ഒരു സ്ഥലത്തെ മുസ്ലിം സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും മുഖ്യമായ സൂചകമാണ് പള്ളികൾ. ഇസ്ലാമിനെ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ പ്രഥമമായി ആഗ്രഹിക്കുന്ന സംഗതിയാണ് എന്താണ് പള്ളികൾ എന്നും, ഏതെല്ലാം തരം പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നതെന്നും.
മുഹമ്മദ് നബി മക്കയിൽ നിന്ന് പലായനം ചെയ്ത ഉടനെ പ്രഥമമായി ചെയ്ത കർത്തവ്യം പള്ളിയുടെ നിർമാണമായിരുന്നു. മസ്ജിദുൽ ഖുബായാണ് ആദ്യത്തെ പള്ളി. മദീനയിലേക്കുള്ള പലായന ഘട്ടത്തിൽ, ഖുബാ എന്ന ഗ്രാമത്തിലാണ് നബി ആദ്യമെത്തിയത്. അവിടെ തങ്ങിയ നാളുകളിലാണ് ഈ പള്ളിയുടെ നിർമാണം നടക്കുന്നത്.
ആരാധനക്ക് വേണ്ടിയുള്ള സവിശേഷ കേന്ദ്രങ്ങളാണ് പള്ളികൾ. മക്കയിൽ മുഹമ്മദ് നബി താമസിച്ച, പ്രവാചകത്വ പദവിക്ക് ശേഷമുള്ള ആദ്യത്തെ പതിമൂന്നു വർഷങ്ങളിൽ സ്വസ്ഥമായി ഇസ്ലാമിക സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. മദീനയിൽ പക്ഷേ, സ്ഥിതി വ്യത്യസ്തമായിരുന്നു. നബിയുടെ ഇസ്ലാമിക അരുളുകൾ മിക്ക ജനങ്ങളും സ്വീകരിച്ചു. സ്വസ്ഥമായും സമാധാനപരമായും ഇസ്ലാമിൻ്റെ എല്ലാ രീതികളും പ്രചരിപ്പിക്കാൻ അവിടെ അവസരം ഒരുങ്ങി. അതിനാൽ ആണ്, ആദ്യ ദൗത്യങ്ങളിലൊന്നായി പ്രവാചകൻ മദീനക്ക് വളരെയടുത്ത ഖുബായിൽ നബി പള്ളി നിർമിക്കുന്നത്. ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങളിൽ നബിയും പങ്കാളിയായിരുന്നു.
രണ്ടാമത്തെ പള്ളി, ഇസ്ലാമിലെ ഏറ്റവും സ്രേഷ്ടകരമായ പള്ളികളിലൊന്നായ മസ്ജിദുന്നബവിയാണ്. ഖുബായിൽ നിന്ന് യാത്രതിരിച്ച് മദീനയിൽ എത്തിയ നബിയെ, അവിടത്തെ നിവാസികളായ അനുചരന്മാർ ഏറെ സ്നേഹത്തോടെ ഭവനങ്ങളിലേക്ക് ക്ഷണിച്ചു. നബി പറഞ്ഞു: “എൻ്റെ ഒട്ടകം നിർദേശം ലഭിക്കപ്പെട്ടതാണ്. അതുപ്രകാരമേ, അത് മുട്ടുകുത്തൂ.” ആ യാത്ര അവസാനിച്ചത് സഹ്ൽ, സുഹൈൽ എന്നീ അനാഥ കുട്ടികളുടെ സ്ഥലത്താണ്. അവർ നബിയെ സ്വീകരിച്ചു. ആ സ്ഥലം വാങ്ങി. അബൂ അയ്യൂബുൽ അൻസാരി എന്ന സ്വഹാബി ആ ഭൂമിക്ക് പണം നൽകി. അവിടെ പള്ളി പണിതു തുടങ്ങി. അതാണ് മസ്ജിദുന്നബവി എന്ന ഇസ്ലാമിലെ രണ്ടാമത്തെ പള്ളിയും മൂന്നു വിശേഷ പള്ളികളിലൊന്നുമായി പിന്നീട് മാറിയത്.
ആ പള്ളിയുടെ നിർമാണത്തിൻ്റെ ഓരോ ഘട്ടത്തിലും മുഹമ്മദ് നബി പങ്കാളിയായി. കല്ലുകൾ ചുമന്നു. ഈത്തപ്പന ഓലകൾ ഏറ്റി. ആ നിർമാണത്തിൽ പങ്കാളികളായവർക്കെല്ലാം വേണ്ടി നബി പ്രാർത്ഥനാമൊഴികൾ സമർപ്പിച്ചു. "ഈ ത്യാഗത്തിന് അനുപമമായ പ്രതിഫലം മരണാനന്തര ജീവിതത്തിൽ നൽകണമെന്നു'.
പള്ളികളുടെ നിർമാണവും പരിപാലനവും, അവിടെ വെച്ചുള്ള ആരാധനകളും ഏറ്റവും സ്രേഷ്ടകരമായ നന്മകളാണെന്നാണ് ഇസ്ലാമിക അധ്യാപനം. ഖുർആനിൽ പറയുന്നുണ്ട്: "പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു, അവിടെ അല്ലാഹുവിനെയല്ലതെ മറ്റാരെയും ആരാധിക്കരുത്." മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്: " ഭൂമിയിൽ ഏറ്റവും അല്ലാഹുവിന് ഇഷ്ടം പള്ളികൾ ആണെന്ന്". അല്ലാഹുവിൻ്റെ ഇഷ്ടകേന്ദ്രം എന്ന നിലയിൽ പള്ളിയെ ഏറ്റവും പവിത്രമായാണ് മുസ്ലിംകൾ കാണുന്നത്. ആധ്യാത്മിക ചിന്തകളും പ്രവർത്തനങ്ങളുമായി വിശ്വാസികൾ പള്ളിയിൽ കർമ്മനിരതരാവുന്നു.
മറ്റു മതവിഭാഗങ്ങളെപ്പോലെ ഏതെങ്കിലും തരത്തിലുള്ള ഗോചര ആരാധാനാ വസ്തുക്കൾ പള്ളിയിൽ കാണില്ല. പ്രവിശാലമായ സ്ഥലം മുഴുവൻ ആരാധനക്കാണ്. മക്കയിലെ വിശുദ്ധ ഗേഹം കഅബയുടെ ദിശയിലേക്കാണ് പള്ളിയുടെ മുൻഭാഗം ഉണ്ടാവുക. മിഹ്റാബ് എന്ന പേരിൽ, നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾക്ക് നിൽക്കാനുള്ള സവിശേഷ സ്ഥലം. വെള്ളി ജുമുഅ പ്രാർത്ഥനയുടെ ഭാഗമായ ഖുതുബ എന്ന അറബി ഉദ്ബോധനത്തിന് വേണ്ടി തയ്യാറാക്കിയ മിമ്പർ എന്നിവയാണ് എല്ലാ പള്ളിയിലും പൊതുവെ കാണുന്ന സവിശേഷത. ചിലയിടങ്ങളിൽ ഖുർആനിലെ സവിശേഷ വാക്യങ്ങൾ ചുമരിലും മറ്റും അലങ്കാര രൂപേണ കൊത്തിവെച്ചത് കാണാം.
പള്ളിയുടെ നിർമ്മാണം ഏറ്റവും ശ്രേഷ്ഠകരമായ കർമ്മമായതിനാൽ മുസ്ലിംകളെല്ലാം ആവുംവിധം അതിൽ പങ്കുചേരുന്നു. പ്രിയപ്പെട്ടവർ മരിച്ചുപോവുമ്പോൾ അവരുടെ പേരിൽ പള്ളി നിർമ്മിക്കുന്ന ശീലം ലോകത്തെല്ലായിടത്തും മുസ്ലിംകളിൽ ഉണ്ട്. അതിന് ആധാരം നബിയുടെ ഒരു ഹദീസാണ്: "ആരെങ്കിലും അല്ലാഹുവിന് ഒരു പള്ളി നിർമ്മിച്ചാൽ, അവർക്കായി സ്വർഗ്ഗത്തിൽ അല്ലാഹു സമാനമായ ഒന്ന് ഒരുക്കിയിരിക്കുന്നു."
പള്ളികൾ കേന്ദ്രീകരിച്ചാണ് ഇസ്ലാമിക സംസ്കാരം വികസിക്കുന്നത്. മദീനയിലെ പള്ളയിൽ നിന്ന് ഒരേസമയം ഇസ്ലാമിക ഭരണകൂടത്തെ നിയന്ത്രിക്കുകയും, വൈജ്ഞാനിക പ്രവർത്തനങ്ങൾ നടത്തുകയും, നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു പ്രവാചകർ. വിജ്ഞാന പ്രവർത്തനം ആരാധനയാണ് എന്നതാണ് ഇസ്ലാമിക പക്ഷം. പള്ളികളിൽ നിന്ന് അതാവുമ്പോൾ ഏറെ പുണ്യകരമായി മാറുന്നു. അഹ്ലുസ്സുഫ്ഫ എന്ന പേരിൽ, വിജ്ഞാനം നുകരാൻ വേണ്ടി ഒരു സംഘം മദീനയിലെ മസ്ജിദുന്നബവി കേന്ദ്രീകരിച്ച് ജീവിച്ചിരുന്നു. പിൽക്കാലത്ത് നബിയിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അനുചര സ്രേഷ്ടൻ അബൂ ഹുറൈറയായിരുന്നു അവരുടെ നേതാവ്. പിന്നീട് സുവർണ്ണ കാലഘട്ടത്തിൽ ലോകത്ത് യൂണിവേഴ്സിറ്റികൾ പോലും വികസിക്കുന്നത് പള്ളികൾ കേന്ദ്രീകരിച്ചാണ്.
പള്ളികളെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ പരത്താൻ ചിലരെങ്കിലും ശ്രമിക്കുന്നത് അവിടെങ്ങളിൽ ആക്രമണം നടത്തിയാണ്. ന്യൂസിലാൻഡിൽ 2019-ൽ ഒരു വെള്ളിയാഴ്ച പള്ളിയിൽ നടത്തിയ ആക്രമണം ഉദാഹരണം. മുസ്ലിംകൾ ഏറ്റവും ധ്യാനാത്മകമായി ഇരിക്കുന്ന പള്ളികൾ സമാധാനത്തിൻ്റെ ഉത്തമമായ കേന്ദ്രങ്ങളത്രെ. അവയെക്കുറിച്ച് തെറ്റായ വ്യാഖാനങ്ങൾ നിർമിക്കുന്നവർ നിശ്ചയമായും പള്ളികൾ കാണുകയാണ് വേണ്ടത്; അവിടത്തെ ആരാധനാ രീതികൾ ശ്രദ്ധിക്കുകയാണ് വേണ്ടത്.
