മനുഷ്യൻ്റെ മൊത്തത്തിലുള്ള പലജാതി മൂഡുമാറ്റങ്ങളും വിചിത്രമായ മാനസിക രോഗങ്ങളുമാണ് നാം പറഞ്ഞുവെച്ചത്. എന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ട് മനുഷ്യൻ്റെ ഉള്ളിൽ തിരതല്ലുന്ന ഉൾക്കടലുകളെ കുറിച്ച് നമ്മളറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ചുരുങ്ങിയ രൂപത്തിൽ അവ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
മനുഷ്യന് പൊതുവേ മനുഷ്യനോടാണ് കാമദാഹം ഉണ്ടാവുക. അങ്ങനെയാണ് ഉണ്ടാവേണ്ടതും. എന്നാൽ ചിലർക്ക് മൃഗങ്ങളോടായിരിക്കും ലൈംഗിക താൽപര്യം. ചിലർക്കിത് എന്തോ ഒരു തോന്നൽ പോലെ മാത്രമായി നിലകൊള്ളുന്നുവെങ്കിൽ മറ്റുള്ളവരിൽ അത് തീവ്രമാകുകയും മൃഗങ്ങളുമായി അവർ സുരതത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. Bestiality എന്നും Zoophilia എന്നുമൊക്കെ ഇത് അറിയപ്പെടുന്നു. മൃഗങ്ങളെയും തെളിച്ച് പരസ്യമായി റിസോർട്ടിലേക്ക് ആളുകൾ കടന്നുവരുന്ന രംഗം ബിനോയ് തോമസ് തൻറെ പുറ്റ് എന്ന നോവലിൽ പച്ചയായി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ചിലരുണ്ട് അവർക്ക് ജീവനുള്ള മൃഗങ്ങൾ ആവണമെന്നില്ല. മൃഗങ്ങളുടെ രൂപത്തിൽ സ്റ്റഫ് ചെയ്തു വെച്ച കാഴ്ച വസ്തുക്കളെ കണ്ടാൽ പോലും രതി പൊട്ടും. രോഗത്തിൻറെ പേര്, Plushophilia.
മൃതദേഹങ്ങളോട് തോന്നുന്ന അതിയായ കാമാസക്തിയാണ് മറ്റൊന്ന്. രതിപ്രക്രിയയിൽ തന്നെപ്പോലെ തന്നെ ആക്ടീവായി നിലകൊള്ളുന്ന പാർട്ട്ണറെ ഇഷ്ടപ്പെടാത്ത ഇവർക്ക് പാസീവ് പങ്കാളിയാണ് പഥ്യം. ഡെഡ്ബോഡികൾ ആവുമ്പോൾ പിന്നെ അനങ്ങാതെ നിന്നുകൊള്ളുമല്ലോ. അല്ലെങ്കിൽ തന്റെ പങ്കാളി ഒരിക്കലും മരിച്ചുപോകരുത് എന്ന ചിന്തയിൽ നിന്ന് ഉരുവം കൊള്ളുന്നതായിരിക്കാം. പൊടിയിട്ട് സൂക്ഷിക്കപ്പെടുന്ന മൃതദേഹം പിന്നെ മരിച്ചു പോകുകയില്ലല്ലോ. ഭ്രാന്തിന് ഭ്രാന്തായാൽ ഇങ്ങനെയൊക്കെ തന്നെയാണ്. ഈ രോഗത്തിന് Necrophilia എന്നാണു വിളിപ്പേര്.
അടുത്ത രക്തബന്ധമുള്ളവരുമായി ലൈംഗിക വിക്രിയകൾ ചെയ്യുന്ന അങ്ങേയറ്റം മാനുഷിക വിരുദ്ധമായ ആസക്തിയാണ് ഇൻസെസ്റ്റ് എന്നറിയപ്പെടുന്നത്. അച്ഛൻ പെൺമക്കളുമായും ആൺമക്കൾ അമ്മയുമായും സഹോദരി സഹോദരന്മാർ പരസ്പരവും നടത്തുന്ന നീചമായ രതി വൈകൃതം. സുഭാഷ് ചന്ദ്രൻ്റെ സമുദ്രശിലയിൽ അങ്ങനെ ഒരു രംഗം അവസാനമായി വരുന്നുണ്ട്.
കുട്ടികളുമായി ലൈംഗികതയിൽ ഏർപ്പെടുന്ന മാനസിക തകരാറാണ് പെഡോഫീലിയ. DSM-5 (Diagnostic and Statistical Manual of Mental Disorders) പ്രകാരം സൈക്യാട്രിക് ഡിസോഡർ ആയി വർഗീകരിക്കപ്പെട്ടതാണ് ഇത്. അടുത്ത ഭാവിയിൽ ഇത് എടുത്തു മാറ്റുമോ എന്ന് പറയാൻ ഒക്കില്ല. കാരണം ലൈംഗിക വൈകൃതമായി എണ്ണപ്പെട്ട പലതും പല സമ്മർദ്ദങ്ങൾക്കും വിധേയമായി പലപ്പോഴായി എടുത്തുമാറ്റിയിട്ടുണ്ട്. അതിനായി ലോകത്ത് ഒരു വൻ അധോശക്തി തന്നെ കാര്യമായി പ്രവർത്തിക്കുന്നുണ്ട്.
അകത്ത് മുണ്ടിട്ടു മൂടി വെക്കേണ്ട സാധനത്തെ ചില പ്രത്യേക സാഹചര്യങ്ങളിൽ ആളു കാണാൻ പുറത്തിടുന്ന സൂക്കേടുണ്ടത്രെ ചിലർക്ക്. എന്റേത് ഞാൻ മാത്രം കണ്ടാൽ മതി എന്ന സ്വാർത്ഥത ഒട്ടും ഇല്ലാത്തതിനാൽ ആയിരിക്കാം അത്. തൻ്റെ ആന്തരിക ഉപകരണത്തെ ആളുകൾ കാണുന്നതിൽ എന്തോ ഒരുതരം പ്രകടനരതി അനുഭവിക്കുന്നുണ്ടാവാം. എക്സിബിഷനിസം എന്നാണു ഇതിന്റെ പേര്. മറ്റൊരാളെ നന്നായി നുള്ളുക, കഠിനമായി വേദനിപ്പിക്കുക, അതി നിശിതമായി ചീത്ത പറയുക വഴി ലൈംഗികാസ്വാദനം നേടിയെടുക്കുന്ന രോഗമാണ് സാഡിസം. എന്നാൽ ചക്കിക്കൊത്ത ചങ്കരനെ കാണിച്ചു തരാം. മറ്റൊരാളിൽ നിന്ന് ഈ വിധം വേദനിപ്പിക്കലും കടിക്കലും പിച്ചലും നുള്ളലും കിട്ടുമ്പോൾ ലൈംഗിക നിർവൃതി ലഭിക്കുന്ന സൂക്കേട്. പേര് Masochism.
ചിലർക്ക് വേണ്ടത് ജീവനുള്ള സാധനങ്ങളല്ല. മറിച്ച് ബൊമ്മകൾ, വിഗ്രഹങ്ങൾ, പ്രതിമകൾ തുടങ്ങിയ സംഗതികളോട് ചുറ്റിപ്പറ്റി തങ്ങളുടെ ലൈംഗിക ദാഹം തീർക്കാൻ ശ്രമിക്കുന്ന മനോരോഗികളാണവർ. രോഗത്തിൻറെ പേര്: Agalmatophilia. ഇനി ഇങ്ങനെ ഒന്നുമല്ലാതെ മറ്റുപദാർത്ഥങ്ങളോടും വസ്തുക്കളോടും ഉദാഹരണത്തിന് കാറ്, ചെമ്പ്, ഫർണിച്ചർ തുടങ്ങിയ സാധനങ്ങളോട് കടുത്ത ലൈംഗികാകർഷണം തോന്നുന്നവരുണ്ട്. പേര്; objectophilia. വാഹനങ്ങളോടും യന്ത്രങ്ങളോടും പ്രത്യേക രതിബാന്ധവമുള്ള രോഗമത്രെ Mechanophilia. പാറ, കല്ല്, ചരൽ തുടങ്ങിയവയോട് ലൈംഗിക ആകർഷണം തോന്നുന്ന രോഗമാണ് Lithophilia.
പലർക്കും ലൈംഗികവാഴ്ച പൊടിപാറിയ പോരാട്ടം ആയിരിക്കണം, സജീവമായിരിക്കണം. എന്നാൽ ചില ആനമൊയന്തുക്കൾ ഉണ്ട്, അവർക്ക് ഇഷ്ടം ഉറങ്ങുന്നവരെയാണ്. അശേഷം പ്രതികരണം ഇല്ലാത്തവരെ. സംഗതി ഒരുമാതിരി സൂക്കേട് ആണ്. Somnophilia എന്നു പേര്. എന്നപോലെ ഒട്ടും വയ്യാതെ കഴുത്തൊടിഞ്ഞ്, നട്ടെല്ല് പൊട്ടി, ശരീരം തളർന്ന് വീൽചെയറിലും ക്രച്ചസുകളിലും ഒക്കെ പോകുന്നവരെ കാണുമ്പോൾ രതിമോഹം ഇളകുന്ന രോഗമുണ്ട്, Abasiophilia. ആർക്കും കണ്ണിനു നേരെ കണ്ടുകൂടാത്ത മൂക്കിന് നേരെ അടുപ്പിച്ചു കൂടാത്ത വൃത്തികെട്ട മലം കാണുമ്പോൾ ലൈംഗിക ഉണർവുണ്ടാകുന്ന ഒരു രോഗമുണ്ട് , എന്ത് ചെയ്യാനാ? :-Coprophilia. പോരാഞ്ഞിട്ട് വേറൊരു പേരു കൂടി, scatophilia.
അടുത്തത് നിങ്ങൾ കരുതിയത് തന്നെ, അതിൻ്റെ അയൽവാസി! അതുണ്ടാവുമ്പോൾ പിന്നെ ഇതും ഉണ്ടാവണമല്ലോ? അല്ലാതെങ്ങനെയാ. മൂത്രം കാണുമ്പോഴോ മൂത്രവുമായി ബന്ധപ്പെട്ട സംഗതികളുമായി ഇടപഴകുമ്പോഴോ രതി ഉണരുന്നു. നല്ല യോജിപ്പുള്ള, ഓർത്തിരിക്കാൻ പറ്റിയ ഒരു പേരും, Urophilia. പിന്നെ എന്തിന് അതുമാത്രം ഒഴിവാക്കണം. എല്ലാതരവും പോന്നോട്ടെ. അധോവായു വിടുമ്പോൾ,അതിൻ്റെ സ്ഫോടനം കേൾക്കുമ്പോൾ, അതിൻ്റെ ദുർഗന്ധം പടരുമ്പോൾ രതി ഉണരുന്ന രോഗം. ഈ നാറ്റക്കേസിന്റെ പേര്, Eproctophilia.
പൊതുവേ മനുഷ്യർക്ക് യൗവനത്തുടിപ്പിനോടാണ് പ്രിയം. എന്നാൽ ചിലരുണ്ട്. വയസ്സന്മാരെയും വയസ്സത്തിമാരേയും കാണുമ്പോൾ ഉണരുന്നവർ. നരയും ജരയും അവരിൽ രതി കത്തിക്കുന്നുണ്ടാകണം. Gerontophilia. പൊതുവേ ആളുകൾ സെക്സിന് ഇഷ്ടപ്പെടുക സമാധാനത്തെയാണ്. അതുമായി ബന്ധപ്പെട്ട എല്ലാത്തിനും ഒരു ശാന്തതയും ഒരു സാവധാനവും ഒരു സമാധാനവും ഒക്കെ വേണം. എന്നാൽ ചില മൂഷികരുണ്ട്. നമ്പർവൺ കുറ്റവാളികളെ കാണുമ്പോൾ, കൊലപാതകങ്ങളിലെ ഒന്നാം പ്രതികളെ കാണുമ്പോൾ രതി തിളക്കുന്നവർ. Hybristophilia.
ഞാൻ വിജയിക്കുന്നു, എനിക്ക് മോക്ഷം ഉണ്ടാവുന്നു എന്നൊക്കെ കരുതുമ്പോൾ ആണല്ലോ മനുഷ്യ മനസ്സിന് സമാധാനവും അതുവഴിയാണല്ലോ ലൈംഗിക ഉണർച്ചയും ഒക്കെ ഉണ്ടാവാൻ പറ്റിയ സമയം. എന്നാൽ നേരെ തിരിച്ചുള്ള ചില മനുഷ്യരുണ്ട്. ഞാൻ നശിക്കുകയാണ്, ഞാൻ നരകത്തിലേക്ക് പോവുകയാണ്, ഞാൻ ശപിക്കപ്പെട്ടവൻ ആവുകയാണ് എന്നൊക്കെ ചിന്തിക്കുമ്പോൾ ലൈംഗികത ഉണരുന്ന കേട്, Stygiophilia.
അതുപോലെ അപകടത്തിൽപ്പെട്ടിരിക്കുന്നു, കൊള്ളക്കാർ പിടിച്ചിരിക്കുന്നു, സാധനങ്ങളെല്ലാം കള്ളന്മാർ കട്ടുകൊണ്ടുപോവുന്നു എന്നൊക്കെ അറിയുമ്പോൾ ലൈംഗികമായി ഉത്തേജിതമാവുന്നവരുണ്ട്. അവർക്കുള്ളത് Chremastistophilia എന്ന ദീനമാണ്. സാധനങ്ങൾക്കെല്ലാം തീ പിടിച്ചിരിക്കുന്നു, മൊത്തം കത്തിപ്പിടിക്കുകയാണ്, എല്ലാം ഇപ്പോൾ ചാമ്പലാവും എന്നൊക്കെ നേരിട്ട് കാണുമ്പോൾ അറിയുമ്പോൾ രതിയിളകുന്ന രോഗമാണ് Pyrophilia.
ശരീരത്തിലൂടെ ഉറുമ്പുകളോ പാറ്റകളോ ഈച്ചകളോ നടക്കുമ്പോൾ ലൈംഗിക ഉത്തേജനം ഉണ്ടാവുന്ന രോഗം ഉണ്ട് Formicophilia. മറ്റുള്ളവർ നഗ്നരായി നിൽക്കുന്നതോ വസ്ത്രം മാറുന്നതൊ രതി ബന്ധത്തിൽ ഏർപ്പെടുന്നതോ കട്ടുനോക്കി കാമത്തീ കത്തിച്ചെടുക്കുന്ന ചില രോഗികൾ ഉണ്ട്. രോഗ പേര് Voyeurism. ഇനിയുമുണ്ട് കേൾക്കാൻ കാതുകൾക്ക് ആവതില്ലാത്ത കാമദീനങ്ങൾ. ഇപ്പോൾ നമ്മുടെ ആവശ്യത്തിന് ഇതു മതി, ധാരാളം. ഇതി രതിയാഹ!



