ഫസ്റ്റ്, സെക്കൻഡ്, തേർഡ് - മൂന്ന് സ്ഥാനങ്ങളും ഏകപക്ഷീയമായി ഉമ്മപ്പെണ്ണിന് കൊടുക്കുകയും ഉപ്പപ്പുരുഷനെ നാലാം സ്ഥാനത്തേക്ക് തള്ളി മാറ്റുകയും ചെയ്ത നിരീക്ഷണത്തിന്റെ വേരും മണ്ണും നമ്മൾ കണ്ടു. ഇതുപോലെ സ്ത്രീ പലനിലക്കും പുരുഷനെക്കാൾ മികച്ചുനിൽക്കുന്ന ജീവിത സന്ദർഭങ്ങൾ മതവീക്ഷണ പ്രകാരം എമ്പാടും കാണാം. ആയതുകൊണ്ട് തന്നെയാണ് ഗണിത യുക്തി പ്രകാരം 50:50 ആണ് ശരിയെന്ന് തോന്നാമെങ്കിലും ജീവിതത്തിൻ്റെ പച്ച മണ്ണിൽ ഇത് സാധ്യമല്ലെന്ന് വരുന്നത്. മുമ്പ് ഒരു ചോദ്യം ചോദിച്ചത് ഓർമ്മയുണ്ടോ? തക്കാളിയും തക്കാളിയും താരതമ്യം ചെയ്ത് സമമാണോ അല്ലേ എന്ന് പറയാം. എന്നപോലെ ഉരുളക്കിഴങ്ങും ഉരുളക്കിഴങ്ങും തമ്മിലും. പക്ഷേ ഒരു കയ്യിൽ തക്കാളിയും മറ്റേ കയ്യിൽ ഉരുളക്കിഴങ്ങും പിടിച്ച് ഇതുരണ്ടും തുല്യമല്ലേ എന്ന് ചോദിച്ചാൽ?
വാസ്തവത്തിൽ ഇത് ഉരുളക്കിഴങ്ങിന്റെ ആത്മവിശ്വാസക്കുറവിൻ പുറത്തുള്ള ചതി പ്രയോഗമാണ്. തക്കാളിയെ അപേക്ഷിച്ച് ഒരു മാതിരി നിറമുള്ള, അൺഷെയ്പ്പായി കോലംകെട്ട, താരതമ്യേന ഹാർഡായ, അവിടവിടെ ചുണങ്ങും കച്ചറയുമുള്ള ഉരുളക്കിഴങ്ങിന് നല്ല ചന്തമാർന്ന മേനിയും ഭംഗിയുമുള്ള നിറവും, മാംസളമായ ഉടലുമുള്ള തൊട്ടാൽ പൊട്ടുമെന്ന ആകർഷകത്വമുള്ള തക്കാളിയെ അടിച്ചിടണം - ആയതിനാൽ വാദിക്കുകയാണ് - ഞങ്ങൾ രണ്ടുപേരും പച്ചക്കറി വിഭാഗത്തിൽ പെട്ടതാണ്. ഞങ്ങൾ 50:50 തുല്യമാണ്. അവൾക്ക് എന്നോളം മാത്രമേ വിലയുള്ളൂ. ആയതിനാൽ ഞാൻ പോകുന്ന/ പോകേണ്ടുന്ന കഠിന കഠോരമായ പാതകളിൽ എല്ലാം അവളും വന്നു കൊള്ളണം. സുഖിച്ച് അകത്തിരിക്കാൻ അവൾക്കെന്താ കൊമ്പുണ്ടോ?
ഞാൻ അവളെക്കാൾ ഒട്ടും മോശക്കാരനല്ല. ആയതിനാൽ അവൾ പോകുന്ന എല്ലായിടത്തും ഞാനും പോകും. നമ്മൾ തമ്മിൽ ഒരു വേർതിരിവും വേണ്ട. ഞങ്ങൾക്ക് വേറെ വേറെ ഇരിപ്പിടങ്ങൾ വേണ്ട. ഞങ്ങൾക്ക് വേറെ വേറെ വസ്ത്രങ്ങൾ വേണ്ട. ഞങ്ങൾക്ക് വേറെ വേറെ ബാത്റൂമുകൾ വേണ്ട. അധികം പറഞ്ഞാൽ തക്കാളി - ഉരുളക്കിഴങ്ങ് എന്നീ നാമദ്വന്ദ്വങ്ങൾ തന്നെ അസംബന്ധമാണ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആർക്കും എപ്പോഴും മാറ്റി വിളിക്കാം. മാത്രവുമല്ല തക്കാളി ഒരു പ്രത്യേക സമയത്ത് തക്കാളിയായി ഐഡന്റിഫൈ ചെയ്തതുകൊണ്ട് മാത്രമാണ് അത് തക്കാളി ആവുന്നത്. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങും. ഏത് സമയത്തും രണ്ടിനും ഏതുമാവാം.
രാവും പകലും ദിവസത്തിൻ്റെ രണ്ട് ഭാഗങ്ങളാണ്. രണ്ടും തുല്യമാണ്. ഒന്നിന് പ്രത്യേക പരിശുദ്ധിയോ പോരിഷയോ ഒന്നും പറയാനില്ല. രാവിലെ ആവുന്നതെല്ലാം പകലും ആവാം. തിരിച്ചും. എന്തു രസമാണ് ഇങ്ങനെയൊക്കെ വാദിക്കാൻ? ചുവപ്പും പച്ചയും വർണ്ണങ്ങളാണ്. ഞങ്ങൾ തുല്യരാണെന്ന് പറഞ്ഞു ചുവപ്പ് പോകുന്നിടത്തെല്ലാം പച്ചയും തിരിച്ചും പോകാൻ നിന്നാൽ ലോക്കോ പൈലറ്റ് എന്ത് ചെയ്യും? ട്രാഫിക് സിഗ്നൽ എന്ത് ചെയ്യും? പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും!?
ഞങ്ങൾ രണ്ടുപേരും മന്ത്രിമാരാണ് ഞാൻ ആഭ്യന്തരമന്ത്രി മറ്റേയാൾ വിദേശകാര്യ മന്ത്രി. ഞങ്ങൾക്കിടയിൽ വേർതിരിവുകളോ ഒരാൾക്ക് മറ്റേയാളുടെ മേൽ അധീശത്വമോ അധികാധികാരമോ പാടില്ല. അയാൾ പോകുന്നിടത്തൊക്കെ ഞാനും പോകും എന്ന് പറഞ്ഞാൽ ശരിയാകുമോ. വാസ്തവം പറഞ്ഞാൽ ഒരുമാതിരി വകതിരിവ് കെട്ട വാദഗതികളാണ് നമുക്ക് ചുറ്റും കത്തി പടർന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ മനസ്സിൻ്റെ തോന്നലുകളൊന്നും യാഥാർത്ഥ്യത്തിന്റെ കിടപ്പും മറ്റൊന്നുമാണെന്നതാണ് വസ്തുത. ആണും പെണ്ണും എല്ലാ അർത്ഥത്തിലും തുല്യരാണെന്നും ആണ് ചെയ്യുന്നതൊക്കെ പെണ്ണും, പെണ്ണു ചെയ്യുന്നതൊക്കെ ആണും ചെയ്യണമെന്ന അതിവാദമാണ് നമ്മെ പരിഹാസ്യരാക്കുന്നത്. ഉമ്മയും ഉപ്പയും തുല്യരാണെന്ന് പറയാൻ നമുക്ക് നാക്ക് തരിക്കുന്നു. പക്ഷേ യഥാർത്ഥങ്ങളിലേക്ക് നോക്കുമ്പോൾ ഉമ്മാക്കാണ് പദവി കൂടുതൽ കാണുന്നത്. കനപ്പെട്ട സ്ഥാനമാനങ്ങളെല്ലാം ഉമ്മ കൊണ്ടുപോയി. ഉപ്പ നാലാം സ്ഥാനത്തായി.
ഉറക്കിൽ നിന്നുണരുന്ന കൊച്ചു കുട്ടികൾ സ്വാഭാവികമായും കരഞ്ഞു കൊണ്ടാണ് വരിക. ഇങ്ങനെ കരഞ്ഞ് പുറത്തേക്ക് വരുന്ന ഒരു കുഞ്ഞിൻ്റെ ഇടത്തും വലത്തുമായി ഉമ്മയും ഉപ്പയും സമരൂപത്തിൽ നിൽക്കുക. അപ്പോൾ അവിടെ ത്രികോണപരമായ ക്ഷത്രഗണിത ഘടന രൂപപ്പെടും. ഉപ്പയും ഉമ്മയും 50:50 ആണ്. പക്ഷേ കുട്ടി ആരുടെ ഭാഗത്തേക്കാണ് ചാഞ്ഞു ചാഞ്ഞു പോവുക എന്ന് ഏതാനും പരീക്ഷണങ്ങൾ നടത്തി ഒന്ന് പഠിച്ച് നോക്കിയാട്ടെ. ഏതാണ്ടെല്ലാ പരീക്ഷണങ്ങളിലും കൊച്ചുകുഞ്ഞ് അമ്മയുടെ അരികിലേക്കാണ് ആകർഷിക്കപ്പെടുക. കുട്ടികൾക്ക് പോലും അറിയാം അച്ഛനും അമ്മയും 50:50 അല്ലെന്ന്. പക്ഷേ നമ്മൾ അതറിയില്ലെന്ന് നടിച്ച് അർഹിക്കാത്ത ആനുപാതം സ്ത്രീകളിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പുരുഷൻ്റെ പുഴുത്ത മനസ്സിൻ്റെ പ്രതിഫലനമാണ് അനർഹമായ ഈ അനുപാത വാദം.
മതം യാഥാർത്ഥ്യങ്ങളുടെ പച്ച മണ്ണിൽ നിന്നാണ് സംസാരിക്കുക. ആയതുകൊണ്ടാണ് സ്വർഗ്ഗം പിതാവിൻ്റെ തോളുകളിലാണെന്ന് പറയാതിരുന്നത്. പിന്നെന്താ പറഞ്ഞത്? സ്വർഗ്ഗം മാതാവിൻ്റെ കാൽച്ചുവട്ടിലാണെന്ന്! ഇവിടെ 50 : 50 പോയിട്ട് 99 :1 പോലുമില്ല. മറിച്ച് 100 :0 ആണോ? ആയതുകൊണ്ടാണ് മുമ്പൊരാൾ എഴുതിയത്. എൻ്റെ ഭാര്യ ആദ്യമായി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അവളുടെ വയറ്റിലല്ല ചുംബിച്ചത്. മറിച്ച് അവളുടെ കാലിനടിയിലാണ്. കാരണം അവിടെയാണല്ലോ ആ വയറ്റിൽ വളരുന്ന എൻ്റെ കുഞ്ഞിന്റെ സ്വർഗ്ഗം!
ഇനിയും കാണാം അസമത്വത്തിന്റേതായ നേർ ചിത്രങ്ങൾ. മതത്തിൽ നിങ്ങൾ ഹദീസുകൾ തിരഞ്ഞ് വായിച്ചു നോക്കിയേ. നിങ്ങളാരെങ്കിലും മൂന്ന് സഹോദരന്മാരെയോ മൂന്ന് ആൺമക്കളേയോ പോറ്റി വളർത്തി വലുതാക്കിയാൽ നിങ്ങൾക്ക് സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞതായി കാണാൻ കഴിയുമോ? ഇല്ല. പക്ഷേ, ഹദീസിലുണ്ട് മൂന്നു സഹോദരിമാരെ / പെൺമക്കളെ അരുമയായി വളർത്തി എടുത്താൽ സ്വർഗ്ഗമുണ്ടെന്ന്. അപ്പോൾ ചിലർക്ക് സംശയം. അപ്പോൾ രണ്ടുപേരാണെങ്കിലോ? കിട്ടും. അപ്പോൾ വേറൊരാൾക്ക് സംശയം ഒറ്റ ഒരാളാണെങ്കിലോ? കിട്ടും.
മതം സ്ത്രീയെ അസമത്വത്തിനെറിഞ്ഞു കൊടുക്കുന്നു, ഞങ്ങൾ അവർക്ക് പുരോഗമനത്തിന്റേതായ സമത്വം അണിയിക്കുന്നു എന്നാണ് ചിലർ നാട്ടിൽ പറഞ്ഞുനടക്കുന്നത്. പക്ഷേ പലപ്പോഴും പുരുഷന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് പെണ്ണിനെ കോപ്പിരാട്ടി കളിപ്പിച്ച് മുതലെടുക്കുക എന്നതാണ് പിന്നിൽ നടക്കുന്നതെന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും.
ഒരു യൂറോപ്പ്യൻ സദസ്സ് പരിശോധിക്കുക. എന്താണ് പുരുഷന്മാരുടെ വേഷം. നല്ല പാൻ്റ്സുണ്ട്, കുപ്പായമുണ്ട്, ഓവർകോട്ടുണ്ട്, ടൈയുണ്ട്, ഷൂ ഉണ്ട്, സോക്സ് ഉണ്ട് . കുട്ടപ്പൻ! എന്നാൽ സ്ത്രീയെ എന്തു ഉടുപ്പിച്ചാണ് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്. കഷ്ണം പാവാട കാലിന്റെ മുക്കാൽ ഭാഗം പുറത്ത്, ഒരു കഷ്ണം കുപ്പായം മാറും വയറും വെളിയിൽ. അങ്ങനെ മറക്കാതിരിക്കൽ നിൻ്റെ സ്വാതന്ത്ര്യമാണെന്ന് നീ തെറ്റിധരിക്കെടീ ആന മണ്ടീ. അതിനായി നീ മുറവിളി കൂട്ടെടീ പൊട്ടാടീ. എങ്കിൽ നീ പുരോഗമന നാരിയാവുമെടീ മഠയീ. എന്നിങ്ങനെ ചൊല്ലിപ്പഠിപ്പിച്ചു പാവം സ്ത്രീയെ കാൽകീഴിൽ നിർത്തിയിരിക്കുകയാണ് കാമ പൗരുഷം. അല്ലടാ, നിങ്ങളെ പോലെ ഫുൾ പാന്റും, ഫുൾ കുപ്പായവും ഷൂസും ഷോക്സും വേണമെങ്കിൽ മുടി മറക്കുന്ന ഒരു മഫ്ത കൂടി ധരിച്ച് നിങ്ങളെക്കാൾ ഒരു പിടി സ്വാതന്ത്ര്യം ഞാൻ അനുഭവിക്കുമെടാ എന്ന് പറയാനുള്ള ആർജ്ജവമാണ് സ്ത്രീകൾ കാണിക്കേണ്ടത്. അല്ലാതെ തങ്ങളുടെ സ്വകാര്യതകൾ എല്ലാം പരസ്യമാക്കി കൊണ്ട് നടത്തുന്ന ആൺ ചതിയിൽ പെട്ടു പോവുകയല്ല.



