ഫ്രാൻസിലെ വളരെ പ്രശസ്തനായ, ഗ്യാസ്ട്രോഎൻട്രോളജി (ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പഠനം) ഡോക്ടറായിരുന്നു മോറിസ് ബുകയിൽ. അദ്ദേഹം ഖുർആനിനെക്കുറിച്ച് അറിയാനിടയായ ഒരു സംഭാവമുണ്ടായിരുന്നു. ഈജിപ്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫറോവമാരുടെ മമ്മികളിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ, കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി ഫ്രാൻസിലേക്ക് കൊണ്ടുപോയി. ഒരു മഹാരാജാവിനെ സ്വീകരിക്കുന്ന പ്രൗഢിയിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആ മമ്മിയെ സ്വീകരിച്ചത്.
മമ്മി പരിശോധിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തപ്പെട്ട ഡോക്ടർമാരിലൊരാളായിരുന്നു മോറിസ്. ആ ശരീരം പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് മനസ്സിലായി, വെള്ളത്തിൽ മുങ്ങിയാണ് മരണപ്പെട്ടതെന്നും, അതിൽനിന്ന് വീണ്ടെടുത്ത ശേഷം, ജീർണിക്കാതിരിക്കുന്നതിനുള്ള ലേപനങ്ങൾ പുരട്ടി മറമാടിയതാണെന്നും. ആ മൃത ശരീരം സംബന്ധിച്ച് അദ്ദേഹം വീണ്ടും അന്വേഷണത്തിൽ ഏർപ്പെട്ടു. അങ്ങനെയാണ് ഖുർആനിൽ പരാമർശിച്ച സൂക്തത്തിലേക്കു അദ്ദേഹം എത്തുന്നത്. 1898 ലാണ് ഈ മമ്മി കണ്ടെടുക്കപ്പെട്ടത്.
വിശുദ്ധ ഖുർആനിലെ യൂനുസ് അധ്യായത്തിൽ വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ട്, ഫറോവയുടെ ശരീരം ലോകത്തിനൊരു ദൃഷ്ടാന്തമാവാൻ വേണ്ടി അല്ലാഹു ജീർണിക്കാതെ കാത്തുവെക്കുമെന്ന്. ആ അവസ്ഥ ശരിയാംവിധം കാണുകയായിരുന്നു മോറിസ്. തുടർന്ന് പ്രവാചക ജീവിതത്തെപ്പറ്റി അദ്ദേഹം പഠിച്ചു. 1400 വർഷം മുമ്പ് ഇത്രമേൽ കൃത്യമായി ഖുർആനിന് എങ്ങനെ വെളിപ്പെടുത്താൻ പറ്റിയെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തുടർന്ന് അദ്ദേഹം, മൂസ പ്രവാചകന്റെ ചരിത്രം വിവരിക്കുന്ന 'തോറ'യിലെ ഭാഗങ്ങൾ പരതി. അതിൽ പക്ഷേ, ഖുർആനിലേത് പോലുള്ള ഒരു കൃത്യ വിവരണം ഇല്ലായിരുന്നു.
ആ സംഭവം കഴിഞ്ഞ് വൈകാതെ സഊദി അറേബ്യായിൽ നടക്കുന്ന ഒരു മെഡിക്കൽ അനാട്ടമി സമ്മേളനത്തിലേക്ക് മോറിസിന് ക്ഷണം കിട്ടി. അവിടെ വെച്ച് ഫറോവ ശരീരത്തെക്കുറിച്ചുള്ള തന്റെ അറിവുകൾ അദ്ദേഹം പങ്കുവെച്ചു. ഉടനെ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ ഖുർആൻ എടുത്ത്, അതിലെ സൂക്തം വിശദീകരിച്ചു. ആ സംഭവ ശേഷം മോറിസ് മുസ്ലിമായി. ഫ്രാൻസിലേക്ക് തിരിച്ച അദ്ദേഹത്തിന്റെ തുടർന്നുള്ള ഗവേഷണങ്ങൾ, ഖുർആനിനെക്കുറിച്ചായിരുന്നു. ദീർഘകാലത്തെ അന്വേഷങ്ങളുടെ ഫലം, ഒരു പുസ്തകമാക്കി എഴുതി: 'ബൈബിൾ, ഖുർആൻ, സയൻസ്: വിശുദ്ധ ഗ്രന്ഥങ്ങൾ ആധുനിക ജ്ഞാനത്തിന്റെ വെളിച്ചത്തിൽ' എന്ന ശീർഷകത്തിൽ. 190 പേജുകളിലായി ഫ്രഞ്ചിൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം, വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആധുനിക ശാസ്ത്രം, പ്രപഞ്ചത്തിന്റെയും മനുഷ്യ സമൂഹത്തിന്റെയും ഉത്ഭവം, വികാസം എന്നിവയുമായി ബന്ധപ്പെട്ടു ഖുർആനും ബൈബിളും പരാമർശിക്കുന്ന കാര്യങ്ങളെ കൃത്യമായി ക്രോഡീകരിച്ച്, എന്തുകൊണ്ട് ഖുർആനിന്റെ വിവരണങ്ങൾ വലിയ സത്യമായി മാറുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ഖുർആനിക പ്രതിഫലനങ്ങൾ എന്ന ശീർഷകത്തിൽ മറ്റൊരു പുസ്തകവും മോറിസ് എഴുതിയിട്ടുണ്ട്.
പിക്താളും ഖുർആൻ വിവർത്തനവും:
വിശുദ്ധ ഖുർആനിന് ഇംഗ്ലീഷിൽ അതിമനോഹരമായ വിവർത്തനം തയ്യാറാക്കിയ ഭാഷാപണ്ഡിതനും എഴുത്തുകാരനാണ് മർമഡ്യൂക് പിക്താൾ. കാവ്യാത്മക ഭാഷയിലുള്ള ഖുർആൻ വിവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ലണ്ടനിൽ ഒരു ക്രൈസ്തവ പുരോഹിത കുടുംബത്തിൽ 1875 ലാണ് പിക്താൾ ജനിക്കുന്നത്. കിഴക്കിനോട് ചെറുപ്പം തൊട്ടേ അഭിനിവേശമായിരുന്നു. അങ്ങനെ ലണ്ടൻ വിട്ടിറങ്ങി. ഇസ്ലാമിക രാജ്യങ്ങൾ സന്ദർശിച്ചു. അവിടെയുള്ള സംസ്കാരങ്ങളിലും ജീവിത രീതികളിലും അനുരക്തനായി. കിഴക്കൻ സംസ്കാരങ്ങളെക്കുറിച്ച് നോവലുകളെഴുതി. പതിയെ ഖുർആനിലേക്ക് തിരിഞ്ഞു പിക്താളിന്റെ ശ്രദ്ധ. അങ്ങനെയാണ് 1930 ൽ 'ദി മീനിങ് ഓഫ് ദി ഗ്ലോറിയസ് ഖുർആൻ' എന്ന ശീർഷകത്തിലുള്ള പരിഭാഷ അദ്ദേഹം പുറത്തിറക്കുന്നത്.
അതിന്റെ ആമുഖത്തിൽ പിക്താൾ ഖുർആനിന്റെ വശീകരണ പ്രഭാവത്തെക്കുറിച്ചു ഇങ്ങനെയെഴുതി: "അസാധാരണമായ ഖുർആനിക സ്വരലയമുണ്ടല്ലോ, അതുമാത്രം മതി മനുഷ്യനെ കണ്ണീരിലേക്കും ആനന്ദത്തിലേക്കും എത്തിക്കാൻ." ഖുർആനിന്റെ ആദ്യത്തെ, സമഗ്ര പരിഭാഷയാണ് പിക്താളിന്റെ രചനയെന്നാണ് ഭാഷാപണ്ഡിതർ പറയുന്നത്. സവിശേഷമായ താളം കൊണ്ടും, ഭാഷാ പ്രയോഗങ്ങൾ കൊണ്ടും സമ്പന്നമാണ് ഖുർആൻ. പിക്താളിന്റെ പരിഭാഷയിലും, സാമ്പ്രദായിക ഭാഷാരീതികളിൽ നിന്ന് മാറി, നവീനമായ ശൈലി കാണാനാകും.
1914 ൽ ആണ് പിക്താൾ ഇസ്ലാം തന്റെ മതമായി സ്വീകരിക്കുന്നത്. ഹൈദരാബാദ് ഭരിച്ചിരുന്ന നൈസാം അദ്ദേഹത്തെ ക്ഷണിച്ചു. തുടർന്ന് ഖുർആൻ വിവർത്തനം ചെയ്യാനുള്ള പ്രോത്സാഹനം നൽകി. അങ്ങനെ ധ്യാനാത്മകമായി വർഷങ്ങൾ ചെലവഴിച്ചാണ് അദ്ദേഹം ഈ രചന നടത്തിയത്. ഈ വിവർത്തന പദ്ധതിയിലേക്ക് എത്താനൊരു നിമിത്തവും ഉണ്ടായിരുന്നു. ഖുർആനിലെ ഏതാനും സൂക്തങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത്, അവയുടെ സൗന്ദര്യാത്മക മാനങ്ങൾ വിവരിക്കുന്ന ഒരു പ്രബന്ധം 1919-ൽ 'ദി ഇസ്ലാമിക് റിവ്യൂ' എന്ന പ്രസിദ്ധീകരണത്തിൽ അദ്ദേഹം എഴുതി. ആ ലേഖനത്തിൽ, അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു: "ഗദ്യ സ്വഭാവത്തിലും, ഉള്ളടക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിധത്തിലും, അനാവശ്യ പദങ്ങൾ ഉൾച്ചേർന്നതുമാണ് നിലവിലെ ഖുർആൻ പരിഭാഷകൾ. എന്നാൽ വിശുദ്ധ ഗ്രന്ഥത്തിലെ അറബിയാവട്ടെ, കാവ്യാത്മകവും അതിശയം ഉല്പാദിപ്പിക്കുന്നതും വാക്കുകൾ നിർഗ്ഗളിക്കുന്നതുമാണ്. ചില വിവർത്തനങ്ങൾ വളരെ മോശമായാണ് തയ്യാറാക്കപ്പെട്ടത്. ചിലവ വിഡ്ഢിത്തങ്ങൾ ഉൾക്കൊള്ളുന്ന അനുബന്ധ നോട്ടുകളുള്ളവയുമാണ്.
മികച്ച പ്രതികരണങ്ങൾ വായനക്കാരിൽ നിന്ന് ഈ വിമർശന ലേഖനത്തിനു ലഭിച്ചു. ഖുർആൻ സമ്പൂർണ്ണമായി വിവർത്തനം ചെയ്യാൻ അദ്ദേഹത്തെ പലരും പ്രേരിപ്പിച്ചു. പിക്താളിനു മുമ്പ് മൂന്ന് തരം ഖുർആൻ വിവർത്തനങ്ങളായിരുന്നു ഇംഗ്ലീഷിൽ ഉണ്ടായിരുന്നത്: "ഓറിയന്റലിസ്റ്റുകൾ തയ്യറാക്കിയത്, ഖാദിയാനി വിഭാഗക്കാർ തയ്യാറാക്കിയത്, ഭാഷയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഇന്ത്യക്കാർ തയ്യാറാക്കിയത്. മൂന്നും മേൽപറയപ്പെട്ട പ്രശ്നങ്ങൾ ഉള്ളവയായിരുന്നു.
പിക്താൾ ഉന്നയിച്ച വിമർശനം വളരെ ശരിയായിരുന്നു. ഖുർആനിനെ അതിന്റെ ആന്തരിക സൗന്ദര്യം കണ്ട് വിവർത്തനം ചെയ്യാൻ ഇറങ്ങിത്തിരിച്ചതായിരുന്നില്ല പലരും. മറിച്ച്, കുരിശു യുദ്ധ ശേഷം, മുസ്ലിംകൾക്ക് നേരെയുണ്ടായ പടിഞ്ഞാറൻ വിരോധത്തിന്റെ ഭാഗമായി, തയ്യാറാക്കപ്പെട്ട അന്വേഷണ ഫലങ്ങളായിരുന്നു അവ. പതിനാറാം നൂറ്റാണ്ടിൽ ഖുർആനിന് ആദ്യ പരിഭാഷ തയ്യാറാക്കിയ ഓറിയന്റലിസ്റ്റ് പണ്ഡിതനായ അലക്സാണ്ടർ റോസിന് അറബി പോലും അറിയില്ലായിരുന്നു. ഓറിയന്റലിസ്റ്റുകളെ സംബന്ധിച്ച്, ഖുർആൻ ഒരു ബൈബിൾ അനുകരണമായിരുന്നു. അത്തരമൊരു ആഖ്യാനമാണ് അവരുടെ വിവർത്തനങ്ങളിലും കാണാനാവുന്നത്. ഈ വ്യാഖ്യാനത്തിനു ബദൽ വന്നത്, ഇരുപതാം നൂറ്റാണ്ടിൽ ചില ഇന്ത്യൻ പണ്ഡിതർ വിവർത്തനത്തിനു തുനിഞ്ഞപ്പോഴാണ്. അവയാവട്ടെ, പ്രതിരോധ രീതിയിലുള്ളതും ആയിരുന്നു. അഥവാ, ഭാഷാപരമായ സൗന്ദര്യവത്കരണത്തെക്കാൾ അവയിൽ, ഉള്ളടക്കം ശരിയായി നൽകുന്നതിനാണ് പ്രാധാന്യം നൽകിയത്.
പിക്താളിന്റെ അതിഗംഭീരമായ വിവർത്തനം വന്നതോടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർ ഖുർആനിനെക്കുറിച്ച് കൂടുതലായി അറിഞ്ഞു. ഖുർആനിന്റെ ഉള്ളടക്കം കണ്ടു വിസ്മയിച്ചു. വിശുദ്ധ കൃതിക്ക് പടിഞ്ഞാറൻ രാജ്യങ്ങളിൽ വൻപ്രചാരണം അത് നേടിക്കൊടുത്തു. ഇതുവരെയായി, അതിന്റെ ഇരുനൂറോളം എഡിഷൻ പുറത്തിറങ്ങിയിട്ടുണ്ട്. 2014 മുതൽ ആമസോൺ കിന്ഡിലിലും ഇത് ലഭ്യമാണ്.
ക്രിസ്റ്റിനയുടെ ഖുർആൻ അന്വേഷണം.
ക്രിസ്റ്റീന നെൽസൺ എഴുതിയ ഗവേഷണ ഗ്രന്ഥമായ ദി ആർട് ഓഫ് ദി റിസൈറ്റിങ് ഖുർആൻ (ഖുർആൻ പാരായണത്തിലെ കലാത്മകത), ഖുർആൻ പഠന വിഭാഗത്തിൽ ആധുനിക കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട സവിശേഷമായ ഒരു കൃതിയാണ്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ അവർ സമർപ്പിച്ച വിശദ ഗവേഷണമാണ് ഈ ശീർഷകം. ഈജിപ്തിൽ വന്ന് രണ്ടു വർഷം ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, ഖുർആൻ പാരായണത്തിന്റെ സ്വാധീനം മറ്റേതൊരു മത ഗ്രന്ഥത്തിനും, അവയുടെ അനുയായികളിൽ ഉള്ളതിനേക്കാൾ ബലമുള്ളതാണ് എന്ന് അവർ മനസ്സിലാക്കി. പടിഞ്ഞാറിൽ നിന്ന് മുൻകാലത്ത് വന്ന ഖുർആനുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്, അതിന്റെ ടെക്സ്റ്റിനെ (ലിഖിത രൂപത്തെ) ആസ്പദമാക്കിയാണ്. പടിഞ്ഞാറ് മുസ്ലിമേതരരിൽ അതിനാൽ, ഒരു എഴുതപ്പെട്ട ദൈവിക ഗ്രന്ഥം എന്ന നിലയിലാണ് ഖുർആൻ കൂടുതലും പ്രചരിക്കപ്പെട്ടത്. അതിന്റെ പാരായണ സ്വരത്തെക്കുറിച്ചോ അതിലെ മധുരത്തെക്കുറിച്ചോ അക്കാദമീഷ്യൻസ് കൂടുതൽ ബോധവാന്മാരായിരുന്നില്ല. വന്ന കൂടുതൽ പഠനങ്ങളും ഖുർആനിന്റെ വിശദീകരണം, ഭാഷ, സാഹിത്യം, അക്ഷര വിന്യാസ ക്രമം എന്നിവയെ അധികരിച്ചുള്ളവയായിരുന്നു.
ഖുർആൻ പാരായണ ചടങ്ങുകൾ സർവ്വ വ്യാപകമാണ് ഈജിപ്തിലെന്ന് ക്രിസ്റ്റീന സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ഖുർആൻ ചടങ്ങുകൾ എത്ര ആഴത്തിലാണ് അതിന്റെ പാരായണപരത വിശ്വാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കിയതെന്ന് ബോധ്യപ്പെടുത്തുന്നു. "ഖുർആനിന് ഈജിപ്തിലുള്ള പ്രചാരം, ആ രാജ്യത്ത് മാത്രം പരിമിതമായി കിടക്കുന്നതല്ല. മുസ്ലിംകൾ അധിവസിക്കുന്ന സമൂഹങ്ങളിലെല്ലാം വലിയ സാധീനമുണ്ടതിന്. ചരിത്രപരമായിത്തന്നെ, പക്ഷേ, ഈജിപ്തിൽ ഖുർആനിന്റെ പാരായണത്തിന് വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടു പോന്നിരുന്നു.
ഖുർആനിന്റെ കൈമാറ്റം അവിടെ പ്രധാനമായും നടന്നത് വാചിക മൊഴിയിലൂടെയായിരുന്നു. ഖുർആനിന്റെ സ്വരവും ശബ്ദ താളവും അർഥമാക്കുന്നത്, അത് കേൾക്കാനുള്ളതാണ് എന്നാണ്. അതായത്, പാരായണവും കേൾവിയും ഖുർആനിനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത രണ്ടു ഘടകങ്ങളാണ്. ചെറിയ കുട്ടികൾ ജീവിതാദ്യത്തിൽ ഖുർആനുമായുള്ള ബന്ധം ആരംഭിക്കുന്നത് അത് കേൾക്കുന്നതിലൂടെയാണ്."
മുസ്ലിംകൾ അല്ലാത്തവരും, ഖുർആനുമായി പൂർവ്വ ബന്ധം ഇല്ലാത്തവരും ആദ്യമത് കേൾക്കുമ്പോൾ ശ്രദ്ധിക്കുക അതിന്റെ മധുര സ്വരമാണ്. അസാമാന്യമായ ഒരു മ്യൂസികായിത്തോന്നും അവർക്കത്. പക്ഷേ, ഖുർആൻ പണ്ഡിതർ പറയുന്നത്, പാരായണ ശൈലിയെ ഒരു മ്യൂസിക് എന്ന അർഥത്തിലല്ല സമീപിക്കേണ്ടതെന്നാണ്. ഈ വീക്ഷണം വരുന്നത് പ്രധനമായും ഖുർആനിക സൂക്തങ്ങളുടെ ദൈവിക സ്വഭാവത്തെ ഊന്നിയാണ്. ഖുർആൻ പാരായണത്തിന്റെ താളം, സ്വര വിശേഷം, ഉച്ഛാരണ കൃത്യത എന്നിവയെല്ലാം, മുഹമ്മദ് നബിക്ക് അവ അവതരിപ്പിക്കപ്പെട്ട ക്രമത്തിൽ വന്നതും, അതിനാൽ തന്നെ ദൈവികമായ ആധാരമുള്ളതുമാണ്. ഖുർആനിനെ മ്യൂസിക്കുമായി താരതന്മ്യം ചെയ്യുന്നത്, അതിന്റെ ടെക്സ്റ്റിന്റെ
മൗലികാതെയെയും അപാരമായ സവിശേഷതയെയും വിലകുറിച്ചു കാണിക്കാൻ ഹേതുവാകും. ഇസ്ലാമിക മത പാരമ്പര്യത്തിൽ വിവിധ സംഗീതങ്ങളെ വിശകലനം ചെയ്യുന്നുവെങ്കിലും, ഖുർആൻ സ്വര താളം അതിൽ നിന്നെല്ലാം വേർപ്പെട്ടു നിൽക്കുന്ന ഒന്നായിട്ടാണ് പണ്ഡിതർ പരിഗണിച്ചിട്ടുള്ളത്.
ഖുർആനുമായി ബന്ധപ്പെട്ട, വിശേഷിച്ചും അതിന്റെ പാരായണ ശൈലിയെ കേന്ദ്രീകരിച്ച്, മുസ്ലിംകളിൽ നിന്നുണ്ടായിട്ടുള്ള പഠനങ്ങൾ മുഖ്യമായും രണ്ടു ഇനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തജ്വീദ്, ഖിറാഅത്, ഖുർആൻ വ്യാഖ്യാനം എന്നിവയാണത്. ദ്വിതീയമായി അറബി വ്യാകരണം, അലങ്കാര ശാസ്ത്രം, അക്ഷര ശുദ്ധി എന്നീ വിഷയങ്ങളും കടന്നുവരുന്നു. ഖുർആൻ എന്ന ദൈവിക ഗ്രന്ഥത്തിന്റെ പാരായണം- സ്വര ശൈലിയുടെ താളവും ഘടനയും- എല്ലാം സവിസ്തരം നിയമമാക്കി ക്രോഡീകരിച്ചതാണ് തജ്വീദ്. തജ്വീദ് നിയമങ്ങളെ അവലംബിച്ചു ക്രമീകരിക്കപ്പെട്ട പാരായണ ശൈലികളാണ് ഖിറാഅത്തുകൾ.
മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട് തജ്വീദും ഖുർആൻ പാരായണവും വളരെ അടുത്തു നിൽക്കുന്നു. ഖുർആൻ പാരായണം ഒരു പ്രൊഫഷനായി കൊണ്ടുനടക്കുന്ന പലരും, തജ്വീദിൽ വിവിധ പഠനങ്ങൾ നടത്തിയവരാണ്. ഖുർആൻ പാരായണത്തിലേക്ക് എന്റെ താല്പര്യം കടന്നുവരുന്നതും, അത് പാരായണം ചെയ്യുന്നതിന്റെ ശബ്ദം അനുഭവിച്ചറിഞ്ഞ ശേഷമാണ്. എങ്ങനെയാണ് ആ ശബ്ദം രൂപപെട്ടതെന്നും, അതെങ്ങനെ ആളുകളിൽ പ്രവർത്തിക്കുന്നു എന്നും അറിയാനായി ഞാനാഗ്രഹിച്ചു. അങ്ങനെയാണ് ഈജിപ്തിലെ ഖുർആൻ പാരായണ പാരമ്പര്യത്തിലേക്ക് ഞാൻ ഊളിയിടുന്നത്.
രണ്ടു വർഷത്തെ ഫീൽഡ് വർക്ക് കൈറോ കേന്ദ്രീകരിച്ചായിരുന്നു ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഓരോ പ്രോജക്ടുകൾ ചെയ്യുമ്പോഴും ആഹ്ലാദകരമായ പിന്തുണയാണ് കൈറീൻ ജനതയിൽ നിന്നുണ്ടായത്. നോൺ മുസ്ലിമായ, ഒരു സ്ത്രീ ഇത് ചെയ്യുമ്പോൾ എന്ത് പ്രതികരണമാണ് അവിടുത്തുകാരിൽ നിന്നുണ്ടാവുക എന്ന സന്ദേഹം ഉണ്ടായിരുന്നുവെങ്കിലും, ആശങ്കപ്പെടാൻ ഒന്നുമില്ല എന്ന് ദിവസങ്ങൾക്കകം ഞാൻ മനസ്സിലാക്കി.
ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് ഈജിപ്തിനെ അദ്വിതീയമാക്കുന്ന ഘടകങ്ങൾ പലതാണ്. അൽ അസ്ഹർ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു, ദീർഘകാലാമായി നടക്കുന്ന വിജ്ഞാനത്തിന്റെ പാരമ്പര്യമാണ് അതിൽ പ്രധാനം. ലോകത്തെ അനേകം രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അങ്ങോട്ട് പഠിക്കാനെത്തുന്നു. അസ്ഹരി പണ്ഡിതർക്ക് ഈജിപ്തിലും വിദേശത്തും നല്ല സ്ഥാനമുണ്ടെന്നതിനാൽ, ഖുർആൻ പഠിപ്പിക്കുന്ന അനേകം സെന്ററുകൾ കൈറോവിലുണ്ട്. ഖുർആൻ പാരായണം മധുരിതമാക്കുക എന്നത് ഓരോ അസ്ഹരിയുടെയും ലക്ഷ്യമാണ്. ശബ്ദ മധുരം നന്നായി ആസ്വദിക്കുന്നവരും അനുഭവിക്കുന്നവരുമാണ് കൈറോക്കാർ. ഏറ്റവും മധുരം ഉൽപാദിപ്പിക്കുന്ന ഖുർആനിക സ്വരങ്ങൾ അവരെ പ്രചോദിപ്പിക്കുന്നു. പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും എല്ലാം മധുരിതമായി ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഉകൾ (വിശുദ്ധ ഖുർആൻ കൃത്യമായ നിയമങ്ങളോടെ പാരായണം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയ വ്യക്തികളാണ് ഖാരിഉകൾ) ഉണ്ടാകും. ദീർഘ നേരം അവർഖുർആൻ പാരായണം ചെയ്യുകയും, ആത്മീയമായ മനസ്സോടെ വന്നവരെല്ലാം ശ്രവിക്കുകയും ചെയ്യും.
1930 കൾക്ക് ശേഷം റേഡിയോയും ടെലിവിഷനും ഈജിപ്തിൽ വന്നതോടെ, അവയിലെയും പ്രധാനപ്പെട്ട പരിപാടികളായിരുന്നു ഖുർആൻ പാരായണങ്ങൾ. മധുര സ്വരമുള്ള ഓത്തുകാർ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അവരുടെ കാസറ്റുകൾക്ക് ആവശ്യക്കാർ കൂടി. ഈജിപ്ത്തിനപ്പുറമുള്ള ലോകത്തേക്കും ഈ ഖാരിഉകളുടെ ഖ്യാതി പരന്നു. പ്രഫഷണൽ ഖാരിഉകൾ എന്നൊരു വിഭാഗം കൂടി ഇതോടെ വളർന്നു വന്നു. സാമൂഹത്തിൽ വളരെ ആദരിക്കപ്പെടുന്ന താര പരിവേഷം കൂടി, ശ്രദ്ധേയരായ ഖാരിഉകൾക്ക് ലഭിച്ചു. പ്രധാന പള്ളികളിലും പുറത്തുമുള്ള ചടങ്ങുകൾക്ക് ഖുർആൻ പാരായണം ചെയ്യൽ, ഒരു പെർഫോമൻസിൻ്റെ അത്രയും പ്രധാന്യം ഉണ്ടായിരുന്നു. ഓരോ പാരായണ വിദഗ്ധനും പ്രത്യേകം ശൈലിയും രീതിയും.
മുറത്തൽ ശൈലി (സ്വാഭാവികമായ വേഗതയിൽ ഖുർആൻ പാരായണം ചെയ്യുന്ന ശൈലി. നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് ഈ ശൈലിയാണ് സ്വീകരിക്കാറുള്ളത്) പഠിപ്പിക്കുന്ന അനേകം കേന്ദ്രങ്ങൾ ഈജിപ്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഗവൺമെന്റ് സ്പോണ്സർഷിപ്പോടെ ഖുർആൻ പഠിപ്പിക്കുമായിരുന്നു. ഈ ശൈലി പക്ഷേ, മീഡിയകളിൽ പ്രദർശിപ്പിച്ചിരുന്നില്ല. അവയിൽ വന്നിരുന്നത്, കൂടുതൽ സ്വര മധുരത്തിന് പ്രാധാന്യം നൽകുന്ന മുജവ്വദ് ശൈലിയായിരുന്നു (ഖുർആൻ പാരായണത്തിലെ ഏറ്റവും മനോഹരവും സാവധാനത്തിലുള്ളതുമായ രീതിയാണ് മുജവ്വദ് ശൈലി. കേൾവിക്കാരുടെ ഹൃദയത്തിൽ സ്വാധീനം ചെലുത്തുന്ന തരത്തിൽ, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും തജ്വീദ് നിയമങ്ങളും അതീവ സൂക്ഷ്മതയോടെ സമന്വയിപ്പിച്ചാണ് ഈ ശൈലിയിൽ പാരായണം ചെയ്യുന്നത്). ഖുർആൻ പഠനത്തിന്റെ ഭാഗമായി, ഈജിപ്തിലെ വിദഗ്ധ അധ്യാപകരിൽ നിന്നും ക്രിസ്റ്റിന ഖിറാഅത് പഠിക്കുകയും, തജ്വീദ് നിയമങ്ങൾ സൂക്ഷ്മമായി മനസ്സിലാകുകയും ചെയ്തു."
കേവല ഗവേഷണം എന്നതിൽ നിന്ന് മാറി, ഖുർആനിനോടുള്ള ആഴമുള്ള ഇഷ്ടം കാരണം, ഈ മേഖലയിലേക്ക് വരികയും, അങ്ങനെ പഠനം നടത്തുകയും ചെയ്തത് കൊണ്ട്, മൗലികവും കൗതുകകരവുമായ നിരവധി കണ്ടെത്തലുകൾ കൊണ്ട് സമ്പന്നമാണ് ക്രിസ്റ്റീനയുടെ നിരീക്ഷണം.

