ഓൾഡ്കൈറോവിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ‘ഖാൻ അൽ ഖലീലി’ ബസാറും ‘അൽ മുഇസ്സ്’ തെരുവും. ആദ്യകാല മുസ്ലിംസാംസ്കാരികനഗരങ്ങൾ തകർക്കപ്പെടുകയോ, രൂപമാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്തിട്ടുണ്ട് മിക്കയിടങ്ങളിലും. ഈജിപ്തിൽ പക്ഷേ, 'ഇസ്ലാമിക് കൈറോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽഅസ്ഹർ പള്ളിയും പരിസരവും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാതെ ഇന്നും പഴമയുടെ ചന്തത്തോടെ നിലകൊള്ളുന്നുണ്ട്. കൈറോയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി നിലനിർത്തുന്നതിൽ ഈ ഘടകം പ്രധാനമാണ്.
ഖാൻ അൽ ഖലീലിയുടെ ചരിത്രം ഉൾപ്പെടെ ഇസ്ലാമിക നഗരങ്ങളിലെ ബസാറുകളുടെ ചരിത്രം വിവരിക്കുന്ന പുസ്തകമാണ് ദി അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച, The Bazaar in the Islamic City: Design, Culture, and History. മാരിലാൻഡ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ പ്രൊഫസറായ മുഹമ്മദ് ഗാരിപൂർ ആണ് ഈ കൃതിയുടെ എഡിറ്റർ. ഇസ്ലാമിക നഗരങ്ങളെക്കുറിച്ചുള്ള, പത്തൊൻപതാംനൂറ്റാണ്ടു മുതലുള്ള ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകൾ പ്രശ്നകരമായിരുന്നു എന്ന് സമർത്ഥിച്ചാണ് പുസ്തകആമുഖം തുടങ്ങുന്നത്.
ഓറിയന്റലിസ്റ്റ് വീക്ഷണങ്ങൾ പൊതുവെ മുസ്ലിംകളെക്കുറിച്ചും കിഴക്കിനെക്കുറിച്ചും വികസിച്ചുവരുന്നത്, തങ്ങളിൽ നിന്ന് വേർപ്പെട്ടവരായി നിൽക്കുന്ന, തങ്ങൾക്ക് അപരിചിതമായ ലോകത്തുള്ള ആളുകൾ എന്ന നിലയിലാണ്. പടിഞ്ഞാറൻ മാർക്കറ്റുകൾ മുനിസിപ്പാലിറ്റികൾക്ക് കീഴിലോ പ്രാദേശികഭരണങ്ങൾക്ക് കീഴിലോ ക്രമീകരിക്കപ്പെട്ടവയാണ്. എന്നാൽ മുസ്ലിം ബസാറുകൾ വ്യത്യസ്തമായിരുന്നു. അതിനാൽ പലപ്പോഴും, ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതും കുഴപ്പം നിറഞ്ഞതുമായ ഇടങ്ങളാണ് മുസ്ലിംബസാറുകൾ എന്ന തലത്തിലാണ് ആദ്യഘട്ടത്തിൽ ഓറിയന്റലിസ്റ്റ് വിലയിരുത്തലുകൾ വന്നത്.
ബസാർ എന്ന പദം 'വസാർ' എന്ന പേർഷ്യൻവാക്കിൽ നിന്നാണ് രൂപപ്പെടുന്നത്. ആളുകൾ ഒരുമിച്ചുകൂടുന്ന മാർക്കറ്റ് എന്ന നിലയിലാണ് അത് വ്യവഹരിക്കപ്പെട്ടത്. അറബിയിൽ നിന്നുള്ള 'സൂഖ്' എന്ന പദവും തുല്യാർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ഇസ്ലാമികനഗരങ്ങളുടെ സാംസ്കാരികവും വാണിജ്യപരവും സാമൂഹികവുമായ ജീവിതത്തെ ചലനാത്മകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് ബസാറുകൾ.
ഇസ്ലാമികപൂർവ്വകാലത്ത് അറേബ്യൻലോകത്ത് രണ്ടുതരത്തിലാണ് ബസാറുകൾ നിലനിന്നിരുന്നത്; സ്ഥിരമായി നിലനിന്നിരുന്ന നഗരമാർക്കറ്റുകളും, താൽക്കാലികമായി സീസണുകൾക്കനുസരിച്ച് രൂപപ്പെടുത്തുന്ന താൽക്കാലിക മാർക്കറ്റുകളും. ഈ മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു അറബികളുടെ സഞ്ചാരങ്ങൾ. ഇറാഖിലും സിറിയയിലും എത്യോപ്യയിലുമുള്ള ബസാറുകളിൽ അവരെത്തി. ട്രൈബൽയുദ്ധങ്ങൾ അക്കാലത്ത് വ്യാപകമായിരുന്നുവെങ്കിലും മാർക്കറ്റുകളെ അവ ബാധിച്ചിരുന്നില്ല. ബസാറിനുള്ളിലേക്ക് ആയുധവുമായി ആർക്കും വരാൻ അനുമതിയുണ്ടായിരുന്നില്ല. ഓരോ ബസാറിന്റെയും നിയമങ്ങൾ അവിടെയെത്തുന്നവർ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാവൽക്കാർ ഉണ്ടായിരുന്നു.
ഈ ബസാറുകളിൽ ഉക്കാള് മാർക്കറ്റായിരുന്നു ഏറ്റവും പ്രശസ്തം. അറബിക്കവിതയിലെ രാഷ്ട്രീയവും സാമൂഹികവുമായ തീമുകൾ രൂപംകൊള്ളുന്നത് ഈ ബസാർ കേന്ദ്രീകരിച്ചാണ്. ഹജ്ജിനുവേണ്ടി ആളുകൾ വരുമ്പോൾ ഈ മാർക്കറ്റ് ഏറെ പ്രൗഢമാകും. ആധുനിക ഇസ്ലാമികനഗരങ്ങൾക്ക് ഏറ്റവും മികച്ച മാതൃക മദീന തന്നെയായിരുന്നു. മക്കയിൽനിന്ന് മദീനയിലേക്ക് മുഹമ്മദ്നബിയുടെ ഹിജ്റ നടന്നതോടെ, അനുപമമായ നാഗരികതയുടെ കേന്ദ്രമായി അത് മാറി. പള്ളി കേന്ദ്രീകരിച്ച് മുസ്ലിംനഗരങ്ങൾ വികസിച്ചുവന്നതിന് മാതൃകയൊരുക്കിയതും മദീനയായിരുന്നു. നഗരം എന്ന പദത്തിന് അറബിയിൽ 'മദീന' എന്നാണ് ഉപയോഗിക്കാറുള്ളത് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം. ഇസ്ലാമികനഗരം ധാർമികതയുടെ മഹത്തായ ഭൂമികയുമായിരുന്നു. അതിനാൽ അവിടെ അറിവും സംസ്കാരവും വേഗത്തിൽ പടർന്നു.
ബസറ, കൂഫ, ബാഗ്ദാദ് എന്നിവ കേന്ദ്രീകരിച്ചെല്ലാം പുതുനഗരങ്ങൾ രൂപംകൊള്ളുകയും അവിടെങ്ങളെല്ലാം ബസാറുകൾ നിർമിക്കപ്പെടുകയും ചെയ്തു. ഉമവി കാലഘട്ടത്തിൽ നവരീതിയിലുള്ള നഗരങ്ങൾ നിലവിൽ വന്നു. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു ബസറയിലേത്.
കൈറോക്ക് പുറമേ ഡമസ്കസ്, ബസ്വറ, അലെപ്പോ, സനാ, നബ്ലുസ്, കാബൂൾ, ടെഹ്റാൻ, ഇസ്താംബൂൾ, യസ്ദ് എന്നിവിടങ്ങളിലുണ്ടായിരുന്ന ബസാറുകളുടെ വൈവിധ്യങ്ങളെക്കുറിച്ചും കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി പുസ്തകത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
സിറിയയിലെ അലെപ്പോ, അതികമനീയമായി തയ്യാറാക്കപ്പെട്ട ബസാറുകളുടെ നഗരമായിരുന്നു. മധ്യകാലം മുതൽ ആധുനികകാലം വരെ അത് നിലനിന്നു. 1914-ൽ അലെപ്പോ സന്ദർശിച്ച ടി.ഇ. ലോറൻസ്, അലെപ്പോയുടെ വശീകരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് വാചാലനായിട്ടുണ്ട്: “വർണങ്ങളാൽ നിറഞ്ഞ വഴികളുള്ള കംപാർട്ട്മെന്റുകൾ ആണ് അലെപ്പോ. അവിടെ നിങ്ങൾക്ക് കിഴക്കിന്റെ മണം പിടിക്കാൻ പറ്റുന്നു. സിൽക്കിന്റെ ദൃശ്യങ്ങളാൽ നിങ്ങളുടെ വസ്ത്രസങ്കല്പങ്ങളെ മധുരിതമാക്കാൻ ഈ നഗരത്തിന് കഴിയുന്നു.” അലെപ്പോയിലെ ബസാറുകൾ ഖുവായ്ഖ് നദിക്ക് പരിസരത്തായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ശുദ്ധജലസമൃദ്ധി തൊട്ടടുത്തുണ്ടായിരുന്നത് ഈ ബസാറുകളെ സദാ ചൈതന്യവത്താക്കിയിരുന്നു. ഓരോ പള്ളിക്കടുത്തും ബസാറുകൾ ഉണ്ടായിരുന്നു. ഇസ്ലാമിക നഗരങ്ങൾ രൂപപ്പെടുന്നത് പള്ളികൾ കേന്ദ്രീകരിച്ചാണല്ലോ. റസൂലിന്റെ മദീന മുതലുള്ള ആ പാരമ്പര്യം ഇസ്ലാമിക നാടുകളിലെ ബസാറുകളിലെല്ലാം പൊതുവിൽ കാണാവുന്നതാണ്.
ഈജിപ്തിലെ ഖാൻ അൽ ഖലീലി മാർക്കറ്റിന്റെ സവിശേഷതയും, പള്ളികളാൽ നിറഞ്ഞ മധ്യകാല ഈജിപ്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്താണ് ഇത് നിലകൊള്ളുന്നത് എന്നതാണ്. തിരുനബിയുടെ മകളുടെ മകനായ ഹുസൈൻ എന്നവരുടെ ശിരസ്സ് മറമാടപ്പെട്ട ( ഇറാഖിലെ കർബലയിൽ ചതിയിലൂടെ വധിക്കപ്പെടുകയായിരുന്നു) ‘സയ്യിദ് ഹുസൈൻ മസ്ജിദിനും’ അൽ അസ്ഹർ പള്ളിക്കും അരികിലാണ് ഈ ഖാൻ അൽ ഖലീലി നിലകൊള്ളുന്നത്. അസ്ഹർ വൈജ്ഞാനിക കേന്ദ്രമെന്ന നിലയിലും ഹുസൈൻ മസ്ജിദ് ആധ്യാത്മികകേന്ദ്രമെന്ന നിലയിലും വിദേശികളും സ്വദേശികളുമായി ആയിരങ്ങൾ ദിനേന സന്ദർശിക്കുന്ന സ്ഥലമായിരുന്നു ഇത്. മാത്രമല്ല, പത്താംനൂറ്റാണ്ട് മുതൽ പതിനാറാംനൂറ്റാണ്ട് വരെ ഇസ്ലാമികലോകത്തിലെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള ഭരണകൂടങ്ങൾ നിലനിന്നതും കൈറോ കേന്ദ്രീകരിച്ചായിരുന്നു. ഇതെല്ലാം ഖാൻ അൽ ഖലീലിയുടെ പെരുമ വർദ്ധിപ്പിച്ചു.
ഇസ്ലാമിക ആഗമനത്തിന് ശേഷം ഫുസ്താത് ആയിരുന്നു ഈജിപ്തിലെ പ്രഥമ നഗരം. എ.ഡി. 642-ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഒരു മിലിട്ടറി ക്യാമ്പ് ആയിരുന്നുവെങ്കിലും ആളുകൾ വർദ്ധിച്ചതോടെ ഒരു നഗരമായി അത് പരിവർത്തിച്ചു. ബസാറുകൾ ചുറ്റും ഉയർന്നുവന്നു; പക്ഷേ അത് ക്രമീകൃത സ്വഭാവത്തിലുള്ളതായിരുന്നില്ല. പിന്നീട് മൂന്ന്നൂറ്റാണ്ടിന് ശേഷം എ.ഡി. 969-ൽ ഫാത്തിമികൾ ഈജിപ്ത് കീഴടക്കുകയും കൈറോ അവരുടെ ഭരണതലസ്ഥാനം ആക്കുകയും ചെയ്തപ്പോഴാണ്, ഇപ്പോൾ അൽ അസ്ഹർ പള്ളി നിലകൊള്ളുന്ന ഇടത്തിലേക്ക് ഈജിപ്തിന്റെ നഗര സംവിധാനം മാറിയത്. 'അൽ ഖാഹിറ' എന്ന് വിശേഷിപ്പിക്കപ്പെട്ട പുതുനഗരം വളരെ ശാസ്ത്രീയമായി നിർമിക്കപ്പെട്ടതായിരുന്നു. അതിന്റെ തുടർച്ചയിലാണ് ഖാൻ അൽ ഖലീലി ബസാറും രൂപപ്പെടുന്നത്.
എ.ഡി. 1385-ൽ അമീർ ജർക്വസ് അൽ ഖലീലിയാണ് ആദ്യമായി ഖാൻ അൽ ഖലീലിയിൽ ബസാർ പണിയുന്നത്. 1511-ൽ കൈറോ ഭരിച്ച സുൽത്താൻ അൽ ഖൂരി ഈ ബസാർ ഏറ്റെടുക്കുകയും ശാസ്ത്രീയമായ രീതിയിൽ മികച്ച ശില്പികളെ കൊണ്ട് പുനർനിർമിക്കുകയുമായിരുന്നു. ഖാൻ അൽ ഖലീലിക്ക് ഗേറ്റുകൾ സ്ഥാപിച്ച് കൈറോവിലെ പ്രധാന വ്യാപാര കേന്ദ്രമാക്കി അദ്ദേഹം പരിവർത്തിപ്പിച്ചു. അർമേനിയക്കാർ, ജൂതർ, പേർഷ്യക്കാർ എന്നിവരെല്ലാം അവിടെ വ്യാപാരത്തിന് എത്തിയിരുന്നു. പിൽക്കാലത്ത് ഈജിപ്ഷ്യൻ കച്ചവടക്കാരുടെ സാന്നിധ്യം അവിടെ വർദ്ധിച്ചുവന്നു.
ഇന്ന് ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ്കേന്ദ്രമാണ് ഖാൻ അൽ ഖലീലി. വ്യാപാര സ്വഭാവങ്ങൾക്ക് വന്ന മാറ്റങ്ങൾ ഈജിപ്തിലും ഉണ്ടായിട്ടുണ്ട്; യൂറോപ്പിന്റെ മാതൃകകൾ പലതരത്തിലും ഈജിപ്തിനെ സ്വാധീനിച്ചിട്ടുമുണ്ട്. പക്ഷേ, പ്രൗഢിയോടെ നിലകൊള്ളുന്ന ഖാൻ അൽ ഖലീലി ഇസ്ലാമികലോകത്തെ ഒരു മികച്ച ബസാർ എങ്ങനെയായിരുന്നുവെന്ന് കാണിച്ചുതരുന്നു.
