മദീനയിൽ പള്ളിനിർമാണത്തിന് ശേഷം നടന്ന തിരുനബിയുടെ സുപ്രധാന ഇടപെടൽ ജനതയ്ക്കിടയിലെ സാഹോദര്യ രൂപീകരണമായിരുന്നു. ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമായി അത് രേഖപ്പെടുത്തപ്പെട്ടു. കുടുംബ, വൈവാഹിക ബന്ധങ്ങൾക്കെല്ലാം അപ്പുറം, ആദർശസാഹോദര്യം സ്ഥാപിക്കുക എന്ന മധുരപൂർണമായ ഒരു ഇടപെടൽ. മക്കയിൽ നിന്ന് പലായനം ചെയ്തുവന്ന മുഹാജിറുകൾക്കും മദീനയിൽ അവരെ സ്വീകരിച്ച അൻസ്വാറുകൾക്കുമിടയിലായിരുന്നു ഈ സഹോദരബന്ധം പുലർന്നത്.
നേരത്തേതന്നെ പ്രവാചകാനുചരർക്കിടയിൽ സ്നേഹാദർശം തീർത്ത ഗാഢബന്ധങ്ങൾ രൂപപ്പെട്ടിരുന്നു. അബൂബകർ-ഉമർ, സൈദു ബിൻഹാരിസ-ഹംസ, ഉസ്മാൻ-അബ്ദുറഹ്മാൻ ബിൻ ഔഫ്, സുബൈർ ബിൻ അവ്വാം-ഇബ്നുമസ്ഊദ്, ഉബൈദത് ബിൻ അൽഹാരിസ്-ബിലാൽ, മിസ്അബ് ബിൻ ഉമൈർ-സഅദ് ബിൻ അബീ വഖാസ്, ഉബൈദ്-സാലിം, സഅദ് ബിൻ അബീ സൈദ്, ത്വൽഹത് ബിൻ ഉബൈദില്ലാഹ് തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
എന്നാൽ മദീനയിൽ ഉരുവം കൊണ്ട സാഹോദര്യത്തിന് പുതിയ മാനങ്ങൾ കൂടിയുണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സർവതും വിട്ടെറിഞ്ഞുവന്നവരെ സർവസ്വവും നൽകി ഏറ്റെടുക്കുക എന്നതായിരുന്നു ഈ സാഹോദര്യത്തിൻ്റെ പൊരുൾ. സൂറതുന്നിസാഇലെ മുപ്പത്തിമൂന്നാം സൂക്തം സൂചിപ്പിക്കുന്നത് പോലെ, കുടുംബബന്ധമോ വിവാഹബന്ധമോ ഇല്ലാതെ തന്നെ സ്വത്തവകാശം കൂടി അവർക്ക് വകവെച്ചു നൽകി. ഈ സ്വത്തവകാശ നിയമം തൗറാതിന്റെ വീക്ഷണപ്രകാരം കുറച്ചുകാലം കൂടി തുടർന്നു. അപ്പോഴേക്കും മുഹാജിറുകൾ സ്വയംപര്യാപ്തരായി. ശേഷം സൂറതുൽ അൻഫാലിലെ എഴുപത്തിയഞ്ചാം വചനപ്രകാരം അനന്തരാവകാശനിയമം പുനർനിർണയിക്കപ്പെട്ടു.
അനസ് ബിൻ മാലികിന്റെ വീട്ടിൽ വെച്ച് തിരുനബി ﷺ സാഹോദര്യ സംസ്ഥാപനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. അപ്രകാരം സഹോദരരായ, അബൂബകർ - ഖാരിജത് ബിൻ സുഹൈർ, ഉമർ ബിൻ അൽഖത്വാബ്-ഇത്ബാൻ ബിന് മാലിക്, അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹ്-സഅദ് ബിൻ മുആദ്, സുബൈർ ബിൻ അൽ അവ്വാം-സലാമത്ബിൻ സലാമ, ത്വൽഹത് ബിൻ ഉബൈദില്ലാഹ്-കഅ്ബ് ബിൻ മാലിക്, മിസ് അബ് ബിൻ ഉമൈർ-അബൂഅയ്യൂബ് ഖാലിദ്ബിൻ സൈദ് തുടങ്ങിയ തൊണ്ണൂറ് പേരുടെ വിവരങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം.





