മദീനയിൽ, അബൂഅയ്യൂബിൽ അൻസ്വാരിയുടെ വീട്ടിലാണ് തിരുനബി ﷺ. പ്രവാചകരുടെ ﷺ പ്രാഥമിക ആലോചന അവിടെയൊരു ആസ്ഥാനം നിർമിക്കുന്നതിനെകുറിച്ചായിരുന്നു; ഒരു മസ്ജിദ്.
തിരുനബിയുടെ ﷺ ഒട്ടകം മുട്ടുകുത്തിയ സ്ഥലം സഹല്‍, സുഹൈൽ എന്നീ അനാഥരുടെ ഭൂമിയിലായിരുന്നു. ഈത്തപ്പഴം ഉണ്ടാക്കാനും മറ്റും ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്. തിരുനബിയുടെ ﷺ അമ്മാവന്മാരുടെ കുടുംബമായ ബനൂ നജ്ജാറിൽ പെട്ടവരായിരുന്നു അവർ. പ്രവാചകാനുചരൻ അസ്അദ് ബിൻ സുറാറയായിരുന്നു ആ അനാഥരുടെ സംരക്ഷകൻ. ആ സ്ഥലം സൗജന്യമായി നൽകാമെന്ന് പറഞ്ഞെങ്കിലും തിരുനബി ﷺ അതങ്ങനെ സ്വീകരിക്കാൻ തയ്യാറായില്ല. പത്ത് ദീനാർ വിലയായി നൽകി ആ ഭൂമി പളളിക്ക് വേണ്ടി വാങ്ങി. അനുചരൻ അബൂബകറാണ് തുക നൽകിയത്.
തിരുനബിയുടെ ﷺ നേതൃത്വത്തിൽ അൻസ്വാറുകളും മുഹാജിറുകളുമായ പ്രവാചകാനുചരർ മസ്ജിദ് നിർമാണത്തിനിറങ്ങി. തിരുനബി ﷺ ഇഷ്ടിക ചുമക്കാനെത്തി. സഹപ്രവർത്തകർക്ക് ആവേശം നൽകാൻ അവിടുന്നിങ്ങനെ പറഞ്ഞു: ''പരലോക നന്മയല്ലാതെ ആത്യന്തികനന്മ വേറെയില്ല. അല്ലാഹുവേ, അൻസ്വാറുകൾക്കും മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ?" ഈ ആവേശവാക്കുകൾ ഒരു കവിതാശകലമായി അനുയായികൾ ഏറ്റുചൊല്ലി. "അല്ലാഹുമ്മ ഇന്നൽഅജ്റ അജ്റൽആഖിറ: ഫ അയ്യിദിൽ അൻസ്വാറ: വൽമുഹാജിറ". ഇത് ഈണത്തിൽ പാടിയത് അബ്ദുല്ലാഹിബിൻ റവാഹയാണ്. തിരുനബി ﷺ കർമഭൂമിയിൽ ഇറങ്ങിയതോടെ ആദ്യഘട്ടത്തിൽ നിർമാണത്തിലിറങ്ങാത്തവർ ഇങ്ങനെ പാടി. "ലഇൻ ഖഅദ്നാ വന്നബിയ്യു യഅ്മലു"(തിരുനബി പണിയെടുക്കും നേരം നമ്മൾ ഒഴിഞ്ഞാൽ എത്ര കഷ്ടം!).
അവരും രംഗത്തിറങ്ങി. ഈത്തപ്പനത്തടികൾ കൊണ്ട് തൂണുകൾ നാട്ടി. ഇഷ്ടികകളാൽ ചുമരുകൾ പടുത്തുയർത്തി. ഈന്തപ്പനയോലകൾ കൊണ്ട് മേൽക്കൂര മേഞ്ഞു. കുറച്ചുഭാഗം മേയാതെ തുറന്ന് തന്നെയിട്ടു. പ്രവാചകാനുചരൻ അനസ് പറയുന്നു: "മേൽപുരയില്ലാത്ത ചുമരായിരുന്നു പള്ളിക്ക് വേണ്ടി ആദ്യം തയ്യാർ ചെയ്തത്. ഖിബ് ല (നിസ്കാരദിശ) ബൈതുൽ മുഖദ്ദസായിരുന്നു. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വെള്ളം നീക്കം ചെയ്ത് വൃത്തിയാക്കാൻ തിരുനബി ﷺ നിർദ്ദേശിച്ചു. ഓർക്കിഡ് മരങ്ങൾ നിറഞ്ഞ പുരാതന ഖബർസ്ഥാൻ, വൃത്തിയിൽ ക്രമീകരിക്കാൻ അനുയായികളെ ഏൽപിച്ചു. ഇബ്നു ആഇദിൻ്റെ നിവേദന പ്രകാരം, മേൽപുരയില്ലാത്ത കുടിലിൽ പന്ത്രണ്ട് ദിവസം തിരുനബി ﷺ നിസ്കാരം നിർവഹിച്ചു.
ശഹർ ബിൻ ഹൗശബിൻ്റെ നിവേദനത്തിൽ ഇങ്ങനെ വായിക്കാം: "തിരുനബി ﷺ ഒരു പള്ളി നിർമിക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു, മൂസാനബിയുടെ കുടിൽ പോലെയൊരു കുടിൽ എനിക്ക് വേണ്ടി നിർമിക്കൂ. പുല്ലും കൊള്ളിയും ഉപയോഗിച്ച് മൂസാനബിക്കുണ്ടാക്കിയ തണൽ പോലെ ഒരു തണൽ. ഈ ലോകം അതിനെക്കാളാക്കെ നൈമിഷികമാണ്. അനുചരർ ചോദിച്ചു: "മൂസാനബിയുടെ തണലിന്റെ പ്രത്യേകത എന്തായിരുന്നു?" "നിവർന്നു നിന്നാൽ ശിരസ്സ് മേൽക്കൂരയിൽ തട്ടുന്നവിധം ചെറുതും ലളിതവുമായിരുന്നു".
തിരുനബിയും ﷺ അനുചരരും ചേർന്നുള്ള മസ്ജിദിന്റെ നിർമാണം പുരോഗമിക്കുകയാണ്. തിരുനബിയും ﷺ കൂട്ടുകാരും ഇഷ്ടിക ചുമക്കാൻ തുടങ്ങി. പ്രവാചക ശിഷ്യൻ അമ്മാർ പറഞ്ഞു :"പ്രിയദൂതരേ.. അങ്ങേക്ക് പകരം ആ ഇഷ്ടിക കൂടി ഞാൻ ചുമന്നുകൊള്ളാം. അമ്മാർ രണ്ട് ഇഷ്ടിക വീതവും മറ്റുള്ളവർ ഓരോന്നും ചുമന്നു. പള്ളിയുടെ നീളവും വീതിയും യഥാക്രമം മുപ്പതും മുപ്പത്തിയഞ്ചും മീറ്ററായിരുന്നു. തിരുനബിയുടെ ആദ്യനിർമിതിയിൽ മൂന്നു വാതിലുകളായിരുന്നു. തെക്ക് ഭാഗത്ത് ബാബുറഹ്മ, പടിഞ്ഞാറുഭാഗത്ത് ബാബു ജിബ്രീൽ, കിഴക്ക് ഭാഗത്ത് ബാബുന്നിസാ ഇങ്ങനെയായിരുന്നു കവാടങ്ങളുടെ പേരുകൾ. ഏഴു വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് പള്ളിയുടെ പുനരുത്ഥാനം നടക്കുന്നത്.
പളളിയുടെ നിർമാണത്തോടൊപ്പം തന്നെ തിരുനബിയുടെ ﷺ ഭവനങ്ങളുടെ നിർമാണവും തുടങ്ങി. പള്ളിയുടെ പരിസരങ്ങളിലായി കാലക്രമേണ ഒൻപത് ഭവനങ്ങൾ നിർമിക്കപ്പെട്ടു. ഓരോന്നും മുപ്പതോ നാൽപതോ ചതുശ്രമീറ്റർ മാത്രമുള്ള കൊച്ചുകൊച്ചു കുടിലുകളായിരുന്നു. റൂമുകൾ എന്നർഥം വരുന്ന ‘ഹുജുറാത്’ എന്ന പദമാണ് തിരുനബിയുടെ ﷺ ഭവനങ്ങളെ പരാമർശിച്ചുകൊണ്ട് ഖുർആൻ പ്രയോഗിച്ചത്. അബൂ അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ നിന്ന് തിരുനബി ﷺ താമസം മാറിയത് പള്ളിയുടെ വടക്ക് ഭാഗത്ത് നിർമിക്കപ്പെട്ട വീട്ടിലേക്കായിരുന്നു.
തിരുനബി ﷺ മദീനയിൽ എത്തിയ ഉടനെ നിർവഹിച്ച ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് വെള്ളിയാഴ്ച ജുമുഅ. തിരുനബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ തിരുനബിയുടെ നിർദേശ പ്രകാരം അവിടെ ജുമുഅ നടന്നിരുന്നു. തിരുനബി ﷺ മദീനയിൽ എത്തിയതിനുശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച, റാനൂനാ താഴ്വരയിലെ സാലിം ബിൻ ഔഫിന്റെ വാസസ്ഥലത്ത് ജുമുഅ നിസ്കരിച്ചു. നൂറ് അനുയായികളായിരുന്നു ഒപ്പം നിസ്കരിക്കാനുണ്ടായിരുന്നത്. പ്രസ്തുത ജുമുഅയിൽ തിരുനബി ﷺ നിർവഹിച്ച ഖുതുബയുടെ സാരം ഇതായിരുന്നു:" ഓ ജനങ്ങളേ! പ്രഥമമായി നിങ്ങള്‍ സംരക്ഷിക്കേണ്ടത് നിങ്ങളെത്തന്നെയാണ്. നിങ്ങളിലൊരാള്‍ മരിച്ചുചെന്നാല്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടും. ഒരു ഇടനിലക്കാരനെയോ മൊഴിമാറ്റക്കാരനെയോ അവിടെ ആവശ്യമായി വരുന്നില്ല. അല്ലാഹു ചോദിക്കും: 'എന്റെ ദൂതന് നിന്റെയടുക്കല്‍ വന്നിരുന്നില്ലയോ? വളരെക്കൂടുതലായി ധനം നല്കിയില്ലയോ? പകരം എന്താണ് കൊണ്ടുവനിട്ടുള്ളത്? ആ മനുഷ്യന് വലത്തോട്ട് തിരിയും, പിന്നെ ഇടത്തോട്ട് തിരിയും. സഹായികളായി ആരെയും കാണുകയില്ല. തൊട്ടുമുമ്പില്‍ നരകമാണ്. ആ നരകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷ തേടണമെന്നുണ്ടെങ്കില്‍ അവന് സ്വയമത് ചെയ്യട്ടെ; ഒരു കാരക്കച്ചുളയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും. ഇനി ദാനം നല്‍കാനായി ഒരാളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ അയാള്‍ നല്ല വാക്കുകള്‍ പറയട്ടെ. കാരണം ഓരോ സദ്പ്രവൃത്തിക്കും അത് അര്‍ഹിക്കുന്നതിലും എത്രയോ അധികമായി പത്ത് മുതല്‍ എഴുനൂറ് ഇരട്ടി പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്.''





