തിരുനബിയുടെ മക്കാ ജീവിതകാലത്ത് വിശ്വാസ കാര്യങ്ങളിലായിരുന്നു ഊന്നൽ. എങ്കിലും അക്കാലത്ത് പ്രധാനപ്പെട്ട ചില കർമ്മപരമായ കാര്യങ്ങളും നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. മദീനയിലുള്ള കാലഘട്ടത്തിലാണ് കർമ്മ ശാസ്ത്രത്തിന്റെ വികാസം ഉണ്ടായത്. അഥവാ പുതിയ പല നിയമങ്ങളും രൂപപ്പെട്ടത്. അന്ന് കർമ്മ ശാസ്ത്രത്തിന്റെ പ്രധാന സ്രോതസ് ഖുർആനും പ്രവാചകരുടെ അധ്യാപനങ്ങളുമായിരുന്നു. ഖുർആനികാധ്യാപനങ്ങളെ വിശദീകരിക്കാൻ തിരുനബിയുണ്ടായിരുന്നതിനാൽ ഗവേഷണത്തിൻ്റെ ആവശ്യമില്ലായിരുന്നു. അക്കാലഘട്ടത്തിൽ സ്വഹാബികൾക്കിടയിൽ കൂടുതൽ ഭിന്നാഭിപ്രായങ്ങളും രൂപപ്പെട്ടിരുന്നില്ല. കാരണം, അവർക്ക് എന്തെങ്കിലും സംശയമുണ്ടായാൽ പ്രവാചകരെ സമീപിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു പതിവ്.
എങ്കിലും തിരുനബി അടുത്തില്ലാത്ത സമയത്ത് സ്വഹാബികൾക്ക് ചില കർമകാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുകയും അവരവരുടെ ഗവേഷണ റിസൾട്ടനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ചില സ്വഹാബികൾക്ക് മതവിധി പ്രസ്താവിക്കുന്നതിൽ വളരെ പ്രാഗൽഭ്യമുണ്ടായിരുന്നു. പ്രവാചകന്റെ അസാന്നിധ്യത്തിൽ എങ്ങനെയാണവർ മതവിധി കണ്ടെത്തിയിരുന്നത്? നിസ്സംശയം, ഖുർആനിൽ നിന്നും തിരുസുന്നത്തിൽ (ഹദീസ്) നിന്നും ഗവേഷണം നടത്തി കണ്ടെത്തി!
യോഗ്യരായ ഇത്തരം പണ്ഡിതന്മാർ അവരുടെ പരമാവധി കഴിവ് ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങൾക്ക് ‘ഇജ്തിഹാദ്’ എന്നാണ് സാങ്കേതികമായി പറയുക. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നിയമങ്ങൾ അടർത്തിയെടുക്കുകയാണിവർ ചെയ്യുന്നത്. ഖുർആനിൽ അഗാധമായ അറിവും പ്രവാചക അധ്യാപനങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും അറബി ഭാഷയിൽ നല്ല പ്രാവീണ്യവുമുള്ള യോഗ്യർക്ക് മാത്രമേ ഇത്തരം ഗവേഷണങ്ങൾ നടത്താൻ കഴിയു.
പ്രവാചകന്റെ കാലഘട്ടത്തിൽ ഈ വിധത്തിലുള്ള ഗവേഷണങ്ങൾക്ക് അവസരം കുറവായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ. അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രവാചകന്റെ സാന്നിധ്യം പരിഹാരമായിരുന്നു. എന്നാൽ സ്വഹാബികൾ കച്ചവടമടക്കമുള്ള ആവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ നിയമപരമായി എന്തെങ്കിലും സംശയം ഉണ്ടാവുകയാണെങ്കിൽ അവർ ഖുർആനിൻ്റയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ ഇജ്തിഹാദ് ചെയ്തിരുന്നു. അങ്ങനെ ചെയ്യാൻ നബി തങ്ങൾ അനുവാദം നൽകുകയും ചെയ്തിരുന്നു.
ചില ഉദാഹരണങ്ങൾ കാണാം:
ഒരിക്കൽ പ്രവാചക അനുചരരിൽപെട്ട അംറുബ്നുൽ ആസ് യാത്ര തുടരുന്നതിനിടയിൽ നിസ്കരിക്കാൻ സമയമായി. നിസ്കരിക്കണമെങ്കിൽ വെള്ളമുപയോഗിച്ച് വുളുഅ് ചെയ്യണം. ശക്തമായ തണുപ്പു കാരണം വെള്ളം ഉപയോഗിക്കാൻ വയ്യ. ചൂടാക്കാൻ ഒരു മാർഗ്ഗവുമില്ല. ഇനി എന്തുചെയ്യും? അദ്ദേഹം ഇജ്തിഹാദ് ചെയ്തു. തൽഫലമായി തയമ്മും (വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ മുഖത്തും കയ്യിലും മണ്ണ് ഉപയോഗിച്ചുള്ള താൽക്കാലിക പരിഹാരം) ചെയ്ത് നിസ്കരിക്കണമെന്ന് മനസ്സിലായി. അങ്ങനെ നിസ്കരിച്ചു . യാത്ര കഴിഞ്ഞു പ്രവാചകരോട് സംഭവം വിവരിച്ചപ്പോൾ പ്രവാചകർ ശരിവച്ചു.
മറ്റൊരു സംഭവം അബു സഈദ് ഖുദരി വിവരിക്കുന്നു: രണ്ടു സ്വഹാബികൾ യാത്ര പോകുന്നു. നിസ്കരിക്കാൻ സമയമായി. വെള്ളം ലഭിച്ചില്ല, രണ്ടുപേരും തയമ്മും ചെയ്ത് നിസ്കരിച്ചു. യാത്ര തുടർന്നു. വഴിയിൽവച്ച് വെള്ളം ലഭിച്ചു. ഒരു സഹാബി ആ വെള്ളം ഉപയോഗിച്ച് വുളൂ ചെയ്തു നിസ്കാരം മടക്കി. രണ്ടാമൻ വെള്ളം ഉപയോഗിച്ചില്ല ; നിസ്കാരം മടക്കിയതുമില്ല. യാത്ര കഴിഞ്ഞെത്തി അവർ പ്രവാചകരോട് സംഭവം വിവരിച്ചു. പ്രവാചകർ രണ്ടും ശരിവെച്ചു. ശേഷം പറഞ്ഞു: നിസ്കാരം മടക്കാത്തയാളും പ്രവാചകചര്യ തന്നെയാണ് പിന്തുടർന്നത്. പ്രതിഫലം ലഭിക്കും. നിസ്കരിച്ചയാളും പ്രവാചക ചര്യ പിന്തുടർന്നു. പ്രബോധനാർത്ഥം സ്വഹാബിയായ മുആദിനെ യമനിലേക്ക് അയക്കുന്നതാണ് മറ്റൊരു രംഗം. നബി തങ്ങൾ ഇങ്ങനെ ചോദിച്ചു: “മുആദേ, താങ്കൾ എങ്ങനെയാണ് വിധിപ്രസ്താവം നടത്തുക?”
മുആദ്: “ഖുർആൻ കൊണ്ട്.”
പ്രവാചകൻ: “ഖുർആനിൽ ഇല്ലാത്ത കാര്യമാണെങ്കിലോ?”
മുആദ്: “അപ്പോൾ പ്രവാചക ചര്യ ഉപയോഗിച്ച് ഞാൻ വിധി പറയും.”
പ്രവാചകൻ: “സുന്നത്തിലും പരാമർശിക്കപ്പെടാത്ത കാര്യമാണെങ്കിലോ?”
മുആദ്: “ഞാൻ ഇജ്തിഹാദ് (ഗവേഷണം) നടത്തും. ഇക്കാര്യത്തിൽ ഒരു അശ്രദ്ധയും കാണിക്കില്ല.” നോക്കൂ, തിരുനബി അടുത്തില്ലാത്ത സമയത്ത് എങ്ങനെയാണ് വിധികൾ കണ്ടെത്തേണ്ടത് എന്ന് പഠിപ്പിക്കുകയായിരുന്നു ഈ സംഭവങ്ങളിൽ. ആരാധനകളുടെ ശാഖാ വിഷയങ്ങളിൽ ഗവേഷണത്തിന് അവസരം നൽകുകയായിരുന്നു തിരുദൂതർ.
കർമശാസ്ത്രം; പ്രവാചകർക്ക് ശേഷം
മക്കയിലെ അറഫ മൈതാനം, തിരുനബിയുടെ അവസാന ഹജ്ജ്, പ്രശസ്തമായ അറഫ പ്രഭാഷണം നടക്കുന്നു. തിരുനബിയുടെ വിയോഗത്തിന്റെ തൊട്ടുമുമ്പ് ആയിരുന്നു ഇത്. “ഇന്നേ ദിവസം നിങ്ങളുടെ മതത്തെ ഞാൻ നിങ്ങൾക്ക് സമ്പൂർണ്ണമാക്കി തന്നിരിക്കുന്നു…..” എന്ന ഖുർആനിക അധ്യാപനം അവിടുന്ന് ഓതി കേൾപ്പിച്ചു. പ്രവാചക വിയോഗത്തോടെ ദിവ്യബോധനം നിലയ്ക്കുകയും മതസംഹിതയുടെ പൂർണത കൈവരികയും ചെയ്തു.
ഇസ്ലാമിക സാമ്രാജ്യം വികാസം പ്രാപിച്ചു കൊണ്ടിരുന്നു … ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും ഇസ്ലാമിൻ്റെ സന്ദേശം എത്തിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ സമസ്യകൾ… ജനങ്ങൾ മതവിധി തേടി പണ്ഡിതന്മാരെ സമീപിക്കുന്നു. ആരാധനകളുടെ വിശദാംശങ്ങളും ശാഖാപരമായ ഇസ്ലാമിക നിയമങ്ങളും പ്രവാചകന്റെ വിയോഗത്തോടെ അവസാനിച്ചിരുന്നില്ലന്നർത്ഥം. സ്വഹാബികളിലേയും താബിഉകളിലേയും (പ്രവാചക അനുചരരുടെ പിൽകാലക്കാർ) ചില പണ്ഡിതന്മാർ ശാഖാപരമായ ഇസ്ലാമിക നിയമങ്ങൾ ഗവേഷണം ചെയ്തെടുത്തിരുന്നു. ആയിഷ, സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് തുടങ്ങിയ സ്വാഹാബികൾ അറിയപ്പെട്ട ഇസ്ലാമിക കർമശാസ്ത്ര വിദഗ്ദ്ധരായിരുന്നു. അവർക്ക് ധാരാളം ശിഷ്യഗണങ്ങളുമുണ്ടായിരുന്നു ഈ മേഖലയിൽ.
പ്രവാചകർക്ക് ശേഷം, ഇസ്ലാമിക പ്രബോധനം അതിവേഗം ഏഷ്യൻ രാജ്യങ്ങളിലേക്കും വടക്കേ ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു. പ്രവാചകൻ്റെ കാലത്തെ മക്കയിലെയും മദീനയിലെയും സംസ്കാരത്തിൽ നിന്ന് വളരെ വ്യത്യസ്തവും വൈവിധ്യവുമാർന്ന ആചാരങ്ങളും സംസ്കാരങ്ങളും സാഹചര്യങ്ങളുമാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്നത്. മുസ്ലിം സാമ്രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരുന്ന കാലം. ന്യായാധിപന്മാരോ ഗവർണർമാരോ ആയി ചില സ്വഹാബികൾ ഈ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. പുതിയ പ്രശ്നങ്ങളെക്കുറിച്ച് ആളുകൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി / മതവിധികൾ തേടി. ഖുർആനും സുന്നത്തും നന്നായി മനസ്സിലാക്കിയ അവർ എല്ലാ സമസ്യകൾക്കും തൃപ്തികരമായ പരിഹാരം കണ്ടു. പുതിയ ചുറ്റുപാടുകളിൽ രൂപപ്പെടുന്ന ഇത്തരം പ്രശ്ന പരിഹാരങ്ങൾക്കായി ഖുർആനിന്റെയും തിരു അദ്ധ്യാപനങ്ങളുടെയും വെളിച്ചത്തിൽ സ്വഹാബികളും അവരുടെ സമർപ്പിതരായ വിദ്യാർത്ഥികളും ഗവേഷണം ചെയ്തു. ഉത്തരങ്ങൾ കണ്ടെടുത്തു. സ്വഹാബികളുടെ കാലത്ത് ഇത്തരം നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.
സ്വഹാബികളെല്ലാവരും നിയമ വിദഗ്ധരായിരുന്നില്ല. മറിച്ച് അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ആയിഷ ബീവി, അബ്ദുല്ലാഹിബ്നു മസ്ഊദ്, സൈദ് ബിൻ സാബിത്ത് തുടങ്ങിയ കർമശാസ്ത്ര വിദഗ്ധരെ സമീപിക്കുകയും പരിഹാരം തേടുകയും ചെയ്തിരുന്നു. ഇങ്ങനെ ഗവേഷണ യോഗ്യതയില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്ന രീതി (thaqleed) സ്വഹാബികളുടെ കാലത്ത് തന്നെ നിലനിന്നിരുന്നു. കാരണം എല്ലാവരും ഖുർആനിലും അറബി ഭാഷയിലും സാഹചര്യ അറിവിലും സാഹിത്യങ്ങളിലും മറ്റു മത വിജ്ഞാനീയത്തിലും ഒരുപോലെ അവഗാഹമുള്ളവരായിരുന്നില്ല.. അപ്പോൾ അറിവുള്ളവരെ പിന്തുടരൽ അനിവാര്യമായിരുന്നു.
ഖുർആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിൽ കർമ്മ കാര്യങ്ങളിലെ ശാഖാ തലങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്തുകയും അത് പിന്തുടരുകയും ചെയ്യുന്ന രീതിയായിരുന്നു സ്വഹാബികളിൽ ഉണ്ടായിരുന്നത്. ഗവേഷണ യോഗ്യതയില്ലാത്തവർ അത്തരം കാര്യങ്ങളിൽ അവരെ പിന്തുടരും. എന്നാൽ, പല സരണികളും അനുയായി വൃന്ദങ്ങളില്ലാതെ ക്രോഡീകരണം നടക്കാതെ കാലഹരണപ്പെട്ടു.





