ഒരു പുരാണത്തിൽ വരാനിരിക്കുന്ന അവതാരത്തെക്കുറിച്ച് താഴെ പറയുന്നതു പോലെ വിശദീകരിക്കുന്നെന്ന് സങ്കൽപ്പിക്കുക. ജന്മത്തിനു മുൻപ് പിതാവ് മരിക്കും. ജന്മശേഷം താമസിയാതെ മാതാവ് മരിക്കും. പിതാവിൻ്റെ പേര് വിഷ്ണുഭഗത് (ദേവദാസൻ - അറബിയിൽ അബ്ദുല്ലാഹ്) എന്നാണ്. മാതാവിൻ്റെ പേര് സുമതി (അറബിയിൽ ആമിന). അവസാനത്തെ അവതാരമായിരിക്കും. ജനിക്കുക ഒരു മണൽദ്വീപിൽ വെച്ചായിരിക്കും. ലോകം അധർമ്മംകൊണ്ട് ഉറഞ്ഞു മുട്ടുമ്പോഴാണ് അവതരിക്കുക. പരശുരാമനിൽ നിന്ന് ഒരു മലയിൽ വെച്ച് വിദ്യ സ്വീകരിക്കും. സ്വദേശത്തുനിന്ന് ഉത്തര ദിക്കിലെ മലകളിലേക്ക് പലായനം ചെയ്യും. എന്നാൽ അൽപകാലത്തിനുശേഷം അതേ നഗരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും’.
ഇത് ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും? മുഹമ്മദ് നബിയെക്കുറിച്ചാണെന്ന് പറയുമോ? നമുക്ക് നോക്കാം.
മുഹമ്മദ് നബി മാതാവിൻ്റെ ഗർഭത്തിലിരിക്കെയാണ് പിതാവ് മരിച്ചത്. തിരുനബിക്ക് ആറു വയസ്സായപ്പോൾ മാതാവ് മരിച്ചു. മുഹമ്മദ് നബിയുടെ പിതാവിൻ്റെ പേര് അബ്ദുല്ല (ദൈവദാസൻ) എന്നായിരുന്നു. നബിയുടെ മാതാവിൻ്റെ പേര് ആമിന (സുമതി) എന്നാണ്. അവസാനത്തെ പ്രവാചകനാണ്. മുഹമ്മദ് നബി ജനിച്ചത് മണലാരണ്യത്തിലാണ്. ഇരുണ്ട യുഗം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച അധർമ്മം തിമർത്ത കാലത്താണ് ജനനം. ദൈവിക സന്ദേശങ്ങൾ ആദ്യമായി സ്വീകരിച്ചത് ജിബ്രീൽ എന്ന മലക്കിൽ നിന്ന് ഒരു മലയിൽ വെച്ചായിരുന്നു. നബി മദീനഃയിലേക്ക് പലായനം ചെയ്തു. വർഷങ്ങൾക്കുശേഷം മക്കയിലേക്ക് തിരിച്ചെത്തി മക്ക കീഴടക്കി.
പക്ഷേ, മുഹമ്മദ് നബി അവതാരം അല്ലല്ലോ. വിഷ്ണുവിൻ്റെ അവതാരമായിട്ടാണ് കൽക്കി വരിക എന്നാണ് പുരാണത്തിൽ പറയുന്നത്. അവതാരം എന്നത് ഹൈന്ദവ ഭാഷയാണ്. അതിനാൽ ഈ വിശേഷണങ്ങളെല്ലാം നോക്കുമ്പോൾ തിരുനബിയെക്കുറിച്ചുള്ള പ്രവചനം ആകാനാണ് സാധ്യത. ഈ പ്രവചനം മുഹമ്മദ് നബിയെക്കുറിച്ച് തന്നെയാണെന്ന് ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷണം നടത്തി ഡോ. വേദ് പ്രകാശ് ഉപാധ്യായ് (Dr. Ved Prakash Upadhyai) എന്ന സംസ്കൃത പണ്ഡിതൻ തൻ്റെ 'കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ്’ (कल्कि अवतार और मुहम्मद साहिब) എന്ന പുസ്തകത്തിൽ സമർത്ഥിച്ചിട്ടുണ്ട്. 1969-ൽ സരസ്വത് വേദാന്ത പ്രകാശ് സംഘാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ KALKI AVTAR & MUHAMMED SAHEB (p.b.u.h.) എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട്. വായിക്കുക: https://archive.org/details/KalkiAvtar-in-English/mode/1up
ഹൈന്ദവ വേദങ്ങളിലും പ്രവാചകനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. അഥർവ്വവേദത്തിലെ കുന്തപ സൂക്തം വിശ്രുതമാണ്. അറേബ്യൻ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ സൂക്തത്തിലെ ആലങ്കാരിക പ്രയോഗങ്ങളുടെ കുരുക്കഴിക്കാൻ ശ്രമിച്ചാൽ ഇതൊരു പ്രഹേളികയല്ലെന്നും മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രവചനമാണെന്നും ബോധ്യപ്പെടും.
സൂക്തം ഇങ്ങനെ: ഇദം ജനാ ഉപശ്രൂതാ/ നരാശംസ സ്ഥവിഷ്യതേ ഷഷ്ടിം സഹസ്രം നവതിം ച കൗരമ അരുഷ മേഷ്ഠദദ്മഹേ ഉഷ്ടായസ്യ പ്രവാഹിണോ വധുമന്തോ ദ്വിർദശ. വർഷ്മഥരസ്യ നിജിഹീഡതേ ദിവ ഈഷമാണാ ഉപാസ്പൃശ: ഏഷാ ഋഷയേ മാമഹേ ശതം നിഷ്കാൻ ദശസ്രജ: ത്രീണിശ താന്യർവതാം സഹ്രസ്രാ ദശഗോനാം (അഥർവ്വ വേദം വിംശകാണ്ഡം - കുന്തപ സൂക്തം 27, ശ്ലോകം 1-3).
പരിഭാഷ: "അല്ലയോ ജനങ്ങളെ, ശ്രദ്ധിച്ചു കേൾക്കൂ... സ്തുത്യർഹൻ പുകഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ ഇടയിൽനിന്നു അദ്ദേഹത്തെ നാം ആദരിക്കും. അദ്ദേഹത്തിൻ്റെ വാഹനം ഇരുപത് ആൺ-പെൺ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിൻ്റെ ശ്രേഷ്ഠത സ്വർഗ്ഗത്തിലെത്തി അതിനെ താഴ്ത്തും. അവൻ മാമാഋഷിക്ക് പത്ത് ചതുരങ്ങളും നൂറ് സ്വർണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നൽകും." (കുന്തപ സൂക്തം ശ്ലോകം 1-3).
ശ്ലോകത്തിലെ നരാശംസ (സ്തുത്യർഹനായവൻ) എന്ന പദത്തിൻ്റെ അറബി ഭാഷ്യമാണ് മുഹമ്മദ്. അപ്പോൾ 'മുഹമ്മദ് വാഴ്ത്തപ്പെടും' എന്നാണ് മുഴുവൻ ജനങ്ങളും അറിയേണ്ടുന്ന വസ്തുതയായി വേദത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമാകുന്നു. മുഹമ്മദിനെപ്പോലെ ലോകത്ത് മറ്റൊരു പുരുഷനും വാഴ്ത്തപ്പെട്ടിട്ടില്ല, വാഴ്ത്തപ്പെടുന്നുമില്ല.
അനുനിമിഷമെന്നപോലെ ഭൂമിയിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മുഹമ്മദ് നബി. അതിനാൽ ഇങ്ങനെ വാഴ്ത്തപ്പെടുന്ന കാര്യം പ്രവചിക്കാൻ കൊള്ളുന്നതുതന്നെ. പ്രവചനം തിരുനബിയിൽ സത്യമായി പുലർന്നു.
"അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കൾക്കിടയിൽ നിന്നാണ് മുഹമ്മദിനെ നാം സ്വീകരിക്കുക" എന്ന് വേദത്തിൽ പറഞ്ഞിരിക്കുന്നു. തിരുനബിയുടെ കാലഘട്ടത്തിൽ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലായിരുന്നു.
അവയിൽ വളരെ ചെറിയ വിഭാഗം മാത്രമേ തിരുനബിയിൽ വിശ്വസിച്ചിട്ടുള്ളൂ. അധികപേരും ശത്രുക്കളായിരുന്നു എന്ന് ചുരുക്കം. ശത്രുക്കളുടെ സംഖ്യപോലും തിരുനബിയുടെ കാര്യത്തിൽ സത്യമാണെന്ന് വരുന്നു.
ഒട്ടകമാണ് അദ്ദേഹത്തിൻ്റെ പ്രധാന വാഹനമെന്ന് പ്രവചിച്ചിട്ടുണ്ട്. അപ്പോൾ അത് എന്തായാലും ഹൈന്ദവ മഹർഷിയൊന്നുമാകാൻ സാധ്യതയില്ല. കാരണം, ഹൈന്ദവ ധർമ്മശാസ്ത്രപ്രകാരം ഒട്ടകയാത്ര നിഷിദ്ധമായിരുന്നു. മനുമഹർഷി പറയുന്നു: "ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നമായി സ്നാനം ചെയ്യുന്നതും ബ്രാഹ്മണനെ അശുദ്ധനാക്കും" (മനുസ്മൃതി: 11: 207). എന്നാൽ യാഥാർത്ഥ്യമായും ഇത് മുഹമ്മദ് നബിയിൽ പുലർന്നതായി കാണാം. തിരുനബിയുടെ പ്രധാന വാഹനം ഒട്ടകമായിരുന്നു.
തൻ്റെ ഭാര്യമാരോടൊപ്പം തിരുനബി ഒട്ടകയാത്ര നടത്തിയിട്ടുണ്ട്. അവൻ്റെ മഹത്വം സ്വർഗലോകം വരെയെത്തി അതിനെ താഴ്ത്തും എന്നതിൻ്റെ ഉദ്ദേശ്യം തിരുനബിയുടെ ആകാശയാത്രയാകാനിടയുണ്ട്. ഏഴാകാശങ്ങളും സ്വർഗനരകങ്ങളുമൊക്കെ അന്ന് തിരുനബി കണ്ടു എന്നാണ് മുസ്ലിംകളുടെ വിശ്വാസം. ആകാശ ലോകങ്ങൾ കണ്ട് ഭൂമിയിലേക്ക് തന്നെ തിരിച്ചുവന്നതിനെക്കുറിച്ചായിരിക്കാം അതിനെ താഴ്ത്തും എന്ന് പറഞ്ഞിട്ടുണ്ടായിരിക്കുക.
- ഒന്നാമത്തെ ശ്ലോകത്തിൽ കൗരമ എന്ന പദം നരാശംസയെ വിശേഷിപ്പിക്കാൻ വേണ്ടി പ്രയോഗിച്ച നാമവിശേഷണമാണ്.
- സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവൻ എന്നാണതിൻ്റെ അർത്ഥം. പകയും സ്പർദ്ധയും ജീവിതവ്രതമാക്കിയ ഒരു സമൂഹത്തിന് സമാധാനത്തിൻ്റെ സന്ദേശം നൽകി പാരസ്പര്യത്തിൻ്റെ നൂലിഴകളിൽ മനുഷ്യനെ കോർത്തിണക്കിയ സമാധാനത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് നന്നായി ചേരും ഈ വിശേഷണം. സലാം (സമാധാനം) എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായ ഇസ്ലാം (സമർപ്പണം) ആയിരുന്നല്ലോ ആ പ്രവാചകൻ്റെ സന്ദേശം.
- മാമാഋഷിക്ക് (മഹമ്മദ് എന്ന മഹാന്) പത്ത് ചതുരങ്ങളും (അല്ലെങ്കിൽ ഹാരങ്ങൾ), നൂറ് സ്വർണനാണയങ്ങളും, മുന്നൂറ് വേഗതയേറിയ കുതിരകളും, പതിനായിരം പശുക്കളും ലഭിക്കും എന്നാണ് മൂന്നാം ശ്ലോകത്തിൽ പറയുന്നത്.
- ഇത് മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രവചനം തന്നെയാകണമെന്നില്ല.
- ചിലപ്പോൾ മറ്റൊരു പ്രവചനമാകാം. പക്ഷേ മാമാ എന്ന പേരിൽ ഒരു ഋഷിയെ നാം കേട്ടിട്ടില്ല.
- മാമാ എന്ന് പറഞ്ഞത് മുഹമ്മദിനെക്കുറിച്ച് തന്നെയാണോ എന്ന് ചിന്തിക്കാൻ ഇത് കാരണമാകുന്നു.
- ഒരു അറബി പദത്തെ സംസ്കൃതവൽകരിച്ചപ്പോൾ ഉണ്ടായ മാറ്റമാകാനിടയുണ്ട്. നബിനാമങ്ങളായ മുഹമ്മദ്, അഹ്മദ് തുടങ്ങിയ നാമങ്ങളിലെ 'മീമ്' എന്ന ശബ്ദത്തിന് സൂഫി ദാർശനികർ വലിയ പ്രാധാന്യം നൽകിയതായി കാണാമെന്നത് ഇവിടെ ശ്രദ്ധേയമാണ്.
മാത്രവുമല്ല, മുഹമ്മദ് നബിക്ക് ഏറ്റവും അടുത്ത പത്ത് അനുചരന്മാരാണുള്ളത്. ആ ചതുരം കണക്കെ അവർ തിരുനബിക്ക് ചുറ്റും നിലയുറപ്പിക്കുമെന്നായിരിക്കും ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതോ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഈ പത്തുപേർ (അൽ അശറത്തുൽ മുബശ്ശറ) തിരുനബിയുടെ മഹത്വത്തിന് ഹാരങ്ങൾ ചാർത്തുന്നുവെന്നാണോ ആവോ? ശത്രുക്കളുടെ പീഡനങ്ങളെയും അക്രമങ്ങളെയും അവഗണിച്ച് തിരുനബിക്കൊപ്പം നിലയുറപ്പിക്കുകയും അവസാനം എല്ലാം ഒഴിവാക്കി എത്യോപ്യയിലേക്ക് (അബ്സീനിയ) പലായനം ചെയ്ത നൂറ് അനുയായികളുണ്ട്. തങ്കത്തിളക്കമുള്ള അനുചരന്മാർ. അതായിരിക്കുമോ നൂറ് സ്വർണനാണയങ്ങൾ? കുതിരകൾ എന്നും യുദ്ധത്തിൻ്റെ പ്രതീകമാണ്. സമാധാന സ്ഥാപനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി തിരുനബി ആദ്യ സമരത്തിൽ പങ്കെടുത്തത് 313 പേരുമായാണ് എന്നതാണ് ചരിത്രം. ഇതിൽ വിവിധ കാരണങ്ങളാൽ യുദ്ധം ചെയ്യാൻ കഴിയാതിരുന്ന 8 പേരെയും യുദ്ധം തുടങ്ങുന്നതിനുമുമ്പ് മരിച്ച നാല് ബാലന്മാരെയും ഒഴിവാക്കിയാൽ സമരമുഖത്ത് കുതിരകളായി കൃത്യം 300 പേരാണ് ഉണ്ടായിരുന്നത് എന്ന് ഗ്രഹിക്കാം.
മക്കാവിജയ സമയത്ത് സൗമ്യരും ശാന്തരും അനുസരണാ ശീലരുമായ പതിനായിരം അനുചരന്മാർ നബിക്കൊപ്പം ഉണ്ടായിരുന്നു. പശു എന്നും ശാന്തതയുടെ അടയാളമാണല്ലോ. മക്കാവിജയം ചരിത്രത്തിൽ തുല്യതയില്ലാത്ത ഇസ്ലാമിക ശാന്തിയുടെ പ്രഖ്യാപനമാണല്ലോ. ഇതായിരിക്കുമോ പതിനായിരം പശുക്കൾകൊണ്ട് വിവക്ഷിതം? എല്ലാം ഒത്തുവരുമ്പോൾ അതങ്ങനെത്തന്നെ പറയേണ്ടിവരുന്നു. ഇവയിൽ ഒരു വിശേഷണം ഒത്തവരെ പോലും ഇന്ത്യയിൽ കാണാതിരിക്കുകയും എല്ലാ വിശേഷണങ്ങളും ഒത്ത ഒരാളെ നാം അറേബ്യയിൽ കണ്ടുമുട്ടുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും!
ഇനി ഭവിഷ്യൽ പുരാണത്തിൽ പ്രവാചകനെ പറ്റി പറയുന്നത് നോക്കാം. ഹിന്ദുമതത്തിൽ ആചാര്യനും അവതാരവുമായി വ്യവഹരിക്കപ്പെട്ട വ്യക്തിയാണ് വ്യാസ മഹർഷി. ഇദ്ദേഹം രചിച്ചതാണെന്ന് വിശ്വസിക്കപ്പെട്ട അഷ്ഠാദശ (പതിനെട്ട്) പുരാണങ്ങളിൽ ഭാവികാര്യങ്ങളെക്കുറിച്ച് പ്രവചനങ്ങൾ ഉൾക്കൊള്ളിക്കുന്നതാണ് ഭവിഷ്യൽപുരാണം. ഈ പുരാണത്തിലെ പ്രതിസർഗ പർവ്വത്തിൽ പറയുന്നു: "അപ്പോൾ മഹാമദ് എന്ന പേരിൽ വിദേശിയായ ഒരു ആചാര്യൻ തൻ്റെ അനുചരരോടുകൂടെ പ്രത്യക്ഷപ്പെടും." ഈ ആചാര്യൻ്റെ അനുയായികളെക്കുറിച്ച് പുരാണത്തിൽ പറയുന്ന ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്.
ഭവിഷ്യൽ പുരാണത്തിൽ ഒരു ഇന്ത്യൻ രാജാവ് അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്: "അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ! അറബ്യേൻ നിവാസീ, ഞാൻ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകർക്കാൻ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരായ ശത്രുക്കളിൽ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാൻ അവിടുത്തെ എളിയ ദാസനാണ്, ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിച്ചാലും".




