ഖുറൈശികളും ഖൈസ് ഗോത്രവും തമ്മിൽ ഒരു പോരാട്ടം നടന്നു. പ്രവാചകർ മുഹമ്മദിന് ﷺ പതിനാല് / പതിനഞ്ച് വയസ്സുമാത്രം പ്രായം. ഫിജാർയുദ്ധം എന്ന പേരിൽ ഈ ഗോത്രയുദ്ധം അറിയപ്പെട്ടു. പിതൃവ്യന്മാരോടൊപ്പം മുഹമ്മദുംﷺ പടക്കളത്തിലെത്തി. അവരോടൊപ്പം നിന്ന് അമ്പുകൾ ഒരുക്കിക്കൊടുത്തു. തിരുനബിക്ക് അമ്പെയ്ത്ത് വശമുണ്ടായിരുന്നു. സ്ഥൈര്യവും ധൈര്യവുമുണ്ടായിരുന്നു. യൗവനാരംഭത്തിൽ തന്നെ ഇടയവൃത്തിയിലും ഏർപ്പെട്ടു. ആടുകളെ മേയ്ക്കുന്നത് കലർപ്പില്ലാത്ത ഒരു വരുമാന മാർഗമെന്നതിനപ്പുറം വേറിട്ട സംസ്കരണപ്രക്രിയ കൂടിയായിരുന്നു. എല്ലാ പ്രവാചകന്മാരും ഇടയവൃത്തി നിർവഹിച്ചിട്ടുണ്ട്. ആടുകളെ മേയ്ക്കുന്നത് ആളുകളെ നയിക്കാനുള്ള ഒരു പരിശീലനമായിരുന്നു. തിരുനബി ആടുകളെ മേയ്ച്ച അനുഭവം പിൽക്കാലത്ത് അനുയായികളോടു പങ്കുവെച്ചിട്ടുണ്ട്. ആശ്ചര്യത്തോടെ അനുയായികൾ ചോദിച്ചു: 'അവിടുന്ന് ഇടയവൃത്തി ചെയ്തിട്ടുണ്ടോ?’ അതെയെന്നു തറപ്പിച്ചു പറഞ്ഞുകൊണ്ടായിരുന്നു തിരുനബി ശിഷ്യന്മാരെയത് ബോധ്യപ്പെടുത്തിയത്. ഖുറൈശികൾക്കും ബനൂസഅദിനും വേണ്ടിയായിരുന്നു പ്രവാചകർﷺ ഇടയവൃത്തി ചെയ്തത്. മഖ്സൂം ഗോത്രക്കാരനായ സാഇബിനൊപ്പം കച്ചവടം നടത്തിയ അനുഭവവും മുഹമ്മദ് നബിക്കുണ്ട്ﷺ.
ഫുളൂൽ ഉടമ്പടി
വ്യാപാരവസ്തുക്കളുമായി യമനില്‍ നിന്നുവന്ന സംഘത്തില്‍ 'സുബൈദി' ഗോത്രത്തിലെ ഒരംഗമുണ്ടായിരുന്നു. പതിവുപോലെ അവരുടെ കച്ചവടം മക്കയിൽ പുരോഗമിച്ചു. ആളുകള്‍ ഒറ്റതിരിഞ്ഞും കൂട്ടമായും ചന്തയിലേക്കു വന്ന് പുതിയ ചരക്കുകൾ പരിചയപ്പെട്ടു.
അംറുബിന് ആസിന്റെയും ഹിശാം ബിന്‍ ആസിന്റെയും പിതാവാണ് ആസ്ബിന്‍ വാഇല്‍ അസ്സഹമി. വില്ലാളിവീരനും പോക്കിരിയുമായിരുന്നു അയാള്‍. മനുഷ്യരെ അനാവശ്യമായി അക്രമിക്കുന്നതും ഉപദ്രവിക്കുന്നതും വിനോദമായിരുന്നു ആസിന്. കച്ചവടസ്ഥലത്തേക്ക് വന്ന അയാൾ യമനില്‍ നിന്നുള്ള വ്യാപാരിയിൽ നിന്ന് സാധനങ്ങള്‍ വാങ്ങി. പക്ഷേ, പണം കൊടുക്കാന്‍ തയ്യാറായില്ല. കലഹിച്ചിട്ടും വാഗ്വാദത്തിൽ ഏർപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. അവിടെ കൂടിനിന്ന ഖുറൈശികളോടും മറ്റ് അറബികളോടും അതിഥി സഹായം അഭ്യര്‍ഥിച്ചു. ആരും ആസിനെ തിരുത്താൻ ധൈര്യം കാണിച്ചില്ല. നിസ്സഹായനായ ആ യമനി കച്ചവടക്കാരന് കഅ്ബക്കടുത്തു നിന്ന് ഒരു കവിത ചൊല്ലി.
"ഫിഹ്ര്‍ കുടുംബമേ
നിങ്ങള്‍ സഹായിക്കുക;
വീടും കൂട്ടുകാരും വിദൂരത്തായ
കച്ചവടച്ചരക്കത്രയും മക്കയിലായിപ്പോയ
ഈ മര്‍ദ്ദിതനെ!
ഇഹ്റാമില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിക്കാത്ത
ഈ മുടി ജഡകുത്തിയവനെ!
കാരണം, ഈ ഗൃഹം മനുഷ്യത്വമുള്ളവര്‍ക്കുള്ളതാണ്.
വഞ്ചകരും ബുദ്ധിശൂന്യരുമായ തെമ്മാടികള്ക്കുള്ളതല്ലല്ലോ!
കവിത കേട്ടുകൊണ്ട് മുഹമ്മദ് നബിയുടെﷺ പിതൃസഹോദരൻ, സുബൈര്‍ ബിന്‍ അബ്ദുല്‍മുത്വലിബ് ആ വഴിവന്നു."ഞാനിതാ താങ്കളുടെ വിളികേട്ടിരിക്കുന്നു. എന്താണ് നിങ്ങളുടെ പ്രശ്നം?" സുബൈര്‍ ബിന്‍ അബ്ദുല്‍മുത്വലിബിന്റെ വാക്കുകള്‍ ആ വ്യാപാരിക്ക് ആശ്വാസം പകര്‍ന്നു. ചുട്ടുപൊള്ളുന്ന വേനലിൽ പെട്ടന്നുവിടർന്ന കാർമേഘം പോലെ അദ്ദേഹം വന്നയാളിൽ പ്രതീക്ഷയർപ്പിച്ചു. എല്ലാവിഷയങ്ങളും അവതരിപ്പിച്ചു."ഈ കാണിക്കുന്നത് വലിയ അക്രമമാണ്. ഒരിക്കലുമത് വകവെച്ചു കൊടുക്കാനാവില്ല. നാം പ്രതികരിക്കണം". വ്യാപാരിയുടെ വാക്കുകള്‍ കേട്ട സുബൈര്‍ കൂടിനിന്ന ഖുറൈശികളോടായി പറഞ്ഞു.
"ശരിയാണ്, നാം ഇദ്ദേഹത്തിനു കിട്ടേണ്ട അവകാശം വാങ്ങിക്കൊടുക്കണം"- അവിടേക്ക് വന്ന അബ്ദുല്ലാഹി ബിന്‍ ജുദ്ആനും അതേ അഭിപ്രായം. മുഹമ്മദ് നബിയുടെﷺ ഉറ്റ സുഹൃത്തും പ്രധാന അനുചരനുമായ അബൂബകര്‍ സിദ്ദീഖിൻ്റെ കുടുംബത്തില്‍പ്പെട്ട അദ്ദേഹം ദാനധര്‍മങ്ങള്‍ക്കും പരസ്പര സഹായങ്ങള്‍ക്കും പേരുകേട്ടയാളാണ്. അക്കാലത്ത് അറബികളില്‍ പ്രായം കൊണ്ടും പദവികൊണ്ടും ഏറ്റവും ഉന്നതിയില്‍ നിന്നിരുന്നതും അദ്ദേഹം തന്നെ."ഖുറൈശി ഗോത്രത്തിലെ നേതാക്കളേ, വരൂ.. അക്രമിക്കപ്പെടുന്നവരെ സഹായിക്കാനും അക്രമികളെ നിയന്ത്രിക്കാനും നമുക്കൊരു ഉടമ്പടിയുണ്ടാക്കാം".
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട, ഉള്ളിൽ നന്മയുടെ ഉറവകളുള്ള ചിലര്‍ മുന്നോട്ടുവന്നു. ബനൂ ഹാശിം ബിന്‍ അബ്ദുല്‍ മുത്വലിബ്, പ്രവാചകരുടെ ﷺ പ്രഥമപത്നി ഖദീജാ ബീവിയുടെ ഗോത്രമായ ബനൂ അസദ്, നബിയുടെﷺ എളാപ്പമാരുടെ ഗോത്രമായ ബനൂ സഹര്‍, അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഗോത്രമായ തൈം, എല്ലാവരും ചേർന്ന് ഒരു ഉടമ്പടിയുണ്ടാക്കാന്‍ തീരുമാനമായി. സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് ഖുറൈശി പ്രമുഖരെ അബ്ദുല്ലാഹിബിന് ജുദ്ആന്റെ വീട്ടില്‍ ഒരു സദ്യക്കായി ക്ഷണിച്ചു. ബനൂഹാശിം, ബനുൽമുത്വലിബ്, അസദ്ബിൻ അബ്ദുൽഉസ്സ, സഹറത് ബിനുകിലാബ്, തയ്മ് ബിൻമുർറ, (ഖുറൈശികളുടെ ഉപശാഖകളായ അഞ്ചു ഗോത്രങ്ങൾ) കിനാനാ ഗോത്രത്തിലെ ബനുൽഹൂൻ അള്ൽ വൽഖാർറ ഇവരും ഉടമ്പടിയുടെ ഭാഗമായി. എല്ലാവരും ഒരേ അഭിപ്രായത്തിൽ എത്തിച്ചേരുകയും കരാർ അംഗീകരിക്കുകയും ചെയ്തു. ഫിജാർ യുദ്ധാനന്തരം രൂപപ്പെട്ട ഈ ഉടമ്പടിയാണ് ഫുളൂൽ കരാർ (ഹിൽഫുൽ ഫുളൂൽ). 'ശ്രേഷ്ഠരുടെ സഖ്യ'മെന്ന് ഇതിനെ ഭാഷാന്തരം ചെയ്യാം. യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നായ ദുൽഖഅ്ദ് മാസത്തിലായിരുന്നു ഈ കരാർ. സ്വദേശിയായാലും വിദേശിയായാലും മക്കയിൽ വെച്ച് അക്രമിക്കപ്പെട്ടാൽ ഇരയായവന് സംരക്ഷണം നൽകാനും സഹായമേകാനും ഗോത്രങ്ങൾ പരസ്പരം ധാരണയിലെത്തി. ആദരണീയനും വയോധികനുമായ ജുദ്ആൻ്റെ മകൻ അബ്ദുല്ലയുടെ വീട്ടിൽവെച്ചായിരുന്നു ഉടമ്പടി തയ്യാറായത്.





