് പറഞ്ഞതിലെ കൗതുകം അറിയിച്ചപ്പോൾ അവരിൽ ഒരാൾ പറയുകയാണ്: “യൂശഅ് മാത്രമോ ഇത് പറയുന്നത്? മദീനയിലെ മുഴുവൻ ജൂതരും നബിയെക്കുറിച്ച് ഇതു പറയുന്നു.” ഇത്രയുമായപ്പോൾ ഞാൻ ബനൂഖുറൈളയെ (അന്നത്തെ മദീനയിലെ ഒരു പ്രമുഖ ജൂത ഗോത്രം) സമീപിച്ചു. അവരെല്ലാം ഇതുതന്നെ പറഞ്ഞു.
മുഹമ്മദ്ബ്നു സലമ പറയുന്നു: “യൂശഅ് എന്നു പേരുള്ള ഒരു ജൂതൻ മാത്രമാണ് ബനൂ അബ്ദിൽ അശ്ഹലിൽ ഉണ്ടായിരുന്നുള്ളു. ഞാൻ കുട്ടിയായ കാലത്ത് അവൻ പറയുന്നത് കേട്ടു. ഈ വീടിൻ്റെ (കഅ്ബയുടെ) ഭാഗത്ത് നിന്ന് പ്രത്യക്ഷപ്പെടുന്ന നബിയുടെ ആഗമന സമയമായിരിക്കുന്നു.” തുടർന്ന് അദ്ദേഹം കഅ്ബയിലേക്ക് വിരൽ ചൂണ്ടി. “ആരെങ്കിലും അദ്ദേഹത്തെ കണ്ടാൽ വിശ്വസിച്ചുകൊള്ളുക.”
മുഹമ്മദ് ബിനു സലമ തുടരുന്നു: “തിരുനബി നിയോഗിക്കപ്പെട്ടു. ഞങ്ങൾ എല്ലാവരും ഇസ്ലാം സ്വീകരിച്ചു. യൂശഅ് അപ്പോൾ ജീവിച്ചിരുന്നെങ്കിലും അയാൾ അസൂയയും അഹന്തയും നിമിത്തം ഇസ്ലാം സ്വീകരിച്ചില്ല!” വെറുതെയല്ല ഖുർആൻ ഇങ്ങനെ ചോദിച്ചത്: “വേദക്കാരേ! നിങ്ങളെന്തിനാണ് അല്ലാഹുവിൻ്റെ സൂക്തങ്ങളിൽ അവിശ്വസിക്കുന്നത്? നിങ്ങൾ തന്നെ അവക്ക് സാക്ഷ്യം വഹിക്കുന്നവരാണല്ലോ." (ആലുഇംറാൻ 70).
വേദക്കാർ പ്രവാചകൻ വരുമെന്ന് പറയുകയും ബഹുദൈവ വിശ്വാസികൾക്കെതിരെ ആ പ്രവാചകനെ മുൻനിർത്തി പ്രാർത്ഥിക്കുകയും ചെയ്തിരുന്നവരായിരുന്നു. എന്നാൽ പ്രവാചകൻ വന്നപ്പോൾ അവർ ഭിന്നിച്ചു. അതേക്കുറിച്ച് ഖുർആൻ പറയുന്നു:
{ وَلَمَّا جَاۤءَهُمۡ كِتَـٰبࣱ مِّنۡ عِندِ ٱللَّهِ مُصَدِّقࣱ لِّمَا مَعَهُمۡ وَكَانُوا۟ مِن قَبۡلُ یَسۡتَفۡتِحُونَ عَلَى ٱلَّذِینَ كَفَرُوا۟ فَلَمَّا جَاۤءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَـٰفِرِینَ } [Surah Al-Baqarah: 89]
“തങ്ങളുടെ കയ്യിലുള്ള ഗ്രന്ഥങ്ങളെ (തൗറാത്, ഇഞ്ചീൽ) അംഗീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ അടുത്ത് നിന്ന് അവർക്ക് ഗ്രന്ഥം (ഖുർആൻ) വന്നപ്പോൾ അവർ നിഷേധിക്കുകയായിരുന്നു. നേരത്തെ സത്യനിഷേധികളുടെ മേൽ വരാനുള്ള പ്രവാചകനെ മുൻനിർത്തി വിജയ പ്രാർത്ഥന നടത്താറുണ്ടായിരുന്നു. പക്ഷേ അവർ അറിഞ്ഞ യാഥാർത്ഥ്യം - (ആ പ്രവാചകൻ) അവർക്ക് എത്തിയപ്പോൾ അവർ നിഷേധിക്കുകയാണ് ചെയ്തത്. നിഷേധികളുടെ മേൽ അല്ലാഹുവിൻ്റെ ശാപം ഉണ്ടാവട്ടെ.”
{ وَمَا تَفَرَّقَ ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ إِلَّا مِنۢ بَعۡدِ مَا جَاۤءَتۡهُمُ ٱلۡبَیِّنَةُ } [Surah Al-Bayyinah: 4]
“ദൈവിക ഗ്രന്ഥം നൽകപ്പെട്ടവർ ഭിന്നിച്ചത് അവർക്ക് വ്യക്തമായ തെളിവ് കിട്ടിയതിനു ശേഷമാണ്.”
ജൂതന്മാരുടെ വംശീയത കുപ്രസിദ്ധമാണ്. ചരിത്രത്തിൽ അവർ വെറുക്കപ്പെടാനും കാരണമതാണ്. തങ്ങൾ ദൈവത്താൽ തിഞ്ഞെടുക്കപ്പെട്ട വിഭാഗമാണെന്നും, ഭൂമി ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്നും, മറ്റുള്ളവരുടെ സമ്പത്തും സൗകര്യങ്ങളും എല്ലാം തങ്ങളുടെതാണെന്നുമൊക്കെയായിരുന്നു അവരുടെ വിശ്വാസം.
തിരുനബിയെ ഇൻ്റർവ്യൂ ചെയ്ത് ഉറപ്പുവരുത്തിയതിനു ശേഷം വിശ്വസിച്ച ജൂതരും ഉണ്ട്. അവരുടെ ചില ചോദ്യങ്ങൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. ആ സംഭവങ്ങൾ വേറെ ലെവലാണ്. പ്രസിദ്ധ വേദ പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാം അങ്ങനെയാണ് മുസ്ലിമായത്.




