സംസാരം, പുതിയത് എന്നൊക്കെയാണ് ഹദീസ് എന്ന വാക്കിന്റെ അർത്ഥം. സാങ്കേതികമായി പ്രവാചകൻ്റെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവയ്ക്കാണ് ഹദീസ് എന്ന് പറയുന്നത്. അപ്പോൾ ഹദീസ് മൂന്നു ഭാഗമായി മാറുന്നു. വാക്ക്, പ്രവൃത്തി, മൗനാനുവാദം. 'സർവ പ്രവൃത്തികളും സദുദ്ദേശ്യം കൊണ്ടേ സ്വീകാര്യമാവൂ' എന്നൊരു ഹദീസുണ്ട്. ഇമാം ബുഖാരിയാണ് അത് റിപ്പോർട്ട് ചെയ്തത്. അത് പ്രവാചകൻ്റെ വാക്കുകളിൽ പെടുന്ന ഹദീസാണ്. മറ്റൊരു ഹദീസുണ്ട്. അലി ഉദ്ധരിച്ച ആ ഹദീസ് ഇങ്ങനെയാണ്: 'പ്രവാചകൻ വലിയ അശുദ്ധി (കുളിക്കൽ നിർബന്ധമാകുന്ന ഘട്ടം) ഇല്ലാത്തപ്പോഴൊക്കെ ഖുർആൻ പാരായണം ചെയ്യാറുണ്ട്.' പ്രവാചകൻ്റെ പ്രവൃത്തിയാണിത്. അതുകൊണ്ട് ഇതും ഹദീസാണ്.
ഇനി, മൂന്നാമത്തെ വിധം ഹദീസുകൾ മൗനാനുവാദങ്ങളാണ്. എതിർപ്പേതുമില്ലാതെ പ്രവാചകൻ അംഗീകരിച്ച വാക്കുകളും പ്രവൃത്തികളുമാണ്. തിരുനബിക്ക് ശേഷം നമ്മുടെ സമൂഹത്തിലെ വിശിഷ്ടർ, അബൂബക്കറും ഉമറുമാണെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നുവെന്ന് ഇബ്നു ഉമർ പറയുന്നുണ്ട്. ഇതു കേട്ടിട്ടും തിരുനബി എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നത് വ്യക്തം. ഈ വാക്ക് മൗനത്തിലൂടെ പ്രവാചകൻ അംഗീകരിക്കുകയായിരുന്നു. മറ്റൊരനുഭവം: “ഞങ്ങൾ നിവേദകസംഘം മദീനയിൽ ചെല്ലുകയും പ്രവാചകൻ്റെ കൈയും കാലും ചുംബിക്കുകയും ചെയ്തു.” പ്രവാചകൻ്റെ ശിഷ്യനായ സാരിഅയാണ് ഈ അനുഭവം പറയുന്നത്.
ഹദീസിന് 'സുന്നത്ത്' എന്നും പറയാറുണ്ട്. ചര്യ എന്നാണ് 'സുന്നത്ത്' എന്നതിന്റെ ഭാഷാർത്ഥം. സാങ്കേതികാർത്ഥത്തിൽ സുന്നത്ത് മൂന്ന് രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ഖുർആനും സുന്നത്തും എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്ന 'സുന്നത്ത്' ആണ് ഹദീസ് എന്ന അർത്ഥത്തിന് പ്രയോഗിക്കുന്നത്. എന്നാൽ 'ചെയ്താൽ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതും' എന്ന അർത്ഥത്തിനും ‘ഇസ്ലാമിൽ തെളിവുള്ള കാര്യം’ എന്ന അർത്ഥത്തിനും "സുന്നത്ത്" എന്നുപയോഗിക്കാറുണ്ട്. ഹദീസ്, ജീവിതത്തിൻ്റെ നാനാതുറകളിലും മാർഗദർശനവും പരിഹാരവുമാണ്.
“അങ്ങേയ്ക്ക് നാം ഉദ്ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്ക് ഇറങ്ങിയത് അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടി” (സൂറ: അന്നഹ്ൽ 44).
ഖുർആനിക വചനങ്ങളുടെ ബാഹ്യാർത്ഥവും ആന്തരികാർത്ഥവും നിയമം ദുർബലമാക്കപ്പെട്ടതും (മൻസൂഖ്) അല്ലാത്തതും മനസ്സിലാവാൻ ഹദീസ് പഠനം അനിവാര്യമാണ്. സുഫ്യാനുസ്സൗരി പറയുന്നു: “അല്ലാഹുവിൻ്റെ തൃപ്തി കാംക്ഷിക്കുന്നവന് ഹദീസ് വിജ്ഞാനത്തേക്കാൾ ശ്രേഷ്ഠമായ ഒന്നും എന്റെ അറിവിലില്ല.” പഠനത്തിൽ മാത്രമല്ല ഹദീസിന്റെ പുണ്യം; അതിന്റെ അധ്യാപനത്തിലും ഹദീസ് കൈമാറ്റത്തിലുമൊക്കെ മഹത്തായ പുണ്യവും അനുഗ്രഹവുമുണ്ട്.
നബിയുടെ വിയോഗശേഷം ലോകമാകെ യാത്ര ചെയ്ത ശിഷ്യന്മാർ ഹദീസുകളുടെ അനുഭവങ്ങളും കൊണ്ടാണ് ജനങ്ങളെ സമീപിച്ചത്. അങ്ങനെ, നബിയെ കണ്ടവരെ കാണാനുള്ള ഭാഗ്യം ഒരു വിധം സമൂഹങ്ങൾക്കൊക്കെ കിട്ടി. പ്രവാചകൻ്റെ പൊരുളുകൾ കൊണ്ട് ലോകം ചുറ്റിയവരെ പിന്നീട് അവരുടെ ശിഷ്യന്മാർ പകർത്തി. അവരത് അടുത്ത തലമുറക്ക് പകർന്നു. ലോകമിപ്പോഴും കണ്ണിമുറിയാതെ ഹദീസുകൾ കേട്ടുകൊണ്ടേയിരിക്കുന്നു. നബി കണ്ടതും കേട്ടതും ചിരിച്ചതും കരഞ്ഞതും ആ മുഖം വാടിയതും വിരിഞ്ഞതും എന്നുവേണ്ട, പ്രവാചകൻ്റെ ഓരോ രംഗവും പിൽക്കാലം ഭവ്യതയോടെ പകർന്നു ജീവിക്കുന്നു.
വിടവാങ്ങൽ ഹജ്ജിൻ്റെ സമയത്ത് ഹദീസ് കൈമാറുന്നവരെ പ്രവാചകൻ ശ്ലാഘിച്ചു. “എൻ്റെ വാക്ക് കേട്ട് കൈമാറ്റം ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കട്ടേ.” അബൂസഈദിൽ ഖുദ്രിയാണ് ഇതു റിപ്പോർട്ട് ചെയ്തത്. “എൻ്റെ പ്രതിനിധികളോട് നീ കൃപ കാട്ടണേ…” എന്ന് പ്രവാചകൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും നല്ലൊരു ആശംസ. അപ്പോൾ ശിഷ്യന്മാർ ചോദിച്ചു: “ആരാണ് അങ്ങയുടെ പ്രതിനിധികൾ?” “എൻ്റെ ഹദീസുകൾ പഠിപ്പിക്കുന്നവർ” എന്നായിരുന്നു മറുപടി. പ്രവാചകശിഷ്യനായ ഇബ്നു അബ്ബാസ് ആണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്.
പ്രയാസം സഹിച്ച് ഹദീസ് ശേഖരിക്കുകയും കൈമാറുകയും ചെയ്ത സംഭവങ്ങളുണ്ട്. ഖത്വീബുൽ ബഗ്ദാദി ഒരു സംഭവം പറയുന്നുണ്ട്: “ജാബിറുബ്നു അബ്ദുല്ല പറയുന്നു: ‘നബിയുടെ ഒരു ശിഷ്യന്റെ കൈവശം ഞാൻ കേൾക്കാത്ത ഒരു ഹദീസുണ്ടെന്ന് വിവരംലഭിച്ചു. ഞാൻ ആ ഹദീസ് സ്വീകരിക്കാൻ പോകാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഒട്ടകം വാങ്ങി. യാത്രാ സാമഗ്രികളൊക്കെ തയാറാക്കി. യാത്രയാരംഭിച്ചു. ഒരു മാസം യാത്ര ചെയ്തു. ശാമിലെത്തി. അവിടെയാണ് ഈ ഹദീസ് പഠിച്ച പ്രവാചകശിഷ്യനുള്ളത്; അബ്ദുല്ലാഹിബ്നു ഉനൈസ് അൽ അൻസാരി. അവിടെ കണ്ട അടിമയോട് ജാബിർ പുറത്തുണ്ടെന്ന് പറയാൻ പറഞ്ഞു. അടിമ അകത്തേക്ക് പോയി. ഉടനെ മടങ്ങി വന്നു.
അടിമ: ‘ജാബിറുബ്നു അബ്ദുല്ലയാണോ?’
ഞാൻ പറഞ്ഞു: ‘അതെ’ അടുത്ത നിമിഷം അബ്ദുല്ലാഹിബ്നു ഉനൈസ് പുറത്തെത്തി. പരസ്പരം ആലിംഗനം ചെയ്തു.
ഞാൻ ചോദിച്ചു: ‘നിങ്ങളുടെ കൈവശം ഞാൻ കേൾക്കാത്ത ഹദീസ് ഉണ്ടെന്നറിഞ്ഞു. അത് കേൾക്കുന്നതിൻ്റെ മുമ്പ് ഞാനോ നിങ്ങളോ മരണപ്പെടാതിരിക്കട്ടെ.’
അബ്ദുല്ലാഹിബ്നു ഉനൈസ് ആ ഹദീസ് വിശദീകരിച്ചു. അതിങ്ങനെയാണ്: ‘തിരുനബി അരുളി: ‘അല്ലാഹു അടിമകളെ നഗ്നരായും ചേലാകർമം ചെയ്യപ്പെടാത്തവരായും ഒന്നുമേ ഇല്ലാത്തവരായും ഒരുമിച്ചു കൂട്ടും. അങ്ങനെ, എല്ലാവരും കേൾക്കും വിധത്തിൽ അല്ലാഹുവിന്റെ സന്ദേശം വിളിച്ചുപറയുന്ന ഒരു മലക്ക് വിളിച്ചു പറയും: 'ഞാനാണ് രാജാവ്, പ്രതിഫലം നൽകുന്നവനും ഞാനാണ്. ചെയ്ത അക്രമത്തിന് പകരം ചോദിക്കുന്ന ഒരു നരകാവകാശി ഉണ്ടായിരിക്കെ ഒരു സ്വർഗാവകാശിയും സ്വർഗത്തിലേക്കുപോവില്ല. അക്രമത്തിന് പകരം ചോദിക്കുന്ന സ്വർഗാവകാശി ഉണ്ടായിരിക്കെ ഒരു നരകാവകാശിയും നരകത്തിലും കടക്കുകയില്ല.’
‘അനുചരർ ആശ്ചര്യത്തോടെ ചോദിച്ചു: ‘നബിയേ, അന്നേരം നാം എന്ത് പ്രായശ്ചിത്തം നൽകും? കയ്യിൽ ഒന്നുമുണ്ടാവില്ലല്ലോ?’ ‘അക്രമിക്ക് അക്രമിക്കപ്പെട്ടവൻ്റെ ദോഷങ്ങൾ കൊടുക്കും. അക്രമിക്കപ്പെട്ടവന് അക്രമിയുടെ നന്മയും നൽകും.’നബി മറുപടി പറഞ്ഞു.”
അങ്ങനെ എണ്ണമറ്റ ഹദീസുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ഏറെയും പ്രവാചകശിഷ്യന്മാരുടെ വളരെ കൃത്യവും സൂക്ഷ്മത നിറഞ്ഞതുമായ മനഃപാഠങ്ങളായിരുന്നു.
തിരുനബിയുടെ കൂടെനടന്ന് ഹദീസ് പകർത്തിയ അബൂഹുറൈറ, 5374 ഹദീസ് ലോകത്തിനു കൈമാറി. തൊട്ടുപിന്നിൽ ഇബ്നു അബ്ബാസ്, 2660 ഹദീസ്. നബി പത്നി ആഇശ, 2210 ഹദീസ്, 1630 ഹദീസ് അബ്ദുല്ലാഹി ബ്നു ഉമർ. 1560 ഹദീസ് ജാബിറുബ്നു അബ്ദുല്ലയും കൈമാറി. നബിയുടെ സേവകനായി പത്തുവർഷം ജീവിച്ച അനസ് ബ്നു മാലിക് 1286 ഹദീസുകളും, അബൂ സഈദിൽ ഖുദ്രിയ്യ് 1170 ഹദീസും ലോകത്തിന് നൽകി. തിരുനബിയിൽ നിന്ന് നേരിട്ട് ഹദീസ് സ്വീകരിച്ച നബിയനുചരരുടെ കാലം രണ്ടാം നൂറ്റാണ്ട് വരെ നീണ്ടു നിന്നു. ആമിറുബ്നു വാസിലത്തുല്ലൈസിയാണ് അവസാനം ലോകത്തോട് വിടവാങ്ങിയ സ്വഹാബി. പിന്നീട് പ്രവാചകശിഷ്യന്മാരുടെ ശിഷ്യന്മാർ. ഇവർക്ക് താബിഉകൾ എന്നു പറയും. മൂന്ന് തട്ടുകളാണിവർ.
1) മുതിർന്ന പ്രവാചക ശിഷ്യന്മാരെ കണ്ടവർ.
2) കൂടുതൽ പേരെ കണ്ടവർ.
3) ഒന്നോ രണ്ടോ പേരെ മാത്രം കണ്ടവർ.
മദീനയിൽ 355 താബിഉകളുണ്ടായിരുന്നു. ഒന്നാം വിഭാഗത്തിൽ പെട്ട 139 ഉം രണ്ടാം വിഭാഗത്തിൽ പെട്ട 129 ഉം മൂന്നാം വിഭാഗത്തിൽ പെട്ട 87 ഉം ആളുകളായിരുന്നു അവർ.
ഹദീസ് സൂക്ഷിപ്പിൻ്റെ പ്രധാന അവലംബം കൃത്യമായ മനഃപാഠമാക്കലാണെങ്കിലും പലരും എഴുതിവെക്കാറുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് കേൾക്കുന്നതെല്ലാം എഴുതിവെക്കാറുണ്ടായിരുന്നു. ആഇശ ബീവിയിൽ നിന്ന് കേൾക്കുന്ന ഹദീസുകളെല്ലാം എഴുതി വെക്കുന്ന പതിവ് അബ്ദുല്ലാഹിബ്നു സുബൈറിനുമുണ്ടായിരുന്നു. ഒരു അൻസ്വാരിസ്വഹാബി തനിക്ക് മനഃപാഠശക്തിയില്ല എന്ന് തിരുനബിയോട് ആവലാതിപ്പെടുന്നതും എങ്കിൽ, എഴുതി വെച്ചോളൂ എന്ന് മുത്തുനബി പരിഹാരം പറയുന്നതും കാണാം. ചിലരെല്ലാം ഗ്രന്ഥങ്ങളാക്കിയതും കാണാം. ഹദീസിലെ ആദ്യത്തെ ഗ്രന്ഥം 'അസ്വഹീഫത്തു സ്വാദിഖ' എന്ന ഗ്രന്ഥമാണ്. അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസാണ് ഇത് രചിച്ചത്. 1000 ഹദീസ് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹുമാമുബ്നു മുനബ്ബഹ് രചിച്ച അസ്വഹീഫത്തു സ്വഹീഹയാണ് ഈ വിഷയത്തിലെ രണ്ടാമത്തെ ഗ്രന്ഥം.
എന്നാൽ, ചിലരോട് ഹദീസുകൾ എഴുതിവെക്കരുതെന്ന് തിരുനബി പറഞ്ഞതായി കാണാം. മനഃപാഠമാക്കാനുള്ള കഴിവ് ഉണ്ടായിരിക്കെ എഴുതി വെക്കുന്നവരോടാണ് ഈ നിർദേശം. ഖുർആനും ഹദീസും തമ്മിൽ കൂടിക്കലരുമെന്ന ഭയത്താൽ ഇസ്ലാമിൻ്റെ തുടക്ക കാലത്തുള്ള വിലക്കായിരുന്നു അതെന്നും പിന്നീട് ഒഴിവാക്കിയെന്നും പണ്ഡിതന്മാർ പറയുന്നു.
കാലക്രമേണ ഇസ്ലാം വ്യാപിച്ചു. ഒട്ടേറെ നബി ശിഷ്യന്മാർ മരണപ്പെടാൻ തുടങ്ങി, മനഃപാഠമുള്ളവരുടെ മരണംമൂലം ഹദീസുകൾ നഷ്ടപ്പെടുമെന്ന് ഭയന്നു. ക്രോഡീകരണം അനിവാര്യമായി. അങ്ങനെ ഹദീസ് ശേഖരിച്ച് എഴുതിവെക്കാൻ ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ് ഉത്തരവിട്ടു. ഓരോ രാജ്യത്തേക്കും ഈ നിർദേശം അറിയിച്ചു. ഈ നിർദേശപ്രകാരം ആദ്യ ക്രോഡീകരണം നടത്തിയവരാണ് റബീഉബ്നു സ്വബീഹും സഈദുബ്നു അബീ അറൂബയും. പിന്നീട്, ധാരാളം പണ്ഡിതർ ഈ വഴിക്ക് തിരിഞ്ഞു. മദീനയിൽ ഇമാം മാലിക് മുവത്വ എന്ന ഗ്രന്ഥം രചിച്ചു. മക്കയിൽ രചന നടത്തിയത് അബ്ദുൽ മലിക്ബിനു ജുറൈജ് ആണ്. അബ്ദുറഹ്മാൻ അൽ ഔസാഈ ശാമിലും സുഫ്യാനുസ്സൗരി കൂഫയിലും ഹമ്മാദുബ്നു സലമത്തുബ്നു ദീനാർ ബസ്വറയിലും ഹദീസുകൾ ക്രോഡീകരിച്ചു. പൊതുവെ, പത്തു രൂപത്തിലാണ് ഹദീസ് ക്രോഡീകരണം നടത്താറുള്ളത്. അവ താഴെ വിശദീകരിക്കാം.
1) ജാമിഅ് - ഹദീസിലെ വിധികൾ, ചര്യകൾ, ഖുർആൻ വ്യാഖ്യാനം, ചരിത്രം തുടങ്ങിയവയെല്ലാം അടങ്ങിയ സമാഹാരം. ഈ രൂപത്തിലാണ് ഇമാം ബുഖാരിയും തുർമുദിയും രചന നടത്തിയത്. എന്നാൽ, സ്വഹീഹ് മുസ്ലിമിൽ പരിഗണിക്കപ്പെടാവുന്നത്ര ഖുർആൻ വ്യാഖ്യാനം ഇല്ലാത്തത് കൊണ്ട് ഈ ഗണത്തിൽ പെടുത്താറില്ല.
2) സുനൻ - ഇതിൽ മതവിധികളെ സംബന്ധിച്ച ഹദീസുകളാണ് ഉള്ളത്. ശുദ്ധി മുതൽ ഒസ്യത്ത് വരെയുള്ള എല്ലാ വിധികളും ഇതിൽ ഉൾപെടും.
3) മുസ്നദ് - ഓരോ സഹാബിയുടെയും പേരിനുകീഴിൽ അവർ റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഒന്നിച്ച് ഉദ്ധരിക്കുന്ന രീതി.
4) മുഅ്ജം - ഹദീസ് ശാസ്ത്രജ്ഞന്മാരുടെ (ശൈഖ്) ക്രമമനുസരിച്ച് ക്രോഡീകരിച്ചത്. വിടപറഞ്ഞ കാലത്തിൻ്റെ അടിസ്ഥാനത്തിലോ ശ്രേഷ്ഠതയുടെ അടിസ്ഥാനത്തിലോ അക്ഷരമാലയുടെ അടിസ്ഥാനത്തിലോ ആകാം ശൈഖുമാരുടെ ക്രമം.
5) ജുസ്അ് - ഒരാൾ റിപ്പോർട്ട് ചെയ്ത ഹദീസുകളോ പ്രത്യേക വിഷയത്തിലുള്ള ഹദീസുകളോ ആണ് ഇങ്ങനെയുള്ള ഗ്രന്ഥങ്ങളിലുണ്ടാവുക.
6) അർബഈനിയ്യാത്ത് - ഒരു വിഷയത്തിലുള്ള നാൽപത് ഹദീസ്. അല്ലെങ്കിൽ, ഒരു സനദിലൂടെയോ (പരമ്പര) ധാരാളം സനദിലൂടെയോ വന്ന നാൽപത് ഹദീസ്.
7) മുസ്തഖ്റജ് - ഒരു ഗ്രന്ഥത്തിലെ ഹദീസുകൾ ഗ്രന്ഥകർത്താവിന്റേതല്ലാത്ത സനദിലൂടെ കൊണ്ടുവരികയും അവ രണ്ടും ഗ്രന്ഥകർത്താവിന്റെ ശൈഖിൽ ഒരുമിച്ചു കൂടുകയും ചെയ്യുന്ന രൂപത്തിലുള്ള ഹദീസുകളാണിവ.
8) മുസ്തദ്റക് - നിശ്ചിത ഗ്രന്ഥത്തിൻ്റെ നിബന്ധനകൾ യോജിച്ചു വന്നിട്ടും രേഖപ്പെടുത്താതിരുന്ന ഹദീസുകൾ ക്രോഡീകരിക്കുന്നതാണിവ.
9) അത്വറാഫ് - ഹദീസിൽ നിന്ന് അൽപം മാത്രം പറഞ്ഞ ഗ്രന്ഥം. അതിന്റെ ബാക്കി ഭാഗത്തെ കൂടി പ്രതിനിധീകരിക്കാൻ ഈ അൽപഭാഗത്തിന് സാധിക്കും.
10) ഇലൽ - പ്രശ്നങ്ങൾ പറയപ്പെട്ട ഹദീസുകൾ. പ്രശ്നങ്ങൾ വിശദീകരിച്ചിട്ടുണ്ടാകും.
ക്രമേണ ഹദീസുകൾ എല്ലാവരും കൈമാറുന്ന അവസ്ഥ വന്നു. വ്യതിയാന ചിന്തകർ ആവശ്യാനുസരണം ഹദീസുകളിൽ മാറ്റം വരുത്താനും തുടങ്ങി. അതോടെ ഹദീസുകൾ സ്വീകരിക്കുന്നതിൽ കണിശത പുലർത്താനും പരമ്പര പരിശോധിച്ച് ഹദീസിന്റെ സ്വീകാര്യത ഉറപ്പുവരുത്താനും പണ്ഡിതന്മാർ ജാഗരൂകരായി. ഈ ഒരവസ്ഥയെ താബിഉകളിൽ പെട്ട മുഹമ്മദ് ബ്നു സീരീൻ ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്:
“ആദ്യകാലങ്ങളിൽ സനദിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലായിരുന്നു. അങ്ങനെ, കുഴപ്പങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഹദീസ് പണ്ഡിതന്മാർ പറയും, ‘നിങ്ങളുടെ നിവേദകരുടെ പേര് പറയൂ.’ നിവേദകർ അഹ്ലുസ്സുന്നയുടെ ആളുകളാണെങ്കിൽ സ്വീകരിക്കും അല്ലെങ്കിൽ തള്ളിക്കളയും.’”
അങ്ങനെയാണ് ഹദീസ് നിദാനശാസ്ത്രം പിറവി കൊള്ളുന്നത്. ഹദീസ് നിദാനശാസ്ത്രത്തിൽ ആദ്യം ഗ്രന്ഥരചന നടത്തിയത് അൽഖാസി അബൂ മുഹമ്മദ് അൽഹസൻ അർറാമഹുർമുസി ആണ്. പിന്നീട്, ധാരാളം പണ്ഡിതന്മാർ രചന നടത്തി. അവരിൽ പ്രമുഖരാണ് അൽഹാഫിള് അബൂഅബ്ദില്ലാഹ് അന്നൈസാബൂരി, അൽഹാഫിള് അബൂ നഈം അഹ്മദ് അൽ ഇസ്ഫഹാനി, അൽഹാഫിള് അബൂബക്കർ അഹ്മദ് അൽബഗ്ദാദി എന്നിവർ.
