വിശുദ്ധ ഖുർആനിന്റെ അവതരണം പൂർത്തിയാകുന്നത് ഇരുപത്തിമൂന്ന് വർഷത്തെ നബിയുടെ പ്രബോധന ജീവിതത്തിന്റെ പരിസമാപ്തിയോടെയാണ്. ഖുർആന്റെ അവതരണ കാലത്ത് ഇന്ന് നാം കാണുന്നത് പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ലെങ്കിലും മനഃപാഠം മുഖേനയും ലിഖിത രൂപത്തിലും അവ സൂക്ഷിക്കപ്പെട്ടിരുന്നു. സന്ദർഭോചിതം അൽപ്പാൽപ്പമായി അവതരിച്ച മുഴുവൻ വചനങ്ങളും നബിയും സ്വഹാബത്തും കൃത്യമായി മനഃപാഠമാക്കുകയും നബിയുടെ നിർദ്ദേശപ്രകാരം സ്വഹാബികൾ അവ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഖുർആൻ മനഃപാഠമാക്കുന്നതിൽ നബിയും സ്വഹാബത്തും ബദ്ധശ്രദ്ധരായിരുന്നു. വിശുദ്ധ ഖുർആനിലെ 75-ാം അധ്യായം ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:
(ഖുർആൻ ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാൻ വേണ്ടി താങ്കൾ നാവ് ചലിപ്പിക്കേണ്ടതില്ല. അതിനെ താങ്കളുടെ ഹൃദയത്തിൽ സമാഹരിക്കലും ഓതിത്തരലും നാം ഏറ്റതാണ്. നാം പാരായണം ചെയ്തു തരുമ്പോൾ താങ്കളതിനെ പിന്തുടരുക. പിന്നീടവ വിവരിച്ചു തരേണ്ടതും നാം തന്നെയാണ്.) (സൂറത്തുൽ ഖിയാമ: 16-19).
രാത്രികളിൽ തേനീച്ചകളുടെ മുഴക്കം പോലെ അവരുടെ വീടുകളിൽ ഖുർആൻ ഓത്തിന്റെ മധുരസ്വരം കേൾക്കാമായിരുന്നുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ഓരോ ആയത്തുകളും അവയുടെ ക്രമവും സ്വഹാബത്തിന് തിരുനബി പഠിപ്പിച്ചു കൊടുക്കുമായിരുന്നു. വർഷാന്ത്യത്തിൽ ജിബ്രീൽ മാലാഖ നബിക്ക് ഖുർആൻ പൂർണ്ണമായും ക്രമമായും ഓതിക്കേൾപ്പിക്കുമായിരുന്നു. തിരുനബിയുടെ വിയോഗമുണ്ടായ വർഷം ഖുർആൻ പൂർണ്ണമായും രണ്ട് പ്രാവശ്യം നബിയെ ഓതിക്കേൾപ്പിച്ചു കൊടുത്തു. ഈ ക്രമത്തിലാണ് അനുചരർ ഖുർആൻ മനഃപാഠമാക്കുകയും ക്രോഡീകരിക്കുകയും ചെയ്തത്. ഖുർആന്റെ സംരക്ഷണത്തിന് ഓർമ്മയെയും മനഃപാഠമാക്കാനുള്ള ശേഷിയെയും തന്നെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. നൂറുകണക്കിന് ഹാഫിളുകൾ (ഖുർആൻ ഹൃദിസ്ഥമാക്കിയവർ) അന്നുണ്ടായിരുന്നു; അതിലേറെ ഇന്നുമുണ്ട്. ഖുർആന്റെ സർവ്വ പ്രതികളും ഒറ്റയടിക്ക് നശിപ്പിക്കപ്പെട്ടാലും അതിനെ പുനരാവിഷ്കരിക്കൽ ക്ഷിപ്രസാധ്യമാണ്. ഇത് ഖുർആന്റെ സവിശേഷതയാണ്.
മനഃപാഠത്തിന് പുറമെ ഖുർആൻ അവതരിക്കുന്ന മുറയ്ക്ക് അവ എഴുതി വെക്കാൻ പ്രത്യേകം എഴുത്തുകാരെ നിയോഗിച്ചിരുന്നു. മക്കാ കാലഘട്ടത്തിൽ അബൂബക്കർ, ഉസ്മാൻ, അലി എന്നിവരും മദീനാ കാലഘട്ടത്തിൽ ഇവർക്കു പുറമേ ഉബയ്യ് ബ്നു കഅ്ബ്, സുബൈർ ബ്നു അവ്വാം, അബ്ദുല്ലാഹിബ്നു അർഖം, അബ്ദുല്ലാഹിബ്നു റവാഹ എന്നിവരും എഴുത്തുകാരായി ഉണ്ടായിരുന്നു. ഈ സംഘത്തിൽ 24 പേർ ഉണ്ടായിരുന്നുവെന്നും 42 പേർ ഉണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. സൈദ് ബ്നു സാബിത് (റ) ആയിരുന്നു ഇവരുടെ നേതാവ്. വഹ്യ് അവതരിച്ചാൽ ഇവരെ വിളിച്ച് നബി "ഈ ആയത്ത് ഇന്ന അധ്യായത്തിൽ ഇന്ന സൂക്തത്തിന് ശേഷം ചേർക്കണം" എന്ന് വരെ നിർദ്ദേശിച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് ഹദീസിൽ കാണാം. ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു: "ഒരു സൂറത്ത് അവതരിച്ചാൽ ചില എഴുത്തുകാരെ വിളിച്ച് ഇന്നയിന്ന സ്ഥലത്ത് അതിനെ എഴുതുവാൻ നബി നിർദ്ദേശിക്കുമായിരുന്നു" (മിശ്ക്കാത്ത്). പുതുതായി അവതരിച്ച വഹ്യ് എഴുതിക്കഴിഞ്ഞാൽ നബി അത് വായിച്ചു കേൾക്കുകയും തെറ്റുണ്ടെങ്കിൽ തിരുത്തിക്കൊടുക്കുകയും ചെയ്യുമെന്ന് മജ്മഉസ്സവാഇദിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു: "ഖുർആൻ പൂർണ്ണമായും തിരുനബിയുടെ കാലഘട്ടത്തിൽ തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ഒന്നിച്ചൊരിടത്ത് രേഖപ്പെടുത്തുകയോ അധ്യായങ്ങൾ ക്രമീകരിക്കുകയോ ചെയ്തിരുന്നില്ലെന്നു മാത്രം" (ഫത്ഹുൽ ബാരി). എല്ലാ പേജുകളും സംയോജിപ്പിച്ച് രണ്ട് ചട്ടയ്ക്കുള്ളിൽ ഒറ്റ പുസ്തകമായി അന്ന് ഖുർആൻ ക്രോഡീകരിച്ചിരുന്നില്ല. കാരണം ഖുർആൻ ഒറ്റയടിക്ക് അവതരിക്കപ്പെട്ടതായിരുന്നില്ലല്ലോ; അവതരിക്കുന്ന മുറയ്ക്ക് ഹൃദിസ്ഥമാക്കുകയായിരുന്നു. സംശയം വന്നാൽ തീർക്കാൻ നബി ഉണ്ടായിരുന്നു. മക്കയിലെ അർഖമിൻ്റെ വീട് ഖുർആൻ പാഠശാലയായി വർത്തിച്ചിരുന്നു. മദീനയിൽ ഖുർആൻ വ്യവസ്ഥാപിതമായി പഠിക്കാൻ ഒരു പ്രത്യേക സംഘം തന്നെയുണ്ടായിരുന്നു. അങ്കണവാസികൾ (അസ്ഹാബുസ്സുഫ്ഫ) എന്ന അപരനാമത്തിൽ ഇവർ അറിയപ്പെട്ടു.
അബൂബക്കറിന്റെ ക്രോഡീകരണം
തിരുനബിയുടെ വഫാതിന് ശേഷമാണ് ഖുർആൻ രണ്ട് ചട്ടയ്ക്കുള്ളിൽ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെടുന്നത്. നബിയുടെ കാലത്ത് അത്തരമൊരാവശ്യം ഇല്ലായിരുന്നു. കാരണം ഖുർആൻ ഒറ്റത്തവണയായി അവതരിച്ച ഗ്രന്ഥമല്ല; ഇരുപത്തിമൂന്ന് വർഷങ്ങളെടുത്ത് ഘട്ടം ഘട്ടമായി ഓരോ സാഹചര്യങ്ങൾക്കനുസരിച്ചാണ് അവ അവതീർണ്ണമാകുന്നത്. അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ക്രമം ഒരിക്കലും അവയുടെ അവതരണ ക്രമം അനുസരിച്ചായിരുന്നില്ല. മാത്രവുമല്ല, ഖുർആനിലെ ചില വചനങ്ങളെ ദുർബലപ്പെടുത്തുന്ന വചനങ്ങൾ ശേഷം അവതരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഖുർആൻ വചനങ്ങൾ പൂർണ്ണമായും അവയുടെ ക്രമപ്രകാരം തന്നെ ധാരാളം സ്വഹാബത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതിനെ ബലപ്പെടുത്താൻ തോലുകളിലും മറ്റും അവർ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു.
അബൂബക്കറിന്റെ കാലത്ത് കള്ളപ്രവാചകനായ മുസൈലിമയുമായി നടന്ന യമാമ യുദ്ധമാണ് ഖുർആൻ ക്രോഡീകരണത്തിന്റെ അനിവാര്യതയിലേക്ക് വഴിതുറന്നത്. നബിയുടെ വഫാതിന് തൊട്ടുടനെ ഹിജ്റ പന്ത്രണ്ടിൽ നടന്ന ഈ യുദ്ധത്തിൽ ധാരാളം ഹാഫിളുകൾ കൊല്ലപ്പെട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചാൽ ഖുർആൻ പാടെ നഷ്ടപ്പെട്ടു പോകാൻ കാരണമാകുമെന്നും അത് പരിഹരിക്കുന്നതിന് ഒരു ഗ്രന്ഥത്തിലായി ഖുർആൻ സൂക്ഷിക്കണമെന്നും ഉമർ അഭിപ്രായപ്പെട്ടു. വൈകാതെ അബൂബക്കറും സ്വഹാബത്തും ഈ അഭിപ്രായത്തിലേക്കെത്തി.
അങ്ങനെ നബിയുടെ വഹ്യ് എഴുത്തുകാരനും അതീവ ബുദ്ധിമാനും ഖുർആൻ മനഃപാഠമുള്ളയാളും ജീവിത വിശുദ്ധിയുമുള്ള സൈദ് ബ്നു സാബിതിനെ ഈ ചുമതല ഏൽപ്പിച്ചു. ജനങ്ങൾ മനഃപാഠമായി സൂക്ഷിച്ചുവച്ചവയും കല്ലുകളിലും ഈന്തപ്പന മട്ടലുകളിലും രേഖപ്പെടുത്തിയതുമായ ഖുർആൻ പരിശോധിച്ച് അദ്ദേഹം ക്രോഡീകരണം ആരംഭിച്ചു. സ്വഹാബികളുടെ മനഃപാഠങ്ങളോട് കൂടെ ലിഖിതരൂപം കൂടി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് അവ ക്രോഡീകരിച്ചത്. ഈ ഖുർആൻ അബൂബക്കറും ഉമറും ശേഷം മകൾ ഹഫ്സ ബീവിയും സൂക്ഷിച്ചു.
മൂന്നാം ഖലീഫയുടെ പരിഷ്കരണം
മൂന്നാം ഖലീഫ ഉസ്മാൻ നടത്തിയ പരിഷ്കരണം ഈ ഖുർആന്റെ പ്രതികളെടുത്ത് വ്യത്യസ്ത നാടുകളിലേക്ക് അയച്ചു കൊടുക്കുക എന്നതാണ്. ഹിജ്റ 24-ൽ അർമീനിയയിൽ വെച്ച് നടന്ന സൈനിക നീക്കത്തിനിടയിൽ സൈനികരുടെ ഖുർആൻ പാരായണത്തിൽ ചില വ്യത്യാസങ്ങൾ ഹുദൈഫത്തുൽ യമാനി എന്ന സ്വഹാബിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഗൗരവപൂർവ്വം വിഷയം ഖലീഫയുടെ ശ്രദ്ധയിൽപ്പെടുത്തി. ഖലീഫ ഉസ്മാൻ പ്രശ്നം ഗൗരവമായി പരിഗണിച്ചു. അദ്ദേഹം ഹഫ്സയുടെ സമീപത്തുണ്ടായിരുന്ന, അബൂബക്കർ ക്രോഡീകരിച്ച ഖുർആൻ നോക്കി ഏതാനും കോപ്പികൾ പകർത്തിയെഴുതാൻ സൈദ് ബ്നു സാബിത് , അബ്ദുല്ലാഹിബ്നു സുബൈർ, സഈദുബ്നു ആസ്വ്, അബ്ദു റഹ്മാൻ ബ്നുൽ ഹാരിസ് എന്നിവരെ ഏൽപ്പിച്ചു. അവർ അഞ്ച് പ്രതികൾ ഉണ്ടാക്കി. മക്ക, സിറിയ, യമൻ, കൂഫ, ബഹ്റൈൻ, ബസ്വറ എന്നീ പ്രധാനപ്പെട്ട ഇസ്ലാമിക പട്ടണങ്ങളിലേക്ക് അത് പഠിപ്പിക്കാൻ പ്രാപ്തരായ ഖാരിഉകളോടൊപ്പം ഖലീഫ അവ അയച്ചു കൊടുക്കുകയും ചെയ്തു.
ഉസ്മാൻ്റെ കാലത്ത് പകർത്തിയെടുത്ത മുസ്വ്ഹഫുകൾ 'ഉസ്മാനീ മുസ്വ്ഹഫുകൾ' എന്നും അതിൽ സ്വീകരിച്ച എഴുത്ത് 'റസ്മുൽ ഉസ്മാനി' എന്നും അറിയപ്പെടുന്നു. ഖുർആന്റെ ഭാഷ പോലെത്തന്നെ അതിന്റെ ലിപിയും പുതുമയും പഴമയുമുള്ളതാണ്. ഏഴ് വിഖ്യാത പാരായണ രീതികളും പരിഗണിച്ച് ഒരു രീതിക്കും വിഘ്നം തട്ടാത്ത സംവിധാനമാണ് റസ്മുൽ ഉസ്മാനി. ഈ ലിപിയിലാണ് ഖുർആൻ എഴുതേണ്ടത്. റസ്മുൽ ഉസ്മാനിയിലൂടെ ലിപിപരമായ ഒരു സ്വത്വവും സുരക്ഷിതത്വവും ഖുർആന് കൈവന്നു.
അമാനുഷികത (ഇഅ്ജാസുൽ ഖുർആൻ)
ഖുർആൻ കാലാതിവർത്തിയായ ഗ്രന്ഥമാണ്. ലോകജനതയ്ക്ക് മുമ്പിലേക്കാണ് ഖുർആനെ അല്ലാഹു അവതരിപ്പിച്ചത്. അന്ത്യനാൾ വരെയുള്ള ജനത ഖുർആന്റെ സംബോധിതരാണ്. അഥവാ അക്കാലം വരെയുള്ള ജനതയ്ക്ക് പ്രകാശം പരത്തുന്ന ഊർജ്ജസ്രോതസ്സാണ് ഖുർആൻ. മറ്റുള്ള വേദങ്ങൾ നിശ്ചിത കാലത്തേക്കും നിശ്ചിത സമൂഹത്തിലേക്കുമുള്ളതായിരുന്നു. അതിനാൽ എല്ലാ കാലത്തെയും അതിജയിക്കാനുള്ള ജൈവികതയും എല്ലാ സമൂഹത്തെയും ഉൾക്കൊള്ളാനുള്ള സമഗ്രതയും ഖുർആനിനുണ്ടാവണം. അതാണ് ഖുർആന്റെ അമാനുഷികത. കേവലം സാഹിത്യസൃഷ്ടി എന്നതിൽ നിന്ന് ഉന്നതമായ വിതാനത്തിലേക്ക് ഖുർആനെ ഉയർത്തുന്നതും മറ്റു വേദങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നതും അതിന്റെ ഈ സവിശേഷതയാണ്.
ഖുർആൻ ഉൾവഹിക്കുന്ന ആശയപ്രപഞ്ചം, ഭാഷയുടെ ഘടന, സാഹിത്യസമ്പന്നത, അസാധാരണത്വം എന്നിവയെല്ലാം ഖുർആനെ അമാനുഷിക വിതാനത്തിലേക്ക് ഉയർത്തുന്നതാണ്. സൂറത്തു ലുഖ്മാനിലെ 27-ാം വചനം വിശുദ്ധ ഖുർആന്റെ ആശയവൈപുല്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. എഴുപത് ഒട്ടകങ്ങൾക്ക് ചുമക്കാവുന്ന അത്രയും വ്യാഖ്യാനം ഫാത്തിഹ സൂറത്തിന് മാത്രം നൽകാൻ കഴിയുമെന്ന് അലി അഭിപ്രായപ്പെട്ടത് ഖുർആനിക ആശയങ്ങളുടെ ആഴവും പരപ്പും വിളിച്ചോതുന്നു.
അറബി സാഹിത്യം അക്ഷരാർത്ഥത്തിൽ പാരമ്യത പ്രാപിച്ച കാലത്താണ് ഖുർആൻ അവതരിക്കുന്നത്. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളാണ് ഏഴാം നൂറ്റാണ്ടിലെ അറബിക്കവിതകൾ. അവരെയാണ് ഖുർആൻ തത്തുല്യമായ രചന കൊണ്ടുവരാൻ ആറുതവണ വെല്ലുവിളിച്ചത്. അറബി സാഹിത്യസാമ്രാട്ടുകൾക്കോ സപ്ത കവികൾക്കോ ഖുർആൻ വിരോധികൾക്കോ ഒന്നും ഖുർആന്റെ വെല്ലുവിളി നേരിടാൻ കഴിഞ്ഞില്ല. ഖുർആന്റെ സാഹിത്യമേന്മയെക്കുറിച്ച് അവർക്ക് അഭിപ്രായവ്യത്യാസമില്ലായിരുന്നു; അവർ ഖുർആന്റെ ഈ ഔന്നിത്യത്തെ അംഗീകരിച്ചിരുന്നു. ഖുർആൻ മുന്നോട്ടുവെച്ച ദൈവികസങ്കൽപ്പങ്ങളോടായിരുന്നു അവർക്ക് വിയോജിപ്പ്. എന്നാൽ ഖുർആന്റെ മാസ്മരികത അവരുടെ ഹൃദയങ്ങളെ കീഴടക്കി.
ആരും ഖുർആൻ കേൾക്കരുതെന്ന് ഖുറൈശികൾ തീട്ടുരമിറക്കി. യാദൃച്ഛികമായി ഖുർആൻ കേട്ട പ്രമുഖ യമനീ കവിയായിരുന്ന തുഫൈലിന്റെ ഹൃദയത്തെ ഖുർആൻ അത്യഗാധതയിൽ സ്പർശിച്ചു. അദ്ദേഹം പറഞ്ഞു: "ഞാനിപ്പോൾ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ!" കടുത്ത ഖുർആൻ വിരോധിയായ മുഗീറയുടെ മകൻ വലീദ് അവിചാരിതമായി ഖുർആൻ കേട്ടപ്പോൾ അതിൽ ആകൃഷ്ടനായി പറഞ്ഞുവത്രെ: 'ഇതിൽ എന്തെന്നില്ലാത്ത മാധുര്യമുണ്ട്, പുതുമയുണ്ട്'. ഒടുവിൽ അബൂജഹ്ലിന്റെ പ്രലോഭനങ്ങൾക്കും പ്രകോപനങ്ങൾക്കും വഴങ്ങി നബിയെ ആക്ഷേപിച്ചെങ്കിലും ഖുർആന്റെ സൗന്ദര്യത്തെ അദ്ദേഹം അംഗീകരിച്ചു. സുപ്രസിദ്ധനായ സപ്തകവി ലബീദ് ഒരിക്കൽ ഖുർആനെ ആക്ഷേപിച്ച് ഒരു കവിത കഅ്ബയിൽ തൂക്കിയിട്ടു. മറ്റൊരാൾ ഖുർആൻ വചനവും അതിനടുത്ത് തൂക്കിയിട്ടു. ലബീദ് ഖുർആൻ വായിച്ച് അത്ഭുതസ്തബ്ധനായി. ഉടനെ അദ്ദേഹം പ്രഖ്യാപിച്ചു: "തീർച്ചയായും ഇത് മനുഷ്യവചനമല്ല, ഞാനതിൽ വിശ്വസിക്കുന്നു."
സാഹിത്യവിസ്മയം, അത്ഭുതപ്പെടുത്തുന്ന ഘടനാവിശേഷം, ഓരോ വാക്കുകളിലും നിക്ഷേപിച്ച ആശയപ്രപഞ്ചം, പകൽപോലെ പുലർന്ന പ്രവചനങ്ങൾ, സദുപദേശങ്ങൾ, കഥാകഥനങ്ങൾ, പ്രയോഗങ്ങളുടെ സൂക്ഷ്മത ഇങ്ങനെ നീളുന്നു ഖുർആന്റെ മാത്രം പ്രത്യേകതകൾ. വിരസമായ വിവരണമോ വിലക്ഷണമായ പദപ്രയോഗങ്ങളോ അസ്ഥാനത്തുള്ള പ്രയോഗങ്ങളോ എവിടെയുമില്ല. ഗദ്യം പോലെ ആസ്വദിക്കാനും പദ്യം പോലെ പാരായണം ചെയ്യാനും കഴിയുംവിധം ഖുർആന്റെ ഘടന ചേതോഹരമാണ്. ഏതൊരു വായനക്കാരനെയും ഖുർആന്റെ ഘടനാവിശേഷം വിസ്മയിപ്പിക്കും. തിരുനബിക്ക് പ്രപഞ്ചനാഥനായ അല്ലാഹു നൽകിയ തൊണ്ണൂറായിരത്തോളം അമാനുഷികതകളിൽ (മുഅ്ജിസത്ത്) ഏറ്റവും പ്രധാനപ്പെട്ടതാണ് വിശുദ്ധ ഖുർആൻ. ഇതിൽ അറുപതിനായിരത്തോളം അമാനുഷികതകളും ഖുർആനുമായി ബന്ധപ്പെട്ടാണ്.
ഖുർആൻ പാരായണം (തിലാവത്തുൽ ഖുർആൻ)
പാരായണം അനുഷ്ഠാനമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. പഠനം പോലെ പ്രധാനമാണ് പാരായണവും. 'കൂടുതൽ പാരായണം ചെയ്യപ്പെടുന്നത്' എന്നാണല്ലോ ഖുർആൻ എന്നതിനർത്ഥം. ഖുർആൻ പാരായണം മാത്രമല്ല, അത് കേൾക്കലും അതിലേക്ക് നോക്കലുമൊക്കെ പ്രതിഫലാർഹമാണ്. ഓത്തിന് മറ്റു സൽകർമ്മങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ പ്രതിഫലമുണ്ട്. അക്ഷരങ്ങൾ കണക്കെ പ്രതിഫലമുണ്ട്; കുറഞ്ഞ പക്ഷം ഒന്നിന് പത്ത് എന്ന തോതിൽ. അർത്ഥം അറിഞ്ഞില്ലെങ്കിലും പ്രതിഫലം ലഭിക്കും; അർത്ഥമറിഞ്ഞ് ഓതിയാൽ പ്രതിഫലം ഇരട്ടിക്കും. ഖുർആൻ പാരായണത്തിന് ഒരുപാട് മര്യാദകളുണ്ട്. കേവലം ഒരു ഗ്രന്ഥപാരായണം എന്ന അർത്ഥത്തിൽ ഇതിനെ സമീപിച്ചാൽ പോരാ. അല്ലാഹുവിന്റെ വചനമാണ് എന്ന ബോധത്തോടെ, പൂർണ്ണ ശുദ്ധിയോടെ മാത്രമേ പാരായണം ചെയ്യാൻ പാടുള്ളൂ.
തജ്വീദ്
വിശുദ്ധ ഖുർആൻ എന്നാൽ കേവല അക്ഷരങ്ങൾ മാത്രമല്ല, അതിന്റെ ഉച്ചാരണ രീതിയും ദൈവപ്രോക്തമാണ്. മറ്റു രചനകൾ പോലെ വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് പാരായണം ചെയ്യാൻ പറ്റില്ല. ഖുർആനിന്റെ ലിപി വ്യത്യസ്തമാണ്; പാരായണത്തിന് പ്രത്യേക രീതിശാസ്ത്രമുണ്ട്. ഇതാണ് തജ്വീദ്. ഈ രീതിശാസ്ത്രമനുസരിച്ചാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അല്ലാഹുവിൽ നിന്ന് നബിക്ക് ലഭിച്ചതും, നബിയിൽ നിന്ന് സ്വഹാബത്ത് ഗ്രഹിച്ചതും, അവരിൽ നിന്ന് ശേഷ തലമുറ ഉൾക്കൊണ്ടതും പാരായണത്തിൻ്റെ ഈ ശാസ്ത്രീയമായ ശൈലി കൂടിയാണ്. ഖുർആൻ പാരായണത്തിന്റെ ശൈലി ഗവേഷണം നടത്തി കണ്ടെത്തേണ്ടതല്ല, മറിച്ച് പാരമ്പര്യമായി ലഭിക്കേണ്ടതാണ് എന്നർത്ഥം.
ഖുർആൻ പാരായണത്തിന് പത്ത് രീതികൾ നിലവിലുണ്ട്. ഇതിൽ ഏഴെണ്ണം മുസ്ലിം ലോകത്ത് സർവ്വാംഗീകൃതമാണ്. ഏഴ് രീതിയിലും ഖുർആൻ അവതരിച്ചിട്ടുണ്ട്. ഈ ഏഴ് പാരായണ ഭേദങ്ങളിൽ നിന്ന് ഏത് വേണമെങ്കിലും സ്വീകരിക്കാം. പാരായണത്തിന്റെ ഈ അംഗീകൃത രൂപങ്ങളെയെല്ലാം അടിസ്ഥാനപരമായി ഉൾക്കൊള്ളുന്നതായിരുന്നു അബൂബക്കറിൻ്റെ ഖുർആൻ ക്രോഡീകരണം. ഉസ്മാൻ്റെ കാലത്തെ പകർത്തിയെഴുത്തും ഈ രീതികളെ വ്യക്തമാക്കിയിരുന്നു. വിഖ്യാതരായ ഏഴ് മഹാ പണ്ഡിതന്മാരാണ് ഈ ഏഴ് രീതികൾ മുസ്ലിം ലോകത്തിന് ക്രോഡീകരിച്ചു നൽകിയത്:
- നാഫിഉബ്നു അബ്ദിറഹ്മാൻ
- അബ്ദുല്ലാഹിബ്നു കസീർ
- ഇബ്നുൽ ആമിർ
- അബൂ അംറ് അൽ ബസ്വരി
- ആസ്വിം ബ്നു അബിന്നുജൂദ്
- ഹംസത്തുബ്നു ഹബീബുസ്സയ്യാത്ത്
- അലിയ്യുബ്നു ഹംസ അൽ കിസാഈ
ഇതിൽ ആസ്വിമിൻ്റെ പാരായണ രീതിയാണ് ഏറ്റവും കൂടുതൽ സ്വീകാര്യമായത്. ലോകത്ത് വ്യാപകമായി നിലനിൽക്കുന്ന ഈ രീതിയാണ് കേരളത്തിലും നിലനിൽക്കുന്നത്. ഏഴ് ഖിറാഅത്തുകൾ തമ്മിൽ ഖുർആൻ വാക്യങ്ങളുടെ അടിസ്ഥാന ഘടനയിൽ വ്യത്യാസമൊന്നുമില്ല. ചില അക്ഷരങ്ങളുടെയും സ്വരങ്ങളുടെയും ഉച്ചാരണ രീതിയുടെയും കാര്യത്തിലാണ് വ്യത്യാസം.
ഹർക്കത്ത് - ലിപി പരിഷ്കരണം
ആദ്യകാലത്ത് ഖുർആനിലെ ലിപികൾക്ക് ഇന്ന് കാണുന്ന കുത്തും പുള്ളിയും ഹർക്കത്തും ഒന്നുമുണ്ടായിരുന്നില്ല. ഹിജ്റ അറുപതിന് ശേഷമാണ് ഈ പരിഷ്കരണം ഉണ്ടായത്. അറബിയറിയുന്ന ജനതയായിരുന്നു ആദ്യകാലത്ത് ഖുർആൻ പാരായണം ചെയ്തിരുന്നത്. അവർക്ക് പുള്ളിയും ഹർക്കത്തുമില്ലാതെ അക്ഷരഘടന കൊണ്ട് വാക്യം ശരിയായി ഉച്ചരിക്കാൻ കഴിയുമായിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം അനറബി നാടുകളിലേക്ക് കൂടി വ്യാപിച്ചപ്പോൾ, അറബി മാതൃഭാഷയല്ലാത്ത അനറബികൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാതെ വരികയും വിശുദ്ധ ഖുർആൻ തെറ്റായി ഓതാൻ തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മർവാന്റെ ഗവർണ്ണറായിരുന്ന ഹജ്ജാജ് ബ്നു യൂസുഫ് സമകാലിക പണ്ഡിതരുടെ നേതാവായ അബുൽ അസ്വദ് അദ്ദുവലിയെ ഈ ദൗത്യം ഏൽപ്പിച്ചത്. അദ്ദേഹം ഈ ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. നാൽപ്പത് വർഷത്തിന് ശേഷം പ്രസിദ്ധ പണ്ഡിതൻ ഖലീലുബ്നു അഹ്മദ് അൽ ഫറാഹിദി ഇന്ന് കാണുന്ന രൂപത്തിൽ എഴുത്ത് ലിപിയെ പരിഷ്കരിച്ചു.

