അനേകം വിസ്മയങ്ങളുള്ള നാമമാണ് ‘മുഹമ്മദ്’. ലോകരാജ്യങ്ങളിൽ, വിവിധ സമയങ്ങളിൽ, വാങ്കിലൂടെ1, സ്മരണകളിലൂടെ ആ നാമം സമയമൊഴിയാതെ മുഴങ്ങുന്നു. നിലവിൽ 150 മില്യനിലധികം മനുഷ്യർ ആ പേരുകാരായുണ്ട്. പുസ്തകങ്ങളിൽ, ക്ലാസുകളിൽ, ചർച്ചകളിൽ, വേദികളിൽ, ആവിഷ്കാരങ്ങളിൽ ആ നാമം അടയാളപ്പെട്ടു. ഈ പ്രസിദ്ധിയെ അന്വർഥമാക്കും വിധം - സ്തുതിക്കപ്പട്ടവൻ - എന്നാണ് ഈ നാമത്തിന്റെ അർഥമെന്നതും അത്ഭുതം.
ആധികാരിക ചരിത്രങ്ങളിലൂടെ അറിയാനും പഠിക്കാനും വലിയ സ്രോതസ്സുകളുള്ള വ്യക്തിത്വമാണ് അവസാന പ്രവാചകർ മുഹമ്മദ്ﷺ. ആ സമ്പൂര്‍ണ ജീവിതം കേൾക്കാനും പരിചയപ്പെടാനും സ്വതന്ത്രവിജ്ഞാന ശാഖകൾ ധാരാളമാണ്. അന്വേഷണങ്ങളിൽ ബോധ്യമാകുന്ന പ്രധാനവസ്തുത, ഇത്രയും ആഴത്തിൽ ജീവിതപഠനഗ്രന്ഥങ്ങളുള്ള ഒരാളും ലോകചരിത്രത്തിലില്ല എന്നുതന്നെ. സ്വന്തം വിശ്വാസധാരക്ക് പുറത്തുള്ളവരാൽ ഏറെ പ്രകീർത്തിക്കപ്പെടുകയും ഗ്രന്ഥങ്ങൾ എഴുതപ്പെടുകയും ചെയ്ത ജീവിതമാണ് മുഹമ്മദ് നബി ﷺ. ഇങ്ങനെ ഒരാമുഖം, മൗലികമായ, അനവധി വിശേഷങ്ങളുള്ള ഒരു ചരിത്രസംക്ഷേപമാണ് നാം വായിച്ചു തുടങ്ങുന്നത് എന്ന് സൂചിപ്പിക്കാനാണ്.
ജനനം, മാതാവും പിതാവും
എ.ഡി 570 ഏപ്രിൽ 20 തിങ്കൾ. മക്കയിലെ ഖുറൈശി കുടുംബത്തിൽ അബ്ദുല്ലാഹ് - ആമിനാ ദമ്പതികളുടെ ഏക മകനായി മുഹമ്മദ് ﷺ ജനിച്ചു. അറബി കലണ്ടർ പ്രകാരം റബിഉൽഅവ്വൽ പന്ത്രണ്ടിന്. ചരിത്രത്തിൽ രേഖകളുള്ള ആനക്കലഹ സംഭവത്തിന്റെ ഒന്നാം വർഷം. കിസ്രാ രാജാവ് അനുശർവാന്റെ അധികാരത്തിന് നാൽപതാം വർഷമെത്തിയ കാലം. ചരിത്രത്തിൽ പ്രവാചകന്റെ വംശാവലി വ്യക്തമായുണ്ട്. മുഹമ്മദ് - അബ്ദുല്ലാഹ് - അബ്ദുല്‍ മുത്വലിബ് - ഹാശിം - അബ്ദുമനാഫ് - ഖുസ്വയ്യ് - കിലാബ് - മുര്‍റത് - കഅ്ബ് - ലുഅയ്യ് - ഗാലിബ് - ഫിഹ്റ് - മാലിക് - നള്റ് - കിനാന - ഖുസൈമ - മുദ്രിക - ഇല്യാസ് - മുളര്‍റ് - നസാര്‍ - മഅ്ദ് - അദ്നാന്. അവസാനത്തെ അദ്നാന്, പ്രവാചകൻ ഇബ്റാഹീമിന്റെ മകൻ ഇസ്മാഈലിന്റെ പരമ്പരയില്‍ നിന്നുള്ളയാളാണ്. നബിﷺയുടെ മാതാവ് ആമിന, ബനൂസഹ്റ ഗോത്രത്തിലെ പ്രമുഖനായ വഹബിന്റെ മകളാണ്. അവരുടെ പരമ്പര പിതൃപരമ്പരയിലെ കിലാബില്‍ ചേരുന്നു.
ഖുറൈശി ഗോത്രത്തിൽ ഉന്നതസ്ഥാനീയനായിരുന്നു 'ഖുസ്വയ്യ്'. അദ്ദേഹം മരിച്ചപ്പോള്‍ ആ പദവി മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. അവരിൽ പ്രഥമസ്ഥാനം അബ്ദുമനാഫിനായിരുന്നു. ഹജ്ജ് കർമത്തിന് വരുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങൾ നൽകി ആതിഥേയരാകാനുള്ള അനുഗ്രഹമുണ്ടായത് ഈ കുടുംബത്തിനാണ്. അബ്ദുമനാഫ് മരണപ്പെട്ടപ്പോള്‍ ഹാശിം ആ സ്ഥാനങ്ങള്‍ക്കര്‍ഹനായി. ദേശത്ത്, തണുപ്പുകാലത്തെയും ചൂടുകാലത്തെയും യാത്രാസംഘങ്ങള്‍ എന്ന പദ്ധതിയൊരുക്കിയത് അദ്ദേഹമാണ്. ഹജ്ജിനെത്തിയവര്ക്കും മറ്റ് സന്ദര്‍ശകര്‍ക്കും പായസവും ഭക്ഷണവും തയ്യാറാക്കിക്കൊടുത്തിരുന്നത് കൊണ്ടാണ് ഹാശിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഹാശിമിനു ശേഷം മകന് അബ്ദുല്‍മുത്വലിബ് ആ പദവിയിൽ വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. പിതാമഹൻ ഖുസ്വയ്യിനെപ്പോലെയായിരുന്നു അദ്ദേഹവും. ഒരിക്കൽ മക്കയിലുണ്ടായ പ്രളയത്തിൽ 'സംസം' കിണര്‍ മൂടിപ്പോയതിൽ പിന്നെ ആദ്യമായി പുനരുദ്ധരിച്ചത് അബ്ദുല്‍ മുത്വലിബായിരുന്നു. ഒരിക്കൽ വ്യത്യസ്തമായൊരു ദൃഢപ്രതിജ്ഞ (നേർച്ച) ചെയ്തു അദ്ദേഹം; 'പത്ത് ആൺമക്കളെ ലഭിച്ചാൽ അതിൽ ഒരു മകനെ ബലി നൽകാം'. പിൽക്കാലത്ത് നേർച്ച പൂർത്തിയാക്കേണ്ട രൂപത്തിൽ അനുഗൃഹീതനായി അബ്ദുല്‍മുത്വലിബ്.
പ്രായപൂര്‍ത്തിയായപ്പോള്‍ നേര്‍ച്ചയെക്കുറിച്ച് കുട്ടികളെ അറിയിച്ചു. അവർക്കിടയില്‍ നറുക്കിട്ടപ്പോള്‍ ബലി അറുക്കേണ്ടത് ഏറ്റവും പ്രിയപ്പെട്ട അബ്ദുല്ലാഹ് എന്ന മകനെ. അബ്ദുല്‍മുത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് പോയി. ഖുറൈശികള്‍ അദ്ദേഹത്തെ പ്രസ്തുത കർമത്തിൽ നിന്ന് തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും എതിർത്തു. ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്വലിബിനുണ്ടായിരുന്നത്; ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ. അവരും കരഞ്ഞുതടഞ്ഞു. പ്രിയങ്കരനായ അബ്ദുല്ലയെ ബലി നൽകരുതെന്ന് എല്ലാവരും ഒരേസ്വരത്തിൽ നിർബന്ധം പറഞ്ഞു.' നേര്‍ച്ച എന്ത് ചെയ്യും' എന്ന ചോദ്യം അബ്ദുല്‍ മുത്വലിബിനെ അസ്വസ്ഥനാക്കി.
ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച് നറുക്കിടാന്‍ ജ്ഞാനികൾ നിർദ്ദേശം നൽകി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നും അവരുടെ ഉപദേശമുണ്ടായി. ആദ്യ നറുക്ക് വീണത് അബ്ദുല്ലക്ക്. അടുത്തതും അടുത്തതും. അതങ്ങനെ തുടർന്നു. ഒട്ടകങ്ങള്‍ നുറോളമെത്തി. ആ സമയം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു.
ശരീരത്തിന് പകരം ഒട്ടകം എന്ന പ്രായശ്ചിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്വലിബായിരുന്നു. ഖുറൈശികളും അറബികളും ഈ രീതി തുടർന്നു. തിരുനബിﷺയും പില്ക്കാലത്ത് ഇത് അംഗീകരിച്ചു. പ്രവാചകൻ ഇബ്റാഹിം; ബലി നൽകാൻ കൊണ്ടുപോയത് മകനും പ്രവാചകനുമായ ഇസ്മാഈലിനെയാണ്. അബ്ദുല്ലയുടെ മുത്തച്ഛൻ കൂടിയാണദ്ദേഹം. മക്കയിലെ ഈ സംഭവത്തോടെ രണ്ട് ബലികളുടെ പുത്രൻ എന്നർഥമുള്ള ‘ഇബ്നുദബീഹൈൻ’ എന്ന അപരനാമം കൂടി മുഹമ്മദ് നബിക്ക് ﷺ ലഭിച്ചു. അഥവാ രണ്ട് തവണ അറവിന് വിധേയമാകേണ്ടി വന്നയാളുടെ മകൻ.
പിതാവ് യാത്രയാകുന്നു
ആമിന ഗർഭവതിയായിരുന്നപ്പോൾ ഭർത്താവ് അബ്ദുല്ലാഹ് മരണപ്പെട്ടുപോയി. അമ്മാവന്മാരുടെ അടുക്കൽ മദീനയിൽ വെച്ചായിരുന്നു വിയോഗം. വിധവയായ ആമിന; ഭർതൃപിതാവ് അബ്ദുൽ മുത്വലിബിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു. പ്രിയപ്പെട്ടവൻ യാത്രയായി ആറുമാസമായപ്പോഴാണ് ആമിന തിരുനബിയെ പ്രസവിച്ചത്. മരുമകൾ ഒരാൺകുഞ്ഞിന് ജന്മം നൽകി എന്നറിഞ്ഞപ്പോൾ അബ്ദുൽ മുത്വലിബിന് ഏറെ സന്തോഷം. അദ്ദേഹം കുഞ്ഞിനെയുമെടുത്ത് കഅ്ബാലയത്തിന്റെയുള്ളിൽ പ്രവേശിച്ചു. അല്ലാഹുവിന് ഒരായിരം സ്തുതികൾ അർപ്പിച്ചു. ദീർഘനേരത്തെ പ്രാർഥനയ്ക്ക് ശേഷം കുഞ്ഞിന് 'മുഹമ്മദ്' എന്ന് നാമകരണം ചെയ്തു. അറബികൾക്ക് സുപരിചിതമല്ലാത്ത സവിശേഷമായ നാമം കേട്ട് മക്കാദേശം അത്ഭുതപ്പെട്ടു. 'സ്തുതിക്കപ്പെടുന്ന വ്യക്തി' എന്നർഥമുള്ള 'മുഹമ്മദ്'എന്ന് പേരിട്ടത് എക്കാലത്തും എന്റെ പൗത്രൻ വാഴ്ത്തപ്പെടാൻ വേണ്ടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ആമിന പ്രസവിക്കുന്ന കുഞ്ഞിന് മുഹമ്മദ് എന്ന പേര് വെക്കണമെന്ന് അദ്ദേഹത്തിന് ആത്മീയമായ വെളിപാടും ഉണ്ടായിരുന്നു.
ജനനസമയത്തും ജനിച്ച ഉടനെയും നവജാതശിശുവിൽ നിന്ന് നിരവധി അത്ഭുതങ്ങൾ നേരിട്ടു കാണാൻ പിതാമഹനും കുടുംബത്തിനുമായി. കുഞ്ഞ് ജനിക്കുമ്പോൾ സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന നൊമ്പരങ്ങളോ പ്രയാസങ്ങളോ ഒന്നും മാതാവ് ആമിനയെ ബാധിച്ചില്ല. ചേലാകർമം ചെയ്യപ്പെട്ട നിലയിൽ കുഞ്ഞ് ജനിച്ചതും മാതാവിനെ ആശ്ചര്യപ്പെടുത്തി. തിരുനബിയുടെ പിതൃസഹോദരനായ അബൂലഹബിന്റെ ദാസി സുവൈബ കുഞ്ഞിനെ മുലയൂട്ടി. അബ്ദുല്ലയ്ക്ക് ഒരാൺകുഞ്ഞ് ജനിച്ചു എന്ന സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചപ്പോൾ അദ്ദേഹം സുവൈബയെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു.
പട്ടണത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമപ്രദേശത്തെ സ്ത്രീകളെ ഏൽപ്പിക്കൽ അറബികളുടെ പതിവായിരുന്നു. ശുദ്ധവായു ശ്വസിച്ച് ഗ്രാമാന്തരീക്ഷത്തിൽ വളരാനും, കുഞ്ഞുപ്രായത്തിലേ കലർപ്പില്ലാത്ത ഭാഷ സംസാരിച്ച് ശീലിക്കാനുമായിരുന്നു അത്. പട്ടണത്തിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികളും മറ്റും ബാധിക്കാതിരിക്കാനും കൂടിയായിരുന്നു ആ സംവിധാനം എന്ന വിശദീകരണവും ചരിത്രത്തിലുണ്ട്.
അബൂദുഐബിന്റെ മകളും ഹാരിസിന്റെ ഭാര്യയുമായ ഹലീമ എന്ന കുലീനയാണ് മുഹമ്മദ് നബിയെ ﷺ മുലയൂട്ടാൻ എത്തിയത്. ബനൂസഅദ് ഗോത്രക്കാരിയായിരുന്നു അവർ. പതിവുപോലെ ഗ്രാമത്തിൽ നിന്ന് കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ വന്ന സ്ത്രീകളുടെ സംഘത്തോടൊപ്പമാണ് അവരും മക്കാപട്ടണത്തിൽ എത്തിയത്. മുലയൂട്ടാൻ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ പിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉപകാരങ്ങൾ കൂടി മുലയൂട്ടുന്ന സ്ത്രീകളുടെ പ്രതീക്ഷയായിരുന്നു. അതുകൊണ്ടുതന്നെ പിതാവ് മരണപ്പെട്ടുപോയ കുഞ്ഞിനെ ഏറ്റെടുക്കാൻ സ്ത്രീകൾക്ക് പൊതുവേ താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ഹലീമയ്ക്ക് ഈ കുഞ്ഞിനോട് ഹൃദയത്തിൽ പ്രത്യേകമായ ഒരു താൽപര്യം ഉദയം ചെയ്തു. മറ്റൊരു കുഞ്ഞിനെയും മുലയൂട്ടാൻ ലഭിക്കാതിരുന്നതും അനുകൂലമായി. കുട്ടിയിൽ കണ്ട വിശേഷങ്ങൾ അവരെ ആകർഷിച്ചു. ഈ കുഞ്ഞിനെ ഏറ്റെടുത്താൽ നമുക്ക് ഭാഗ്യങ്ങൾ വന്നുചേരുമെന്ന് അവർ മനസ്സാപറയുകയും ഭർത്താവിനോടത് പങ്കുവെക്കുകയും ചെയ്തു.
കുഞ്ഞുമായി യാത്ര തുടങ്ങിയതു മുതൽ ആ കുടുബത്തിന് അനുഗ്രഹവർഷങ്ങൾ വന്നുചേരാൻ തുടങ്ങി. മക്കയിലേക്ക് വേച്ചുവേച്ചു നടന്നുവന്ന ഒട്ടകം കുഞ്ഞിനെ വഹിച്ചത് മുതൽ ധൃതിയിൽ മുന്നോട്ടുനടന്നു. സഹസഞ്ചാരികൾ ഭാഗ്യമുള്ള ഒരു കുഞ്ഞിനെയാണ് ഹലീമക്ക് കിട്ടിയത് എന്ന് പറയാൻ തുടങ്ങി. കുട്ടി ഗ്രാമത്തിൽ എത്തിയതോടെ ഗ്രാമവാസികൾക്ക് മുഴുവൻ പ്രത്യേക സന്തോഷങ്ങളുണ്ടായി. ആടുകൾ സമൃദ്ധമായി പാൽ ചുരത്തി. ഉപജീവനവഴിയിൽ വളർച്ചയുടെ തിളക്കമുണ്ടായി. ഗ്രാമവാസികളുടെ മുഴുവനും കൺവെട്ടമായി 'മുഹമ്മദ്' എന്ന പൊന്നുമോൻ. ബനൂ സഅദ് ഗോത്രത്തിൽ വലിയ വെളിച്ചമുദിച്ചു. ഹലീമയുടെ ഭർത്താവ് ഹാരിസിനും മക്കൾക്കുമൊത്തുള്ള ജീവിതം സന്തോഷപൂർണമായിരുന്നു, കുഞ്ഞിന്. പോറ്റുമ്മ വഴി ലഭിച്ച സഹോദരങ്ങൾ വാത്സല്യത്തോടെ അതിഥിയെ താലോലിച്ചു. താരാട്ടുപാടി ഉറക്കിയത് പലപ്പോഴും ഹലീമയുടെ മകൾ ശൈമയായിരുന്നു. പിൽക്കാലത്ത് 'ഹുനൈൻ' സൈനിക മുന്നേറ്റത്തിന് ശേഷം സഹോദരിയായ ശൈമയെ മുഹമ്മദ് നബിﷺ കണ്ടുമുട്ടുന്ന വികാരനിർഭരരംഗം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷത്തിനു ശേഷം ആമിനയുടെ താൽപര്യ പ്രകാരം കുഞ്ഞിനെയും കൊണ്ട് ഹലീമ മക്കയിലേക്ക് വന്നു. ശേഷം ബനൂസഅദിലേക്ക് തന്നെ മടങ്ങി.





