പ്രവാചകരുടെ കാലശേഷം നിരവധി സ്വഹാബികൾ പല ദേശങ്ങളിലായി ഇസ്ലാമിക പ്രബോധനം നിർവഹിച്ചു. തിരുനബി അനുചരൻ ഇബ്നു മസ്ഊദ് കൂഫയിലേക്കാണ് പ്രബോധനത്തിനു പോയത്. ജനങ്ങൾ അറിവ് നുകരാനും പ്രശ്നപരിഹാരത്തിനും അദ്ദേഹത്തെ സമീപിച്ചു. പ്രസക്തമായ പല സംശയങ്ങൾക്കും അദ്ദേഹം നൽകിയ മതവിധിയെ ശിഷ്യന്മാർ രേഖപ്പെടുത്തിവച്ചു.
സൈദ് ഇബ്നു സാബിത്തിൻ്റെയും ഇബ്നു ഉമറിൻ്റെയും പ്രബോധന കേന്ദ്രം മദീനയായിരുന്നു. ഇബ്നു അബ്ബാസ് മക്കയിലും. അങ്ങനെ ലോകത്തിൻ്റെ വ്യത്യസ്ത ദിക്കുകളിൽ പ്രബോധന പ്രവർത്തനങ്ങളിൽ അവർ സജീവമായി. സ്വാഭാവികമായും ജനങ്ങൾ അവരുടെ പ്രശ്ന പരിഹാരങ്ങൾക്ക് സ്വഹാബികളെ സമീപിച്ചു. ഓരോ ഘട്ടങ്ങളിലും അവർ നൽകുന്ന മതവിധികളെ അവരുടെ ശിഷ്യന്മാർ രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങി. പുതിയ സമസ്യകൾ വരുന്ന മുറക്ക് സ്വാഹാബികൾ പരസ്പരം ചർച്ച ചെയ്തു അറിവിന്റെ പരസ്പര കൈമാറ്റം അവർക്കിടയിൽ സജീവമായി.
ഇന്ന് ക്രോഡീകൃതമായി നമുക്കു മുമ്പിലുള്ള ചതുർ സരണികളിലും ഈ ആശയ കൈമാറ്റങ്ങൾ ദർശിക്കാൻ കഴിയും. ഉദാഹരണമായി ശാഫി സരണിയുടെ ഉപജ്ഞാതാവായ ഇമാം ശാഫി വർഷങ്ങളോളം അറിവ് പഠിച്ചത് മറ്റു സരണിയുടെ ഉപജ്ഞാതാവായിരുന്ന ഇമാം മാലികിൽ നിന്നും അബു ഹനീഫയുടെ പ്രധാന ശിഷ്യനായിരുന്ന ഇമാം മുഹമ്മദിൽ നിന്നുമായിരുന്നു. ഹൻബലി സരണിയുടെ ഉപജ്ഞാതാവ് ഇമാം അഹ്മദ് ഇമാം ഷാഫിയുടെ പ്രധാന ശിഷ്യനായിരുന്നു.
മദ്ഹബിന്റെ ഇമാമുകൾ മതവിധി പ്രസ്താവിക്കുകയും ശിഷ്യന്മാർ അത് എഴുതി വയ്ക്കുകയും അത് പിന്തുടർന്ന് പോരുകയും ചെയ്യുകയായിരുന്നില്ല. മറിച്ച്, അവർ (ഉദാ : അബു ഹനീഫ തന്റെ നിപുണന്മാരായ ശിഷ്യന്മാർക്ക് മുന്നിൽ ഒരോ വിഷയങ്ങൾ അവതരിപ്പിക്കുകയും ചർവിത ചർവണം നടത്തുകയും ചെയ്യും. ഖുർആനിലും ഹദീസിലും അറബി ഭാഷയിലും മറ്റു മത വിജ്ഞാനങ്ങളിലും അഗാധ പണ്ഡിത്യമുള്ള ഈ ശിഷ്യന്മാർ തൻ്റെ ഉസ്താദ് രൂപപ്പെടുത്തിയെടുത്ത അടിസ്ഥാന തത്വങ്ങൾ അവലംബിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ഗഹനമായി അന്വേഷിക്കുകയും തൽഫലമായി രൂപപ്പെടുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്നും ആ സരണിയിൽ ഔദ്യോഗികമായി പിന്തുടരപ്പെടേണ്ട മതവിധിയെ പ്രസ്താവിക്കുകയും ചെയ്യുന്നതായിരുന്നു ഓരോ മദ്ഹബിലെയും ശൈലി.
ചുരുക്കത്തിൽ, മദ്ഹബിന്റെ ഓരോ അഭിപ്രായങ്ങളും വിശദമായ പരിശോധനക്ക് വിധേയമായതിനു ശേഷമാണ് നിയമങ്ങളായി മാറുന്നത്. ഈ പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ പിൽകാല പണ്ഡിതന്മാരിലൂടെ വീണ്ടും തലമുറകളായി പഠനങ്ങൾക്ക് വിധേയമാകുന്നു. അതുകൊണ്ടാണ് കർമ്മശാസ്ത്രം ഇസ്ലാമിക നിയമങ്ങളുടെ അനന്ത പാഠശാലയായി മാറിയത്.
പ്രവാചകരുടെ കാലത്ത് ഖുർആൻ ഒറ്റ രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടില്ലായിരുന്നു. ഹദീസിന്റെ കാര്യമാണെങ്കിലും അങ്ങനെ തന്നെ. ഒന്നാം ഖലീഫ അബൂബക്കറിൻ്റെ കാലത്താണ് ഖുർആൻ ക്രോഡീകരിക്കുന്നത്. സ്വഹാബികൾക്കു ശേഷം വന്ന പണ്ഡിതന്മാർ ഹദീസുകളും മറ്റു ഇസ്ലാമിക നിയമങ്ങളും ക്രോഡീകരിച്ചു. ഖുർആനും ഹദീസും പോലെ ജനങ്ങൾ ഇസ്ലാമിക നിയമങ്ങളുടെ ക്രോഡീകരണത്തിലേക്ക് ആവശ്യമായപ്പോൾ പിൽക്കാല പണ്ഡിതന്മാർ അതും ക്രോഡീകരിച്ചു. അവയാണ് മദ്ഹബുകൾ . ശരിയാണ്, പ്രവാചകനുള്ള കാലത്ത് ഇങ്ങനെ ക്രോഡീകരിക്കപ്പെടേണ്ട ആവശ്യമില്ല, അവകളിൽ നിന്ന് നിയമങ്ങൾ കണ്ടെത്താൻ പ്രത്യേക രീതിശാസ്ത്രവും ആവശ്യമില്ല. എന്നാൽ പ്രവാചക വിയോഗശേഷം ഇതെല്ലാം ആവശ്യമായിരുന്നു.
നോക്കൂ, വളരെ കുറച്ചാളുകൾ മാത്രം വാഹനങ്ങൾ ഉപയോഗിക്കുന്ന വലിയൊരു രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ഒരുപക്ഷേ ആവശ്യമാകില്ല. എന്നാൽ ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് ട്രാഫിക് നിയമങ്ങളും മറ്റു സിസ്റ്റങ്ങളും സ്ഥാപിക്കേണ്ടതായി വരുന്നു. ഇപ്രകാരം പ്രവാചകന്റെ കാലഘട്ടത്തിൽ ഖുർആൻ വ്യാഖ്യാനിക്കാനും അതിന്റെ കൃത്യമായ നിയമങ്ങൾ പറഞ്ഞുതരാനും പ്രവാചകർ മതിയായിരുന്നു. എന്നാൽ പ്രവാചക കാലശേഷം സമസ്യകൾ വർദ്ധിച്ചു. ഖുർആനെയും ഹദീസിനെയും കൃത്യമായി മനസ്സിലാക്കി അതിന്റെ നിയമങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു വ്യവസ്ഥാപിത സിസ്റ്റം രൂപപ്പെടുത്തൽ ആവശ്യമായി വന്നു.
ഖുർആനും സുന്നത്തും കൃത്യമായി മനസ്സിലാക്കിയവരായിരുന്നു സ്വഹാബികൾ. അവർ പ്രവാചക ജീവിതത്തിന്റെ നേർ സാക്ഷികളായിരുന്നു. പക്ഷേ, അന്ന് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികൾ കണ്ടെടുക്കാൻ പ്രത്യേക രീതിശാസ്ത്രം ആവശ്യമില്ലായിരുന്നു. പിൽകാല പണ്ഡിതന്മാർക്ക് ഇങ്ങനെ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തൽ അനിവാര്യമായി വന്നു.
ഇമാം ശാഫി ആയിരുന്നു ഖുർആൻ-ഹദീസ് നിദാന ശാസ്ത്രത്തിൽ ആദ്യമായി ഗ്രന്ഥം രചിച്ചത് (ഉസൂലുൽ ഫിഖ്ഹ് ). ഇതിനർത്ഥം ഈയൊരു രീതിശാസ്ത്രം മുമ്പ് നിലനിന്നിരുന്നില്ല എന്നല്ല. മറിച്ച്, സ്വഹാബികളും പിൽകാലത്ത് വന്ന പണ്ഡിതന്മാരും ഈയൊരു രീതിശാസ്ത്രത്തെ പിന്തുടർന്നുകൊണ്ടുതന്നെയാണ് ഇസ്ലാമിക നിയമങ്ങൾ കണ്ടെത്തിയത്. എന്നാൽ ആ രീതിശാസ്ത്രങ്ങളെ വ്യവസ്ഥാപിതമായ രൂപത്തിൽ ലിഖിതമായി രേഖപ്പെടുത്തിയ ആദ്യ പണ്ഡിതൻ ഇമാം ഷാഫിയാണെന്നു മാത്രം. അത് പിൽകാല പണ്ഡിതൻമാർക്ക് ഒരു വഴിവെളിച്ചമായി മാറി.
നബിയുടെ വാക്കിന്റെയും പ്രവർത്തികളുടെയും സാഹചര്യവും സന്ദർഭങ്ങളും കൃത്യമായ അറിയുന്നവരായിരുന്നു സ്വഹാബികൾ, ഷോപ്പിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന ആശാരി ഇടക്ക് വച്ച് തന്റെ ഹെൽപ്പറോട് പട്ടിക എടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും അതിന്റെ അർത്ഥം? അധ്യാപകർ വിദ്യാർഥികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുന്ന പട്ടിക എന്നാണോ? ഒരിക്കലുമല്ല! ഈ രൂപത്തിൽ നബി തങ്ങളുടെ ആജ്ഞകൾക്കും പ്രസ്താവനകൾക്കും വ്യത്യസ്ത സാഹചര്യങ്ങളും സന്ദർഭങ്ങളുമുണ്ടായിരുന്നു .
അവയിൽ നിർബന്ധമായതും അല്ലാത്തതും ഉണ്ട്. കർശനമായ വിലക്കുള്ളതും കാർക്കശ്യമില്ലാത്തതും ഉണ്ട്. പക്ഷേ, സഹാബികളുടെ രീതി നബി തങ്ങളുടെ വാക്കിനെ അപ്പടി പിൻപറ്റലാണ്. അപ്പോൾ പിന്നെ അവയിൽ നിന്നും ഓരോന്നിനെയും ഓർത്തിരിക്കൽ പിൽക്കാലക്കാരായ നിപുണരായ പണ്ഡിതന്മാരായിരുന്നു. മദ്ഹബിന്റെ ഇമാമുമാർ ! അവരാണ് നെല്ലും പതിരും വേർതിരിച്ചത്. കർമശാസ്ത്ര പണ്ഡിതർക്ക് / മദ്ഹബിന്റെ ഇമാമുമാർക്ക് മതവിധികൾ ഗവേഷണം ചെയ്തെടുക്കുന്നതിന് പല വിജ്ഞാന ശാസ്ത്രങ്ങളിലും അവഗാഹം നിർബന്ധമായിരുന്നു. ഇസ്ലാമിക വിജ്ഞാനീയങ്ങൾക്ക് പുറമേ ആസ്ട്രോണമി, ജോഗ്രഫി, മാതമാറ്റിക്സ്, ഫിസിക്സ്, ബയോളജി തുടങ്ങി അനേകം ഭൗതിക വിഷയങ്ങളിലും പരിജ്ഞാനം അനിവാര്യം.
വിധികൾ തേടി..
ഭരണഘടനയും ബൈലോയും ഏതു രാഷ്ട്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും സ്ഥാപനത്തിൻ്റെയും അടിസ്ഥാന രേഖയാണ്. സ്ഥായിയായ വികസനം സാധ്യമാവണമെങ്കിൽ ഇവകൾ കൂടാതെ കഴിയില്ല. ഇത് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനും പ്രശ്നങ്ങൾ വരുമ്പോൾ പരിഹരിക്കാനും നിപുണരായ നിയമജ്ഞരെ ആവശ്യമായി വരുന്നു. ഭരണഘടനാ ശില്പികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ മനസ്സിലാക്കുന്നതിൽ പിൽക്കാല പണ്ഡിതന്മാർ വിയർക്കാറുണ്ട്. കാര്യം അത്രയങ്ങ് എളുപ്പമല്ല. പ്രത്യേകിച്ച് ; പുതിയ സന്ദർഭങ്ങളും സാഹചര്യങ്ങളും മാറി വരുന്നകാലഘട്ടങ്ങളിൽ. ഭരണഘടന ശില്പികൾ അതിൽ എഴുതിച്ചേർത്ത വരികളുടെ ലക്ഷ്യത്തെ ചൊല്ലി പലപ്പോഴും സംവാദങ്ങൾ നടക്കാറുണ്ട്.
ഒരുദാഹരണം കാണൂ:
"ഒരു സ്വതന്ത്ര രാജ്യത്ത് സുസജ്ജമായ സൈനികവ്യൂഹമുണ്ടെങ്കിലും ആയുധങ്ങൾ കൊണ്ടുനടക്കാനും സൂക്ഷിക്കാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല". ഇതൊരു രാജ്യത്തെ നിയമമാണെന്ന് കരുതുക. എന്തായിരിക്കും ഈ നിയമത്തിലൂടെ ഭരണഘടനയുടെ ഉപജ്ഞാതാക്കൾ ഉദ്ദേശിച്ചിട്ടുണ്ടാവുക.
ഈ നിയമത്തെ തുടർന്ന് ഉണ്ടാകാൻ ഇടയുള്ള സംവാദത്തിൽ ഉയർന്നു കേൾക്കാനിടയുള്ള ചില ചോദ്യങ്ങൾ ഇങ്ങനെയായിരിക്കും: ഏതു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിയമം നിലവിൽ വന്നത്? ജനങ്ങൾക്ക് എല്ലാ തരത്തിലുള്ള ആയുധങ്ങളും കൈവശം വെക്കാമോ? ഇത് പ്രത്യേക കാലത്തേക്കുള്ളതാണോ ? പ്രത്യേക സാഹചര്യത്തിലേക്കുള്ളതാണോ? ഗ്രാനെഡ് പോലെയുള്ളു ആയുധങ്ങൾ ഉപയോഗിക്കാൻ പറ്റുമോ? തുടങ്ങി ഈ സ്റ്റേറ്റുമെൻ്റുമായി ചുറ്റിപ്പറ്റിയ സകല വശങ്ങളും ചർച്ചയിൽ ഉയരും.
ഇനി ഇസ്ലാമിക നിയമശാസ്ത്രത്തിലേക്ക് വരാം. നിയമങ്ങൾ ആത്യന്തികമായി അല്ലാഹുവിൻ്റെതാണല്ലൊ. ഇത് അല്ലാഹു റെഡിമെയ്ഡായി നൽകിയതാണോ? അതല്ല നിയമസ്രോതസ്സുകളായ ഖുർആനും സുന്നത്തും നൽകി ഗവേഷണ യോഗ്യരായ പണ്ഡിതന്മാരോട് അതിൽ നിന്നും നിയമങ്ങൾ കണ്ടെത്താനും പ്രയോഗിക്കാനും പറഞ്ഞതാണോ?. രണ്ടുമുണ്ട്! വിശദീകരണങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇടയില്ലാത്ത കൃത്യവും വ്യക്തവും ഖണ്ഡിതവുമായ കാര്യങ്ങൾ. വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടം നൽകിയ കാര്യങ്ങൾ. രണ്ടാമത് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് യോഗ്യരായ നിപുണരായ പണ്ഡിതർ ഗവേഷണം ചെയ്തു കണ്ടെത്തുന്നത്.
ലോകത്തുണ്ടായതും ഉണ്ടാവാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളുടെയും പ്രതിവിധി / മതവിധി പ്രത്യക്ഷമോ പരോക്ഷമോ ആയി ഖുർആൻ പരാമർശിച്ചിട്ടുണ്ട് . തിരുനബി ആവശ്യാനുസരണം അവ വിശദീകരിച്ച് തന്നിട്ടുമുണ്ട്. പ്രവാചകനെ അപ്പടി പകർത്തിയ സ്വഹാബികളുടെ ജീവിതത്തിൽ നിന്നാണ് തിരുനബിയുടെ അധ്യാപനങ്ങളെ നാം മനസ്സിലാക്കേണ്ടത്. സ്വഹാബികളിൽ നിന്നാണ് താബിഉകൾ മതവിധികൾ കണ്ടുപഠിച്ചത്.
കർമ്മ ശാസ്ത്ര നിയമങ്ങളുടെ സ്രോതസ്സുകൾ പ്രധാനമായും നാലാണ്. ഖുർആൻ, സുന്നത്ത് (ഹദീസ്), ഇജ്മാഅ് (ഒരു കാലത്തെ ഗവേഷണ യോഗ്യരായ പണ്ഡിതന്മാരുടെ പൊതു അഭിപ്രായം), ഖിയാസ് (തുലനം ചെയ്തു കണ്ടെത്തുന്ന വിധികൾ). കർമ്മ ശാസ്ത്രത്തിന്റെ നിദാനങ്ങളാണിവ. ഈ സ്രോതസ്സുകൾ അവലംബമാക്കിയാണ് യോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തുന്നത്. തിരുനബി പറയുന്നു: ഒരു വിധികർത്താവ് നിയമങ്ങൾ വിധിക്കാൻ ഗവേഷണം നടത്തണം. ആ ഇജ്തിഹാദിൽ അദ്ദേഹം ശരിയായി വന്നാൽ അദ്ദേഹത്തിന് രണ്ട് പ്രതിഫലവും പിഴച്ചാൽ ഒരു പ്രതിഫലവും ലഭിക്കുന്നതാണ്. അഥവാ, നിയമങ്ങൾ ഗവേഷണ പ്രക്രിയയുടെ അവസാനം വന്നെത്തുന്ന കൺക്ലൂഷനാണ്. എന്നാൽ അതിലേക്ക് എത്തിച്ചേരാൻ ഒരുപാട് പ്രക്രിയകൾ കടന്നു പോകേണ്ടതുണ്ട്. ചില രീതിശാസ്ത്രം ഉപയോഗിച്ചാണ് ഓരോ ഗവേഷകരും നിയമങ്ങൾ അടർത്തിയെടുക്കുന്നത്.
ഒരുദാഹരണം:
അംഗ ശുദ്ധി വരുത്തുമ്പോൾ തല തടവണം. ഇത് നിർബന്ധമാണ്. മദ്ഹബിൻ്റെ നാലു സരണിയിലും ഇത് നിർബന്ധം തന്നെ. പക്ഷേ ; തലയുടെ എത്ര ഭാഗം തടവണം എന്നിടത്ത് സരണികൾക്കിടയിൽ അഭിപ്രായന്തരങ്ങളുണ്ട്. ഖുർആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തിൽ തന്നെയാണ് ഗവേഷണം നടത്തുന്നതെങ്കിലും ഗവേഷണ രീതിയിൽ സ്വീകരിച്ചിട്ടുള്ള വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് അത് രൂപപ്പെടുന്നത്. ശാഫി സരണിയിൽ തലയുടെ അല്പഭാഗം തടവിയാൽ മതി. ഹനഫി ശരണയിൽ തലയുടെ നാലിൽ ഒരു ഭാഗമെങ്കിലും തടവണം മാലിക്കിയിലും ഹമ്പലിയിലും തല മുഴുവൻ തടവണം.





