ലോകമെമ്പാടുമുള്ള അനേകം ചിന്തകരെയും ഗവേഷകരെയും നൂറ്റാണ്ടുകളായി ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. മുസ്ലിം ഇതര പണ്ഡിതന്മാർക്കിടയിൽ ഖുർആനിനെക്കുറിച്ചുള്ള പഠനങ്ങൾ വ്യാപകമായി നടന്നിട്ടുണ്ട്. ഇസ്ലാമിക പശ്ചാത്തലത്തിന് പുറത്തുള്ള വ്യക്തികളും സമൂഹങ്ങളും ഖുർആനിനെ എങ്ങനെ വീക്ഷിച്ചു എന്നും അവർ അതിൽ നടത്തിയ ഗവേഷണങ്ങൾ എന്തൊക്കെയായിരുന്നു എന്നും പരിശോധിക്കാം.
ഗാരി മില്ലർ
കനേഡിയൻ ഗണിത വിദഗ്ധനും മതപഠനത്തിൽ ലക്ച്ചററുമായിരുന്ന ഗാരി മില്ലർ ഖുർആനെക്കുറിച്ചു പഠിക്കാൻ ആരംഭിച്ചത്, അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകമാണ് 'അതിശയകരമായ ഖുർആൻ' (The amazing Quran). ഖുർആൻ എപ്രകാരമാണ് ആളുകളിൽ പരിവർത്തനമുണ്ടാക്കുന്നതെന്ന് ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
ടോറോന്റോയിൽ ജീവിക്കുന്ന സമയത്ത്, ഖുർആനുമായി ബന്ധപെട്ടു കേട്ട ഒരു സംഭവമാണ് ആദ്യ അധ്യായത്തിൽ മില്ലർ വിശദീകരിക്കുന്നത്. കപ്പലിൽ കച്ചവടക്കാരനായി നിത്യേന സഞ്ചരിക്കുന്ന ഒരു കനേഡിയന് സഹയാത്രികൻ ഖുർആൻ ഉപഹാരമായി നൽകി. ഇസ്ലാമിനെക്കുറിച്ച് യാതൊരു മുൻ അറിവുമില്ലാത്ത കച്ചവടക്കാരൻ, ആ വിവർത്തനം വായിച്ചു. ശേഷം അത് നൽകിയ ആളോട് ചോദിച്ചു. "പ്രവാചകൻ മുഹമ്മദ് ഒരു നാവികനായിരുന്നോ?" കടലിനെയും കടൽകാറ്റിനേയും കുറിച്ചുള്ള ഖുർആനിക വിവരണത്തിൽ അദ്ദേഹം അതിശയിച്ചു പോയിരുന്നു. ഖുർആൻ സമ്മാനിച്ചയാൾ പറഞ്ഞു; ഒരിക്കലുമല്ല, മരുഭൂമിയിലാണ് പ്രവാചകൻ ജീവിച്ചത്. ആ വിവരണം മാത്രം മതിയായിരുന്നു, കച്ചവടക്കാരന് ഇസ്ലാം സ്വീകരിക്കാൻ. വിശുദ്ധ ഖുർആനിലെ നൂർ അധ്യായത്തിലെ, 'തിരകൾക്കു മീതെ തിരകളും അതിന് മീതെ മേഘങ്ങളും' എന്ന് തുടങ്ങുന്ന സൂക്തത്തിൻ്റെ നേർസാക്ഷ്യങ്ങൾ കടൽക്കാറ്റുകളിൽ ആ സഞ്ചാരി അനുഭവിച്ചിട്ടുണ്ടായിരുന്നു.
മറ്റൊരു ഖുർആനിക അതിശയത്തെ ഗാരി മില്ലർ തുടർന്ന് വരച്ചിടുന്നു. തേനിനെക്കുറിച്ചുള്ള വിശദാംശങ്ങളോടെയുള്ള ഖുർആനിക വിവരങ്ങളാണ് അത്. തേനിന്റെ വിവിധ ഔഷധ ഗുണങ്ങൾ പിൽക്കാല ശാസ്ത്രം കണ്ടത്തുകയും, തേനീച്ചകളുടെ വിസ്മയകരമായ ജീവിതത്തെക്കുറിച്ചുള്ള ഖുർആനിന്റെ വിശദീകരണം അപ്പടി ശരിയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
ഖുർആനിനെ ആശ്രയിച്ച് വളരെ വ്യക്തതയുള്ള, ശാസ്ത്രീയ സമീപനം രൂപപ്പെടുത്താനാകുമെന്നു മില്ലർ വിവരിക്കുന്നു. മറ്റു മതഗ്രന്ഥങ്ങളൊന്നും വിവരിക്കാത്ത പലതും ഖുർആൻ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഈ ലോകം പ്രവർത്തിക്കുന്നത് എന്നാണ്, ശാസ്ത്രജ്ഞരും പൊതുസമൂഹവും മുഖ്യമായും തേടുന്ന കാര്യം. വിജ്ഞാനത്തോടുള്ള ഖുർആനിന്റെ കാഴ്ചപ്പാട് പ്രസ്കതമാണ്. പാരായണം ചെയ്യുന്നവരെ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ഖുർആൻ നിരന്തരം പ്രേരിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഖുർആനിന്റെ വിശദീകരണ ശേഷം, അതന്വേഷിക്കാൻ പറയുന്നുണ്ട്. എത്രമേൽ, കൃത്യതയോടെയാണ് ആ കാര്യങ്ങൾ ഖുർആൻ പരാമർശിച്ചതെന്ന് ഓരോ വായനക്കാരനും മനസ്സിലാവാൻ വേണ്ടി തുടർന്നൊരു സംഭവവും മില്ലർ വിശദീകരിക്കുന്നു. ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട് ഖുർആൻ പറയുന്ന കാര്യങ്ങളെയെല്ലാം കോർത്തിണക്കി, സഊദിയിലെ ചില പണ്ഡിതർ, ടൊറോന്റോ യൂണിവേഴിസിറ്റിയിലെ ഭ്രൂണശാസ്ത്ര വിഭാഗം പ്രഫസറായിരുന്ന കൈത്ത് മൂറിനെ സന്ദർശിച്ചു. ഈ വിഷയത്തിൽ രചന നടത്തിയിട്ടുള്ള ആളായിരുന്നു അദ്ദേഹം. ഖുർആനിന്റെ വിവരണങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തന്റെ പുസ്തകത്തിന്റെ അടുത്ത എഡിഷൻ ഖുർആനിക വാക്യങ്ങൾ കൂടി ഉദ്ധരിച്ച് അദ്ദേഹം പുതുക്കി.
കൈത്ത് മൂറിനെ പിന്നീടൊരു ടെലിവിഷൻ ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നുണ്ട് മില്ലർ. അതിലദ്ദേഹം വെളിപ്പെടുത്തുന്നത്, ഭ്രൂണവുമായി ബന്ധപ്പെട്ട് ഖുർആൻ നടത്തുന്ന വെളിപ്പെടുത്തലുകൾ, ഈ രംഗത്ത് വിദഗ്ദരായവർക്ക് പോലും മുപ്പത് വർഷം മുമ്പുവരെ അറിയില്ലായിരുന്നുവെന്നാണ്. 'അലഖ' എന്ന പ്രയോഗത്തിലൂടെ ഖുർആൻ പരിചയപ്പെടുത്തുന്ന ഭ്രൂണ ആദിമ രൂപം, ആദ്യ അറിവായിരുന്നു അദ്ദേഹത്തിന്. പിന്നീട് മൂർ എഴുതിയ ഒരു പുസ്തക ശീർഷകം 'Clinical embryology' എന്നായിരുന്നു. അതിലദ്ദേഹം ഒരു ശീർഷകം തന്നെ ഖുർആനിക വിവരണത്തെക്കുറിച്ച് നൽകി. 'പൗരാണിക പ്രാർഥനാ പുസ്തകത്തിലുള്ള അതിശയപ്പിക്കുന്ന കണ്ടെത്തൽ' എന്ന പേരിൽ.
ഈ വിവരണത്തെ ഒരു മാധ്യമപ്രവർത്തകൻ മൂറിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി, ഖുർആനിക വിവരണം, ദൈവികമല്ലാതെ മറ്റൊന്നുമാകാൻ ഇടയില്ല എന്നായിരുന്നു.
ടൊറോണ്ടോ യൂണിവേഴ്സിറ്റിയിൽ ജിയോളജി വിഭാഗം പ്രഫസറായിരുന്ന, ഡോ. മാർഷൽ ജോൺസൺ മേൽവിവരങ്ങൾ പ്രൊഫസർ മൂറിൽ നിന്ന് അറിഞ്ഞു. ഭ്രൂണശാസ്ത്രത്തെപ്പറ്റി ഖുർആൻ പറഞ്ഞത്, വലിയ ശരിയായിരുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ സവിശേഷ വിഷയമായ ജിയോളജിയിൽ ഖുർആൻ നടത്തുന്ന പരാമർശങ്ങൾ ക്രോഡീകരിച്ചു നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ ലഭിച്ച വിവരങ്ങൾ ഡോ മാർഷാലിനെയും അതിശയിപ്പിച്ചു.
ഖുർആനിലെ വെളിച്ചം കണ്ട് ഗാരി മില്ലർ പിന്നീട് ഇസ്ലാമിലേക്ക് കടന്നുവന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ഖുർആനിന്റെ മൗലികതയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. സൗത്ത് ആഫ്രിക്കയിൽ അങ്ങനെ നടത്തിയ ഒരു പ്രഭാഷണത്തിന് ശേഷം, സദസ്സിലുണ്ടായിരുന്ന ഒരാൾ രോഷാകുലനായി അടുത്തേക്ക് വന്നു പറഞ്ഞു: "ഞാനിന്ന് വീട്ടിലേക്കു പോയി, ഖുർആൻ വായിച്ചു അതിലെ ഒരു പിശകെങ്കിലും കണ്ടുപിടിച്ചിരിക്കും". അദ്ദേഹം പക്ഷേ, അങ്ങനെ ഒരു പിശക് കണ്ടെത്തി വെല്ലുവിളിയുമായി വന്നതേയില്ല. ഖുർആനിന്റെ ഈ മൗലികത തന്നയാണ്, അല്ലാഹുവിന്റെ വചനങ്ങളാണ് അതെന്ന് ഉറപ്പിക്കുന്നത്.
ഖുർആനിനെ സംബന്ധിച്ച് ഇപ്പോഴും ഒരു തീർപ്പിൽ എത്താൻ കഴിയാത്തവരെക്കുറിച്ചും മില്ലർ പ്രതിപാദിക്കുന്നുണ്ട്. 'ന്യൂ കാത്തലിക് എൻസൈക്ളോപീഡിയ' എന്ന വലിയ ഗ്രന്ഥത്തിൽ ഖുർആനിനെക്കുറിച്ച് വിശദീകരിച്ച ശേഷം പറയുന്നത്, കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഖുർആനിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും ഉൾക്കൊള്ളാനാവുന്ന ഒന്നും ഉണ്ടായിട്ടില്ല എന്നാണ്. ഖുർആൻ ദൈവ സ്രഷ്ടിയല്ല എന്ന അനുമാനത്തിൽ നിന്നും, തീർച്ചയിൽ നിന്നും ആര് പഠിക്കാൻ ശ്രമിച്ചാലും, അവർക്കതിന്റെ രൂപീകരണ സത്യം പിടികിട്ടില്ല.
ഇങ്ങനെ ഖുർആൻ തന്റെ ജീവിതം പ്രശോഭിതമാക്കിയതിന്റെ അനുഭവം വിവിധ തലങ്ങളിൽ ഈ പുസ്തകത്തിലൂടെ ഗാരി മില്ലർ പങ്കുവെക്കുന്നു.
ഖുർആനിക പഠനങ്ങൾ: അഞ്ചലിക ന്യൂറിത്തിന്റെ നിരീക്ഷണങ്ങൾ.
ജറുസലേമിൽ പഠിക്കുന്ന കാലത്താണ് അഞ്ചലിക ന്യൂറിത് ഖുർആനിലേക്ക് ആകർഷിക്കപ്പെടുന്നത്. വിശേഷിച്ചും അതിന്റെ സ്വരമധുരം കേട്ട്. ജറുസലേം മൂന്ന് മതങ്ങളെ സംബന്ധിച്ച് ഇപ്പോഴും പ്രധാന സ്ഥലമാണ്. ഇസ്ലാം, ക്രിസ്ത്യാനിസം, ജൂതമതം. ഖുർആനിന്റെ നാദം അവരെ വല്ലാതെ ആകർഷിക്കുകയും അതിന്റെ പൊരുളുകൾ തേടി പുറപ്പെടുകയും ചെയ്തു. മറ്റു രണ്ട് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ പറയുന്ന വിശേഷങ്ങൾ കൃത്യതയിലും മൗലികതയിലും ഖുർആൻ പറയുന്നുണ്ടെന്ന വാസ്തവം വൈകാതെ അവർ തിരിച്ചറിഞ്ഞു. അങ്ങനെ, ഇസ്ലാമിക പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഞ്ചലിക ഇപ്പോൾ ജർമനിയിലെ ഫെറി യൂണിവേഴ്സിറ്റിയിൽ ഖുർആനിക പഠന വിഭാഗത്തിൽ പ്രഫസറാണ്.
തന്റെ നിരന്തരമായ പഠന ഫലങ്ങൾ പല ഗ്രന്ഥങ്ങളിലായി അവർ എഴുതി. ഖുർആനിക പഠനങ്ങളിൽ അവർ ഉദ്ധരിക്കാറുള്ള ഒരു കാര്യം, ഖുർആനിൻ്റെ ഭാഷാപരവും സാഹിതീയവുമായ അസാധാരണത്വത്തെക്കുറിച്ചാണ്. എട്ടാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ച അറബി ഭാഷാ-സാഹിത്യ പണ്ഡിതനായിരുന്ന അൽ ജാഹിസിന്റെ ഖുർആനിനെക്കുറിച്ചുള്ള പരാമർശമാണ് അത്. ഖുർആനിൻ്റെ ഏറ്റവും വലിയ അതിശയത്വം, അതിന്റെ ഭാഷാപരമായ മേന്മയാണ് എന്നതാണത്. ആ വിഷയത്തിൽ പിന്നീട് സവിശേഷമായ ഗവേഷണങ്ങളിലേക്ക് പോകുന്നുമുണ്ട് ആഞ്ചലിക. "ഖുർആനിന്റെ രണ്ടു മുഖങ്ങൾ" എന്ന പ്രബന്ധത്തിൽ അവരിങ്ങനെ എഴുതുന്നു:" ഓരോ പ്രവാചകനും, പ്രവാചകത്വ പദവിയുടെ മുദ്രകൾ പലതരത്തിൽ നൽകപ്പെട്ടിരുന്നു. ഈജിപ്ഷ്യരിലേക്ക് അയക്കപ്പെട്ട മൂസ നബിക്ക് മരത്തടി പാമ്പാക്കാനുള്ള സിദ്ധി നൽകിയിരുന്നു. ഈസ നബിക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള അത്ഭുത സിദ്ധി നൽകി. എന്നാൽ, ഖുർആനിന്റെ വിസ്മയകരമായ സാഹിത്യ ഭംഗിയിലൂടെ, ഭാഷാപരവും രൂപപരവുമായ അതിശയം കാണിക്കാൻ മുഹമ്മദ് നബിക്ക് സാധിച്ചു".
അവർ ഖുർആനിക പഠനത്തിലേക്ക് വരുമ്പോൾ ഖുർആനിന്റെ വ്യാഖ്യാനവുമായി ബദ്ധപ്പെട്ട് പൂർണത പ്രാപിച്ചിട്ടില്ലാത്ത സംവിധാനമായിരുന്നു യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ പൊതുവായി നിലനിന്നിരുന്നത്.വ്യാഖ്യനങ്ങൾ ശരിയായി വായിക്കാത്തതിനാൽ, പലപ്പോഴും അപൂർണ്ണവും പരസ്പര വിരുദ്ധവുമായ നിഗമനങ്ങൾ സ്വീകരിക്കുന്നതിലേക്ക് യൂറോപ്പിലെ ഖുർആൻ പണ്ഡിതർ എത്തിച്ചേർന്നു. പടിഞ്ഞാറൻ പണ്ഡിതർ പലരും, ബൈബിളിന്റെ ഒരു ഉപാവതരണം എന്ന നിലയിലാണ് ഖുർആനിനെ കണ്ടത്. ഖുർആൻ ഒരു മൗലിക കൃതിയാണ് എന്ന് അംഗീകരിച്ചുതുടങ്ങുന്നതിനുള്ള വിസമ്മതം അവിടെ ഉണ്ടായിരുന്നു.
Scripture, Poetry, and the Making of a Community: Reading the Qur’an as a Literary Text- എന്നത് അഞ്ചലികയുടെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. കുരിശുയുദ്ധത്തിനു ശേഷം പടിഞ്ഞാറൻ സമൂഹത്തിൽ, നിഷേധാത്മകമായ പ്രതിച്ഛായയോടെ പ്രചരിപ്പിക്കപ്പെട്ട, മുഹമ്മദ് നബിയെക്കുറിച്ചും ഖുർആനിനെക്കുറിച്ചുമുള്ള പ്രചാരണങ്ങളിൽ നിന്ന് മാറി, സാംസ്കാരിക ഔന്നത്യത്തിന്റെയും നാഗരിക വളർച്ചയുടെയും നിദാനമായിരുന്നു ഖുർആൻ എന്ന് മനസിലാക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ആ പ്രവണതക്ക് പ്രഥമ ഘട്ടത്തിൽ നേതൃത്വം നൽകിയ ജർമൻ ഓറിയന്റലിസ്റ്റായ Theodor Nöldeke- തന്നെയും മുഹമ്മദ് നബിയുടെ ഗംഭീരമായ ഒരു സാഹിത്യ-തത്വ ശാസ്ത്ര രചന എന്ന നിലയിലാണ് ഖുർആനിനെ കാണുന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വന്ന അക്കാദമിക പഠനങ്ങളിൽ അധികവും, മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. ഖുർആനിക ഭാഷയേയോ, അതിന്റെ സാഹിതീയ ശക്തിയെയോ യൂറോപ്യൻ മുസ്ലിമേതര പണ്ഡിതർക്ക് വേണ്ടത്ര തിരിച്ചറിയാൻ പറ്റാത്തത്, ഖുർആൻ സംബന്ധിച്ച മൗലിക പഠനങ്ങൾ രൂപപ്പെടാൻ വൈകി.
ഖുർആൻ മുഹമ്മദ് നബിയുടെ രചനയല്ല എന്ന കാഴ്ചപ്പാടിലേക്ക് ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്യൻ അക്കാദമീഷ്യർ എത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അമേരിക്കൻ ചരിത്രകാരനായിരുന്ന John Wansbrough- എന്ന് അഞ്ചലിക ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അദ്ദേഹത്തിനും ഖുർആൻ അവതരിച്ചതിന്റെ സമയങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും സന്ദേഹങ്ങൾ ഉണ്ടായിരുന്നു. മുൻകാല പ്രവാചകരുടെ മതഗ്രന്ഥങ്ങളിൽ പരാമർശിച്ച സംഭവങ്ങളെ, വിശദമായും വ്യക്തതയിലും ഖുർആനിൽ പരാമർശിച്ചത് കാരണം, മുൻ സമയത്തോടു ചേർത്തുള്ള ഒരു ആഖ്യാനം നിർമിക്കനാണ് ജോണിനെപ്പോലുള്ളവർ ശ്രമിച്ചത്. അതിനു സ്വീകാര്യത കിട്ടിയില്ല.
ഖുർആനിലെ കാവ്യാത്മകത, ഭാഷാപരമായ അനന്യത- എന്നിവയെല്ലാം അസാമാന്യമായ ഒരു ടെക്സ്റ്റിന്റെ ഉദാഹരണങ്ങൾ ആണ് എന്ന നിലയിൽ അഞ്ചലിക പരാമർശിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കളും, ചരിത്രകാരന്മാരും വിശദീകരിച്ച സംഭവങ്ങളെ മുൻനിർത്തി- ത്വബ്രി, ഇബ്നു ഇസഹാഖ് പോലുള്ളവരെ പരാമർശിച്ചു- ഖുർആനിക സൂക്തങ്ങളിലൂടെ, അവയിൽ പരാമർശിക്കപ്പെടുന്ന, ജറുസലേം അടക്കമുള്ള സ്ഥലങ്ങളെ മുൻനിർത്തിയുള്ള വിവരണങ്ങളും അവർ പങ്കുവെക്കുന്നു.
ഖുർആനിക അവതരണം, ആളുകളെ ധാർമികമായി നന്നാക്കാൻ മാത്രമുള്ളതാണെന്നും, അതിൽ പരാമർശിക്കുന്ന വിവരണങ്ങൾ തൽമൂദിലോ ബൈബിളിലോ പറയുന്ന പോലെ ചരിത്രപരമല്ലെന്നും ചില യൂറോപ്യൻ പണ്ഡിതർ വിമർശനമുന്നയിച്ചതിനെ അഞ്ചലിക ഖണ്ഡിക്കുന്നുണ്ട്. മൂസാ പ്രവാചകന്റെ വളർച്ച, സത്യവേദത്തിലേക്കുള്ള ക്ഷണിക്കൽ, ഫറോവയുമായുള്ള ബന്ധം, അനുഭവിച്ച വൈതരണികൾ- എന്നിവയെല്ലാം എപ്രകാരമാണ് വിവിധ അധ്യായങ്ങളിൽ ചേർത്തതെന്ന് വിശദീകരിച്ച ശേഷം, ഖുർആനിന്റെ അവതരണം, ഭാഷാപരമായ അതുല്യത, വിവിധ വിഷയങ്ങളെ പല അധ്യായങ്ങളിൽ കൊണ്ടുവന്നു സംഭവങ്ങളുടെ വിഹഗമായ ചിത്രീകരണം നൽകൽ എന്നിവയെയെല്ലാം അവർ അടയാളപ്പെടുത്തുന്നു.
പല ഘട്ടങ്ങളിലായി അത് വിവരിക്കാൻ കാരണം, മുഹമ്മദ് നബിയുടെ ജനതക്ക് ഉണ്ടായിരിക്കേണ്ട ഭക്തിയെയും ചരിത്ര പാഠത്തെയും പരാമർശിക്കാൻ കൂടി വേണ്ടിയാണ്. മൂസ പ്രവാചകനോട്, ഫറോവ കാണിച്ച പോലുള്ള നിന്ദയും അഹന്തയും ഒരാളിൽ നിന്നും ഉണ്ടാവരുതെന്നുള്ള പാഠം. ഉദാഹരണത്തിന് മൂസ പ്രവാചകന്റെ ജീവിതത്തെ വിവിധ അധ്യായങ്ങളിലായി ഖുർആൻ വർണ്ണിച്ചത് ഇപ്രകാരമാണ്: അല്ലാഹുമായുള്ള സന്ധിക്കൽ, തന്റെ ദൗത്യം പൂർത്തീകരിക്കാൻ കഴിയാതിരിക്കുമോ എന്ന ശങ്ക, ഭയമുണ്ടാകലും അതിനെ അതിജീവിക്കലും, വൈതരണികളെ തരണം ചെയ്യാനുള്ള ശക്തി കണ്ടെത്തൽ. ഇതെല്ലാം, മുഹമ്മദ് നബിയുടെ ദൗത്യപൂർത്തീകരണത്തിനു സഹകായകമാകും വിധമാണ് ഖുർആൻ പരാമർശിക്കുന്നതെന്ന് അഞ്ചലിക പറയുന്നു. നമ്മൾ ചരിത്രത്തെ വിശകലനം ചെയ്യുന്നതിന് സ്വീകരിച്ചുപോരുന്ന മാനദണ്ഡങ്ങളല്ല, ഖുർആനിന്റെ കാര്യത്തിൽ ഉണ്ടാവേണ്ടതെന്നും, അതിലെ നേർരേഖയിൽ അല്ലാത്ത ചരിത്രവർണ്ണനകളെ മനസ്സിലാക്കാൻ, ഓരോ അധ്യായവും ഇറങ്ങിയ കാലം, ആ കാലത്തെ പ്രവാചക ദൗത്യം, പ്രദേശം- എന്നിവയെല്ലാം മനസിലാക്കണെമന്നും അവർ ഊന്നിപ്പറയുന്നു.

