സ്ത്രീയും പുരുഷനും പരസ്പരം മത്സരിച്ച് ജയിക്കേണ്ട വിരുദ്ധദ്വന്ദ്വങ്ങളെല്ലെന്നും, മറിച്ച് പാരസ്പര്യത്തിന്റെ കാര്യത്തിൽ മത്സരിച്ച് നാൾക്കുനാൾ ഒന്നായി നിൽക്കേണ്ടവരാണെന്നുമാണ് മനസ്സിലാവുന്നത്, നമ്മൾ മനസ്സിലാക്കേണ്ടത്. അല്ലാതെ എല്ലാ കാര്യത്തിലും സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും 50:50 അനുപാതത്തിൽ തുല്യരാണ് എന്ന അതിവാദത്തിൻ്റെ വൈകാരികതയിൽ അഭിരമിക്കുകയല്ല വേണ്ടത്. എല്ലാ കാര്യത്തിലും സ്ത്രീയെ 50 നു മേലേക്ക് കയറാതെ പിടിച്ചു വച്ചേക്കാം എന്ന് നമ്മൾ ആരും കരുതേണ്ട. പലഘട്ടങ്ങളിലും സ്ത്രീ പുരുഷനെക്കാൾ ശക്തയും ഒന്നാം കിടക്കാരിയും ആണ്. ഒരു ഉദാഹരണം നോക്കാം.
മുഹമ്മദ് നബിയുടെ സമക്ഷം ഒരു അനുചരൻ വന്ന് ചോദിക്കുന്നു: അല്ല നബിയെ; ഞാൻ ഏറ്റവും നന്നായി ഇടപഴകേണ്ടത് ആരോടാണ്. നബി ഉത്തരം പറഞ്ഞു: നിന്റെ ഉമ്മയോട്
പിന്നെ ആരോടാണ്
നിൻ്റെ ഉമ്മയോട് !
പിന്നെ ആരോടാണ്
നിന്റെ ഉമ്മയോട് !
പിന്നെ ആരോട്?
നിന്റെ പിതാവിനോട്.
നമ്മൾ വാദിക്കുന്നത് ആണും പെണ്ണും 50:50 എന്നാണ്. എന്നുവെച്ചാൽ ഉപ്പയും ഉമ്മയും ആൺ പെൺ ബൈനറികളായാൽ ഉമ്മക്കമ്പത് ; ഉപ്പക്കമ്പത്. എന്നാൽ നബി പറഞ്ഞ കണക്ക് കൂട്ടി നോക്കൂ! ആദ്യം ഉമ്മ . പിന്നെ ഉമ്മ. പിന്നെ ഉമ്മ. അപ്പോൾ എങ്ങനെയായി അനുപാതം ഉമ്മ 75 :ഉപ്പ 25.
ശൂ !... നിങ്ങളുടെ കണക്ക് തെറ്റിയിരിക്കുന്നു! എന്തുകൊണ്ട്? ആലോചിച്ചു നോക്കൂ. ഇവിടെ ഉപ്പയോടും ഉമ്മയോടും ഉള്ള ഇടപഴകൽ സൗമ്യതയെ നാല് തുല്യ ഭാഗമായി വിഭജിച്ചിട്ട് അതിൽ ആദ്യത്തെ മൂന്നു ഖണ്ഡം ഉമ്മാക്ക് കൊടുക്കാനല്ല പറഞ്ഞത്? മറിച്ച് സ്ഥാനത്തിന്റെ കണക്കാണ്. മനസ്സിലായില്ല?! കവിതാരചന മത്സരം നടക്കുകയാണ്. രണ്ട് മത്സരാർത്ഥികളാണുള്ളത്. പരിപാടി കഴിഞ്ഞ് വിധി നിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുകയാണ്. മത്സര വിജയത്തെ നാലു തുല്യ കഷ്ണങ്ങളാക്കി. മൂന്ന് കഷ്ണം ഒന്നാം സ്ഥാനം നേടിയവനും ഒരു കഷ്ണം രണ്ടാം സ്ഥാനം നേടിയവനും കൊടുക്കുക എന്ന ക്വാൺടിറ്റേറ്റീവ് അസസ്മെൻ്റ് അല്ല നടത്തുന്നത്. മറിച്ച് സ്ഥാനപരമായ ലബ്ധിയാണ് സമ്മാനം.
ഉപ്പമാർക്കും ഉമ്മമാർക്കും മക്കളുടെ ഭാഗത്തുനിന്നുള്ള സൗമ്യ സ്വഭാവ അർഹത മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് ഉമ്മക്കാണ്. രണ്ടാം സ്ഥാനമോ? ഉമ്മയ്ക്കാണ്. മൂന്നാം സ്ഥാനമോ? അതും ഉമ്മക്ക് തന്നെ. സാധാരണഗതിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ് ഉറക്കെ വിളിച്ചു പറഞ്ഞ് സമ്മാനം കൊടുക്കുക. വിജയികളെ കയറ്റി നിർത്തി കഴുത്തിൽ മാലയിട്ടു കൊടുക്കുന്ന പീഠത്തിന് തന്നെ 1, 2, 3 എന്നീ തട്ടുകളേ ഉള്ളൂ. നാലില്ല. ഉപ്പ ഔട്ട്! പ്രോത്സാഹന സമ്മാനമായി പേനയോ പെൻസിലോ കിട്ടിയേക്കാം ലൈംലൈറ്റിൽ ആളെ കാണാനേ കിട്ടത്തില്ല.
ഇനി ഒരു ഇടവേള! അടുത്തൊരു കാടുണ്ട്; ഒന്നു പോയി വരാം. നല്ല മുയലു ചാടുന്ന കാടാണ്. വലയിട്ടാൽ എളുപ്പം കിട്ടും. കശാപ്പു ചെയ്യണം. കഷണമാക്കി കഴുകി മസാല പുരട്ടണം. വിറകു ശേഖരിക്കണം. തീക്കനൽ ഉണ്ടാക്കി ചുട്ടെടുക്കണം. ചൂടാറാതെ നുള്ളി പൊളിച്ചു ചാമ്പണം. അപ്പോൾ മൊത്തം പണികൾ നാല്. നമ്മൾ രണ്ടുപേരല്ലേ? അപ്പോൾ എന്താണ് മനുഷ്യന്മാരാകുമ്പോൾ സാധാരണ നിലക്കുള്ള മര്യാദ. ഒന്നുകിൽ ഉള്ള നാലുപണിയും ഒത്തൊരുമയോടെ രണ്ടുപേരും പങ്കിട്ട് ചെയ്യുക, 50:50 ആയി. അല്ലെങ്കിൽ നമ്മൾ കുറച്ചൊക്കെ കർക്കശാവകാശ വാദക്കാരാണെങ്കിൽ മൊത്തം പണികളെ രണ്ടു കൊണ്ട് ഡിവൈഡ് ചെയ്തു ഓരോരുത്തരും ഈ രണ്ട് വീതം ചെയ്ത് തീർക്കുക. അതല്ലേ അതിന്റെ ഒരു സാമാന്യമര്യാദ.
എന്നാൽ കേൾക്കണോ നിങ്ങൾക്ക് അദൃപ്പത്തിന്റെ ഒരു അനുപാതവാദം. നമ്മൾ രണ്ടുപേരും 50:50 കിറുകൃത്യത്തിൽ തുല്യരല്ലേ? ആകയാൽ ഞാൻ നിന്നെ വലയിട്ട് പിടിക്കാം. നമുക്ക് രണ്ടുപേർക്കും ചേർന്ന് രമിക്കാം. നിൻ്റെ 50:50 എന്ന കണക്ക് വെച്ച് നീ ആയിരിക്കും ചുവടെ വരിക; ഞാൻ മുകളിലും. ഇനിയുള്ള കാര്യങ്ങളിൽ ഒന്നാമത്തേത് ഗർഭം ധരിക്കലാണ്. അത് മുഖത്ത് കണ്ണട വെക്കുമ്പോലെയോ ചെവിയിൽ ഇയർ ഫോൺ വെക്കുമ്പോലെയോ ഉള്ള ഒരു ബാഹ്യ ഏർപ്പാടല്ല. മറിച്ച് അത് ഉള്ളാലുള്ളാേളം കയറി ചെല്ലും. അവിടം കടിച്ചു കിടക്കും. ക്രമേണ അട്ടയെപ്പോലെ ഒട്ടിപ്പിടിക്കും. പിന്നീടത് തടിച്ച് വരും. അന്നേരങ്ങളിൽ എന്തെല്ലാമോ തോന്നും. എന്തൊക്കെയോ സങ്കടമെന്നോ, ഉത്കണ്ഠയെന്നോ എന്തെന്ന് തീർത്തു പറയാനാവാത്ത വല്ലാത്ത അവസ്ഥകളുണ്ടാവും. ഒന്നിനോടും ഒരു താൽപര്യം തോന്നില്ല.
ചായക്കോ ചോറിനോ രുചി തോന്നില്ല. മാത്രമല്ല ഉരുൾപൊട്ടുമ്പോലെ ഛർദിച്ച് മടുക്കും. തലപൊക്കാൻ കഴിയാതെ തളർന്നു കിടക്കും. മാസം ഇത്തിരി കഴിയുമ്പോൾ വയറ് തള്ളിവരും പണ്ടത്തേതുപോലെ ആഞ്ഞു നടക്കാനോ ഓടാനോ കഴിയില്ല. അറിയാത്ത ആളുകൾ കാണുമ്പോൾ ഉണ്ടാകും ഒരു ചമ്മൽ. പൂവാലന്മാർ കണ്ടാൽ വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ എന്ന് കണ്ണാൽ പറയും. പോട്ടെ, സാരമില്ലെന്ന്. എല്ലാം അഞ്ചാറ് ദിവസം കൊണ്ടങ്ങ് ഫിനിഷാവില്ലെ? ക്ഷമിച്ചേക്കെന്ന്? ഇല്ല മോളെ! അഞ്ചാറു ദിവസമോ അഞ്ചാറ് മാസമോ അല്ല. കൃത്യം പറഞ്ഞാൽ 9 മാസം, ഒമ്പത് ദിവസം,9 നാഴിക, 9 വിനാഴിക. (ഏറ്റ വ്യത്യാസങ്ങൾ അല്ലറ ചില്ലറ ഉണ്ടാവാം) എന്നാൽ ഒരു കാര്യം ചെയ്യ്, ഇതെല്ലാം നീ ഏറ്റെടുക്ക്! ആ ഞാനൊറ്റക്കോ? ഇതെന്താ ന്യായം? 50:50 നമ്മൾ തുല്യരല്ലേ?
ആട്ടെ ശാരീരിക മാനസിക സംഘർഷങ്ങൾ നിരന്തരം പിന്തുടരുന്ന ഗർഭകാലം അവളുടെ തലയിൽ കെട്ടിവെച്ചു. ഇനിയാണ് മോളെ കോള് ! പ്രസവം! അത് മൊട്ടുകൾ പൂക്കളായി വിടരുമ്പോലെ, ഉറവ അരുവിയായി ഒഴുകുമ്പോലെ ലളിത സരളമാണെന്നാണോ വിചാരം. മരിക്കുന്ന വേദനയാണ്. പ്രാണൻ പോകുന്ന പിടച്ചിൽ. അസ്ഥികൾ ഞെരുക്കി പൊട്ടിക്കുമ്പോഴുള്ള നൊമ്പരം. ഇതൊക്കെ ശാരീരികമായത്. മാനസികമായതോ? ഭീതി, ഭയം, ഉത്കണ്ഠ. നമ്മൾ 50:50 അല്ലേ. ഗർഭം ഞാൻ ധരിച്ച് സഹിച്ചില്ലേ. ഇനി കോഡ് വയറ് വഴിയോ ബ്ലൂട്ടൂത്ത് പോലുള്ള വല്ല ടെക്നോളജി വെച്ചുകൊണ്ടോ നിറഗർഭം നീ ഏറ്റെടുക്ക്. എന്നിട്ട് നീ പ്രസവിക്ക്!
എന്നെക്കൊണ്ടാവില്ല; കാരണം നമ്മൾ എല്ലാകാര്യത്തിലും തുല്യരാണ്. 50:50 വിട്ട് ഒരു കളിയുമില്ല. എന്നാൽ പോട്ടെ, ഞാനെങ്ങനെയെങ്കിലും പല്ലും കടിച്ച് സഹിച്ച് പ്രസവിക്കാം. പിന്നെ ഞാനൊന്നുമറിയില്ല. കുഞ്ഞിനെ താൻ നോക്കിക്കൊള്ളണം. അതെങ്ങനെയാ കുഞ്ഞു കരയുമ്പോൾ ഞാനെന്താ വായിൽ വച്ചുക്കൊടുക്കുക. അതിനുള്ള മധുരമനോഹരമായ അമ്മിഞ്ഞ നിന്റെ മാറിലല്ലേ ഊറി നിൽക്കുന്നത്. ഇത്രകാലം നിൻ്റെ ഉദരത്തിൽ കിടന്നത് കൊണ്ട് നിന്റെ ഗന്ധവും നിൻ്റെ ചൂരുമൊക്കെയാണ് അതിന് പരിചയമുണ്ടാവുക. വലുതാവുമ്പോൾ ഞാൻ നോക്കാം.. ഓർത്തു നോക്കിയേ സുഹൃത്തുക്കളേ ഇതെവിടുത്തെ പരിപാടിയാണ്. ഒരു പണി വരുമ്പോൾ നമ്മൾ ഒരുപോലെ പങ്കിട്ടല്ലേ ചെയ്യേണ്ടത്. മുയലിനെ കശാപ്പു ചെയ്ത് ഖണ്ഡിക്കേണ്ടത് ഞാൻ. കഴുകി മസാല പുരട്ടേണ്ടത് ഞാൻ. വിറകുപെറുക്കി വന്ന് കനലുണ്ടാകേണ്ടത് ഞാൻ. ചുട്ട് പാകമാക്കേണ്ടത് ഞാൻ. തിന്നാൻ നീയും.
വേണമെങ്കിൽ ഇത്തരം കാര്യങ്ങളിലൊക്കെ 50:50 നടപ്പിലാക്കാം. ജോലികളും ഭാരങ്ങളും തുല്യമായി പങ്കിട്ടു നിർവഹിക്കാം. പക്ഷേ സുഹൃത്തേ ചില കാര്യങ്ങളിൽ അത് വർക്ക് ഔട്ട് ആവില്ലെന്ന് മാത്രമല്ല, ചിന്തിക്കാൻ കൂടി കഴിയില്ല. ഒരു സ്ത്രീ അമ്മയാവുന്നതിന് പിന്നിൽ അഛൻ്റെ സാന്നിധ്യം വേണമെന്നത് ശരി തന്നെ. അത് പക്ഷെ അവിടെ തീർന്നു. അതിനെ ഗർഭം ധരിച്ച്, പ്രസവിച്ച്, മുലയൂട്ടി, വളത്തുക എന്ന ശ്രമകരമായ മൂന്ന് ജോലികൾ അമ്മയാണ് ചെയ്യുന്നത്. അതാവട്ടെ, ആ കുട്ടി പാേലും കാണുന്നില്ല. ആയതിനാലാണ് കടപ്പാട് ആദ്യം നിൻ്റെ ഉമ്മ, പിന്നെ നിൻ്റെ ഉമ്മ, പിന്നെയും നിൻ്റെ ഉമ്മ എന്ന് പ്രവാചകർ പറഞ്ഞത്. പിന്നെയാണ് ഉപ്പക്ക് സ്ഥാനം കൊടുത്തത്. തീർത്തും സ്ത്രീവിരുദ്ധമാണെന്ന് തോന്നുന്ന രൂപത്തിൽ ഗർഭവും പ്രസവവും മുലയൂട്ടലും സ്ത്രീയുടെ തലയിൽ വെച്ചു കെട്ടുന്ന വിധം എന്തുകൊണ്ടായിരിക്കും പ്രകൃതി ഇങ്ങനെ സംവിധാനിച്ചത്. ആലോചിച്ചു നോക്ക്! യാഥാർത്ഥത്തിൻ്റെ തറനിലയിലേക്ക് ഇറങ്ങിവാ. എയറിൽ കിടന്ന് 50:50 ആക്രോശിക്കാൻ സെമിനാറുകളിൽ അണ്ടിപ്പരിപ്പ് കുറച്ചുകൊണ്ട് വൈകാരികമായി വാദിക്കാൻ, തെരുവുകളിൽ മൈക്ക് കെട്ടി തൊണ്ടപൊട്ടിക്കുവാനും ആൾക്കാരുടെ കൈയ്യടി നേടുവാനും ആർക്കാണ് കഴിയാത്തത്.



