വീട്ടിൽ അൽപം ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്. തിരുനബിയെ വിളിക്കണം. നോക്കുമ്പോൾ തിരുനബി ഒറ്റക്കല്ല, അനുചരന്മാരുമുണ്ട്. വിവരമറിയിച്ചു. അനുചരന്മാരോടൊപ്പമാണ് തിരുനബി വന്നത്. അബൂത്വൽഹ ആശങ്ക മറച്ചുവെച്ചില്ല: “നബിയേ, അങ്ങേക്ക് മാത്രം അൽപം ഭക്ഷണമേ തയാറാക്കിയിട്ടുള്ളൂ.” ഉടനെ തിരുനബി ഭക്ഷണത്തിൽ തൊട്ടു. ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് അവിടുന്ന് പത്ത് അനുചരർക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞു. അവർ കഴിച്ചു. അടുത്ത പത്തുപേർക്കുകൂടി കൊടുക്കാൻ പറഞ്ഞു. അവരും കഴിച്ചിറങ്ങി. വീണ്ടും പത്ത്. അങ്ങനെയങ്ങനെ... എല്ലാവരും കഴിച്ചു. ആദ്യമുണ്ടാക്കിയ അൽപം ഭക്ഷണം ഇപ്പോഴും പാത്രത്തിലുണ്ട്. ഈ സംഭവം ലോകത്തോട് പറഞ്ഞത് അനസ് ആണ്. മാലികിന്റെ മകൻ അനസ്. അബൂഹംസ എന്നാണ് വിളിപ്പേര്. തിരുനബിയുടെ സേവകനായിരുന്നു പത്തുവർഷം.
മദീനയിലേക്ക് വരുമ്പോൾ അനസിന് പത്തുവയസ്സായിരുന്നു. തിരുനബിയുടെ വിയോഗം സംഭവിക്കുമ്പോൾ ഇരുപത് വയസ്സ്. സേവകനായി ബദ്റിലും പോയിട്ടുണ്ട്. ധാരാളം സമ്പത്തും സന്താനങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തിന്. എൺപത് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. തിരുനബിയുടെ പ്രാർഥനയാണ് അനസിനെ ഈ രൂപത്തിൽ അഭിവൃദ്ധിയിലാക്കിയത്. മരിക്കുന്ന സമയത്ത് സന്താന പരമ്പര 120ൽ എത്തിയിട്ടുണ്ട്. ബസ്വറയിൽ അവസാനം വിടപറഞ്ഞ നബി ശിഷ്യനാണ് അനസ്.
തിരുനബിയുടെ അസാധാരണ സിദ്ധിയുണ്ട് ഈ ഹദീസിൽ. ഇത് അനസിൽ നിന്ന് ഉദ്ധരിക്കുന്നത് സഅദുബ്നു സഈദാണ്. അദ്ദേഹത്തിൽനിന്ന് നുമൈർ. അദ്ദേഹത്തിൽനിന്ന് അബ്ദുല്ലാഹിബ്നു നുമൈർ. അദ്ദേഹത്തിൽനിന്ന് അബൂബക്കർ ബ്നു അബീശൈബ. അദ്ദേഹത്തിൽനിന്ന് ഇമാം മുസ്ലിം. ഈ ഗുരുപരമ്പര സംഭവത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്. ഗുരുപരമ്പര തുടങ്ങുന്നത് മുസ്ലിമിൽ നിന്നാണ്. ഇത് അദ്ദേഹം "സ്വഹീഹുമുസ്ലിമിൽ" വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തിന്റെ/ഹദീസിന്റെ സ്വീകാര്യത ഉറപ്പാണല്ലോ.
ഇങ്ങനെ ഗുരുപരമ്പരക്ക് സനദ്, ഇസ്നാദ് എന്നെല്ലാം പറയും. ചില സന്ദർഭങ്ങളിൽ സനദിനെയും ഇസ്നാദിനെയും വേർതിരിച്ച് പറയാറുണ്ട്. ഗുരുപരമ്പരക്ക് സനദെന്നും അതിനെ പരാമർശിക്കുന്നതിന് ഇസ്നാദെന്നും. സനദിന്, ഇസ്ലാമിൽ വലിയ സ്ഥാനമുണ്ട്. സനദ് മുഹമ്മദീയ സമൂഹത്തിന് മാത്രം അല്ലാഹു കനിഞ്ഞേകിയ ഒന്നാണ്. ഇമാം നവവി പറയുന്നു: "സനദ് ഇസ്ലാമിന്റെ ഭാഗമാണ്. അതില്ലായിരുന്നെങ്കിൽ ഓരോരുത്തരും തന്നിഷ്ടം പറയുമായിരുന്നു.”
ഗുരുപരമ്പര അറിയാത്തവർ ജനങ്ങൾക്കിടയിൽപെട്ട് വലയുന്നവനാണെന്നാണ് അഹ്മദ് കോയ ശാലിയാത്തി രേഖപ്പെടുത്തിയത്. ഇമാം ശാഫിഈ പറഞ്ഞതിങ്ങനെ: "സനദ് ഇല്ലാതെ ഹദീസ് അന്വേഷിക്കുന്നവൻ രാത്രി വിറക് ശേഖരിക്കുന്ന ചുമട്ടുകാരനെപ്പോലെയാണ്. ആ വിറക് കെട്ടിൽ തേൾ ഉള്ളത് അയാൾ അറിയുന്നില്ല.” സനദ് പല ഇനങ്ങളുണ്ട്.
ഒന്ന്: മുത്തസ്വിൽ.
ഹദീസ് അവസാനം റിപ്പോർട്ട് ചെയ്യുന്ന ആളിൽ നിന്ന് തിരുനബി വരെയുള്ള ഗുരുപരമ്പരയിൽനിന്ന് ആരും ഒഴിവായിട്ടില്ലെങ്കിൽ അത്തരത്തിലുള്ള ഹദീസിന് മുത്തസ്വിൽ എന്ന് പറയും. ചേർന്നത്/വിട്ടുനിൽക്കാത്തത് എന്നൊക്കെയാണ് മുത്തസ്വിലിന്റെ ഭാഷാർത്ഥം. സനദിൽ നിന്ന് ആരും ഒഴിവായില്ലെങ്കിൽ ആ സനദിലെ നിവേദകന്മാർ പരസ്പരം ചേർന്നു എന്ന് പറയുമല്ലോ. ഒരു ഹദീസ് നോക്കാം: "സർവ പ്രവർത്തനങ്ങളും സദുദ്ദേശ്യം കൊണ്ടേ സ്വീകാര്യമാവൂ.” ബുഖാരി ഇമാമാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇമാമിൽ നിന്ന് തിരുനബിയിലേക്കെത്തുന്ന ഗുരുപരമ്പര ഇങ്ങനെയാണ്:
അൽഹുമൈദി അബ്ദുല്ലാഹിബ്നു സുബൈർ, സുഫ്യാൻ, യഹ്യ ബ്നു സഈദ്, മുഹമ്മദ് ബ്നു ഇബ്റാഹീം, അൽഖമത്തുബ്നു വഖാസ്, ഉമറുബ്നുൽ ഖത്താബ്, മുഹമ്മദ് നബി. ബുഖാരി ഇമാം മുതൽ മുഹമ്മദ് നബിവരെയുള്ള ഒരു ഗുരുവും ഒഴിവാകാത്തതുകൊണ്ട് ഈ സനദിന് മുത്തസ്വിൽ എന്ന് പറയും.
രണ്ട്: മുൻഖത്വിഅ്.
ഗുരുപരമ്പരയിൽ നിന്ന് ഒന്നോ അതിലധികമോ ആളുകൾ ഒഴിവാകാറുണ്ട്. അങ്ങനെയുള്ള ഹദീസിന് "മുൻഖത്വിഅ്" എന്നാണ് പറയുക. ഇബ്നുസ്വലാഹ് നിവേദനം ചെയ്യുന്ന ഹദീസിൽ ഇത് വ്യക്തമാണ്. അതിങ്ങനെയാണ്: "നിങ്ങൾ അബൂബക്കറിനെയാണ് ഭരണമേൽപ്പിക്കുന്നതെങ്കിൽ, ഈ ലോകത്തെ പരിത്യാഗിയെയും പരലോകാഗ്രഹിയെയുമാണ് നിങ്ങൾ കണ്ടെത്തുന്നത്. ശാരീരികമായി അദ്ദേഹത്തിന് ബലഹീനതയുമുണ്ട്. ഇനി ഉമറിനെയാണെങ്കിൽ, വിശ്വസ്തനും ശക്തനും അല്ലാഹുവിന്റെ വിഷയത്തിൽ ഒരാളെയും വിലവെക്കാത്ത ആളെയുമാണ് നിങ്ങൾ ഭരണമേൽപിക്കുന്നത്. അലിയെയാണെങ്കിൽ, അദ്ദേഹം നിങ്ങൾക്ക് ഋജുവായ പാത പണിതുതരും.” ഇത് ഇബ്നുസ്വലാഹ് നിവേദനം ചെയ്തത് അബ്ദുറസാഖിൽ നിന്നാണ്. അദ്ദേഹം സുഫ്യാനുസൗരിയിൽ നിന്ന്. അദ്ദേഹം അബൂ ഇസ്ഹാഖിൽ നിന്ന്. അദ്ദേഹം സൈദുബ്നു യുസൈഇൽ നിന്ന്. അദ്ദേഹം ഹുദൈഫയിൽ നിന്ന്.
ബാഹ്യമായി നോക്കിയാൽ ഈ പരമ്പരയിൽ ഒരു വിടവും കണ്ടെത്താനാവില്ല. എന്നാൽ, ഗുരുനാഥന്മാരുടെ ചരിത്രം പഠിച്ചവർക്ക് അത് കണ്ടെത്താനാവും. അങ്ങനെയുള്ള പണ്ഡിതർ ഈ സനദിൽ രണ്ട് കാര്യം കണ്ടെത്തിയിട്ടുണ്ട്. ഒന്ന്: അബ്ദുർറസാഖ് എന്നവർ സൗരിയിൽനിന്ന് കേട്ടിട്ടില്ല. മറിച്ച്, നുഅ്മാനുബ്നു അബീ ശൈബയിൽനിന്നാണ് കേട്ടത്. രണ്ട്: സൗരി, അബൂ ഇസ്ഹാഖിൽ നിന്ന് കേട്ടിട്ടില്ല. ശരീക് എന്നവരിൽനിന്നാണ് കേട്ടത്. ഗുരുപരമ്പരയിൽ വന്ന രണ്ട് വിടവുകളാണ് മുകളിൽ കണ്ടത്. അതുകൊണ്ട് ഈ ഹദീസിനെ "മുൻഖത്വിഅ്" എന്നുവിളിക്കും.
ഇവിടെ ഓരോ സ്ഥലത്തു നിന്നും ഓരോ നിവേദകന്മാർ മാത്രമേ ഒഴിവായിട്ടുള്ളൂ. എന്നാൽ, ചില ഹദീസുകളിൽ ഒരു സ്ഥലത്ത് നിന്നുതന്നെ ഒന്നിലധികം നിവേദകന്മാർ വിട്ടുപോയതായി കാണാം. അങ്ങനെയുള്ള ഹദീസിന് "മുഅ്ളൽ' എന്ന് പറയും. സംശയം ജനിപ്പിക്കുന്നത് എന്നാണ് ഇതിന്റെ ഭാഷാർത്ഥം. ഈ രൂപത്തിൽ ഹദീസ് പറയുന്നവർ മറ്റുള്ളവരെ സംശയിപ്പിക്കുകയാണല്ലോ.
ഇബ്നു ജുറൈജ് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “ഉമർ നിസ്കരിക്കുന്ന യുവാവിന്റെ അടുത്തുകൂടി നടന്നുപോവുകയാണ്. അയാളുടെ നിസ്കാരം ശ്രദ്ധിച്ച് ഉമർ പറഞ്ഞു: ‘യുവാവേ, തൂണിലേക്ക് മുന്നിടൂ, പിശാച് നിന്റെ നിസ്കാരംകൊണ്ട് കളിക്കാതിരിക്കട്ടെ. ഇത് എന്റെ അഭിപ്രായം പറഞ്ഞതല്ല, തിരുനബിയിൽ നിന്ന് ശ്രവിച്ചതാണ്.’ ഇബ്നു ജുറൈജാണ് ഹദീസ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹം സ്വഹാബിയോ സ്വഹാബിശിഷ്യനായ താബിഇയോ അല്ല. രണ്ട് നിവേദകന്മാർ ഇതിൽനിന്ന് പോയിട്ടുണ്ടെന്ന് മനസിലാക്കാം. കാരണം, അദ്ദേഹത്തിന് താബിഇയിൽ നിന്നേ ഹദീസ് കിട്ടാൻ വഴിയുള്ളൂ. താബിഇന് സ്വഹാബിയിൽ നിന്നും.
അടുത്ത ഇനം "മുഅല്ലഖ്' ആണ്. ഗുരുപരമ്പരയിലെ ആദ്യ ഭാഗത്ത് ഒഴിവുവരുന്ന ഹദീസാണ് മുഅല്ലഖ് എന്ന് പറയുന്നത്. ഇമാം ബുഖാരി മുഅല്ലഖായി കൊണ്ടുവന്ന ഹദീസ് കാണാം: "തിരുനബി കൺപോള ഉയർത്തിയ ശേഷം മൂന്നുപ്രാവശ്യം ‘ഉന്നത സമക്ഷത്തിലേക്ക്’ എന്ന് പറഞ്ഞു. ഇത് ബുഖാരി ഇമാം അബ്ദുല്ലാഹിബ്നു സാലിമിൽ നിന്നാണ് നിവേദനം ചെയ്തത്. അദ്ദേഹം സുബൈദിൽനിന്ന്, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ ഖാസിമിൽനിന്ന്, അദ്ദേഹം ഖാസിമിൽ നിന്ന്, അദ്ദേഹം ആഇശയിൽ നിന്ന്. പക്ഷേ, ബുഖാരി ഇമാം തന്റെ ശൈഖിനെ പറഞ്ഞില്ല. അബ്ദുല്ലാഹിബ്നു സാലിമിനെയാണ് ഗുരുവായി പറഞ്ഞത്. അവരിൽ നിന്നല്ല ബുഖാരി ഇമാം ഈ ഹദീസ് സ്വീകരിച്ചത്. മുബാശിർ എന്നവരിൽനിന്നാണ്. അതുകൊണ്ട് ഈ ഹദീസിന് മുഅല്ലഖ് എന്ന് പറയും.
ഇനി താബിഇന്റെ ഗുരുനാഥനെയാണ് കളയുന്നതെങ്കിൽ ആ ഹദീസിന് ‘മുർസൽ' എന്ന് പറയും. ഒരു ഹദീസ് വായിക്കാം: അതാഉബ്നു യസാർ പറഞ്ഞു: “തിരുനബി അരുളി: ‘അല്ലാഹുവേ, എന്റെ പരേതഭൂമിയെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ. അമ്പിയാക്കളുടെ പരേതഭൂമികളെ പള്ളികളാക്കിയ ജനതയെ അല്ലാഹു ശപിച്ചിരിക്കുന്നു.’
അത്വാഉബ്നു യസാർ താബിഇയ്യാണ്. തിരുനബിയെ കണ്ടിട്ടില്ല. അദ്ദേഹം തന്റെ ഗുരുവിനെ പറഞ്ഞിട്ടില്ലെന്ന് ഇതിൽനിന്ന് മനസ്സിലായി. അതുകൊണ്ട് ഈ ഹദീസിന് മുർസൽ എന്നുപറയും.
മുകളിൽ പറഞ്ഞ ഹദീസുകളിൽ സ്വീകാര്യയോഗ്യമായ ഹദീസ് മുത്തസ്വിൽ മാത്രമാണ്. എന്നാൽ, അബൂഹനീഫ ഇമാമിന്റെയും ഇമാം മാലികിന്റെയും ന്യായപ്രകാരം മുർസലായ ഹദീസ് സ്വീകാര്യമാണ്. ശാഫിഈ ഇമാമിന്റെ ന്യായപ്രകാരം മുർസലായ ഹദീസ് സ്വീകാര്യമാകണമെങ്കിൽ മറ്റൊരു മുർസലായ ഹദീസ് കൊണ്ടോ മുത്തസ്വിലായ ഹദീസ് കൊണ്ടോ ഈ ഹദീസിന് ബലം കിട്ടണം. അഹ്മദ് ഇമാമിന്റെ ന്യായപ്രകാരം സ്വീകാര്യമാണ് എന്നും അല്ല എന്നും അഭിപ്രായമുണ്ട്. പ്രബലമായത് സ്വീകാര്യമാണ് എന്നതാണ്. മുഅല്ലഖായ ഹദീസ് പൊതുവെ സ്വീകാര്യമല്ലെങ്കിലും സ്വഹീഹ് ബുഖാരിയിൽ കൊണ്ടുവന്നത് സ്വീകാര്യമാണ്. സ്വഹീഹ് മാത്രമേ കൊണ്ടുവരൂ എന്ന് ഇമാം വ്യക്തമാക്കിയതുകൊണ്ടാണത്.
എന്നാൽ, മുത്തസിലിന്റെ യോഗ്യതയുണ്ടാവാൻ ബുഖാരിയിൽ മറ്റൊരു സ്ഥലത്ത് മുത്തസ്വിലായ സനദിലൂടെ ആ ഹദീസ് വരണം. അങ്ങനെ കൊണ്ടുവന്ന ഒരു ഹദീസ് പരിചയപ്പെടാം.
"മന്ത്രം ഖുർആൻ കൊണ്ടാണ്.” ഇത് ബുഖാരി ഇമാം ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം ചെയ്തതാണ്. കിതാബുത്വിബ്ബിലാണ് രേഖപ്പെടുത്തിയത്. ഇത് മുഅല്ലഖ് ആണെന്ന് വ്യക്തമാണ്. താബിഅ് (സ്വഹാബിയെ കണ്ടവർ) പോലുമല്ലാത്ത ബുഖാരി ഇമാം ഇബ്നു അബ്ബാസിനെ കാണില്ലല്ലോ. മറ്റൊരു സ്ഥലത്ത് ഈ ഹദീസ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: “തിരുനബിയുടെ അനുചരന്മാർ ഒരു സമുദ്രതീരത്തിലൂടെ നടന്നു പോവുകയാണ്.
തീരത്ത് താമസിക്കുന്നവരുടെ കൂട്ടത്തിൽ സർപ്പദംശനമേറ്റ ഒരു വ്യക്തിയുണ്ടായിരുന്നു. തിരുനബിയുടെ അനുചരരെ കണ്ട അവരിൽപെട്ട ഒരാൾ അരികിലേക്ക് വന്നുചോദിച്ചു:
‘കൂട്ടത്തിൽ മന്ത്രിക്കുന്നവരുണ്ടോ? ഞങ്ങളിൽ പെട്ട ഒരാൾക്ക് സർപ്പദംശനമേറ്റിട്ടുണ്ട്. മന്ത്രിച്ചുതരണം.’
അവരിൽ പെട്ട ഒരാൾ പോയി, ഖുർആൻ ഓതി മന്ത്രിച്ചു. പകരം ആടിനെ വാങ്ങി. രോഗം മാറി. എന്നാൽ ആടിനെ വാങ്ങിയത് സഹചാരികൾ ഇഷ്ടപ്പെട്ടില്ല. വിഷയം തിരുനബിയിലെത്തി. തിരുനബി പറഞ്ഞു: ‘പ്രതിഫലം വാങ്ങാൻ ഏറ്റവും അർഹതപ്പെട്ടത് ഖുർആനാണ്.’” ഇത് ഇബ്നുഅബ്ബാസിൽ നിന്ന് ഇബ്നു അബീമുലൈകയാണ് റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിൽനിന്ന് ഉബൈദുല്ലാഹിബ്നുൽ അഖ്നസ്, അവരിൽനിന്ന് അബൂ മഅ്ശറിൽ ബസ്വരി, അവരിൽനിന്ന് സൈദാനുബ്നു മളാരിബ്, അവരിൽനിന്ന് ബുഖാരി ഇമാം. ഇവിടെ ഇബ്നു അബ്ബാസിന്റെയും ബുഖാരി ഇമാമിന്റെയും ഇടയിൽ മൂന്ന് റിപ്പോർട്ടർമാരുണ്ട്. അതുകൊണ്ട് ഇത് മുഅല്ലഖ് അല്ലെന്ന് സുവ്യക്തമാണ്. എന്നാൽ, ബുഖാരി ഇമാമിന്റെ മറ്റു ഗ്രന്ഥങ്ങളായ അദബുൽ മുഫ്റദ്, താരീഖുൽ കബീർ, താരീഖുസ്വഗീർ എന്നിവക്ക് ഈ നിയമം ബാധകമല്ല. അതിൽ സ്വഹീഹ് മാത്രമേ കൊണ്ടുവരൂ എന്ന് ഇമാം ഉറപ്പു നൽകാത്തതു കൊണ്ടാണത്.
ചുരുക്കത്തിൽ, സനദിനെ പരിഗണിച്ച് ഹദീസ് അഞ്ച് ഇനമാകുന്നുണ്ട്. ഐക്യകണ്ഠേന സ്വീകാര്യമായ ഹദീസ് മുത്ത്വസിലാണ്. മുർസലിൽ പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ബാക്കിയുള്ളതെല്ലാം സ്വീകാര്യയോഗ്യമല്ലാത്ത ഹദീസുകളാണ്.
