തിരുനബിയുടെ ﷺ പത്നി സ്വഫിയ ജൂതവംശജയായിരുന്നു. മഹതിയുടെ ഒരു അനുഭവം: "എന്റെ പിതാവ് ഹൂയയ്യീനും അദ്ദേഹത്തിന്റെ സഹോദരൻ അബൂയാസിറിനും എന്നോട് വലിയ ഇഷ്ടമായിരുന്നു. തിരുനബി ﷺ മദീനയിലെ ഖുബാഇലെത്തിയപ്പോൾ അവർ രണ്ടുപേരും കാണാൻ ചെന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ കഴിച്ചുകൂട്ടി. മ്ലാനരും നിരാശരുമായാണവർ മടങ്ങിയെത്തിയത്. വളരെ ആവേശത്തോടെ അവരെ സ്വീകരിക്കാൻ ചെന്ന ഞാൻ മുഖഭാവം കണ്ടപ്പോൾ പിന്മാറി. അതിനിടയിൽ "അത് അദ്ദേഹം തന്നെയാണോ?" എന്ന് പിതൃവ്യൻ പിതാവിനോട് ചോദിക്കുന്നുണ്ടായിരുന്നു. “അതെ” എന്ന് മറുപടി പറഞ്ഞപ്പോൾ നീ കൃത്യമായും വിലയിരുത്തി ബോധ്യപ്പെട്ടുവോ എന്ന് വീണ്ടും ചോദിച്ചു. അതെ എന്ന് പറഞ്ഞതും അടുത്ത ചോദ്യം വന്നു: "അദ്ദേഹത്തോടുള്ള നിങ്ങളുടെ നയം എന്താണ്?" "തീർച്ചയായും അവസാനം വരെയുള്ള ശത്രുത" എന്നായിരുന്നു മറുപടി”.
മദീനയിലെ ജൂതസമൂഹം ഹിജാസിലേക്ക് കുടിയേറി വന്നവരായിരുന്നു. റോമിന്റെയും അശോരികളുടെയും മർദ്ദനങ്ങൾ കാരണം അഭയം തേടിയെത്തിയ അബ്റാനികൾ ആയിരുന്നു അവർ. അറബികളോടുള്ള സഹവാസത്താൽ അവരുടെ വേഷഭൂഷാദികൾ മുഴുവനും അറബുവൽകരിക്കപ്പെട്ടിരുന്നു. സമ്പർക്ക ജീവിതങ്ങളിലൂടെ വിവാഹബന്ധങ്ങളും കുടുംബബന്ധങ്ങളും വരെ ഉണ്ടായി. അതിനിടയിലും അടിസ്ഥാന കുലവിചാരങ്ങളെ അവർ വിട്ടുകളഞ്ഞിരുന്നില്ല. വംശീയ വിചാരങ്ങളെ പരിപാലിക്കുകയും ചെയ്തു. അവരുടെ ചിന്തയിൽ ജൂതർ ഉന്നതകുലജാതരും അറബികൾ താഴ്ന്നവരുമായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത അറബികളുടെ സമ്പത്തുകൾ തങ്ങൾ കൈവശപ്പെടുത്തുന്നത് അപരാധമല്ലെന്നും സമ്പത്തിന്റെ അവകാശത്തിൽ അവർക്ക് മേൽക്കോയ്മയുണ്ടെന്നും അവർ വിശ്വസിച്ചു. മാരണവും ജ്യോത്സ്യവൃത്തികളും ജൂതരുടെ കൂടപ്പിറപ്പുകളായിരുന്നു. താൻപോരിമയും മേൽക്കോയ്മ വിചാരങ്ങളുമായിരുന്നു അവരെ ഭരിച്ചിരുന്നത്. വ്യാപാര വ്യവഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അവർ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്ത് പാത്രങ്ങളും ധാന്യങ്ങളും മദ്യവും മറ്റും ഇറക്കുമതി ചെയ്തു. കടത്തിനുമേൽ പലിശ സ്വീകരിക്കുകയും പ്രദേശവാസികളായ പലരുടെയും സ്വത്തുവകകൾ കൈവശപ്പെടുത്തുകയും ചെയ്തു.
ഒരുമയോടെ പോകുന്ന ഗോത്രങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നത് അവർക്ക് ഒരു വിനോദമായിരുന്നു. രൂപപ്പെട്ടുവരുന്ന തർക്കങ്ങൾക്കിടയിൽ നിന്ന് മുതലെടുക്കുക എന്നതായിരുന്നു യസ്രിബിലെ ജൂതമാർഗം. ഗോത്രങ്ങളെ തമ്മിൽ പോരടിപ്പിക്കുകയും യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും സമ്പത്തും നൽകി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.
പ്രധാനമായും മദീനയിൽ മൂന്ന് ജൂത ഗോത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മദീനക്കുള്ളിൽ തന്നെ താമസിച്ചുവന്ന ബനൂ ഖൈനുഖാആണ് ഒന്ന്. ബനൂന്നളീർ ആയിരുന്നു രണ്ടാമത്തെ ഗോത്രം. മദീനയുടെ പ്രാന്ത പ്രദേശങ്ങളിലായിരുന്നു ഇവർ. ഇവ രണ്ടും ഖസ്റജ് വിഭാഗത്തിന്റെ സഖ്യകക്ഷികൾ ആയിരുന്നു. ഔസ് ഗോത്രത്തിന്റെ സഖ്യകക്ഷിയായിരുന്ന ബനൂ ഖുറയ്ള ആയിരുന്നു മൂന്നാമത്തെ ജൂതഗോത്രം. യഥാർഥത്തിൽ ഇവർ തന്നെയായിരുന്നു മദീന നിവാസികളായിരുന്ന ഔസ് - ഖസ്റജ് ഗോത്രങ്ങൾക്കിടയിൽ നിരന്തരമായി യുദ്ധവും പകയും സൃഷ്ടിച്ചിരുന്നത്. ബുആസ് യുദ്ധത്തിൽ അവർ പ്രത്യക്ഷത്തിൽ തന്നെ ഇടപെടുകയും ചെയ്തു.
ഇസ്ലാമിന്റെയും പ്രവാചകരുടെയും മദീനയിലേക്കുള്ള ആഗമനം ഏറെ അലോസരപ്പെടുത്തിയത് ഈ മൂന്ന് ജൂതഗോത്രങ്ങളെയായിരുന്നു. പകയും വിദ്വേഷവും ഉള്ളിലൊതുക്കിയുള്ള പെരുമാറ്റങ്ങളായിരുന്നു അവരുടെ മുദ്ര. ഇസ്ലാമിനെയും മുസ്ലിംകളെയും ആജന്മ ശത്രുവായിട്ടാണ് അവർ കണ്ടിരുന്നത്; പുറമേ പ്രസന്നതയും അകമേ ഉയർന്ന വിദ്വേഷവും.
മദീനയിൽ നിന്നുള്ള പ്രതിനിധികളുമായി മക്കയിൽ വെച്ച് നടത്തിയ കരാർ പ്രകാരം ആതിഥ്യം സ്വീകരിച്ച തിരുനബിക്ക് ﷺ വേറിട്ട ഒരു സാമൂഹിക പരിസരമായിരുന്നു അഭിമുഖീകരിക്കാൻ ഉണ്ടായിരുന്നത്. തിരുനബിയെ ﷺ അറിയുകയും സൽക്കരിക്കുകയും ചെയ്യുന്ന അനുചരർ - അവരുടെ ഓരം പറ്റി വിശ്വാസം പ്രതീക്ഷിച്ചു നിൽക്കുന്നവർ, പൂർവികരായ ബഹുദൈവാരാധകർ, ജൂതമത വിശ്വാസികൾ ഇങ്ങനെ പ്രധാനമായും മൂന്നുവിഭാഗം ജനങ്ങളായിരുന്നു മദീനയിലന്ന്.
വിശുദ്ധ ഭവനവും ആദ്യകാല വിശ്വാസികളുമൊക്കെ മക്കയിൽ ഉണ്ടായിരുന്നുവെങ്കിലും സമ്പൂർണമായ ഒരു സാമൂഹികഘടന രൂപപ്പെടുത്താൻ പറ്റുന്ന സാഹചര്യം തിരുനബിക്ക് ﷺ അവിടെ ഒത്തു കിട്ടിയിരുന്നില്ല. മക്കയിൽ അവതരിച്ച ഖുർആൻ സൂക്തങ്ങൾ പ്രധാനമായും, അടിസ്ഥാന വിശ്വാസങ്ങളും അനാവശ്യങ്ങളിൽ നിന്ന് അകന്നുനിൽക്കാനുള്ള പ്രാഥമിക ധർമപാഠങ്ങളുമായിരുന്നു.
എന്നാൽ മദീനയിൽ വന്നതോടെ ചിത്രങ്ങളെല്ലാം മാറിമറിഞ്ഞു. സമ്പൂർണമായ ഒരു വ്യവസ്ഥിതിയുടെ പ്രായോഗിക സംവിധാനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങി. അനുഷ്ഠാന ജീവിതത്തെയും ആരാധനാകർമങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഖുർആൻ സൂക്തങ്ങൾ അവതരിക്കാൻ തുടങ്ങി. മക്കയിൽ നിന്ന് മദീനയിലേക്ക് വന്നവരായ മുഹാജിറുകളും മദീനയിൽ ആതിഥ്യം നൽകിയ അൻസ്വാറുകളും (മദീനക്കാർ) തുല്യതയില്ലാത്ത വിധം ഒരേ മനസ്സും ഒരേ ശരീരവുമായ് നിലകൊണ്ടു. തിരുനബിയുടെ ﷺ പ്രവർത്തനങ്ങൾക്കും മുന്നേറ്റങ്ങൾക്കുമുള്ള പ്രധാന കരുത്തായിരുന്നു അത്. മക്കയിൽ നിന്ന് വന്നവർക്ക് കൂടി വിഭവങ്ങൾ പങ്കുവച്ചു കൊടുക്കേണ്ടി വന്നപ്പോൾ ജീവിതത്തിൽ ചെറിയ ഞെരുക്കങ്ങൾ മദീനയിലെ വിശ്വാസികൾക്കുണ്ടായെങ്കിലും അതവർ സൗഭാഗ്യമായിക്കണ്ടു. ഭാഗികമായെങ്കിലും മദീനയിൽ നേരിടേണ്ടിവന്ന ഉപരോധവും അവരെ തളർത്തിയില്ല. എല്ലാം ഉൾക്കൊള്ളാൻ മാത്രം വിശ്വാസികൾ പാകപ്പെട്ടു.
മദീനയിലെ ബഹുദൈവാരാധകർക്ക് മുസ്ലിംകൾക്കു മേൽ പ്രത്യേകിച്ചൊരു ആധിപത്യവും ഉണ്ടായിരുന്നില്ല. മദീന നിവാസികളോടുള്ള സഹവാസത്തിനിടയിൽ അവരുടെ വിശ്വാസങ്ങൾ ക്രമേണ പരിവർത്തനപ്പെട്ടു. ഇസ്ലാമിനോ പ്രവാചകനോ എതിരെ എന്തെങ്കിലും ഒരു നടപടി സ്വീകരിക്കാനോ തന്ത്രങ്ങൾ മെനയാനോ അവർ മുതിർന്നതുമില്ല. മക്കയിൽ ഉണ്ടായിരുന്നതു പോലെ എണ്ണിപ്പറയാവുന്ന ഒരു ശത്രു അവരുടെ കൂട്ടത്തിൽ നിന്ന് മദീനയിൽ ഉണ്ടായില്ല. എന്നാൽ അവർക്കിടയിൽ ചില കപടവിശ്വാസികൾ ഉണ്ടായിരുന്നു. അവർ പ്രത്യക്ഷത്തിൽ സൗഹൃദം പ്രകടിപ്പിക്കുകയും മുസ്ലിംകൾക്കൊപ്പമെന്ന് വരുത്തുകയും പരോക്ഷമായി വിരോധം പുലർത്തുകയും ചെയ്തു. അവരുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യ്. വ്യക്തിപരമായി തനിക്ക് കിട്ടേണ്ട ചില നേതൃപദവികൾ ലഭിക്കില്ല എന്ന പരിഭവം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ബദർ യുദ്ധാനന്തരം വിശ്വാസികൾക്കൊപ്പമാണ് പൂർണമായും എന്ന് അദ്ദേഹം വരുത്തിത്തീർക്കുകയും എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം പ്രവാചകർക്കും ഇസ്ലാമിനും എതിരെ തിരിയുകയും ചെയ്തു. ഇത്രയൊക്കെയാണെങ്കിലും പ്രവാചകരുടെ മുന്നേറ്റത്തെ തടയാനോ തന്റെ പക്ഷം വിജയിപ്പിക്കാനോ അദ്ദേഹത്തിനായില്ല.
ജൂതരുടെ നിലപാടിന്റെ കാഠിന്യം മനസ്സിലാക്കിത്തരുന്ന മറ്റൊരു സംഭവമാണ് അബ്ദുല്ലാഹിബ്നു സലാമിന്റെത്. അദ്ദേഹം പ്രഗത്ഭനായ ഒരു ജൂതപണ്ഡിതനായിരുന്നു. പ്രവാചകൻ ﷺ മദീനയിൽ എത്തിയ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം നേരിട്ടുതന്നെ അവിടുത്തെ സന്നിധിയിലെത്തി. ഒരു പ്രവാചകന് മാത്രം മറുപടി പറയാൻ സാധിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. കൃത്യമായ മറുപടി ലഭിച്ചപ്പോൾ, ഇത് സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം ഉടനെ തന്നെ ഇസ്ലാം സ്വീകരിച്ചു. തുടർന്ന് തിരുനബിയോടായ് പറഞ്ഞു: "ജൂതന്മാർ പൊതുവെ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നവരാണ്. പ്രവാചകരേ, ഞാൻ മുസ്ലിമായി എന്ന് പരസ്യമായതിനു ശേഷം അവരോട് എന്നെക്കുറിച്ച് ചോദിച്ചാൽ അവർ കളവേ പറയൂ. ഉടനെ തിരുനബി ﷺ ജൂത പ്രതിനിധികളെ വിളിപ്പിച്ചു. അബ്ദുല്ലാഹിബ്നു സലാമിനെ വീടിനകത്ത് നിർത്തിയിട്ട് അദ്ദേഹത്തെക്കുറിച്ച് അവരോട് ചോദിച്ചു: "അബ്ദുല്ലാഹിബ്നു സലാം നിങ്ങൾക്കിടയിൽ ഏത് സ്ഥാനത്തുള്ള ആളാണ്?” അവർ മറുപടി പറഞ്ഞു: "ഞങ്ങളുടെ കൂട്ടത്തിലെ ശ്രേഷ്ഠനും ഉയർന്നജ്ഞാനിയും ഉന്നത കുലീനനും ഞങ്ങളുടെ നേതാവും നേതാവിന്റെ മകനുമാണ്”. അപ്പോൾ തിരുനബി ﷺ അവരോട് ചോദിച്ചു. "അദ്ദേഹം ഇസ്ലാം സ്വീകരിച്ചു എന്നുവന്നാൽ എങ്ങനെ ആയിരിക്കും നിങ്ങളുടെ പ്രതികരണം". "അല്ലാഹു അതിൽ നിന്ന് അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ" എന്ന് പലതവണ അവർ ആവർത്തിച്ചു. അപ്പോഴേക്കും അബ്ദുല്ലാഹിബ്നു സലാം രംഗത്തേക്ക് വന്ന് സത്യവാചകം ഉറക്കെച്ചൊല്ലി: "അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്". ഇതുകേട്ടതും അവർ ഉച്ചത്തിൽ, പരമദുഷ്ടൻ, പരമദുഷ്ടന്റെ മകൻ എന്ന് വിളിച്ചുപറയാനും അദ്ദേഹത്തിന് നേരെ ചാടിവീഴാനും ഒരുങ്ങി. എന്നാൽ അദ്ദേഹം അവരോട് പറഞ്ഞു: "അല്ലയോ യഹൂദരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അവനല്ലാതെ ആരാധനക്കർഹനില്ല. നിങ്ങൾക്കറിയാമല്ലോ ഇത് അല്ലാഹുവിൽ നിന്ന് സത്യസന്ദേശവുമായി വന്ന പ്രവാചകനാണെന്ന്". താങ്കൾ കളവാണ് പറയുന്നത് എന്ന് ഒരേസ്വരത്തിൽ അവർ പ്രതികരിച്ചു.
വേദക്കാർ എന്നവകാശപ്പെടുകയും മൂസാനബിയുടെ അനുയായികൾ എന്ന് വാദിക്കുകയും ചെയ്യുന്ന യഹൂദികളിൽ നിന്ന് തിരുനബിക്ക് ﷺ മദീനയിൽ ലഭിച്ച ആദ്യത്തെ സ്വീകരണം ഇങ്ങനെയായിരുന്നു. മദീനയിലെ ഈ സമ്മിശ്ര സാമൂഹികഘടനയ്ക്ക് പുറമെയായിരുന്നു മക്കയിൽ നിന്നുള്ള ബഹുദൈവാരാധകരുടെ ശത്രുത. ജന്മനാട്ടിലെ ക്രൂരതകളിൽ നിന്ന് 500 കിലോമീറ്ററോളം ദൂരെ മദീനയിലേക്ക് പലായനം ചെയ്ത തിരുനബിയെയും ﷺ അനുയായികളെയും വെറുതെ വിടാൻ അവർ തയ്യാറായില്ല. മദീനക്ക് നേരെ ഉപരോധങ്ങൾ ഏർപ്പെടുത്താനും വിഭവങ്ങൾ തടയാനും നിരന്തരമായി ശല്യങ്ങൾ ചെയ്യാനും അവർ ഒരുങ്ങി. കരുത്തും കരുണയും സ്നേഹവും ശക്തിയും പരിപാലനയും പ്രതിരോധവും സമം ചേർത്ത് നയതന്ത്രപ്രയോഗങ്ങളുടെ കാലസന്ധിയിലൂടെ തിരുനബി ﷺ മുന്നോട്ടുനടന്നു.





