ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണമാണ് വിശുദ്ധ ഖുർആൻ. മനുഷ്യരെ സംബോധന ചെയ്യുന്ന അല്ലാഹുവിന്റെ വചനങ്ങളാണിവ. ലോകത്തെ മുഴുവൻ മനുഷ്യരുടെയും ഗുണത്തിനു വേണ്ടി ജിബ്രീൽ എന്ന മാലാഖ മുഖേന അന്ത്യപ്രവാചകൻ മുഹമ്മദ് നബിക്ക് ലോകസ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ചു കൊടുത്ത അവസാനത്തെ വേദഗ്രന്ഥമാണിത്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഇമാം താജുദ്ദീൻ സുബ്ഖി ഖുർആനെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: 'മുഹമ്മദ് നബിക്ക് അവതീർണ്ണമായതും ഏറ്റവും ചെറിയ അധ്യായം പോലും അമാനുഷികത ബോധ്യപ്പെടുത്തുന്നതും പാരായണം അനുഷ്ഠാനമായതുമായ ദൈവിക വചനങ്ങളാണ് വിശുദ്ധ ഖുർആൻ' (ജംഉൽ ജവാമിഅ്: 1/123).
114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ട് ആദ്യം വാമൊഴിയായി പഠിപ്പിക്കപ്പെടുകയും മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ഗ്രന്ഥരൂപത്തിൽ അന്യൂനം സംരക്ഷിക്കപ്പെട്ടു പോന്നു. മക്കയിലെ ജബലുന്നൂർ പർവ്വതത്തിലെ ഹിറാ ഗുഹയിലാണ് ഖുർആന്റെ ആദ്യ വചനം അവതരിക്കുന്നത്. ധ്യാനനിരതനായിരിക്കുന്ന നബിക്ക് ആദ്യം ലഭിക്കുന്ന സന്ദേശം 'ഇഖ്റഅ്' (വായിക്കൂ) എന്നാണ്. ഖുർആൻ എന്ന വാക്കിന്റെ നിഷ്പന്നമാണത്. 'വായിക്കപ്പെടുന്നത്' എന്നാണ് ഖുർആൻ എന്നതിനർത്ഥം. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുർആനാണ്.
ഈ വേദഗ്രന്ഥത്തിന്റെ നിരവധി പേരുകളിൽ ഏറ്റവും പ്രസിദ്ധമായ നാമം ഖുർആൻ എന്നാണ്. അൽകിതാബ്, അദ്ദിക്റ്, അർറൂഹ്, അന്നൂർ, അൽഫുർഖാൻ, അൽബുർഹാൻ, മൗഇള, ശിഫാഅ്, ഹുദാ, റഹ്മത്ത് തുടങ്ങിയ ധാരാളം പേരുകളുണ്ട്. അല്ലാഹു വിശുദ്ധ ഖുർആനിൽ തന്നെ 55 പേരുകളിലായി ഖുർആനെ പരിചയപ്പെടുത്തുന്നുണ്ടെന്നാണ് പ്രമുഖ പണ്ഡിതൻ ഇമാം സുയൂത്വി അവരുടെ ഗ്രന്ഥമായ ഇത്ഖാനിൽ സൂചിപ്പിക്കുന്നത്. 'മുസ്വ്ഹഫ്' എന്ന് ഖുർആനെ വിളിക്കുന്നത് എഴുതപ്പെട്ട ഏടുകളുടെ സമാഹാരം എന്ന അർത്ഥത്തിലാണ്. ആദ്യകാലത്ത് തോലിന്റെയും ഓലയുടെയും ഏടുകളിലായിരുന്നു ഖുർആൻ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. സാഹിത്യവിസ്മയം, ആധികാരികത, അന്യൂനമായ സംരക്ഷണം, പകൽ വെളിച്ചം പോലെ പുലർന്ന പ്രവചനങ്ങൾ, ധാർമ്മികമായ ചട്ടക്കൂട് തുടങ്ങിയ ധാരാളം വ്യതിരിക്തതകൾ കൊണ്ട് ഖുർആൻ മറ്റു ഗ്രന്ഥങ്ങളെ അതിജയിക്കുന്നു.
അവതരണം
മൂന്ന് ഘട്ടങ്ങളായിട്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണം നടക്കുന്നത്. സുരക്ഷിത ഫലകത്തിലേക്കുള്ള (ലൗഹുൽ മഹ്ഫൂള്) അവതരണമാണ് ഒന്നാം ഘട്ടം. 85-ാം അധ്യായം 21, 22 വചനങ്ങൾ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു: (എന്നാൽ, സുരക്ഷിതമായ ഫലകത്തിൽ നിന്നുള്ള മഹത്തരമായ ഖുർആനാണത്.) ഏഴാനാകാശത്തിന്റെയും മുകളിലുള്ള ഒരു മാണിക്യ ഫലകമാണിതെന്ന് പ്രമുഖ ഖുർആൻ പണ്ഡിതൻ ഇബ്നു അബ്ബാസ് വിശദീകരിച്ചിട്ടുണ്ട്. മനുഷ്യരുടെയും പിശാചിന്റെയും കൈകടത്തലുകളിൽ നിന്ന് സുരക്ഷിതമാക്കപ്പെട്ടതിനാലാണ് ഈ നാമകരണം ലഭിച്ചത്. ഇത് ഖുർആനിന്റെ മൗലികതയെ കൂടുതൽ ദൃഢീകരിക്കുന്നു.
അവതരണത്തിന്റെ രണ്ടാം ഘട്ടം ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാനാകാശത്തെ ബയ്തുൽ ഇസ്സയിലേക്കാണ്. ഇത് പുണ്യം നിറഞ്ഞ വിശുദ്ധ റമളാനിലെ ലൈലത്തുൽ ഖദ്റിന്റെ രാവിലാണ്. ആ രാവിന്റെ സുകൃതം വിശുദ്ധ റമളാന് കൂടി കൈവന്നു. 'നിശ്ചയം, ഖദ്റിന്റെ രാവിലാണ് നാമതിനെ അവതരിപ്പിച്ചത്' - (അൽ ഖദ്ർ - 97:1) എന്ന് ഖുർആൻ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.
മൂന്നാം ഘട്ടം തിരുനബിയുടെ ഹൃദയത്തിലേക്കാണ്. ഇരുപത്തിമൂന്ന് വർഷത്തെ സംഭവബഹുലമായ പ്രബോധന കാലഘട്ടത്തിലെ വ്യത്യസ്ത സന്ദർഭങ്ങളിലായി അവ അവതരിച്ചു. വിശുദ്ധ ഖുർആൻ ഘട്ടംഘട്ടമായി അവതരിപ്പിക്കപ്പെട്ടതിന്റെ യുക്തി ഖുർആൻ തന്നെ സൂചിപ്പിക്കുന്നുണ്ട്: 'ഖുർആൻ ഒറ്റയടിക്ക് ഇറക്കപ്പെടാത്തതെന്തെന്ന് സത്യനിഷേധികൾ ചോദിക്കും. അതെ, നാം ഘട്ടം ഘട്ടമായി തന്നെയാണ് ഇറക്കുന്നത്. അങ്ങയുടെ ഹൃദയത്തെ ഖുർആൻ കൊണ്ട് സമൃദ്ധമാക്കാനാണത്' (അൽ ഫുർഖാൻ - 25/32). ഖുർആൻ ശരിയായ രൂപത്തിൽ ഗ്രഹപാഠം ചെയ്യാനും വേരുറച്ച ജീർണ്ണതകളെ ഘട്ടംഘട്ടമായി വിപാടനം ചെയ്യാനും വളർന്നുവരുന്ന സമൂഹത്തെ പ്രായോഗികമായും അവധാനതയോടെയും പരിവർത്തിപ്പിക്കാനുമായിരുന്നു അവതരണത്തെ ക്രമാനുഗതമായി സംവിധാനിച്ചത്.
വചനങ്ങൾ, അധ്യായങ്ങൾ
ഖുർആൻ വചനങ്ങൾക്ക് 'ആയത്ത്' എന്നാണ് നാമകരണം. ഭാഷയിലെ സാധാരണ ഒരു വാചകത്തേക്കാൾ വലുതും ഒരേ ആശയത്തെ ഉൾക്കൊള്ളുന്നതുമായ വാചകങ്ങളുടെ കൂട്ടമായിരിക്കും പൊതുവെ ആയത്തുകൾ. ഒരു അധ്യായത്തിൽ നിന്നുള്ള തുടക്കവും ഒടുക്കവുമുള്ള ഒരുകൂട്ടം അക്ഷരങ്ങളും വാക്യങ്ങളുമാണ് ആയത്ത് എന്ന് സാങ്കേതികമായി പറയാം. ഖുർആനിലെ വചനങ്ങളുടെ എണ്ണത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭേദങ്ങളുണ്ട്. എല്ലാ അഭിപ്രായങ്ങൾ പരിഗണിച്ചാലും ആറായിരത്തിലധികം വചനങ്ങളുണ്ട്. 6213 വചനങ്ങളാണെന്ന് അലിയും 6616 ആണെന്ന് ഇബ്നു അബ്ബാസും അഭിപ്രായപ്പെടുന്നു. 6666 വചനങ്ങളാണ് എന്ന് പൊതുവെ പറയാറുണ്ട്. ഇതിനും പ്രമാണങ്ങളുടെ പിൻബലമുണ്ട്.
ഖുർആൻ വചനങ്ങളുടെ എണ്ണത്തിലെ ഈ അഭിപ്രായവ്യത്യാസം ഖുർആന്റെ ആധികാരികതയ്ക്കോ ഘടനയ്ക്കോ ഭംഗം വരുത്തുന്നില്ല. ഖുർആൻ വാക്യങ്ങളോ അക്ഷരങ്ങളോ വ്യത്യാസപ്പെടുന്നുമില്ല. ഖുർആനിലെ ഏതെങ്കിലും ഒരു വാചകം, വാക്യം, സൂക്തം, അധ്യായം എന്നിവ അതിൽ പെട്ടതാണോ അല്ലേ എന്ന ഒരു തർക്കത്തിൽ നിന്ന് ഉടലെടുത്തതല്ല ഈ അഭിപ്രായവ്യത്യാസം. മറിച്ച്, ആയത്തുകളുടെ പൂർണ്ണവിരാമങ്ങളെ സംബന്ധിച്ചും ആവർത്തിച്ചുവരുന്ന ബിസ്മി അധ്യായത്തിലെ ഒരു സൂക്തമായി പരിഗണിക്കുന്നതിലുമുള്ള വീക്ഷണവ്യത്യാസമാണതിന് നിദാനം. തൗഖീഫിയ്യ് (ആജ്ഞാനുസൃതം) എന്ന നിലയിൽ ആയത്തുകളുടെ അറ്റങ്ങളിൽ തിരുനബി വഖ്ഫ് (പൂർണ്ണവിരാമം) ചെയ്യാറുണ്ടായിരുന്നു. അർത്ഥപൂർണ്ണതയ്ക്ക് വേണ്ടി ചിലപ്പോൾ ചേർത്തും ഓതും. നിവേദകർ അവർ കേട്ട രീതിയിൽ അതിനെ വ്യാഖ്യാനിക്കും. മാത്രവുമല്ല, ഖുർആന്റെ ഏഴു ശൈലിയിലുള്ള അവതരണത്തിൽ ചിലതിൽ മാത്രമേ സൂറത്തിനൊപ്പം ബിസ്മി അവതരിച്ചിരുന്നുള്ളൂ. അപ്രകാരം ഓതിയവർ ബിസ്മിയെ അധ്യായത്തിന്റെ ഭാഗമായി പരിഗണിക്കാതിരിക്കുകയും ചെയ്തു.
ആദ്യം അവതരിച്ചത് 96-ാം അധ്യായത്തിലെ (സൂറത്തുൽ അലഖ്) ആദ്യത്തെ അഞ്ച് വചനങ്ങളാണ്. സൂറത്തുൽ ബഖറയിലെ 281-ാം വചനമാണ് അവസാനമായി അവതരിച്ച വചനം. ഇതിനുശേഷം ഒമ്പത് ദിവസം മാത്രമേ തിരുനബി ജീവിച്ചിട്ടുള്ളൂ. ഖുർആൻ വാക്യങ്ങൾക്കും അക്ഷരങ്ങൾക്കും പ്രത്യേകമായ ഉച്ചാരണരീതിയും ഉല്ലേഖനശൈലിയുമുണ്ട്. വ്യത്യസ്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാണിത്. ഹജ്ജാജുബ്നു യൂസുഫ് ബസ്വറയിലെ ആധികാരിക ഖുർആൻ ഓത്തുകാരെ വിളിച്ചുവരുത്തി അവരിൽ നിന്നും അബുൽ ആലിയ, ഹസൻ ബസ്വരി, ആസ്വിമുൽ ജഹ്ദരി, നസ്വ്റുബ്നു ആസിം, മാലികുബ്നു ദീനാർ എന്നിവരെ പ്രത്യേകം തിരഞ്ഞെടുത്ത് ഖുർആനിലെ അക്ഷരങ്ങളെ കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ ചുമതലപ്പെടുത്തി. ഇവർ ഗോതമ്പുമണികൾ ഉപയോഗപ്പെടുത്തി നാലുമാസത്തെ അധ്വാനം കൊണ്ട് അക്ഷരങ്ങൾ എണ്ണി കണക്കാക്കി: 77,439 വാക്യങ്ങളും 3,40,740 അക്ഷരങ്ങളും.
സൂറത്ത് എന്നാണ് ഖുർആനിക അധ്യായങ്ങൾക്ക് പറയുന്ന പേര്. അതിർത്തി എന്നർത്ഥമുള്ള 'സൂർ' എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ് ഈ പ്രയോഗം. നിശ്ചിത വചനങ്ങളെ ഉൾക്കൊള്ളിച്ച് സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടതാണ് ഓരോ സൂറത്തുകളും. ചുരുങ്ങിയത് മൂന്ന് സൂക്തങ്ങളുള്ള, തുടക്കവും ഒടുക്കവുമുള്ള ഖുർആനിക ആയത്തുകളുടെ കൂട്ടം എന്നാണ് സൂറത്തിന് ഇമാം ജഅ്ബരി നിർവ്വചനം നൽകിയത്. വിശുദ്ധ ഖുർആനിൽ 114 അധ്യായങ്ങളുണ്ട്. ഇതാണ് സർവ്വാംഗീകൃതമായ അഭിപ്രായം. തൊട്ടടുത്തുള്ള ചില സൂറത്തുകളെ അർത്ഥം പരിഗണിച്ച് ഒന്നായി എണ്ണിയ ചില പണ്ഡിതന്മാരുമുണ്ട്. അൻഫാൽ, തൗബ സൂറത്തുകളെ ഒരു സൂറത്തായിട്ടാണ് മുജാഹിദ് എണ്ണിയത്. ഫലഖ്, നാസ് സൂറത്തുകളെ (മുഅവ്വിദതൈനി) ഒന്നായി പരിഗണിച്ച ഇബ്നു മസ്ഊദിന്റെ മുസ്വ്ഹഫിൽ 112 അധ്യായങ്ങളാണുള്ളത്. ഒരുമിച്ച് അവതരിച്ച സൂറത്തുകളാണ് ഇവ രണ്ടും.
ഖുർആൻ ആദ്യന്തം ഒരു വിഷയത്തെപ്പറ്റിയുള്ള അനുസ്യൂതമായ പ്രതിപാദനമല്ല, എന്നാൽ ഓരോ സൂറത്തിലും ഓരോ പ്രതിപാദ്യവിഷയമുണ്ട്. ഒരു വിഷയം ഒന്നിലേറെ അധ്യായങ്ങളിലും ഒരുപാട് വിഷയങ്ങൾ ഒരു അധ്യായത്തിലും പരാമർശിക്കുന്ന വേറിട്ട ശൈലിയാണ് ഖുർആന്റേത്. ഖുർആനിലെ ഓരോ സൂക്തവും ഏത് അധ്യായത്തിൽ എവിടെയാണ് ചേർക്കേണ്ടത് എന്ന് കൃത്യമായി നബിക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഓരോ അധ്യായങ്ങളുടെ പേരുകളെ സംബന്ധിച്ചും ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നബിയുടെ കാലത്ത് തന്നെ രേഖപ്പെടുത്തിവെച്ചതും അനുചരർ ഹൃദിസ്ഥമാക്കിയതും.
പിൽക്കാലത്ത് ഇതേ ക്രമത്തിലാണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടതും. ഖുർആനിക അധ്യായങ്ങളുടെ ദൈർഘ്യം പരിഗണിച്ച് ത്വിവാൽ, മിഊൻ, മസാനി, മുഫസ്സ്വൽ എന്നിങ്ങനെ നാലായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. അൽബഖറ, ആലു ഇംറാൻ പോലുള്ള സുദീർഘമായ അധ്യായങ്ങൾ ത്വിവാൽ എന്നറിയപ്പെടുന്നു. നൂറ് സൂക്തങ്ങളുള്ള അധ്യായങ്ങളെ മിഊൻ എന്നും നൂറിൽ താഴെ സൂക്തങ്ങളുള്ള അധ്യായങ്ങളെ മസാനി എന്നും വിളിക്കുന്നു. തീർത്തും ചെറിയ അധ്യായങ്ങളെ അഥവാ ഹുജറാത്ത് മുതൽ നാസ് വരെയുള്ളവ മുഫസ്സ്വൽ എന്നും അറിയപ്പെടുന്നു. വിഷയാധിഷ്ഠിതമോ കാലഗണനാനുസൃതമോ ആയ ഒരു ക്രമം ഖുർആൻ പിന്തുടരുന്നില്ല. അധ്യായങ്ങളുടെയും വചനങ്ങളുടെയും അവതരണ പശ്ചാത്തലത്തിലെ വൈവിധ്യങ്ങൾ, സംബോധിതർക്കനുസരിച്ചു മാറുന്ന ശൈലി, ചരിത്രസംഭവങ്ങൾക്കും ദൈവിക ദൃഷ്ടാന്തങ്ങൾക്കുമിടയിൽ ഉൽബോധനങ്ങളും താക്കീതുകളും ഇടകലരുന്ന അവതരണ രീതിയാണ് ഖുർആൻ സ്വീകരിക്കുന്നത്. പൂർണ്ണമായി അവതരിച്ച ആദ്യ സൂറത്തായ സൂറത്തുൽ ഫാതിഹയാണ് ഖുർആനിലെ ആദ്യത്തെ അധ്യായം. 'പ്രാരംഭം' എന്നാണ് ഫാതിഹ എന്നാലർത്ഥം.

