തിരുദൂതർ ﷺ വരുന്നു എന്നറിഞ്ഞതു മുതൽ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു യസ്രിബ് (മദീന). അന്നുമുതൽ മദീന നിവാസികൾ സംഘംസംഘമായി അതിർത്തിയിലേക്ക് പോയിക്കൊണ്ടിരുന്നു. വെയിൽ കനക്കുന്നതു വരെ കുന്നിൻ മുകളിൽ, മക്കയുടെ ദിശയിലേക്ക് അവർ നോക്കിനിൽക്കും. നബിപത്നി ആഇശയിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: "തിരുനബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ടത് മുതൽ പ്രഭാത നിസ്കാരം കഴിഞ്ഞാലുടൻ മദീനക്കാർ അതിർത്തിയിലേക്ക് വരും. വെയിലുറയ്ക്കുന്നത് വരെ മരുഭൂമിയിൽ തിരുദൂതരെ കാത്തുനിൽക്കും. തണൽ ലഭിച്ചാൽ അങ്ങോട്ടു മാറി കാത്തുനിൽപ് തുടരും. ചൂട് അതികഠിനമായി, തീരെ തണൽ ലഭിക്കാതെ വന്നാൽ അവർ വീടുകളിലേക്ക് മടങ്ങും.
റബീഉൽഅവ്വലിലെ ഒരു തിങ്കളാഴ്ച ദിവസം. ചൂടു കടുക്കും വരെ കാത്തു നിന്നശേഷം മെല്ലെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങി. ഒരു ജൂതസഹാദരൻ, തൻ്റെ കൽപടവുകളുടെ മേൽ കയറിയതായിരുന്നു. അപ്പോഴാണ് അൽപം അകലെനിന്ന് ഒരു ചെറുസംഘം വരുന്നതായ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു: "അല്ലയോ അറബികളേ, ഇതാ നിങ്ങളുടെ സൗഭാഗ്യം വരുന്നു. അവരിതാ വന്നണയുന്നു. നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളുടെ ആൾ”. അത്യാഹ്ലാദത്തോടെ മദീനക്കാർ ഓടിയെത്തി. മരുഭൂമിയിൽ വെച്ച് തന്നെ അവർ തിരുനബിയെ ﷺ കണ്ടു. അപ്പോഴേക്കും അടുത്തു തന്നെ ഒരു തണലിൽ തിരുനബിയും ﷺ കൂട്ടുകാരും വാഹനങ്ങളുടെ കടിഞ്ഞാൺ പിടിച്ചുകഴിഞ്ഞു. തിരുദൂതരുടെ സമപ്രായക്കാരനായ അനുചരൻ സിദ്ദീഖ് മദീനക്കാരെ സ്വീകരിച്ചു. തിരുനബി ﷺ മൗനിയായി ഒരു ഭാഗത്തിരുന്നു. പിറകെപ്പിറകെ വന്നയാളുകൾ സിദ്ദീഖിനെ കണ്ടപ്പോൾ നബിയാണെന്ന് ഭാവിച്ചു. വെയിൽ വീണ്ടും കഠിനമായി. സിദ്ദീഖ് തട്ടമെടുത്ത് തിരുനബിക്ക് ﷺ തണൽ ചൂടി. അപ്പോഴാണവർ തിരുനബിയെ ﷺ ശ്രദ്ധിച്ചത്.
മദീനക്കാർ ഖുബാഇലേക്ക് തിരുനബിയെ ﷺ ആനയിച്ചു. മദീനയുടെ ഉയർന്ന ഭാഗമായിരുന്നു അത്. നേരേ കുൽസും ബിൻ അൽഹദമിൻ്റെ വീട്ടിലേക്ക് പ്രവേശിച്ചു. സഅദ് ബിൻ ഖൈസമയുടെ വീട്ടിലേക്കായിരുന്നു എന്ന അഭിപ്രായവുമുണ്ട്. എന്നാൽ പ്രബലം ആദ്യത്തേതാണ്. ചില ചരിത്രകാരന്മാർ രണ്ടഭിപ്രായങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് ഇങ്ങനെയെഴുതി: "കുൽസൂമുബിൻ അൽഹദം ജനങ്ങളെ സ്വീകരിക്കാൻ സഅദിൻ്റെ വീട്ടിലാണ് ഇരിക്കുക. അദ്ദേഹം ബാചിലറായിരുന്നു. മക്കയിൽ നിന്ന് മദീനയിലെത്തിയ ബാചിലേഴ്സ് അവിടെയായിരുന്നു താമസിച്ചിരിക്കുന്നത്. അനുചരൻ അബൂബകറിനെ ഖുബൈബ് ബിൻ ഇസാഫ് എന്നയാളുടെ വീട്ടിലിലേക്കാണ് സ്വീകരിച്ചത്.
തിരുനബിയുടെ ﷺ മദീനയിലേക്കുള്ള പ്രവേശത്തെ പരാമർശിച്ചുകൊണ്ട് ഇമാം അഹ്മദും മറ്റും നിവേദനം ചെയ്ത ഒരു വിവരണം ഇങ്ങനെ വായിക്കാം: "മദീനയുടെ അതിർത്തിയിൽ എത്തിയ തിരുനബി ﷺ അവിടുത്തെ കുടുംബക്കാരായ ബനൂ നജ്ജാറിലേക്ക് ആളെ അയച്ചു. അബ്ദുൽമുത്വലിബിന്റെ മാതാവ് വഴിയുള്ള തിരുനബിയുടെ ﷺ അമ്മാവന്മാരാണവർ. അവർ ഉപചാരപൂർവം ആയുധങ്ങളണിഞ്ഞ് തിരുനബിയെ ﷺ സ്വീകരികരിക്കാനെത്തി. അവർ തിരുനബിയോടും കൂട്ടുകാരോടും പറഞ്ഞു: സുരക്ഷിതനായി, ഞങ്ങളുടെ നേതാവായ് അങ്ങ് പ്രവേശിച്ചാലും. തിരുനബി ﷺ അവിടുത്തെ ഖസ്വ് വാ എന്ന ഒട്ടകത്തിന്മേൽ കയറി. ജനങ്ങൾ ഇരുവശങ്ങളിലുമായി കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചു. തക്ബീർ ധ്വനികൾ മുഴക്കി. അല്ലാഹു അക്ബർ, അല്ലാഹുവിന്റെ ദൂതർ ആഗതമായിരിക്കുന്നു...അല്ലാഹു അക്ബർ മുഹമ്മദ് നബി ﷺ ആഗതരായിരിക്കുന്നു… ആഘോഷത്തോടെയും ആവേശത്തോടെയും അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കുട്ടികളും പരിചാരകരും വീടുകളുടെ മച്ചുകളിൽ കയറിയാണ് ഈ കാഴ്ച കണ്ടുകൊണ്ടിരുന്നത്.
പ്രവാചകാനുചരൻ അനസ് പറയുന്നു: "ഞങ്ങളും തക്ബീർ മുഴക്കി മറ്റാളുകൾ പോകുന്ന ദിശയിൽ നീങ്ങി. പ്രത്യേകിച്ചൊന്നും കാണാനില്ല. എല്ലാവരുടെയും കൂടെ തക്ബീർ ചൊല്ലി മുന്നോട്ടു തന്നെ നീങ്ങി. പിന്നെയാണ് ആഗതരെ ദൃഷ്ടിയിൽ പെട്ടത്. കുറച്ച് കഴിഞ്ഞ് ഒരു ഭിത്തിയുടെ മറവിൽ അൽപനേരം നിന്നു. അൻസ്വാറുകളിൽ നിന്നുള്ള സ്വീകരണത്തിന് വേണ്ടിയായിരുന്നു അത്. വൈകിയില്ല. അഞ്ഞൂറോളം അൻസ്വാറുകൾ വന്നു. അവർ പറഞ്ഞു: "സുരക്ഷിതനായി, ഞങ്ങളുടെ നേതാവായി അങ്ങ് കടന്നുവരൂ. മദീനയൊന്നാകെ ഇളകി. ജനാവലി ഒരുമിച്ചു നീങ്ങി. മഹിളകൾ മാളികമുകളിൽ നിന്ന് പരസ്പരം ചോദിച്ചു: തിരുനബിയെവിടെ? തിരുനബിയെവിടെ? അതുപോലൊരു രംഗം മദീന അതിനു മുമ്പോ ശേഷമോ ദർശിച്ചിട്ടില്ല.
ഇമാം അഹ്മദും അബൂദാവൂദും ഉദ്ദരിക്കുന്ന നിവേദനത്തിൽ അനസ് പറയുന്നു: "തിരുനബി ﷺ മദീനയിലേക്ക് ആനയിക്കപ്പെട്ടപ്പോൾ എത്യോപ്യക്കാരായ ആളുകൾ അവരുടെ ആയുധങ്ങൾകൊണ്ടുള്ള ഒരുതരം പ്രകടനം അവതരിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങൾ ഒരുമിച്ച് മംഗളം നേർന്നു.
മദീനക്കാർ അന്നാലപിച്ച വിശ്രുതകാവ്യം വിശ്വാസലോകത്തിന് സുപരിചിതമാണ്.
"ത്വലഅൽ ബദ്റു അലൈനാ,
മിൻ സനിയ്യത്തിൽ വദാഇ
വജബശ്ശുക്റു അലൈനാ
മാ ദആ ലില്ലാഹിദാഇ
അയ്യുഹൽ മബ്ഊസു ഫീനാ
ജിഅ്ത ബിൽ അംറിൽ മുതാഇ”
(വദാ കുന്നിൽ നിന്നുദിച്ചുയർന്നല്ലോ,
പൂർണേന്ദു! ഞങ്ങൾക്ക് ശോഭദീപ്തിയായ്
പ്രാർഥനയുള്ളൊരു കാലങ്ങളത്രയും
നിർബന്ധമാകുന്ന നന്ദിക്കു പാത്രമായ്
അനുസരിക്കേണ്ടുന്ന സംഹിതയുമായ് വന്ന്
നിയുക്തരായല്ലോ ഞങ്ങൾക്കൊരഭയമായ്')
തിരുനബി ﷺ എത്തിയതോടെ മദീന മുഴുവനും പ്രദീപ്തമായി. ഇത്രമേൽ ശോഭയും പ്രഭാവവും നിറഞ്ഞ ദിവസം മദീനയിൽ അനുഭവിച്ചിട്ടില്ലെന്ന് അബൂ ഖൈസമ സാക്ഷ്യപ്പെടുത്തുന്നു. ഓരോ വീട്ടുകാരും തിരുനബിയെ അവരവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. ചിലർ വീട്ടിലെ സൗകര്യങ്ങൾ എണ്ണിപ്പറഞ്ഞു സ്വാഗതം ചെയ്തു. തങ്ങൾക്കു വസിക്കാനും വിശ്രമിക്കാനും അതിഥികള സ്വീകരിക്കാനും ഞങ്ങളുടെ വീട്ടിൽ സൗകര്യമുണ്ടെന്നായിരുന്നു ചിലരുടെ വാക്ക്. തിരുനബി ﷺ എല്ലാവരോടും പറഞ്ഞു: "എന്റെ വാഹനത്തെ അതിൻ്റെ വഴിക്ക് വിടുക. അത് എവിടെയാണ് മുട്ടുകുത്തേണ്ടത് എന്ന് അതിന് കൽപന ലഭിച്ചിട്ടുണ്ട്. എന്റെ ഖസ് വ (ഒട്ടകം) എവിടെ മുട്ടുകുത്തുന്നുവോ അവിടെയാണ് ഞാനിറങ്ങുക".
തിങ്കളാഴ്ച മുതൽ നാല് ദിവസം തിരുനബി ﷺ ഖുബാഇൽ താമസിച്ചു. റബീഉൽഅവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ച സെപ്തംബർ ഇരുപത്തിമൂന്നിന് തിരുനബി ﷺ ഖുബായിൽ നിന്ന് യാത്ര തുടർന്നു. തിരുനബിയുടെ ﷺ വാഹനം 'ഖസ് വാ', ഇന്ന് മദീന പള്ളിനിൽക്കുന്ന സ്ഥലത്ത് മുട്ടു കുത്തി.
മദീനയിൽ എത്തിയതോടെ തിരുനബി ﷺ പ്രത്യേകമായ ചില പ്രാർഥനകൾ നിർവഹിച്ചു. അവിടുന്ന് പറഞ്ഞു: "അല്ലാഹു നിശ്ചയിച്ചാൽ ഇവിടെയാണ് നമ്മുടെ ഭവനം. തുടർന്ന് വിശുദ്ധ ഖുർആനിലെ അൽമുഅ്മിനൂൻ അധ്യായത്തിലെ ഇരുപത്തി ഒൻപതാം സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ്; “അവിടുന്ന് പറയുക. അല്ലാഹുവേ ഏറ്റവും അനുഗ്രഹീതമായ സ്ഥലത്ത് നീ എത്തിക്കേണമേ! നീയാണല്ലോ ഏറ്റവും ഉത്തമമായ സ്ഥലത്ത് എത്തിക്കുന്നവൻ"
തിരുനബി പറഞ്ഞു: "അല്ലാഹുവേ, എനിക്കേറ്റവും പ്രിയപ്പെട്ട നാട്ടിൽ നിന്ന് നിനക്കേറ്റവും പ്രിയപ്പെട്ട നാട്ടിലേക്ക് ഞാൻ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ! നിന്റെ പ്രിയങ്കരനായ ഇബ്റാഹീം നബിക്ക് മക്കയിൽ നൽകിയ അനുഗ്രഹങ്ങളും അതിനുസമാനമായ മറ്റ് അനുഗ്രഹങ്ങളും ഇവിടെ നീ കനിയേണമേ!
ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തിറങ്ങിയപ്പോൾ തിരുനബി ﷺ ചോദിച്ചു. ഇവിടെ തൊട്ടടുത്തുള്ള വീട് ആരുടെതാണ്. ഉടനെ അബൂഅയ്യൂബ് പറഞ്ഞു: അല്ലയോ പ്രവാചകരേ, ഇത് എന്റെ വീടാണ്. ഈ വീടിന്റെ പടിക്കൽ തന്നെയാണ് അവിടുത്തെ വാഹനം നിന്നിട്ടുള്ളത്. ഉടനെ തിരുനബി ﷺ പറഞ്ഞു: ശരി, എന്നാൽ അവിടെ താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തോളൂ.
അബൂ അയ്യൂബുൽ അൻസ്വാരി, തിരുനബിയെ ﷺ വീട്ടിലേക്കാനയിച്ചു. അയൽപക്കത്തു നിന്ന് ചെറിയ പെൺകുട്ടികൾ ദഫ്ഫുമായി എത്തി പാട്ടുപാടാൻ തുടങ്ങി.
"നഹ്നു ബനാതുൻ മിൻ ബനി ന്നജ്ജാരി
യാഹബ്ബദാ മുഹമ്മദുൻ മിൻ ജാരി"
(ബനു ന്നജ്ജാരിലെ പെൺമക്കളാം ഞങ്ങൾ
ചൊൽവൂ; സ്വാഗത മംഗളഗാനങ്ങൾ.
അതിസൗഭാഗ്യമായ് അയലത്തണഞ്ഞതിൽ,
മുത്ത് മുഹമ്മദി ﷺ ന്നയൽവാസിയായതിൽ)
മംഗളഗീതങ്ങൾ കേട്ട തിരുനബി ﷺ ചോദിച്ചു: അല്ല, നിങ്ങൾക്കെന്നോട് ഇഷ്ടമാണ് അല്ലേ? കുട്ടികൾ പറഞ്ഞു: അതേ. തിരുനബിക്ക് ﷺ വലിയ സന്തോഷമായി. അവിടുന്നു പറഞ്ഞു: അല്ലാഹു സാക്ഷി! ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു. മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു.
അബു അയ്യൂബുൽ അൻസ്വാരിയുടെത് ഒരു മേൽതട്ടുള്ള ഭവനമായിരുന്നു. മുകളിൽ താമസിച്ചാലോ എന്ന് അദ്ദേഹം തിരുനബിയോട് ചോദിച്ചുനോക്കി. തിരുനബി ﷺ പറഞ്ഞു: സന്ദർശകരെ സ്വീകരിക്കാനും മറ്റും സൗകര്യം താഴെയാണ്. ഞാൻ താഴെ താമസിച്ചുകൊള്ളാം. നിർബന്ധിതരായ അബൂഅയ്യൂബും പത്നിയും മേലെത്തന്നെ താമസിച്ചു. പക്ഷേ അവർക്ക് അതുൾക്കൊള്ളാൻ സാധിച്ചില്ല. ഓരോ അനക്കവും അടക്കവും തിരുനബിക്ക് ﷺ എന്തെങ്കിലും പ്രയാസങ്ങളുണ്ടാകുമോ എന്നവർ ഭയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അവരുടെ വെള്ളപ്പാത്രം മറിഞ്ഞു. രണ്ടു പേരും ഭയവിഹ്വലരായി; ഈ വെള്ളമെങ്ങാനും ഒലിച്ച് തിരുമേനിയിൽ പതിക്കുമോ? ആകെയുള്ള ഒരു പുതപ്പെടുത്ത് അവർ വെള്ളം ഒപ്പിയെടുത്തു. വെളുക്കുവോളം പിന്നെ ഉറക്കം വന്നില്ല. ഈ സംഭവം കൂടി അറിഞ്ഞപ്പോൾ തിരുനബി ﷺ വീട്ടുകാരന്റെ അഭ്യർഥന മാനിച്ചു. താമസം ഒന്നാം നിലയിലേക്ക് മാറ്റി.
വീട്ടുകാരി ഭക്ഷണം തയ്യാർ ചെയ്യും. വീട്ടുകാരൻ അതെടുത്ത് തിരുനബിക്ക് ﷺ നൽകും. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ തിരുനബിയുടെ ﷺ കൈസ്പർശിച്ച ഭാഗത്ത് നിന്നുള്ള ബാക്കിയെടുക്കാൻ രണ്ടു പേരും മത്സരിക്കും. ഒരുദിവസം ഉള്ളി ചേർത്ത ഒരു ഭക്ഷണം പാചകം ചെയ്തു. തിരുദൂതർക്കത് ﷺ വിളമ്പി. സാധാരണപോലെ പാത്രമെടുക്കാൻ ചെന്നപ്പോൾ അതങ്ങനെത്തന്നെയിരിപ്പുണ്ട്. അബൂഅയ്യൂബ് ചോദിച്ചു: അവിടുന്നെന്തേ അത്താഴം എടുത്തില്ലല്ലോ? അങ്ങയുടെ കൈ തൊട്ട അടയാളമില്ലല്ലോ? സാധാരണ അവിടുത്തെ കരം സ്പർശിച്ച ഭാഗത്തു നിന്നും ഞാനും എന്റെ പത്നിയും അനുഗ്രഹം പ്രതീക്ഷിച്ച് മത്സരിക്കാറാണ് പതിവ്. ഇന്നെന്തേ പറ്റിപ്പോയത്? അവിടുന്ന് ഒരു പരിഭവവും പറഞ്ഞില്ല. സൗമ്യമായി പറഞ്ഞു: "ഞാൻ ജനങ്ങളോട് എപ്പോഴും സംവദിക്കുന്ന ആളാണല്ലോ? അപ്പോൾ ആ ഉള്ളിയുടെ ഗന്ധം പ്രയാസമാകും. കുഴപ്പമില്ല. നിങ്ങൾ കഴിച്ചോളൂ. അബൂ അയ്യൂബ് പറയുന്നു. ഞങ്ങൾ അത് കഴിച്ചു. പക്ഷേ പിന്നീട് വീട്ടിൽ ആ ഭക്ഷണം പാകം ചെയ്തിട്ടില്ല.
അബൂ അയ്യൂബുൽ അൻസ്വാരിയുടെ വിയോഗാനന്തരം ആ ഭവനം പരിചാരകനായ അഫ്ലഹിന് ലഭിച്ചു. അദ്ദേഹം അത് ആയിരം ദീനാറിന് മുഗീറത് ബിൻ അബ്ദുർറഹ്മാനിന് വിറ്റു. പിൽക്കാലത്ത് നീതിമാനായ ഭരണാധികാരി നൂറുദീൻ അസ്സിൻകിയുടെ മകൻ ശിഹാബുദ്ദീൻ അൽഗാസി വാങ്ങി. അൽ മദ്റസതുശ്ശിഹാബിയ്യ എന്ന പേരിൽ മദ്റസയാക്കി. ശേഷം ഹിജ്റ പതിമൂന്നിൽ പള്ളിയുടെ ആ കൃതിയിൽ അത് സാവിയതുൽ ജുനൈദിയായി. ഇപ്പോൾ മസ്ജിദുന്നബവിയുടെ തെക്കു-കിഴക്കേ കോർണറിന്റെ ഭാഗമായി മാറി.
യസ്രിബ് എന്നായിരുന്നു മദീനയുടെ ആദ്യനാമം. നൂഹ് നബിയുടെ സന്താനപരമ്പരയിൽ പെട്ട യസ്രിബാണ് ദേശത്തിന് അടിത്തറ പാകിയത്. പട്ടണം എന്നർഥമുള്ള ‘മദീന’ എന്ന് നാമകരണം ചെയ്തത് തിരുനബിയാണ് ﷺ. അബൂഹുറൈറയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു, തിരുനബി ﷺ അരുളി: "എല്ലാ നാടുകളെയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന് എനിക്ക് കല്പന കിട്ടി. ആളുകള് അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തുകളയും പോലെ, മദീന അതിലെ ദുര്ജനങ്ങളെ പുറത്തുകളയും.
തിരുനബിയുടെ ﷺ ആഗമനത്തോടെ ദേശം, മദീനതുർറസൂൽ അഥവാ അല്ലാഹുവിൻ്റെ ദൂതരുടെ പട്ടണം എന്ന പേരിലേക്ക് മാറി. അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതു പോലെ മദീനയെയും സുരക്ഷിതവും പവിത്രവുമാക്കി. ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. തിരുനബി ﷺ പറഞ്ഞു: "ഇബ്റാഹീം നബി മക്കയെ പവിത്രമാക്കി, ഞാന് മദീനയെയും. അല്ലാഹു നൽകിയ മഹത്വത്തെ പ്രവാചകന്മാർ പ്രഖ്യാപിച്ചു. പ്രവാചകാനുചരൻ അബൂഹുമൈദ് പറയുന്നു: തിരുനബിയുടെ കൂടെ തബൂകില് നിന്ന് മടങ്ങുമ്പോള് മദീന ഞങ്ങളുടെ ദൃഷ്ടിയില്പ്പെട്ടു. തിരുനബി ﷺ അരുളി: “ഇതു ത്വയ്ബയാണ്" (പവിത്രഭൂമി) (ബുഖാരി.)
തിരുനബിﷺ മദീനയിൽ കഴിഞ്ഞ കാലക്രമത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. പ്രാഥമിക സംഘാടനവും ഇസ്ലാമിക ആശയവ്യാപനവും തുടങ്ങി ഹുദൈബിയ സന്ധി വരെയാണ് ഒന്നാം ഘട്ടം. അഥവാ ഹിജ്റ ആറാം വർഷം വരെ. പ്രധാന ശത്രുക്കളുമായുള്ള കരാറും ഗൂഢാലോചനകളെ തകർക്കുന്ന നിലപാടുകളും രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിടപാടുകളും തുടങ്ങി ഹിജ്റ എട്ടാം വർഷത്തിലെ മക്കാവിജയം വരെയാണ് രണ്ടാംഘട്ടം. കൂട്ടംകൂട്ടമായി ജനങ്ങൾ വന്ന് ഇസ്ലാം സ്വീകരിക്കുന്നതും നിവേദക സംഘങ്ങളുടെ ആഗമനവും തുടങ്ങി ഹിജ്റ പത്താം വർഷം തിരുനബിയുടെ വിയോഗം വരെയാണ് മൂന്നാംഘട്ടം.





