പ്രവാചകൻ മുഹമ്മദ് ﷺ പോറ്റുമ്മ ഹലീമയോടൊത്ത് ജീവിച്ചകാലം. അന്ന് സവിശേഷമായ ചില സംഭവങ്ങളുണ്ടായി. കുഞ്ഞായ മുഹമ്മദിന്റെ ﷺ മാറുപിളർന്ന സംഭവമാണ് അതിലൊന്ന്. തിരുനബിക്ക് നാല് വയസ്സ് പ്രായം. കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയാണ്. തിരുനബിയുടെ അനുചരനായ അനസാണ് ഈ സംഭവം വിവരിക്കുന്നത്: 'മാലാഖ ജിബ്രീൽ തിരുനബിയുടെ സമീപത്തേക്കു വന്നു. മലര്‍ത്തിക്കിടത്തി നെഞ്ചുപിളര്‍ത്തി, ഹൃദയം പുറത്തെടുത്തു. അതില്‍നിന്ന് ഒരു കഷ്ണം പുറത്തേക്കെടുത്തിട്ടു. തിരുനബിയോടായി പറഞ്ഞു: 'ഇത് അങ്ങയിലുള്ള പൈശാചിക അംശമാണ്.' ശേഷം ഒരു സ്വര്‍ണപാത്രത്തിലെ സംസം വെള്ളം കൊണ്ട് ഹൃദയം കഴുകുകയും പൂർവസ്ഥാനത്ത് വെക്കുകയും ചെയ്തു'. രംഗങ്ങൾക്ക് സാക്ഷിയായ കുട്ടികള്‍ ഹലീമയുടെ അടുക്കലേക്ക് പരിഭ്രാന്തരായി ഓടിച്ചെന്നു: 'മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.' ഈ സംഭവം നിവേദനം ചെയ്യുന്ന, ദീർഘകാലം തിരുനബിയുടെ സേവകനായിരുന്ന അനസ് പറയുന്നു: 'തിരുനബിയുടെ മാറിൽ ഒരു തുന്നലിന്റെ അടയാളം ഞാൻ കണ്ടിരുന്നു. പേടിച്ചരണ്ട് ഓടിവന്ന ഹലീമ സുരക്ഷിതനായി നിൽക്കുന്ന മകനെയാണു കണ്ടത്. കാര്യങ്ങളെല്ലാം മുഹമ്മദ്മോൻ തന്നെ പോറ്റുമ്മാക്ക് വിശദീകരിച്ചുകൊടുത്തു. സംഭവങ്ങൾ കേട്ട് ഭയചകിതയായി ആ മാതാവ്. സംഭവശേഷം വൈകാതെ മകനെ മക്കയിലേക്കു കൊണ്ടുപോയി. സുരക്ഷിതമായി മാതാവിനും പിതാമഹനും ഏൽപ്പിച്ചുകൊടുത്തു.
ബനൂസഅ്ദ് ഗോത്രത്തിൽ താമസിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചു പ്രവചിച്ച വേദപണ്ഡിതന്മാർ ഉണ്ടായിരുന്നു. വാഗ്ദത്ത പ്രവാചകനെ അന്വേഷിച്ചു നടക്കുന്ന ദുരുദ്ദേശ്യക്കാരെക്കുറിച്ചുള്ള വിവരങ്ങളും ഹലീമയ്ക്കു ലഭിച്ചിരുന്നു. ഗുണകാംക്ഷികളായ പലരും കുഞ്ഞിനെ പ്രത്യേകം ശ്രദ്ധിച്ചു പരിചരിക്കണമെന്ന് അവരോട് നിർദേശിച്ചു. ഇതെല്ലാം ഒത്തുവന്നപ്പോഴാണ് ഹൃദയം പറിച്ചുകൊടുക്കുന്ന നൊമ്പരത്തോടെ ഹലീമ മുഹമ്മദ്മോനെ മക്കയിൽ തിരിച്ചേൽപ്പിക്കുന്നത്. ഗ്രാമത്തിൽ കഴിഞ്ഞുകൂടിയ ശൈശവത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പിൽക്കാലത്ത് തിരുനബി വല്ലാതെ സംസാരിക്കുമായിരുന്നു. അറബിഭാഷയിലെ ഗ്രാമീണഭംഗിയെക്കുറിച്ചും കുഞ്ഞുകാലത്ത് കേട്ടുപഠിച്ച ഭാഷയുടെ സവിശേഷതകളെക്കുറിച്ചും പ്രവാചകൻﷺ അനുയായികളോട് പറയുമായിരുന്നു.
പ്രവാചകൻ മുഹമ്മദിന്ﷺ ആറുവയസ്സ്. ഉമ്മ ആമിന മകനെയുംകൂട്ടി യസ്രിബിലേക്കുള്ള1 യാത്രയിലാണ്. അവിടെയുള്ള കുടുംബക്കാരെ സന്ദർശിക്കണം, ഭർത്താവ് അബ്ദുല്ലയുടെ ഖബറിനരികിലെത്തണം2. സന്തോഷകരമായ യാത്രയും വൈകാരികമായ ഖബ്ർ സന്ദർശനവും കഴിഞ്ഞ് വൈകാതെ അവർ മക്കയിലേക്കു തന്നെ മടങ്ങാനൊരുങ്ങി. തിരികെയുള്ള വഴിയിൽ ‘അബവാഅ്’ എന്ന സ്ഥലത്തെത്തിയപ്പോൾ മാതാവ് ആമിന രോഗബാധിതയായി. അസുഖം മൂർച്ഛിക്കുകയും അവിടെവെച്ചു തന്നെ ഇഹലോകവാസം വെടിയുകയും ചെയ്തു. പിതാവും മാതാവും യാത്രയായിരിക്കുന്നു. മുഹമ്മദ്ﷺ പൂർണാർഥത്തിൽ അനാഥനായി. സാധാരണയിൽ കവിഞ്ഞ ചില ദൈവിക നിര്‍ണയങ്ങൾ ആ അനാഥത്വത്തിലും ഉണ്ടായിരുന്നു എന്നത് തുടർവായനയിൽ ബോധ്യമാകും.
യാത്രയിൽ ഒപ്പമുണ്ടായിരുന്ന 'ഉമ്മു ഐമൻ അൽബറക' മുഹമ്മദ്മോനെﷺ മക്കയിലേക്കെത്തിച്ചു. പിതാമഹൻ അബ്ദുൽമുത്വലിബ് മകനെ സ്വീകരിച്ചു, പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. വാത്സല്യത്തോടെ പരിപാലിച്ചു. പൗരപ്രമുഖനും ദയാലുവുമായ അദ്ദേഹത്തിന് കഅ്ബയുടെ തണലിൽ ഒരു പ്രത്യേക വിരിപ്പുണ്ടായിരുന്നു. മക്കയിൽ അദ്ദേഹമല്ലാതെ ആരും ആ വിരിപ്പിൽ ഇരിക്കുകയില്ല. എന്നാൽ ചെറുമകൻ മുഹമ്മദിനെﷺ അദ്ദേഹം അവിടെയിരുത്തും. ഇത്രയും പരിഗണനയോടെ പൗത്രനെ പരിപാലിക്കുന്ന പിതാമഹനോടു ജനങ്ങൾ കാരണമന്വേഷിച്ചു. ഈ മോനിൽ ചില സവിശേഷതകൾ ഞാൻ കാണുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിതാമഹന്റെ പരിപാലനത്തിനും ദൈർഘ്യമുണ്ടായില്ല. വൈകാതെ അദ്ദേഹവും ഈ ലോകത്തോടു വിടപറഞ്ഞു. അപ്പോൾ മുഹമ്മദ്മോന്‍ﷺ എട്ട് വയസ്സായിരുന്നു. ജനനത്തിനു മുമ്പേ പിതാവ് മരണപ്പെട്ടതിനാൽ ഉപ്പയും ഉപ്പാപ്പയുമായിരുന്നു അബ്ദുൽമുത്വലിബ്. അദ്ദേഹത്തിന്റെ വിരഹം കടുത്ത ദുഃഖം നിറഞ്ഞതായിരുന്നു. അസാധാരണമായ പക്വതയോടെ ആ ദുഃഖഘട്ടത്തെ മുഹമ്മദ്ﷺ മറികടന്നു. അബ്ദുൽമുത്വലിബിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ മകനും അബ്ദുല്ലയുടെ സഹോദരനുമായ അബൂത്വാലിബ് മുഹമ്മദ്മോന്റെﷺ സംരക്ഷണം ഏറ്റെടുത്തു. അബ്ദുൽമുത്വലിബ് നേരത്തെ തന്നെ അബൂത്വാലിബിനെ അക്കാര്യം ഏൽപ്പിച്ചിരുന്നു. സ്വന്തം മക്കളായ അലി, ജഅ്ഫർ, ഉഖൈൽ എന്നിവരെക്കാൾ പരിഗണനയോടെ അബൂത്വാലിബ് മോനെ കൊണ്ടുനടന്നു.
മുഹമ്മദിന് ﷺ ഒമ്പത് വയസ്സായ സമയം. അബൂത്വാലിബ് സിറിയയിലേക്ക് ഒരു യാത്ര ഉദ്ദേശിച്ചു. കച്ചവടാവശ്യാർഥം കുറച്ചുദിവസം നീണ്ടുനിൽക്കുന്ന യാത്രയായിരുന്നു അത്. യാത്രപറയാൻ ഒരുങ്ങുമ്പോൾ മുഹമ്മദ്ﷺ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചേർന്നുനിന്നു. ആർദ്രതയുടെ ആ പിതൃഹൃദയം മകനെക്കൂടി ഒപ്പം കൂട്ടാൻ നിർബന്ധിതനായി. കുഞ്ഞായ മുഹമ്മദിന്റെﷺ സാന്നിധ്യം യാത്രയിൽ ചില വേറിട്ട അനുഭവങ്ങൾ നൽകുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു. വഴിമധ്യേ അവർ സിറിയയിലെ ബുസ്റ പട്ടണത്തിലെത്തി. പരിസരത്ത് ഒരു മഠത്തിൽ ‘ബുഹൈറാ’ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അദ്ദേഹം ഈ യാത്രാസംഘത്തെ സവിശേഷമായി ശ്രദ്ധിക്കുകയും അവർക്കു പ്രത്യേകമായി വിരുന്നൊരുക്കുകയും ചെയ്തു. ഇത്രനാളുമില്ലാത്ത ഒരു പരിഗണന എന്തുകൊണ്ടാണെന്ന് അബൂത്വാലിബടക്കമുള്ളവർ ആലോചിച്ചു. ഒടുവിൽ ഈ കുട്ടി വാഗ്ദത്ത പ്രവാചകനാണെന്ന വേദവിജ്ഞാനമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് പുരോഹിതൻ തുറന്നുപറഞ്ഞു. അബൂത്വാലിബിനെ സ്വകാര്യമായി വിളിച്ച് അദ്ദേഹം ചില നിർദേശങ്ങളും നൽകി: "ഈ കുട്ടിയുടെ ഭാവി മഹോന്നതമാണ്, ജൂതന്മാരിൽ നിന്ന് പ്രത്യേകം കുഞ്ഞിനെ സംരക്ഷിച്ചുനിർത്തണം, സഹോദരപുത്രനെയും കൂട്ടി ഉടനെ മക്കയിലേക്കു തന്നെ മടങ്ങണം". പുരോഹിതന്റെ വാക്കുകൾ അബൂത്വാലിബ് പരിഗണിച്ചു. മകനെയും കൂട്ടി വേഗം മക്കയിലേക്കു മടങ്ങിയെത്തി.
അബ്ദുല്ലയുടെ മകൻ മുഹമ്മദിൻ്റെﷺ ജീവിതം മക്കക്കാർക്കു മുഴുവനും വേറിട്ട ചില ആലോചനകൾ നൽകി. മാതാപിതാക്കളുടെ തണലോ പരിപാലനമോ ഇല്ലാതിരുന്നിട്ടും പരിസരങ്ങളിലെ മാലിന്യങ്ങളിലൊന്നും ആ മകൻ ചെന്നുപെട്ടില്ല. പ്രത്യുത, അസാധാരണമായ സൗന്ദര്യം, സ്വഭാവഗുണങ്ങൾ, ആകർഷകമായ സമീപനങ്ങൾ… അങ്ങനെ ആരെയും ആകർഷിക്കുന്ന മാതൃകാജീവിതമായിരുന്നു അത്. ബാല്യകൗമാരങ്ങളിൽ ഉണ്ടായേക്കാവുന്ന ചാപല്യങ്ങൾ ഒന്നുമില്ല. ആഴമുള്ള സത്യസന്ധതയും വിശ്വസ്തതയും, പ്രപഞ്ചാതീതമായൊരു പ്രത്യേക ശിക്ഷണം ലഭിക്കുന്നുണ്ടെന്ന് വായിക്കാവുന്ന സന്ദർഭങ്ങളും മുഹമ്മദിൽﷺ അസാധാരണമായി തിളങ്ങിനിന്നു.





