മുസ്ലിം പ്രതാപകാലത്തിന്റെ എഴുന്നുനിൽക്കുന്ന സംഭാവനകളിൽ പ്രധാനമാണ് വാസ്തുവിദ്യയിൽ ഉണ്ടാക്കിയ അപാരമായ മാറ്റങ്ങൾ. എല്ലാറ്റിനെയും സൗന്ദര്യപരമായി ക്രമീകരിക്കുക എന്നതാണ് ഇസ്ലാമിന്റെ രീതി. മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഏറ്റവും നല്ല പ്രകാരത്തിലാണ് നടത്തിയതെന്ന് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'അല്ലാഹു സൗന്ദര്യവാനാണ്, സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ്' എന്നത് വിശ്രുതമായ നബിവചനമാണ്. എല്ലാ കാര്യങ്ങളിലും സൗന്ദര്യപരത സൂക്ഷിക്കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ വ്യക്തിത്വം സൗന്ദര്യാത്മകമായി ക്രമീകരിക്കാൻ മതം പ്രേരിപ്പിക്കുന്നു.
കല എന്നാൽ ഒരു നിർമ്മാണത്തിൽ അസംസ്കൃത വസ്തുക്കളുടെ താളത്തിലുള്ളതും സൗന്ദര്യാത്മകവുമായ ചേർത്തുവെപ്പാണ്. ഇസ്ലാമിന്റെ ആവിർഭാവം മുതലേ, ഈ ചേർത്തുവെപ്പുകൾ നിർമ്മിതികളിൽ ഏറ്റവും വൈശിഷ്ട്യത്തോടെ പ്രയോഗിച്ചത് കാണാനാകും; വിശേഷിച്ചും പള്ളികളിൽ. ഇസ്ലാമിക വാസ്തുവിദ്യയുടെ രൂപീകരണത്തെയും വികാസത്തെയും കുറിച്ച് ശ്രദ്ധേയമായ പഠനം നടത്തിയ ഫ്രഞ്ച് ചരിത്രകാരനും ആർക്കിയോളജിസ്റ്റുമാണ് ഒലെഗ് ഗ്രബാർ.
ഗ്രബാറിന്റെ 'ദി ഫോർമേഷൻ ഓഫ് ഇസ്ലാമിക് ആർട്ട്' എന്ന പുസ്തകം, എപ്രകാരമാണ് കലയും വാസ്തുവിദ്യയും ഇസ്ലാമിക ആരംഭം മുതലേ മുസ്ലിംകളുടെ മതപരവും സാമൂഹികവുമായ ജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്നിരുന്നത് എന്ന് വ്യക്തമാക്കുന്നു. പള്ളികളെക്കുറിച്ച് 'ദൈവിക ഭവനങ്ങൾ' എന്ന നിലയിൽ ഏറ്റവും വിശിഷ്ടമായ പ്രയോഗങ്ങളാണ് ഖുർആൻ നടത്തിയതെന്നും അതുകൊണ്ടാണ് അവയുടെ നിർമ്മിതി അതീവ മനോഹരമാക്കാനുള്ള അധ്വാനങ്ങൾ മുസ്ലിം വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം സമർത്ഥിക്കുന്നു.
പള്ളികളിലെ ആരാധനയ്ക്ക് സാമൂഹികതയുടെയും വൈയക്തികതയുടെയും മാനങ്ങളുണ്ട്. ചിലപ്പോൾ ഒരുമിച്ച് പ്രാർത്ഥിക്കുന്നു; ചിലപ്പോൾ ഒറ്റയ്ക്കും. ഈ പ്രാർത്ഥനയെന്ന പള്ളികളിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മത്തിന് ഉത്തമമാകും വിധമാണ് ഓരോ പള്ളിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമ്മാണം ഉണ്ടായിട്ടുള്ളത്. മുഹമ്മദ് നബിയുടെ കാലം മുതലേ പള്ളികൾ വിജ്ഞാന പ്രചാരണത്തിന്റെയും നന്മതിന്മകൾ പഠിപ്പിക്കുന്നതിന്റെയും കേന്ദ്രമായി നിലകൊണ്ടിട്ടുണ്ട്. വിശേഷിച്ചും വെള്ളിയാഴ്ച സവിശേഷമായ ജുമുഅ നിസ്കാരത്തിന്റെ ഭാഗമായ ഖുതുബ എന്ന സന്ദേശ ഭാഷണം, ഓരോ വിശ്വാസിയുടെയും ജീവിതം എങ്ങനെ മതപരമായി ക്രമീകരിക്കണം എന്നതിനെ ഊന്നിയായിരുന്നു. വിശിഷ്ടമായ മതകർമ്മങ്ങളുടെ കേന്ദ്രമെന്ന നിലയിൽ പള്ളികൾ ഏറ്റവും സുന്ദരമായി ഒരുക്കുന്ന രീതി മുസ്ലിം സമൂഹത്തിൽ പിന്നീട് വ്യാപകമായി. അതിനുദാഹരണമായി ഗ്രബാർ ചൂണ്ടിക്കാണിക്കുന്നത്, എ.ഡി 706-നും 715-നും ഇടയിൽ ദമസ്കസിലെ ഉമവി സുൽത്താനായിരുന്ന അൽ വലീദ് നിർമ്മിച്ച ഗ്രാൻഡ് മസ്ജിദിനെയാണ്.
മൂന്ന് പ്രധാന കവാടങ്ങളിലൂടെ പ്രവേശിക്കാവുന്ന തരത്തിലാണ് ഡമസ്കസ് ഗ്രാൻഡ് മസ്ജിദ് രൂപകല്പന ചെയ്തിരിക്കുന്നത്. മനോഹരമായ അകത്തളം, മിഹ്റാബിലേക്ക് എത്തുന്ന വഴികൾ, നാല് ഭാഗത്തുമുള്ള മിനാരങ്ങൾ, മധ്യേയുള്ള താഴികക്കുടം - ഇവയെല്ലാം ഈ പള്ളിയുടെ പ്രത്യേകതകളായിരുന്നു. മാർബിൾ ആണ് തറയിൽ പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്നത്; ചുവരുകളിൽ വിവിധ വർണ്ണങ്ങളിലുള്ള മൊസയ്ക്കും.
എ.ഡി 987-ൽ നിർമ്മിച്ച സ്പെയിനിലെ കൊർഡോബ ഗ്രാൻഡ് മസ്ജിദും അതിസുന്ദരമായി വാസ്തുവിദ്യ പ്രയോഗിക്കപ്പെട്ട മന്ദിരമാണ്. ഇത്തരം പള്ളികളെ കേന്ദ്രീകരിച്ചാണ് നഗരം പിന്നീട് വികസിക്കുന്നത്. പള്ളികൾ സൗന്ദര്യത്തിന്റെ നിറകുടമാകുന്നതോടെ, ചുറ്റും ഉയരുന്ന വീടുകളും വ്യാപാര സ്ഥാപനങ്ങളും ചന്തകളും എല്ലാം വൃത്തിയിലും കലാപരമായും രൂപപ്പെടുന്നു. ഇത് മുസ്ലിംകളുടെ കലാമനസ്സിനെ കൂടുതൽ വർണ്ണാഭമാക്കുന്നു.
മുസ്ലിം പള്ളികളുടെ കലാപരതയിൽ പ്രാദേശികമായ തനിമയെയും കാലാവസ്ഥയെയും പരിഗണിച്ചു എന്നത് സവിശേഷമായി കാണണം. സിറിയയിലെ പള്ളിയുടെ സ്വഭാവമായിരുന്നില്ല കൊർഡോബയിലേത്. മഴ അപൂർവ്വമായി മാത്രം പെയ്യുന്ന ഈജിപ്ത് പോലുള്ള ദേശങ്ങളിൽ തുറന്ന ഇടങ്ങൾ ധാരാളമുള്ള പള്ളികൾ വന്നു. ഇന്ത്യയിലെ പള്ളികളുടെ നിർമ്മാണത്തിലും ഈ വൈവിധ്യം കാണാനാകും. ഡൽഹി, ഗുജറാത്ത് പോലുള്ള പ്രദേശങ്ങളിലെ തുറന്ന ഇടങ്ങൾ കൂടുതലുള്ള പള്ളികൾ ദക്ഷിണേന്ത്യയിൽ കാണാൻ കഴിയില്ല; കാരണം മഴ കൂടുതൽ കിട്ടുന്ന പ്രദേശങ്ങളാണവ.
പള്ളികളുടെ കേന്ദ്രഭാഗമായി വരുന്ന മിഹ്റാബ് - നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നവർ നിൽക്കുന്ന സ്ഥലം - അതികമനീയമായി സജ്ജീകരിക്കുന്ന രീതിയും ആദ്യകാലം മുതലേ കാണാവുന്നതാണ്. മദീനയിലെ പ്രഥമ പള്ളി മസ്ജിദുന്നബവിയിൽ മുഹമ്മദ് നബി നിസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലം പള്ളിയിലെ ഏറ്റവും പ്രധാന ഭാഗമായാണ് വിശ്വാസികൾ കാണുന്നത്. സമാനമായി എല്ലാ പള്ളികളിലെയും മിഹ്റാബ് മറ്റു ഭാഗങ്ങളെക്കാൾ കമനീയമായി ഒരുക്കുന്നു.
പള്ളികളുടെ കമനീയത പിന്നീട് ഓരോ ഇസ്ലാമിക നഗരത്തെയും മനോഹരമായി രൂപപ്പെടുത്തി. പത്താം നൂറ്റാണ്ടിൽ നിർമ്മിച്ച കൈറോ നഗരത്തിന്റെ ഏറ്റവും പ്രധാന സവിശേഷത അൽ അസ്ഹർ പള്ളിയായിരുന്നു. പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് കൈറോ വികസിച്ചത് ആ പള്ളിയെ ചുറ്റിപ്പറ്റിയാണ്. പള്ളിയിൽ ഉപയോഗിച്ചതിന് സമാനമായ വാസ്തുവിദ്യ വൈജ്ഞാനിക കേന്ദ്രങ്ങൾക്കും ഭവനങ്ങൾക്കും എല്ലാം കൊണ്ടുവന്നു. അങ്ങനെ ഒരു നഗരത്തിന്റെ നിർമ്മാണത്തിൽ തന്നെ ഒരുമ കൊണ്ടുവന്നു. മാത്രവുമല്ല, ഇസ്ലാമിക ലോകത്ത് ഭരിച്ച ഓരോ ഭരണകൂടവും അവരുടേതായ സവിശേഷ കാലമാതൃകകളിൽ പള്ളികൾ നിർമ്മിക്കുക പതിവായിരുന്നു. ആരാധനാലയങ്ങൾ പണിയുന്നത് പുണ്യകരമായതിനാൽ, മുസ്ലിം ഭരണാധികാരികൾ സമ്പത്തിൽ നിന്നൊരു ഭാഗം അതിനായി നീക്കിവെച്ചിരുന്നു. കൈറോയിലും ബാഗ്ദാദിലും ഇസ്ഫഹാനിലും ഡൽഹിയിലുമെല്ലാം ഈ രീതി കാണാവുന്നതാണ്.
