വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ്. ഇസ്ലാം അല്ലാഹുവിൻ്റെ മതവും. പ്രവാചകൻ മുഹമ്മദ് നബി മുഖേനയാണ് അല്ലാഹു തൻ്റെ വചനങ്ങളെ സൃഷ്ടികളിലേക്കെത്തിച്ചത്. തിരുനബിയുടെ പ്രബോധന കാലമായിരുന്ന 23 വർഷമെടുത്താണ് ഖുർആനിൻ്റെ അവതരണം പൂർണ്ണമാകുന്നത്. മുഹമ്മദ് നബിക്ക് അല്ലാഹു പഠിപ്പിച്ച ഖുർആനിന്റെ വിശദീകരണങ്ങൾ ജനങ്ങൾക്ക് വിവരിച്ചു നൽകാൻ കൂടിയാണ് ഇങ്ങനെ പല ഘട്ടങ്ങളിലായി ഖുർആൻ അവതരിച്ചത്. ഇസ്ലാമിലെ മുഴുവൻ വിധിവിലക്കുകളും ഈ വിധം അല്ലാഹു നബിക്കും അവിടുന്ന് അനുചരർക്കും വിവരിച്ചു കൊടുത്തു. അവർ തിരുനബിയുടെ വാക്കും നോക്കും പ്രവൃത്തികളും അനുവാദങ്ങളും അപ്പടി ജീവിതത്തിൽ പകർത്തി. പ്രവാചകരുടെ വിയോഗത്തോടെ ദൈവിക സന്ദേശം നിലച്ചു.
പിന്നീട് സ്വഹാബികളിലെ പ്രധാനികളായ അബൂബക്കർ, ഉമർ , ഉസ്മാൻ , അലി ഇവരുടെ ഭരണമായിരുന്നു. നബിതങ്ങളുടെ ജീവിതത്തെ ഒന്നു വിടാതെ പകർത്തിയ സ്വഹാബികൾ തിരുനബിയുടെ വിയോഗ ശേഷവും അക്കാര്യങ്ങളെ വള്ളിപുള്ളി വ്യത്യാസമില്ലാതെ അനുവർത്തിച്ച് പോന്നു. ഇസ്ലാമിൻ്റെ പ്രചരണാർത്ഥം നബിയുടെ കാലത്തും വിയോഗശേഷവും അവർ ലോകം ചുറ്റി. നബി തങ്ങൾ പകർന്ന ആശയങ്ങളേയും അനുഷ്ഠാനങ്ങളെയും പ്രചരിപ്പിച്ചു.
വിശ്വാസിയുടെ വാക്ക്, നോക്ക്, ചലനം, നിശ്ചലനം, നടത്തം, ഇരുത്തം, കിടത്തം തുടങ്ങി സർവ്വ കാര്യങ്ങളും എങ്ങനെയായിരിക്കണമെന്ന മതവിധികൾ നമ്മിലേക്കെത്തിയ കൈവഴിയാണ് മുകളിൽ പറഞ്ഞത്. ആ മതവിധികളെ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു. അവ ക്രോഡീകരിച്ചവരെയാണ് മദ്ഹബിന്റെ ഇമാമുകൾ എന്ന് വിളിക്കപ്പെടുന്നത്. ഇവിടെ പ്രസക്തമാകുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
മതത്തിലെ ഓരോ വിധികളും തിരുനബിയാണല്ലോ അനുയായികൾക്ക് പഠിപ്പിച്ചത്. എങ്കിലും അവിടുത്തെ കാലത്തു തന്നെ തിരുനബി സമീപത്തില്ലാത്ത പല ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടത്തിൽ എങ്ങനെയാണവർ മതപരമായ പ്രശ്നങ്ങളിൽ തീർപ്പ് പറഞ്ഞത്? നബിയുടെ വിയോഗശേഷമുണ്ടാവുന്ന പുതിയ സമസ്യകൾക്ക് എങ്ങനെയാണ് ഉത്തരം കണ്ടെത്തിയത്? തിരുനബിയുടെ വാക്കും പ്രവർത്തിയും അപ്പടി പകർത്തിയവരായിരുന്നല്ലാേ സ്വഹാബിമാർ. അപ്പോൾ അവയിൽ നിർബന്ധമായതിനേയും അല്ലാത്തതിനെയും എങ്ങനെ വേർതിരിക്കും? കർശനമായ വിലക്കിനെയും കാർക്കശ്യമില്ലാത്ത വിലക്കുകളെയും എങ്ങനെ കണ്ടെത്തും? ആരാണ് അവ വേർതിരിക്കുക? ഈ ചോദ്യങ്ങളുടെയൊക്കെ ഉത്തരങ്ങളാണ് മദ്ഹബുകൾ. വിശദമായി പറയാം..
മദ്ഹബിൻ്റെ നിർവചനം പറഞ്ഞു ചർച്ച ആരംഭിക്കാം. "ഖുർആനിലോ പ്രവാചകാധ്യാപനങ്ങളിലോ ഖണ്ഡിതമായി നിയമനിർദ്ദേശം നൽകാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ, നിയമനിർമ്മാണത്തിന് മതം നിർദ്ദേശിച്ചിട്ടുള്ള അടിസ്ഥാനങ്ങൾ ഉപയോഗിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളാണ് മദ്ഹബുകൾ"
നിർവചനത്തിൽ നിന്നും ഉരുത്തിരിയുന്ന കാര്യങ്ങളെ നമുക്ക് ഇങ്ങനെ മാറ്റിയെഴുതാം:
1.മതത്തിലെ മുഴുവൻ കാര്യങ്ങളിലും ഗവേഷണം സാധ്യമല്ല.
2.ഖുർആനിലോ പ്രവാചക അധ്യാപനങ്ങളിലോ ഖണ്ഡിതമായി പറയാത്ത വിഷയത്തിലായിരിക്കണം ഗവേഷണം.
3.ഗവേഷണം ചെയ്യേണ്ടത് യോഗ്യരായ പണ്ഡിതന്മാരായിരിക്കണം.
4.മതം നിർദ്ദേശിച്ച അടിസ്ഥാന തത്വങ്ങൾ ഉപയോഗിച്ചുവേണം ഗവേഷണം നടത്താൻ.
പ്രത്യേകം മനസ്സിലാക്കേണ്ടത് അല്ലാഹു ഏകനാണ്, മുഹമ്മദ് നബി അല്ലാഹുവിൻ്റെ പ്രവാചകനാണ് തുടങ്ങിയ വിശ്വാസകാര്യങ്ങളിലും നിസ്കാരം നിർബന്ധമാണ്, മദ്യപാനം നിഷിദ്ധമാണ് തുടങ്ങി രണ്ടഭിപ്രായങ്ങൾക്ക് ഇടയില്ലാത്ത വിധം കൃത്യവും വ്യക്തവുമായി ഖുർആനിലോ പ്രവാചകാധ്യാപനങ്ങളിലോ പരാമർശിച്ച കർമ്മകാര്യങ്ങളിലും ഒരു വിധത്തിലുള്ള ഗവേഷണവും നടത്തേണ്ടതില്ല; പറ്റുകയുമില്ല. കൃത്യമായി പറഞ്ഞിട്ടില്ലാത്ത കർമ്മകാര്യങ്ങളിൽ മാത്രമാണ് യോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി വിധികൾ കണ്ടെത്തുന്നത്. ഇത് ആത്യന്തികമായി ഖുർആനിലെയും തിരുസുന്നത്തിലെയും ( പ്രവാചക അധ്യാപനങ്ങൾ ) വിധികൾ തന്നെയാണ്. ഖുർആനിലും തിരുവചനങ്ങളിലും അഗാധമായി അവഗാഹമുള്ള നിപുണരായ പണ്ഡിതന്മാർക്ക് മാത്രമേ ഇത്തരം വിധികൾ കണ്ടെടുക്കാൻ കഴിയു. അല്ലാത്തവർ അവരെ പിന്തുടരുകയാണ് വേണ്ടത്.
മനസ്സിലാക്കേണ്ട മറ്റൊരു കാര്യം നിയമങ്ങൾ കണ്ടെടുക്കാൻ യോഗ്യരായ പണ്ഡിതന്മാർ ഉപയോഗിക്കുന്ന അടിസ്ഥാന തത്വങ്ങളിലെ വൈജാത്യങ്ങൾക്കനുസരിച്ച് അനുഷ്ഠാനങ്ങളിലെ വിശദാംശങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നതാണ്… പ്രവാചകരുടെ കാലശേഷം ഗവേഷണയോഗ്യരായ ധാരാളം പണ്ഡിതന്മാർ ഉണ്ടായിട്ടുണ്ട്. അവർ ഈ വിധം ഗവേഷണം ചെയ്തു വിധികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് അവർ കണ്ടെത്തിയ കാര്യങ്ങൾ ക്രോഡീകരിക്കപ്പെട്ടില്ല. അങ്ങനെ അത് കാലഹരണപ്പെട്ടു. നാലു സരണികൾ മാത്രമാണ് അവകളിൽ ക്രോഡീകരിക്കപ്പെട്ടത്. ഇമാം അബു ഹനീഫയുടെ ഹനഫീ സരണി ഇമാം മാലികിൻ്റെ മാലികി സരണി ഇമാം ശാഫിയുടെ ശാഫിഈ സരണി ഇമാം അഹ്മദുബ്നു ഹമ്പലിൻ്റെ ഹമ്പലി സരണി എന്നിവയാണവ.
ഖുർആനിൽ നിന്നും പ്രവാചക വചനങ്ങളിൽ നിന്നും വിധികൾ ഗവേഷണം ചെയ്തെടുക്കുന്നതിന് ഈ നാല് പണ്ഡിതന്മാരും ചില അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തി. ഈ അടിസ്ഥാനതത്വങ്ങളെ അവലംബിച്ച് അവരുടെ ശിഷ്യന്മാരും ആഴത്തിലുള്ള ചർച്ചകൾ നടത്തി. അങ്ങനെയുള്ള നിരന്തരമായ ചർച്ചകൾക്കും മനനങ്ങൾക്കും ശേഷമാണ് പിന്തുടരപ്പെടേണ്ട പ്രബലമായ അഭിപ്രായങ്ങളെ ഓരോ സരണിയുടേതുമായി പിൽക്കാല പണ്ഡിതന്മാർ അവതരിപ്പിച്ചത്. ഇങ്ങനെ കാലങ്ങളെടുത്താണ് ഓരോ സരണികളും ഔദ്യോഗിക സരണികളായി രൂപപ്പെടുന്നത്.





