ഗവേഷണം ചെയ്യുന്ന വ്യക്തികൾക്ക് ഒരുപാട് ക്വാളിറ്റികൾ അനിവാര്യമാണ്. ഹിജ്റ 300 നു ശേഷം ഈ രൂപത്തിൽ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് വിധികളെ കണ്ടെടുക്കാൻ കഴിയുന്ന ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ടാണ് ഈ നാല് ചതുർ സരണികൾ വ്യവസ്ഥാപിതമായി നിലകൊണ്ടതും പിൽക്കാലത്ത് വന്ന പണ്ഡിതന്മാരൊക്കെ അതിൻ്റെ അനുയായികളും പ്രചാരകരുമായത്. നാലാലൊരു സരണിയെ പിന്തുടരുന്നവർക്ക് മുഖല്ലിദ് എന്നാണ് പറയുക. സ്വയം ഗവേഷണം ചെയ്തു കണ്ടെത്താൻ കഴിയാത്തവർ മുഖല്ലിദാവൽ നിർബന്ധമാണ്.
അഥവാ ഇന്നുള്ള ഒരാൾക്കും മുഖല്ലിദാവാതെ മുസ്ലിമായി ജീവിക്കാൻ കഴിയില്ലെന്നർത്ഥം. സ്വന്തമായി ഒന്നും ഗവേഷണം ചെയ്ത് കണ്ടെത്താൻ കഴിയാത്തവർ എങ്ങനെ മുഖല്ലിദ് പട്ടം വേണ്ടന്ന് വെക്കും? പുതിയ കാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മതവിധികൾ ഏതൊരാൾക്കും നിശ്പ്രയാസം വായിച്ചെടുക്കാൻ പറ്റിയ രൂപത്തിലല്ല ഖുർആനിലും തിരുവചനങ്ങളിലുമുള്ളത്. മറിച്ച് ഗവേഷണ യോഗ്യതയുടെ പാരമ്യത കൈവരിച്ചവർക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ. ഖുർആനിലെയും ഹദീസിലെയും ഓരോ വാക്കുകളും എന്തിനുവേണ്ടി? ഏത് സാഹചര്യത്തിൽ? ഏത് അർത്ഥത്തിൽ ? ഉപയോഗിച്ചു എന്നുള്ളത് പ്രധാനമാണ്. ഇത് അറബി ഭാഷയുടെ മാത്രം പ്രത്യേകതയല്ല ഏതു ഭാഷയിലും അങ്ങനെ തന്നെ.
ഉദാഹരണത്തിന് ഒരാൾ ഒരു പേപ്പറിൽ “സ്റ്റോപ്പ്” എന്ന പദം എഴുതിയാൽ അതിന് എന്തർത്ഥമാണ് നിങ്ങൾ നൽകുക?. റോഡ് സൈഡിൽ സ്റ്റോപ്പ് എന്ന് സൈൻബോർഡിൽ എഴുതിയതു കണ്ടാലൊ.? അപ്പുറത്തെ വീട്ടിലെ ഡൈനിംങ് ഹാളിലിരുന്നു ഭക്ഷണം കഴിക്കുന്നവരും വെള്ളം കുടിക്കുന്നവരും ഈ സൈൻബോർഡ് കണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ സ്റ്റോപ്പ് ചെയ്യുമോ? ഒരിക്കലുമില്ല, അത് റോഡിലൂടെ പോകുന്ന വാഹന യാത്രികർക്കുള്ള മുന്നറിയിപ്പുകളാണ്. ഇതുപോലെ ഓരോ പദങ്ങൾക്കും ഓരോ കോണ്ടസ്റ്റിൽ പ്രത്യേകമായ അർത്ഥതലങ്ങളും / ആ പദം അഭിസംബോധനം ചെയ്യുന്ന ചില പ്രത്യേക വിഭാഗങ്ങളുമുണ്ടാകും. അതൊക്കെ മനസ്സിലാക്കണമെങ്കിൽ ഭാഷയിലും മറ്റു വിജ്ഞാന ശാഖകളിലും അഗാധമായ പാണ്ഡിത്യം അനിവാര്യമാണ്.
ഖുർആനിലെ ഒരു ഉദാഹരണം നോക്കൂ:
"വ്യഭിചാരം ചെയ്ത ആണിനേയും പെണ്ണിനേയും 100 പ്രാവശ്യം അടിക്കണം." ഇവിടെ 100 പ്രാവശ്യം എന്നുള്ളതും രണ്ടാളെയും അടിക്കണമെന്നതും വ്യക്തമാണ്. പക്ഷേ, ഇവർ വിവാഹിതരോ അവിവാഹിതരോ? എപ്പോഴാണ് ശിക്ഷ നൽകപ്പെടേണ്ടത്? ശിക്ഷ നൽകപ്പെടാൻ അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ മതിയോ ? അതോ ഒരിടത്ത് രണ്ടുപേരെയും ഒന്നിച്ച് കണ്ടാൽ മതിയോ? ബന്ധത്തിൽ ഏർപ്പെടുന്നത് നഗ്നനേത്രങ്ങളെ കൊണ്ട് കാണണമോ?. എത്രപേർ കാണണം? ഇങ്ങനെ പലതും അവ്യക്തമാണ്. അവകൾ മനസ്സിലാക്കിയെടുക്കണമെങ്കിൽ മറ്റു ചില ആയത്തുകളും നബി വചനങ്ങളും സന്ദർഭങ്ങളും എടുത്തു വെച്ച് പഠനം നടത്തി സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇതൊരു സാധാരണ പണ്ഡിതനെ കൊണ്ട് സാധ്യമാകുന്നതാണോ? സ്വാതന്ത്ര്യ ദിനം പ്രഭാഷണത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകൾ പിറ്റേദിവസം പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അക്കാലത്തുള്ളവർക്ക് ആ പ്രസ്താവനയുടെ സാഹചര്യവും സന്ദർഭവുമെല്ലാം വെരി സിമ്പിൾ. ഈ പത്രം ആയിരം വർഷങ്ങൾക്ക് ശേഷം വായിക്കുന്ന ഒരാളുടെ അവസ്ഥ ആലോചിച്ചു നോക്കൂ.. ചുരുക്കത്തിൽ, ഗവേഷണം അത്ര എളുപ്പമല്ല. എല്ലാവർക്കും കഴിയുന്ന കാര്യവുമല്ല. അഗാധമായ പാണ്ഡിത്യവും നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണ്.
ഗവേഷണ യോഗ്യതകളിൽ ചിലത് താഴെ ചേർക്കാം:
1.ഖുർആനിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരിക്കുക.
ഖുർആനിലെ ഓരോ പ്രസ്താവനയുടെയും സന്ദർഭവും സാഹചര്യവും അറിഞ്ഞിരിക്കുക, വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളും പ്രത്യേകാർത്ഥം മാത്രമുള്ളതും ഉപാധികളോടെ പ്രസ്താവിച്ചതും നിരുപാധിക പ്രസ്താവനകളും വചനങ്ങളുടെ കാലക്രമവും അറിയൽ ഇവയിൽ ചിലതാണ്.
2. ഹദീസുകളിലെ പരിജ്ഞാനം.
തെളിവിന് സ്വീകരിക്കാൻ പറ്റുന്നതും അല്ലാത്തതും , നിവേദക പരമ്പരകളുടെ യോഗ്യതയും അയോഗ്യതയും , പരമ്പരയിലുള്ള ഓരോ വ്യക്തികളുടെയും ചരിത്രവും , ഹദീസ് നിദാന ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന സാങ്കേതിക പ്രയോഗങ്ങളും ഹദീസിന്റെ ബലാബലവും സ്വീകാര്യമായതും അസ്വീകാര്യമായതും പ്രവാചക വചനങ്ങളുടെ സാഹചര്യവും സന്ദർഭവുമെല്ലാം അറിഞ്ഞേ മതിയാവു.
3. അറബി വ്യാകരണ ശാസ്ത്രം , സാഹിത്യ ശാസ്ത്രം, പദോൽപ്പത്തി ശാസ്ത്രം തുടങ്ങി അറബി ഭാഷയിലെ എല്ലാ വിജ്ഞാന ശാഖകളും ഗവേഷകൻ അറിഞ്ഞിരിക്കണം.
4. ഗവേഷണ യോഗ്യരായ പൂർവ്വസൂരികളായ പണ്ഡിതർ ഏകോപിച്ച് പ്രസ്താവിച്ച എല്ലാ മതവിധികളും അറിഞ്ഞിരിക്കുക.
ഗവേഷണ യോഗ്യരായ പണ്ഡിതർക്കുണ്ടാവേണ്ട ചില പ്രത്യേകതകൾ മാത്രമാണ് മുകളിൽ വായിച്ചത്. ഈ പ്രത്യേകതകളൊക്കെ മേളിച്ച പണ്ഡിതർ ഹിജ്റ മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചു എന്നാണ് ശേഷം വന്ന പണ്ഡിതന്മാർ പറഞ്ഞത്. ഗവേഷണ യോഗ്യരായ പണ്ഡിതർ അവരവരുടെ അറിവിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഗവേഷണം നടത്തുകയും മത വിധികൾ കണ്ടെടുക്കുകയും ചെയ്യുന്നു. മുഖല്ലിദുകൾ അത് പിൻപറ്റുകയും ചെയ്യുന്നു. അസുഖമുണ്ടാവുമ്പോൾ ഡോക്ടറുടെ അഭിപ്രായത്തെ തേടുന്നു. അദ്ദേഹം മരുന്നു കുറിച്ചു തരുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. മറിച്ച് അദ്ദേഹം നേടിയെടുത്ത അറിവിന്റെയും പാണ്ഡിത്യത്തിനും, അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് നാം ഡോക്ടറെ വിശ്വസിച്ചു മരുന്നുകഴിക്കുന്നത്. ഇങ്ങനെ, കർമപരമായ കാര്യങ്ങളിൽ യോഗ്യരായ പണ്ഡിതർക്ക് ഗവേഷണം ചെയ്തെടുക്കാൻ അവസരം നൽകിയത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്.
ഖുർആനിൽ വ്യക്തമായതും അവ്യക്തമായതുമായ അനേകം കാര്യങ്ങളുണ്ട് എന്ന് അല്ലാഹു തന്നെ പറയുന്നുണ്ടല്ലോ. ഖുർആനിലെ ഒരു ഭാഗം പരിപൂർണ്ണമായും വ്യക്തമായതാണ്.(മുഹ്കം ) പൊതുവെ വിശ്വാസപരമായ കാര്യങ്ങൾ മുഴുവനും അങ്ങനെയാണ് . അർത്ഥശങ്കക്കിടയുണ്ടാവില്ല. അവിടെ ഗവേഷണത്തിന്റെ ആവശ്യവുമില്ല. ഉദാഹരണത്തിന് ഏകനായ അല്ലാഹുവിലുള്ള വിശ്വാസം , അവന്റെ പ്രവാചകരിലുള്ള വിശ്വാസം , അന്ത്യദിനത്തിലുള്ള വിശ്വാസം, കള്ളു കുടിക്കൽ നിശിദ്ധമാണെന്നത്, വ്യഭിചരിക്കൽ നിരോധിക്കപ്പെട്ടതാണെന്നത്. അവയിൽ ഭിന്ന അഭിപ്രായങ്ങളില്ല . അതെല്ലാം വ്യക്തവും സ്പഷ്ടവുമാണ്. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളായ വിശ്വാസപരമായ കാര്യങ്ങളിൽ ഇജ്തിഹാദിന് (ഗവേഷണം) അവസരം ഇല്ല.
കർമശാസ്ത്ര നിയമങ്ങൾ മുഴുവനും ഇങ്ങനെയുള്ളതല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഗവേഷണത്തിന് ഒരു അവസരം പോലും ഉണ്ടാവുമായിരുന്നില്ല. തിരുനബിയുടെ കാലത്ത് തന്നെ ഗവേഷണം നടന്നിരുന്നുവെന്നും അത് തിരുനബി അംഗീകരിച്ചിരുന്നു എന്നും മുമ്പ് സൂചിപ്പിച്ചല്ലോ. സ്രോതസാക്കുന്ന ഖുർആനിലും സുന്നത്തിലും വ്യക്തമായും സ്പഷ്ടമായും പറയാത്തവ, അവയിൽ നിന്ന് ഗവേഷണം ചെയ്തു കണ്ടെടുക്കുന്ന വിധികൾ ഉറപ്പിനോടടുത്തതായിരിക്കും. തെളിവുകൾവച്ച് സമർത്ഥിക്കുന്നതിന്റെ അവസ്ഥ അങ്ങനെയാണല്ലോ.
യാത്ര കഴിഞ്ഞ് നിങ്ങൾ വീട്ടിലേക്കെത്തുന്നു പുറത്ത് നിങ്ങളുടെ ഇണയുടെ കാറുണ്ട് ചെരിപ്പുണ്ട് അകത്തുനിന്ന് ശബ്ദവും കേൾക്കുന്നു. എങ്കിൽ നിങ്ങൾ ഉറപ്പിക്കാം ഇണ അകത്തുണ്ടെന്ന്. എങ്കിലും ഇത് നൂറ് ശതമാനം ഉറപ്പാണോ ? അല്ല ! എന്തുകൊണ്ട്? അത് ഭാര്യയല്ലാത്ത മറ്റാരെങ്കിലും ആയിക്കൂടെ? വീടിനകത്ത് ഭാര്യയാണെന്ന് കണ്ണുകൊണ്ട് കണ്ടുറപ്പിച്ചിട്ടില്ലല്ലോ! കണ്ടെങ്കിലെല്ലേ ഉറപ്പിക്കാൻ കഴിയൂ. എന്നാലും ഉറപ്പിനോടടുത്ത ഒരു ധാരണ ലഭിച്ചിട്ടുണ്ട്..
ഇതുപോലെയാണ് പണ്ഡിതന്മാർ ഗവേഷണം ചെയ്തെടുക്കുന്ന ശാഖാപരമായ കാര്യങ്ങളിലെ നിയമങ്ങളും. വ്യക്തമായി പരാമർശിക്കാത്ത കാര്യങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടാം. ഇതുതന്നെയായിരിക്കും വിധികൾ വ്യക്തമാക്കാത്തതിൻ്റെ പിന്നിലെ രഹസ്യവും . ഇസ്ലാം എളുപ്പമാണ്! ഏതു സാഹചര്യത്തിലും ഏതു കാലത്തും ഏതു പരിതസ്ഥിതിയിലും!
ശാഖാപരമായ നിയമങ്ങളിൽ വ്യാഖ്യാനങ്ങൾക്കും അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും അവസരം നൽകുന്നതിലൂടെ നിയമങ്ങളിൽ ഒരു ഫ്ലക്സിബിലിറ്റി ലഭിക്കും. ഈയൊരു അവസരം ഉപയോഗപ്പെടുത്താനായിരിക്കണം അല്ലാഹു ഖുർആനിലെ ആയത്തുകളിൽ സാധ്യതകളെ നിലനിർത്തിയത്. ചുരുക്കത്തിൽ, ഇക്കാലത്ത് നടേ പരാമർശിച്ച, നാലാലൊരു സരണി പിന്തുടരാതെ നിർവാഹമില്ല. മദ്ഹബുകളൊന്നും സ്വീകരിക്കാതെ ഖുർആനും സുന്നത്തും നോക്കി വിശ്വാസിയായി ജീവിക്കുമെന്നത് മൗഢ്യമാണ്. അസംബന്ധമാണ്. അസാധ്യമാണ്. അത് ഖുർആനിനും തിരുവചനങ്ങൾ പഠിപ്പിച്ചതിന് എതിരാണ്.





