'നബി' എന്നതിന് മലയാളത്തിൽ പൊതുവെ ഉയോഗിച്ചുവരുന്ന പദമാണ് പ്രവാചകൻ. പ്രവചനം നടത്തുന്ന വ്യക്തിയെന്നാണ് മലയാളത്തിൽ വാക്കർഥം. എങ്കിലും 'നബി' എന്നതിന് അതിനപ്പുറം ചില മാനങ്ങളുണ്ട്. വഹ് യ് (സവിശേഷമായ സന്ദേശം) ലഭിച്ച പുരുഷനെന്നാണ് സാങ്കേതികമായി 'നബിക്ക്' അർഥകൽപന നൽകുന്നത്. സന്ദേശത്തോടൊപ്പം പ്രബോധനദൗത്യം കൂടി ലഭിച്ചാൽ ആ വ്യക്തി റസൂൽ (അല്ലാഹുവിന്റെ ദൂതൻ) ആയിരിക്കും. എല്ലാ റസൂലുമാരും നബിയായിരിക്കും. എന്നാൽ എല്ലാ നബിമാരും റസൂലുമാരാകണമെന്നില്ല. നബി, റസൂൽ എന്നീ പദവികൾ ധ്യാനം കൊണ്ടോ, കർമം കൊണ്ടോ, കുടുംബമഹിമ കൊണ്ടോ ലഭിക്കുന്നതല്ല. പ്രപഞ്ചാധിപനായ അല്ലാഹു സവിശേഷ സ്വഭാവങ്ങളോടെ സൃഷ്ടിച്ചു നിയോഗിക്കുന്നവരാണവർ. ആരെയാണ് ദൗത്യം ഏൽപ്പിക്കേണ്ടതെന്ന് അല്ലാഹുവിനു നന്നായറിയാം എന്ന ആശയം വിശുദ്ധ ഖുർആൻ 'അൻആം' അധ്യായത്തിലെ നൂറ്റി ഇരുപത്തിനാലാം സൂക്തത്തിൽ പറയുന്നുണ്ട്.
മനുഷ്യകുലത്തിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിനാലായിരമെന്നും രണ്ടുലക്ഷത്തി ഇരുപത്തിനാലായിരമെന്നും അഭിപ്രായങ്ങളുണ്ട്. അവരിൽ 313 ആളുകൾ റസൂലുമാർ അഥവാ പ്രബോധനദൗത്യമുള്ള ദൂതന്മാരാണ്. അവരിൽ തന്നെ അഞ്ചാളുകൾ പ്രത്യേക മഹത്വഭാവങ്ങളുള്ള 'ഉലുൽ അസ്മുകൾ' എന്ന പദവിയിലുള്ളവരാണ്. ആദ്യത്തെ നബി മനുഷ്യപിതാവായ ആദമും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുമാണ് ﷺ.
പ്രവാചകന്മാരെ നിയോഗിക്കുന്നതിന്റെ താത്പര്യമെന്താണ്? ഉത്തരം ലളിതമാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനുഷ്യർക്ക് എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. അതിനായി മനുഷ്യരിൽ നിന്നു തന്നെ ദൂതന്മാരെ സംവിധാനിച്ചു. അവരാണ് പ്രവാചകന്മാർ. മനുഷ്യനു മാർഗദർശനം നൽകാൻ എന്തുമാർഗവും സ്വീകരിക്കാൻ അധികാരവും കഴിവുമുള്ളവനാണ് അല്ലാഹു. അതിൽനിന്ന് അവൻ സ്വീകരിച്ച മാർഗം മാതൃകാപുരുഷന്മാരായ ദൂതന്മാരെ നിയോഗിക്കുക, പ്രമാണങ്ങളായ ഗ്രന്ഥങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു. സൃഷ്ടികളിൽ വെച്ച് മനുഷ്യനെ സവിശേഷ പ്രകൃതിയിലും സ്വഭാവത്തിലുമാക്കിയത് അവൻ തന്നെയാണ്. അതിനനുസൃതമായ ജീവിതരീതിയാണ് സ്രഷ്ടാവ് മനുഷ്യനു നിർദ്ദേശിച്ചത്.
മുഹമ്മദ്നബി ﷺ പ്രപഞ്ചനാഥൻ നിയോഗിച്ച ദൂതനാണ് എന്നതിനെ യുക്തിപരമായി എങ്ങനെ മനസ്സിലാക്കാം? ഒന്ന് ആലോചിച്ചു നോക്കാം. തിരുനബി ﷺ മക്കയിലെ പ്രഗത്ഭ തറവാട്ടിൽ ജനിച്ചു. മാതാപിതാക്കൾ ഉന്നത ഗുണങ്ങളുള്ളവരും അറിയപ്പെട്ടവരും. ജനിച്ചുവീണ ദേശത്തും ജനതയിലുമായി വളർന്നു വലുതായി. കൗമാര, യൗവനങ്ങൾ മാതൃകാപരമായി ജീവിച്ചു. സമൂഹമൊന്നടങ്കം വിശ്വസ്തൻ, സത്യസന്ധൻ എന്നീ വിലാസങ്ങൾ നൽകി ആദരിച്ചു. തമാശക്കു പോലും കളവ് പറഞ്ഞിട്ടില്ല മുഹമ്മദ് നബി ﷺ. ആരുടെയും ഒരവകാശവും ഹനിച്ചില്ല. ഏതെങ്കിലുമൊരു കുറ്റകൃത്യത്തിൽ പെടുകയോ സ്വഭാവദൂഷ്യങ്ങൾ പുലർത്തുകയോ ചെയ്തില്ല. അങ്ങനെ നാൽപത് കൊല്ലം സ്വന്തം നാട്ടിൽ തന്നെ ജീവിച്ചു. അതിനിടയിൽ മക്കയിലെ പ്രമുഖരുടെയടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിപ്പുകാരനായി. പ്രതിസന്ധികളിൽ മധ്യസ്ഥ ഉത്തരവാദിത്വത്തിൽ അവരോധിക്കപ്പെട്ടു. ഇങ്ങനെയെല്ലാമുള്ള ഒരാളാണ് അതേ ജനതയോട് ഞാൻ ദൈവതൂതനാണെന്നു പ്രഖ്യാപിച്ചത്. നാൽപത് കൊല്ലം എന്തെങ്കിലുമൊരു കാരണത്താൽ ഒരിക്കൽ പോലും കളവ് പറയാത്ത ഒരാൾ ഇത്രയും വലിയൊരു കാര്യത്തിൽ മഹാകള്ളം പറയുകയോ? സാമാന്യമായി തന്നെ നമുക്കത് ഉൾകൊള്ളാൻ കഴിയുമോ? ഇല്ല. അപ്പോൾ ഈ വാദം ശരിയാകാനല്ലേ തരമുള്ളൂ.
ഇനിയും ആലോചിക്കാം, താൻ ദൈവദൂതനാണെന്നു വാദിച്ചപ്പോൾ എന്തെങ്കിലും തെളിവോ സാക്ഷ്യമോ ഹാജരാക്കിയിരുന്നോ? അതെ, ഖുർആനെന്ന മഹത്തായ ഒരു ഗ്രന്ഥം അവതരിപ്പിച്ചു. അത് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്നും അവകാശപ്പെട്ടു. ശരി, അത്തരമൊരു ഗ്രന്ഥം സ്വന്തം എഴുതിയിട്ട് അല്ലാഹുവിൽ നിന്നാണെന്ന് അവകാശപ്പെടാൻ സാധ്യതയുണ്ടോ? അതെങ്ങനെ? ഈ വ്യക്തി സാമ്പ്രദായികമായി ഒരു വിദ്യാഭ്യാസവും നേടിയിട്ടില്ല. അഭ്യാസം നൽകിയ ഒരധ്യാപകനുമില്ല. എന്നാലിനി എവിടെ നിന്നെങ്കിലും കോപ്പിയടിച്ചതായിരിക്കുമോ? ഒരു സാധ്യതയും കാണുന്നില്ല. കാരണം ഖുർആനിന്റെ അതേ ഭാഷയിലോ, ഉള്ളടക്കത്തിലോ, ശൈലിയിലോ ലോകത്ത് ഒരു വേദഗ്രന്ഥവും അറിയപ്പെട്ടിട്ടു പോലുമില്ല.
വർത്തമാനകാലത്ത് ചിന്തിക്കുകയാണെങ്കിൽ ഒന്നര സഹസ്രാബ്ദത്തോളം ഒരു ഗ്രന്ഥം ഇത്രമേൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും കോടിക്കണക്കിന് വ്യക്തികൾ നിത്യജീവിതത്തിൽ പാരായണം ചെയ്യുകയും ചെയ്യുന്നു. ഇത്തരമൊരു ഗ്രന്ഥം വേറിട്ടതെന്നല്ലാതെ പിന്നെന്തു പറയാനാണ്! ഇങ്ങനെ ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും മനസ്സിൽ ഹാജരാക്കിയാലും ഉത്തരമായി ഈ ഗ്രന്ഥത്തിന്റെ ദൈവികതയിലേക്കേ എത്താനാകൂ. ഇന്നുവരെയും തത്തുല്യമായ ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ വിമർശകർക്കു പോലും സാധിച്ചിട്ടില്ലെന്നതും ചേർത്തുവായിക്കാം.
മറ്റെന്തെങ്കിലും തെളിവുകൾ? അതേ, ധാരാളമുണ്ട്. മുഹമ്മദ് നബിയുടെ ﷺ പ്രവചനങ്ങൾ ഒരു പ്രമാണമാണ്. ഭൗതികമായ ഒരു നിഗമനത്താലും പറയാനാവാത്ത പല പ്രവചനങ്ങളും അവിടുന്ന് അവതരിപ്പിച്ചു. അതെല്ലാം പകൽ പോലെ പുലർന്നു. ആ വിധമുള്ള പ്രവചനങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കാൻ കഴിയും. ഇനി ആരെങ്കിലും ഒന്നുകൂടി കടന്ന് ഇങ്ങനെ ചോദിച്ചാലോ? മുഹമ്മദ് എന്ന ഒരു വ്യക്തി ആയിരത്തി നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നോ? അതല്ല, കേവലം ഒരു കഥാപാത്രമാണോ?
ഇവിടെയും ഉത്തരം ലളിതമാണ്. ചരിത്രത്തിൽ ഒരാൾ ജീവിച്ചിരുന്നുവെന്നതിന് ലോകത്ത് സമർപ്പിക്കാവുന്നതിൽ ഏറ്റവും ശക്തമായ തെളിവുകൾ തിരുനബി മുഹമ്മദ് ﷺ ജീവിച്ചിരുന്നു എന്നതിനു മാത്രമേ ഉള്ളൂ. മുഹമ്മദ് നബി ﷺ മുതൽ ഇന്നുവരെയുള്ള വിജ്ഞാനപരമ്പരയും സന്താനപരമ്പരയും ഇടയിൽ ഒരാൾ പോലും വിട്ടുപോകാതെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു! അവ രേഖപ്പെടുത്തിയവരുടെ ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിന്റെ ജ്ഞാനശാസ്ത്രം മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് ഇവയൊക്കെ പരിശോധിക്കലും സത്യമറിയലും സുസാധ്യം.





