തിരുനബിയുടെ കാലത്ത് തന്നെ ഖുർആൻ എഴുതിയത് പോലെ പലരും ഹദീസുകളും (നബിയുടെ സംസാരം, പ്രവൃത്തി, മൗനാനുവാദം) എഴുതി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഖുർആൻ എഴുതിയതുപോലെ പരിപൂർണമായി ഹദീസുകൾ രേഖപ്പെടുത്താതിരിക്കാൻ കാരണം, തിരുനബി ചിലസമയങ്ങളിൽ ഹദീസ് എഴുതുന്നതിന് പ്രതികൂലിച്ചും ചിലസമയങ്ങളിൽ അനുകൂലിച്ചും സംസാരിച്ചിട്ടുണ്ട് എന്നതാണ്.
ഇമാം ദാരിമി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം. മഹാനായ അബ്ദുല്ലാഹിബിന് അംറുബ്നുൽ ആസ് പറയുന്നു: "ഞാൻ സ്ഥിരമായി ഹദീസ് എഴുതിവെക്കാറുണ്ടായിരുന്നു. ഒരിക്കൽ ഖുറൈശി ഗോത്രത്തിലെ ചിലർ വന്ന് എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. അവർ പറഞ്ഞു: ‘നബി തങ്ങൾ മനുഷ്യനല്ലേ ദേഷ്യത്തിലും അല്ലാതെയും സംസാരങ്ങൾ ഉണ്ടാവാം അതുകൊണ്ട് എഴുതി വെക്കരുത്.’ അങ്ങനെ ഞാൻ എഴുത്തു നിർത്തി. ഇക്കാര്യം തിരുനബിയോട് ഉണർത്തിയപ്പോൾ തങ്ങൾ പറഞ്ഞു: ‘ഈ നാവിലൂടെ വരുന്നതെല്ലാം നീ എഴുതി വെച്ചോ; ഇതിലൂടെ സത്യം മാത്രമേ വരൂ.’”
ഇമാം തിർമിദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഒരു അൻസാരിയായ സ്വഹാബി തൻ്റെ ഓർമ്മക്കുറവിനെ കുറിച്ച് പരാതി പറഞ്ഞപ്പോൾ നബി തങ്ങൾ എഴുതി വെക്കാൻ പറഞ്ഞു.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ അബൂ ശാഹ് എന്ന് പേരുള്ള യമൻകാരനായ ഒരു സ്വഹാബി ഫത്ഹു മക്കയിലെ നബിതങ്ങളുടെ പ്രസംഗം എഴുതി തരാൻ വേണ്ടി സ്വഹാബികളോട് ആവശ്യപ്പെടുന്നു. അവർ നബി തങ്ങളോട് എഴുതിക്കൊടുക്കാൻ സമ്മതം ചോദിക്കുന്നു. അപ്പോൾ നബി തങ്ങൾ പറഞ്ഞു: “അബൂ ഷാഹിന് നിങ്ങളെഴുതിക്കൊടുക്കൂ.”
റാഫിഅ് ബിനുഖദീജ് ഒരിക്കൽ നബി തങ്ങളോട് ചോദിച്ചു: “ഞാൻ നിങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ കേൾക്കുന്നു അതൊന്ന് എഴുതി വെച്ചോട്ടെ.” അപ്പോൾ നബി തങ്ങൾ പറഞ്ഞു: “എഴുതി വെച്ചോളൂ.”
അതേസമയം, സ്വഹീഹ് മുസ്ലിമിൽ അബൂ സഈദ് അൽ ഖുദ്രി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം. നബിതങ്ങൾ പറഞ്ഞു: “എന്നെ തൊട്ട് ഖുർആനല്ലാത്ത ഒന്നും എഴുതി വെക്കരുത്. ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതു മായ്ച്ചു കളയട്ടെ.”
അബൂഹുറൈറ പറയുന്നു: "ഒരിക്കൽ നബി തങ്ങൾ എൻ്റെ അടുത്തേക്ക് കടന്നുവന്നു. ആ സമയം ഞാൻ ഹദീസ് എഴുതുകയായിരുന്നു.
‘എന്താണ് എഴുതുന്നത്?’ തങ്ങൾ ചോദിച്ചു.
‘ഞാൻ നിങ്ങളിൽ നിന്ന് കേട്ട ഹദീസ് എഴുതുകയാണ്.’
‘ദൈവിക വചനത്തോടുകൂടെ അതല്ലാത്തതും എഴുതിവെച്ചതുകൊണ്ടാണ് മുൻകാല സമുദായക്കാർ നശിച്ചു പോയത്.’ നബി തങ്ങൾ ഓർമ്മപ്പെടുത്തി.”
ഇത്തരത്തിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നബി തങ്ങൾ സംസാരിച്ചത് കൊണ്ട്തന്നെ സ്വഹാബികൾ ഈ വിഷയത്തിൽ അഭിപ്രായഭിന്നതയുള്ളവരായിരുന്നു. മഹാനായ ഇബ്നു ഉമർ, ഇബ്നു മസ്ഊദ്, അബൂമൂസൽ അശ്അരി, സെയ്ദുബ്നു സാബിത്ത്, അബു സഈദിനിൽ ഖുദ്രി, അബൂഹുറൈറ തുടങ്ങിയ ധാരാളം സഹാബികൾ ഹദീസ് എഴുതുന്നതിനെ നിരുത്സാഹപ്പെടുത്തിയപ്പോൾ, ഉമർ, അലി, ഹസൻ, അബ്ദുല്ലാഹിബിന് അംറുബ്നുൽ ആസ്, അനസ്, ജാബിർ, ഇബ്നു അബ്ബാസ് തുടങ്ങിയ ധാരാളം സഹാബികൾ ഹദീസ് എഴുതുന്നതിന് അനുകൂലമായിരുന്നു.
ഖുർആൻ വിട്ട് ഹദീസിന്റെമേൽ അവലംബിക്കും, ഖുർആനും ഹദീസും കൂട്ടിക്കലർത്തി എഴുതും എന്നിങ്ങനെ ഭയപ്പെട്ടത്കൊണ്ടാണ് നബി തങ്ങൾ തുടക്കകാലത്ത് അവരെ ഹദീസ് എഴുതുന്നതിൽ നിന്നും വിലക്കിയത്. പിന്നീട്, എഴുതാൻ സമ്മതം കൊടുത്തു. ശേഷം താബിഉകളുടെ കാലത്ത് ഹദീസ് എഴുതിവെക്കൽ അനിവാര്യമാണെന്നതിൽ മുസ്ലിംലോകം ഏകോപിച്ചിട്ടുണ്ടെന്നും ഹദീസ് എഴുത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹദീസുകളെ സംയോജിപ്പിച്ച് കൊണ്ട് ഇമാം അസ്ഖലാനി അടക്കമുള്ള ഹദീസ് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
ഹദീസ് ക്രോഡീകരണം പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഹിജ്റ 1 മുതൽ 70 വരെയുള്ള ഹദീസ് എഴുതി രേഖപ്പെടുത്തലിന്റെ ഘട്ടം, ഹിജ്റ 70 മുതൽ 120 വരെയുള്ള ഹദീസ് ക്രോഡീകരണ ഘട്ടം, ഹിജ്റ 120 മുതൽ 150 വരെയുള്ള ഹദീസ് ഗ്രന്ഥരചനാ ഘട്ടം, ഹിജ്റ 150 മുതൽ 200 വരെയുള്ള ഹദീസ് വിജ്ഞാനകോശ രചനാ ഘട്ടം
ഒന്നാം ഘട്ടം, ഖുർആൻ അവതരണ ഘട്ടമായതിനാൽ ഹദീസ് എഴുതുന്നത് തുടക്കസമയത്ത് വിലക്കിയ സാഹചര്യം നാം വിശദീകരിച്ചു, എന്നാൽ, അബ്ദുല്ലാഹിബിന് അംറുബിന് ആസിനെ പോലെയുള്ള ചില സ്വഹാബികൾക്ക് തുടക്കസമയത്ത് തന്നെ നബി തങ്ങൾ ഹദീസ് എഴുതാൻ സമ്മതം കൊടുത്തതായി കാണാം. വിലക്ക് നീങ്ങിയ ശേഷം മറ്റു പല സ്വഹാബികളും എഴുതി രേഖപ്പെടുത്താൻ തുടങ്ങി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സഅദ് ബിൻ ഉബാദയുടെ സ്വഹീഫ, അബ്ദുല്ലാഹിബിന് അംറുബിന് ആസിൻ്റെ അസ്സഹീഫത്തു സ്വാദിഖ, അബ്ദുല്ലാഹിബിനു അബീ ഔഫയുടെ സ്വഹീഫ, അബു മൂസൽ അശ്അരിയുടെ സ്വഹീഫ, ജാബിർ ബിന് അബ്ദുള്ളയുടെ സ്വഹീഫ, ഹമ്മാമു ബ്നു മുനബ്ബിഹിന്റെ അസ്സഹീഫത്തു സ്വഹീഹ തുടങ്ങിയ ഗ്രന്ഥങ്ങൾ. അതുപോലെതന്നെ ഖലീഫമാരുടെ കാലത്ത് പല നാടുകളിലേക്കും അവർ അയച്ച കത്തുകളിൽ നബി തങ്ങളുടെ ഹദീസ് രേഖപ്പെടുത്തപ്പെട്ടതായി കാണാവുന്നതാണ്.
രണ്ടാമത്തെ ഘട്ടത്തിലാണ് പിന്നീട് പൂർവാധികം ശക്തിയോടെ ക്രോഡീകരണം നടക്കുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ സ്വഹാബികൾക്ക് ഹദീസ് എഴുതുന്നതിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം പോലെ തന്നെ താബിഉകളിലും ഉണ്ടായിരുന്നു. ഇബ്രാഹിം നഖഇ, ജാബിർ ബിനു സൈദ്, ഇബ്രാഹിം ഇബ്നു യസീദ്, ആമിറുശ്ശഅബി തുടങ്ങിയവർ എഴുതുന്നതിനെ നിരുത്സാഹപ്പെടുത്തുകയും, സാഈദ് ബിനു ജുബൈർ, ഹസനുൽ ബസരി, സാഈദ് ബ്നുൽമുസയിബ്, ളഹാക്ക് തുടങ്ങിയവർ എഴുതുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ശേഷം, എഴുതുന്നതിൽ ഏകാഭിപ്രായം വന്നതോടെ എല്ലാവരും ഹദീസ് ക്രോഡീകരണത്തിനു വേണ്ടി കഠിനപ്രയത്നങ്ങൾ നടത്തി. ഖലീഫമാർ കത്തെഴുതിക്കൊണ്ട് പല പണ്ഡിതന്മാരെയും ഹദീസ് ക്രോഡീകരിക്കുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ആവശ്യപ്പെടുകയും ചെയ്തു.
ഉമവി ഖലീഫയായ ഉമറുബ്നു അബ്ദീൽ അസീസും അവരുടെ പിതാവും പിതാമഹനും ഇത്തരത്തിലുള്ളവരിൽ പ്രധാനികളാണ് അബ്ദുൽ അസീസ് ബിനു മർവാൻ ധാരാളം പണ്ഡിതന്മാരോട് ഹദീസ് ക്രോഡീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. കത്തെഴുതിയ കൂട്ടത്തിൽ 70 ബദ്രീങ്ങളിൽ (ബദർ യുദ്ധത്തിൽ പങ്കെടുത്ത നബി അനുചരന്മാർ) നിന്ന് ഹദീസ് പഠിച്ച കസീറുബ്നു മുർറത്തിൽ ഹള്റമിക്കും കത്തെഴുതിയിരുന്നു. അവർ ക്രോഡീകരണം തുടങ്ങിയെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല. പിന്നീട്, ഉമറുബ്നു അബ്ദുൽ അസീസ് തന്റെ ഭരണകാലത്ത് ഹദീസ് ക്രോഡീകരണത്തിന് വേണ്ടി അന്നത്തെ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു. അതിൽ മഹാനായ അബൂബക്കർ ബ്നു ഹസ്മും മുഹമ്മദ് ബിനു ശിഹാബ് അസുഹ്രിയും ഉണ്ടായിരുന്നു. ഇബ്നു ഹസ്മിന് ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചില്ല. എന്നാൽ, ഇബിനു ശിഹാബ് സുഹ്രി മദീനയിൽ ഉണ്ടായിരുന്ന എല്ലാ ഹദീസും ശേഖരിക്കുകയും ക്രോഡീകരിക്കുകയും ഉമറുബ്നു അബ്ദുൽ അസീസ് ഏൽപ്പിച്ച കാര്യം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ഇബിനു ശിഹാബ് സുഹ്രി ആദ്യമായി ഹദീസിൽ പരിപൂർണ്ണമായ ഗ്രന്ഥം രചിച്ചയാൾ എന്ന പേരിനും ഹദീസ് വിജ്ഞാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരിലും അർഹനായത്.
