മുസ്ലിം സാമൂഹികജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുന്നവരാണ് പള്ളികളിലെ മതപരമായ കർമങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാർ. പള്ളികളിലെ ആരാധനകൾക്ക് നേതൃത്വം നൽകുക, പള്ളി ഉൾക്കൊള്ളുന്ന പ്രദേശത്തെ മതകാര്യങ്ങൾ നിയന്ത്രിക്കുക, മുസ്ലിംവിദ്യാർത്ഥികളെ ഇസ്ലാമിക ചിട്ടകളും അറബിഭാഷയും പഠിപ്പിക്കുക, നികാഹ്, മരണം പോലുള്ള മുസ്ലിംജീവിതവുമായി ബന്ധപ്പെട്ട കർമങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയെല്ലാം പള്ളി ഇമാമുമാർ നിർവ്വഹിച്ചുവരുന്നു. ഇത് ഇസ്ലാമിൻ്റെ ആദിമകാലം മുതലുള്ള രീതിയുമാണ്.
ഒരു ഇമാമിന് അടിസ്ഥാനപരമായി വേണ്ടത് മതപരമായ അറിവും ഭക്തിയുമാണ്. വിജ്ഞാനം, ‘തഖ്വ’ എന്ന സാങ്കേതികപദത്തിൽ അറിയപ്പെടുന്ന അല്ലാഹുവിലുള്ളഭക്തി എന്നീ കാര്യങ്ങളെ ഏറ്റവും ഉന്നതമായാണ് ഇസ്ലാം കാണുന്നത്. അല്ലാഹു വിശ്വാസികളോട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കുകയും ഉപേക്ഷിക്കാൻ പറഞ്ഞവ വെടിയലുമാണ് ഭക്തി. എല്ലാത്തരം ജ്ഞാനത്തെയും പ്രോത്സാഹിപ്പിച്ച ഇസ്ലാം, മതപരമായ സൂക്ഷ്മജ്ഞാനം ഗ്രഹിക്കുന്നതിന് വലിയ പ്രോത്സാഹനവും നൽകിയിട്ടുണ്ട്. വിശുദ്ധഖുർആനിൽ അല്ലാഹു ഉണർത്തുന്നു: “ഏറ്റവുമധികം അല്ലാഹുവിനെ ഭയപ്പെടുന്നത് പണ്ഡിതന്മാരാണ്.”
ഇസ്ലാമിലെ പണ്ഡിതരെക്കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു നബിവചനം, “പണ്ഡിതർ പ്രവാചകരുടെ പിൻഗാമികളാണ്” എന്നതാണ്. അതിനാൽ മേൽപ്പറയപ്പെട്ട വിശേഷണങ്ങൾക്ക് പുറമെ, ഇസ്ലാമികവിശ്വാസത്തിൻ്റെ പൂർണതയെ ഉൾക്കൊള്ളുന്നവരാകണം ഇമാമുമാർ. ഖുർആൻ, ഹദീസ്ഗ്രന്ഥങ്ങൾ, വിശ്വാസ,കർമശാസ്ത്ര ഗ്രന്ഥങ്ങൾ, ആധ്യാത്മികകൃതികൾ എന്നിവയിലെല്ലാം അവർക്ക് ഉയർന്ന വിജ്ഞാനം അനിവാര്യമാണ്.
വിവിധരാജ്യങ്ങളിൽ സമകാലികലോകത്ത് ഇമാമുമാരാകുന്നവർക്ക് വേണ്ടി സവിശേഷ പഠന സംവിധാനങ്ങളുണ്ട്. ലോകത്തെ അത്തരം പ്രധാന സ്ഥാപനമാണ് ഈജിപ്തിലെ കൈറോയിലുള്ള അൽ അസ്ഹർ യൂണിവേഴ്സിറ്റി. ഈജിപ്തിലെ ഏത് പള്ളിയിലും ഇമാം ആവാൻ ഇവിടത്തെ ബിരുദ പഠനം പൂർത്തീകരിക്കൽ അനിവാര്യമാണ്. പേരിനൊപ്പം 'അസ്ഹരി' എന്ന ബിരുദനാമവും ഇത്തരം പണ്ഡിതർക്ക് ലഭിക്കുന്നു. ഖുർആൻ വ്യാഖ്യാനങ്ങൾ, ഹദീസ്, ഖുർആൻ പാരായണം, മനഃപാഠം, അറബിഗ്രാമർ, അലങ്കാരശാസ്ത്രം, ആധ്യാത്മികത, ഇസ്ലാമിക പ്രബോധനരീതികൾ എന്നിവയെല്ലാം അൽഅസ്ഹർ ബിരുദപഠനത്തിൻ്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്നു. ഓരോ പള്ളികളിലും ഇമാമുമാരായി ഈ പണ്ഡിതർ നിയമിക്കപ്പെടുന്നതോടെ, ചുറ്റുവട്ടത്തെ ആളുകൾക്ക് ഇസ്ലാമിക വിജ്ഞാനം ശരിയായി പഠിപ്പിക്കാനുള്ള ദൗത്യവും അവർക്കുണ്ടാകുന്നു.
മുൻകാലങ്ങളിൽ മതവിഷയങ്ങളിൽ ഗ്രാഹ്യമുള്ളവർ വ്യത്യസ്തലോകങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു. യമനിൽ നിന്നുള്ള പണ്ഡിതർ അതിന് ഉത്തമ മാതൃകയാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽചെന്ന് ഇസ്ലാമിൻ്റെ യഥാർത്ഥമുഖം ജനങ്ങളിലേക്ക് എത്തിക്കുകയും, ഓരോ പ്രദേശത്തും മതപരമായ വിജ്ഞാനവും സംസ്കാരവും പ്രസരിപ്പിക്കുകയും ചെയ്യുമായിരുന്നു അവർ. കേരളത്തിലെ ഇസ്ലാമിക മുന്നേറ്റത്തിൽ ഇങ്ങനെ യമനിൽ നിന്നെത്തിയ പണ്ഡിതർക്കും പ്രവാചക കുടുംബ താവഴിയിലുള്ളവരായ സയ്യിദുമാർക്കും വലിയ പങ്കുണ്ട്.
മിക്ക ഇസ്ലാമികരാജ്യങ്ങളിലും ഔഖാഫ് മന്ത്രാലയത്തിന് കീഴിലാണ് പള്ളികളും ഇമാമുമാരും പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ചകൾ, പെരുന്നാളുകൾ, മറ്റ് വിശേഷ ദിവസങ്ങൾ എന്നീ ഘട്ടങ്ങളിൽ വിശ്വാസികൾക്ക് നൽകേണ്ട മതസന്ദേശം ഇമാമുമാർ വഴി നൽകുന്നു.
‘ഗ്രാൻഡ്മുഫ്തി’ എന്നൊരു പദവിയും മുസ്ലിംകൾ അധിവസിക്കുന്ന രാജ്യങ്ങളിലുണ്ട്. രാജ്യത്തെ മുസ്ലിം സമൂഹത്തിൻ്റെ മതപരവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി ആധ്യാത്മിക നേതൃത്വം നൽകുന്നവരാണ് ‘ഗ്രാൻഡ്മുഫ്തിമാർ’. ഇസ്ലാമിക വിഷയങ്ങളിൽ ആധികാരികമായ മതവിധിയും (ഫത്വകൾ) അവർ പുറപ്പെടുവിക്കുന്നു.
എന്താണ് ഇമാമുമാരുടെ പ്രചോദനം? അത് ഇസ്ലാമിനെ തിരുനബി കാണിച്ച വിധത്തിൽ, കലർപ്പുകൾ ഇല്ലാതെ പങ്കുവെക്കുക എന്നതാണ്. ചിലയിടങ്ങളിൽ ഒക്കെ ഇമാമുമാർ വഴികേടിലാകുമ്പോൾ, അവരെ പിന്തുടരുന്ന സമുദായത്തിൻ്റെ വലിയൊരു വിഭാഗം തനത് ഇസ്ലാമിക സംസ്കൃതിയിൽ നിന്ന് മാറിപ്പോകാൻ കാരണമാകുകയും, മുസ്ലിംസമൂഹത്തിൻ്റെ പാരമ്പര്യരീതികൾക്ക് നിരക്കാത്ത സംഭവങ്ങൾ അവരിൽ നിന്ന് ഉണ്ടാകാൻ ഇടവരുകയും ചെയ്യും.
യു.എസിൽ നിന്ന് മുസ്ലിമായ, വർണവിവേചന വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന മാൽകം എക്സ്, ആദ്യ ഘട്ടത്തിൽ അംഗമായിരുന്നത് എലിജാ മുഹമ്മദ് എന്ന വ്യക്തി നേതൃത്വം നൽകിയിരുന്ന തെറ്റായ ഇസ്ലാമിക വിശ്വാസത്തിലാണ്. പിന്നീട്, മക്കയിലേക്ക് യാത്ര നടത്തിയ ഘട്ടത്തിൽ ശരിയായ വിശ്വാസം മനസ്സിലാക്കുകയും അതിൻ്റെ പ്രചാരകൻ ആകുകയും ചെയ്തു അദ്ദേഹം.
ഡിജിറ്റൽ കാലത്ത് ഇമാമുമാർ ഇസ്ലാമികസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വിവിധ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുവരുന്നുണ്ട്. അവ നന്മയും തിന്മയും ഉണ്ടാക്കുന്നുണ്ട്. ഏത് സന്ദർഭത്തിലും ഇസ്ലാമിനെ പഠിക്കാം എന്നതാണ് ഗുണകരമായ കാര്യം. എന്നാൽ, ശരിയായ മതവിജ്ഞാനം ലഭിക്കാതെ, അറബി പോലും ശരിക്ക് മനസ്സിലാക്കാൻ കഴിയാതെ ഖുർആൻ പ്രചാരണവും മറ്റു മതങ്ങൾക്ക് നേരെ വിദ്വേഷവും പടർത്തുന്നവർ അവരിലുണ്ട് എന്നത് വേദനിപ്പിക്കുന്ന വാസ്തവമാണ്. അതിനാൽതന്നെ ഓൺലൈൻ ഇമാമുമാരെ പിന്തുടരുമ്പോൾ മുസ്ലിംകളും, അവരെ അവലംബിച്ച് ഇസ്ലാമിനെ വിലയിരുത്തുമ്പോൾ മറ്റുള്ളവരും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
