ഹദീസുകളുടെ നിവേദന പരമ്പരക്ക് ‘സനദ്' എന്നാണു പറയുന്നത്. "സനദ്' വ്യത്യസ്ത ഇനങ്ങളാണ്.
1) തിരുനബിയിലേക്ക് ചേരുന്നത്,
2) തിരുനബിയിലേക്കെത്താതെ അവിടുത്തെ ശിഷ്യരിൽ (സ്വഹാബികൾ) അവസാനിക്കുന്നത്.
3) ശിഷ്യരിലുമെത്താതെ ശിഷ്യരുടെ ശിഷ്യരിൽ (താബിഉകൾ) മാത്രം എത്തുന്നത്.
ആദ്യവിഭാഗത്തിന് ‘മർഫൂഅ്’ ആയ ഹദീസ് എന്നു പറയും. ഉയർത്തപ്പെട്ടത് എന്നാണ് ഇതിന്റെ ഭാഷാർത്ഥം. ആ ഹദീസ് തിരുനബിയിലേക്ക് എത്തി, ഉയർത്തപ്പെട്ടു എന്ന നിലക്കാണ് ഈ നാമം ലഭിച്ചത്. രണ്ടാമത്തെ വിഭാഗത്തിന് ‘മൗഖൂഫ്' എന്നാണ് പേര്. ‘നിർത്തപ്പെട്ടത്, മറ്റൊന്നിലേക്ക് വിട്ടുകടക്കാത്തത്.' എന്നൊക്കെയാണ് ഭാഷാർത്ഥം. "മൗഖൂഫ് " ആയ ഹദീസ് തിരുനബിയിലേക്ക് എത്തുന്നില്ല. സ്വഹാബാക്കളിൽ നിർത്തപ്പെട്ടു എന്ന നിലക്കാണ് ആ പേരുവന്നത്.
മൂന്നാമത്തെ വിഭാഗത്തിന് ‘മഖ്ത്വൂഅ്’ എന്ന് പറയും. ‘മുറിക്കപ്പെട്ടത്’ എന്നാണ് ഭാഷാർത്ഥം. ഈ ഹദീസുകളും തിരുനബിയിലേക്ക് ചെന്നു ചേരുന്നില്ല. ‘മൗഖൂഫ്' ആയ ഹദീസുകൾ രണ്ടുവിധമുണ്ട്. ‘മൗഖൂഫ്' ആണെന്ന് വ്യക്തമാവുന്നത് (ജലിയ്യ്), വ്യക്തമാവാത്തത് (ഖഫിയ്യ്). ഉദാഹരണമായി: “സൂര്യതാപത്താൽ ചൂടായ ജലം കൊണ്ട് നിങ്ങൾ കഴുകരുത്. കാരണം, അത് വെള്ളപ്പാണ്ട് ഉണ്ടാക്കും” ഈ ഹദീസ് ഉമറിൽ നിന്നും ഹസാനുബ്നു അസ്ഹർ ഉദ്ധരിക്കുന്നതാണ്. ഈ പരമ്പര സ്വഹാബിയായ ഉമറിൽ അവസാനിക്കുന്നതുകൊണ്ട് ഹദീസ് ‘മൗഖൂഫ്' ആണെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാം.
മറ്റൊരു ഹദീസ് നോക്കാം: "തിരുനബിയുടെ അനുചരർ അവിടുത്തെ മുറിയുടെ വാതിലിൽ നഖങ്ങൾ കൊണ്ട് മുട്ടുമായിരുന്നു.” മുഗീറതുബ്നു ശുഅ്ബ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് മൗഖൂഫ് ആണോ മർഫൂഅ് ആണോ എന്നതിൽ പണ്ഡിതർക്കിടയിൽ തർക്കമുണ്ട്. ഇമാം അബൂ അബ്ദില്ലാഹിൽ ഹാകിമും ഇമാം അബൂബക്റിൽ ഖത്വീബ് അൽബഗ്ദാദിയും മൗഖൂഫ് ആണെന്ന അഭിപ്രായക്കാരാണ്. കാരണം, ഈ നിവേദകപരമ്പര അവസാനിക്കുന്നത് സ്വഹാബിയിലാണ്.
ഇബ്നു സ്വലാഹ് ഇതിനോട് വിയോജിക്കുന്നു. പ്രസ്തുത ഹദീസ് മർഫൂഅ് ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം, കതകിൽ മുട്ടുന്നതിന് തിരുനബി സാക്ഷിയാകണമല്ലോ. അതുകൊണ്ട് ഈ നിവേദക ശൃംഖല തിരുനബിയിലാണ് അവസാനിക്കുന്നത്. മൗനാനുവാദം എന്ന ഹദീസ് വിഭാഗത്തിൽ പെട്ടതുകൊണ്ടാണ് തിരുനബിയുടെ വചനമായി ഈ ഹദീസ് ഉദ്ധരിക്കപ്പെടാതിരുന്നത്. ഈ അഭിപ്രായമാണ് ഇമാം നവവിയും പറയുന്നത്. ചുരുക്കത്തിൽ, ഈ ഹദീസ് അവ്യക്തമായ മൗഖൂഫ് എന്ന വിഭാഗത്തിൽ പെടും.
മർഫൂഅ് ആയ ഹദീസുകളും ഇതേപ്രകാരം വർഗീകരിക്കാം. മർഫൂഅ് ആണെന്ന് വ്യക്തമായതും അവ്യക്തമായതും. വ്യക്തമായതിൽ തന്നെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിങ്ങനെ മൂന്നായി തരംതിരിക്കാവുന്നതാണ്. ആഇശ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്, മഹതി പറയുന്നു: "രോഗശയ്യയിൽ കിടക്കുന്ന സമയത്ത് ജനങ്ങൾക്ക് നിസ്കാരത്തിന് നേതൃത്വം നൽകാൻ തിരുനബി, അബൂബക്കറിനോട് കൽപിച്ചു. അപ്രകാരം, അദ്ദേഹം നിസ്കരിക്കുമായിരുന്നു.” ഈ ഹദീസ് തിരുനബിയിൽ നിന്നും ആഇശ ബീവി കേട്ടതാണെന്ന് വ്യക്തമാണ്. ഇത് വാചികമാണ്.
അബ്ദുല്ലാഹിബ്നു ദീനാറിൽ നിന്നും ഇമാം മാലിക് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് കാണാം. മഹാനവർകൾ അബ്ദുല്ലാഹിബ്നു ഉമറിൽ നിന്നാണ് നിവേദനം ചെയ്യുന്നത്: "തിരുനബി കിഴക്കു ഭാഗത്തേക്ക് ചൂണ്ടുന്നത് ഞാൻ കണ്ടു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ‘അറിയണം, നാശം ഇവിടെ നിന്നാണ്, നാശം ഇവിടെ നിന്നാണ് അഥവാ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുന്നിടത്ത് നിന്ന്.’” ഈ സംഭവം തിരുനബിയിൽ നിന്ന് അബ്ദുല്ലാഹിബ്നു ഉമർ ദർശിച്ചതാണെന്ന് വ്യക്തമാണ്. ഇത് പ്രവൃത്തിയാണ്.
മൂന്നാമത്തെ ഇനം, മൗനാനുവാദം വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമാകാം. സാരിഅ നിവേദനം ചെയ്യുന്നു, മഹാനവർകൾ പറഞ്ഞു: “ഞങ്ങൾ നിവേദകസംഘം മദീനയിലേക്ക് പോവുകയും തിരുനബിയുടെ കയ്യും പാദവും ചുംബിക്കുകയും ചെയ്തു.” ഈ ഹദീസിൽ റസൂൽ മൗനമായി ആ പ്രവർത്തനത്തിന് അനുവാദം നൽകിയെന്ന് മനസിലാക്കാം.
ഇബ്നു ഉമർ പറയുന്നു: “നബിയുടെ ജീവിതകാലത്ത് ഞങ്ങൾ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘തിരുനബിക്ക് ശേഷം ഈ സമുദായത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അബൂബക്കറും ഉമറും ഉസ്മാനുമാണ്.’ ഈ വാക്കുകൾ കേട്ടാലും തിരുനബി എതിർക്കാറില്ലായിരുന്നു.” ഈ ഹദീസിലും തിരുനബിയുടെ മൗനാനുവാദം വ്യക്തമാണ്.
ഹദീസുകളിൽ ചിലത് തിരുനബിയുടെ വാക്കോ, പ്രവൃത്തിയോ, മൗനമോ എന്ന് വ്യക്തമായി മനസിലാക്കാനാവില്ല. അഥവാ, പ്രത്യക്ഷത്തിൽ മർഫൂആണെന്നു വ്യക്തമാവില്ല. എന്നാൽ, സുക്ഷ്മമായി പരിശോധിച്ചാൽ അവ മർഫൂആണെന്ന് മനസിലാവും. ഉദാഹരണമായി: ആഇശ ബീവി റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക. മഹതി പറഞ്ഞു: "യാത്രയിലും അല്ലാത്തഘട്ടത്തിലും രണ്ടു റക്അത്തായാണ് അല്ലാഹു നിസ്കാരം നിർബന്ധമാക്കിയത്. തുടർന്ന്, യാത്രയിലെ നിസ്കാരം അതേപടി നിലനിർത്തുകയും യാത്രയിലല്ലാത്ത ഘട്ടത്തിൽ നാലായി വർധിപ്പിക്കുകയും ചെയ്തു.
ഈ ഹദീസ് ഒരു സ്വഹാബി പറയണമെങ്കിൽ ഒന്നുകിൽ മുൻകഴിഞ്ഞ തൗറാത്ത്, ഇഞ്ചീൽ പോലോത്ത ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കണം. അല്ലെങ്കിൽ, ഗവേഷണം ചെയ്തെടുക്കണം. ആഇശ മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്യാറില്ല. ഹദീസിൽ പറഞ്ഞ ആശയം ഗവേഷണസാധ്യതയുള്ള വിഷയവുമല്ല. അതുകൊണ്ട്, മഹതിയുടെ വാക്കുകളല്ലെന്നും തിരുനബിയിൽ നിന്ന് ശ്രവിച്ചതാണെന്നും വ്യക്തമാവും. അതിനാൽ, ഹദീസ് മർഫൂഅ് ആണെന്ന് വരുന്നു.
മറ്റൊരു ഹദീസ് കാണുക. അബുൽ വളീഇൻ്റെ റിപ്പോർട്ട്, അദ്ദേഹം പറയുന്നു: "നഹർവാനുകാരോട് യുദ്ധം ചെയ്ത സന്ദർഭത്തിൽ നാം അലിയോടൊപ്പമായിരുന്നു. അലി പറഞ്ഞു: ‘പോയി നോക്കൂ, മിഖ്ദജ് എന്ന മനുഷ്യനെ അന്വേഷിക്കൂ.' കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അവർ അയാളെ പരതി. തിരികെ അലിയുടെ അടുത്തെത്തി അവർ പറഞ്ഞു: ‘കാണുന്നില്ല.’
അലി പറഞ്ഞു: ‘മടങ്ങിപ്പോകൂ, നിങ്ങൾ ശരിക്കും അന്വേഷിക്കുക. ഞാൻ കളവ് പറയുകയല്ല. എന്നെ കളവ് പറയാൻ ആരും പ്രേരിപ്പിച്ചിട്ടുമില്ല.’ അവർ മടങ്ങിപ്പോയി. ഒന്നുകൂടെ പരതി. കിട്ടിയില്ല. അവർ പറഞ്ഞു: ‘കാണുന്നില്ല.’ ഇത് പലയാവർത്തി സംഭവിച്ചു. അവസാനം കൊല്ലപ്പെട്ടവരുടെ താഴെ ചളിയിൽ നിന്ന് അവർ അവനെ കണ്ടെത്തി കൊണ്ടുവന്നു.” നിവേദകൻ പറയുന്നു: "ഞാനവനിലേക്ക് നോക്കി. എത്യോപ്യക്കാരനാണ്. സ്ത്രീയുടെ സ്തനം പോലെയുണ്ട് അവന്റെ സ്തനം, അതിൻമേൽ പെരുച്ചാഴിയുടെ വാലിന്മേലുണ്ടാകുന്നത്ര രോമമുണ്ട്.
മിഖ്ദജ് കൊല്ലപ്പെടുമെന്ന് അലിക്ക് മുൻഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ച വിവരമല്ല. കാരണം, മഹാനവർകൾ മുൻകാല വേദങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്ധരിക്കാറില്ല. പ്രസ്തുത വിഷയം ഗവേഷണാത്മകവുമല്ല. അതിനാൽ, തിരുനബിയിൽ നിന്ന് ശ്രവിച്ചതാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ മനസിലാക്കാനാവും. അപ്പോൾ മുൻകാല ഗ്രന്ഥങ്ങളെ അവലംബമാക്കാതെ, ഒരു സ്വഹാബി ഗവേഷണം ചെയ്തെടുക്കാൻ സാധിക്കാത്ത ഒരു കാര്യം നിവേദനം ചെയ്താൽ അത് മർഫുഅ് ആവുന്നതാണ്.
മർഫുആയ ഹദീസിന്റെ നിവേദക പരമ്പരയിൽ കണ്ണിമുറിയാത്തവയ്ക്ക് (മുത്തസ്വിൽ) ‘മുസ്നദ്’ എന്നു പറയും. അഥവാ, ഒരു ഹദീസ് മുസ്നദ് ആവാൻ ആ ഹദീസ് മർഫൂആവുകയും മുത്തസ്വിലാവുകയും വേണം. ഇതാണ് പ്രബലമായ അഭിപ്രായം. എന്നാൽ, ചില പണ്ഡിതന്മാർ ഹദീസ് മുസ്നദ് ആവാൻ നിവേദകപരമ്പരയിൽ കണ്ണിമുറിയാതിരുന്നാൽ (മുത്തസ്വിൽ) മാത്രം മതിയെന്നും, മറ്റു ചിലർ പരമ്പര തിരുനബിയിലേക്കെത്തിയാൽ (മർഫൂഅ്) മാത്രം മതിയെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഹദീസും പര്യായ പദങ്ങളും
ഹദീസിനെ സംബന്ധിച്ച് ‘അസർ' എന്ന പദപ്രയോഗം നടത്താറുണ്ട്. അഥവാ, ‘ഹദീസ്', "അസർ' എന്നിവ പര്യായപദങ്ങളാണെന്നർത്ഥം. എന്നാൽ, ചില ഹദീസ് പണ്ഡിതർ അവ രണ്ടും പര്യായപദങ്ങളല്ല എന്നും ‘ഹദീസ്' എന്ന നാമം മർഫുഅ്, മൗഖൂഫ് എന്നീ ഇനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാറെന്നും ‘മഖ്ത്വൂഇ' നെക്കുറിച്ചു മാത്രമേ അസർ എന്ന് ഉപയോഗിക്കുകയുള്ളൂവെന്നും വാദിക്കുന്നുണ്ട്. പര്യായപദമാണെന്നതാണ് പ്രബലമായ അഭിപ്രായം. വസ്തുതയും അതാണ്. അതുകൊണ്ടാണ് തിരുനബിയിൽ നിന്നും ഉദ്ധരിക്കപ്പെട്ട പ്രാർത്ഥനകൾക്ക് ‘അൽഅദ്ഇയതുൽ മഅ്സുറ’ എന്ന് പറയപ്പെടുന്നത്. ഇവിടെ തിരുനബിയിലേക്ക് ചേർന്ന പ്രാർത്ഥനകളായതു കൊണ്ടാണ് “മഅ്സൂറ" എന്ന നാമം വെച്ചത്. “മഅ്സൂറ" എന്ന പദം "അസർ"എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായതാണ്.
ഇമാം അബൂ ജഅ്ഫർ അൽ ത്വഹാവി രചിച്ച ഒരു ഗ്രന്ഥമുണ്ട്. "മർഫുഅ”' ആയ ഹദീസുകളുടെയും "മൗഖൂഫ്” ആയ ഹദീസുകളുടെയും സമാഹാരമാണത്.
എന്നിട്ടും, അദ്ദേഹം ഈ ഗ്രന്ഥത്തിന് "ശറഹു മആനിൽ ആസാർ" എന്നു പേരുവെച്ചതും ഈ അഭിപ്രായത്തിന് ശക്തി പകരുന്നു. (ആസാർ എന്നത് അസറിന്റെ ബഹുവചനമാണല്ലോ?) ത്വബ്റാനി ഇമാം "മർഫൂആയ ഹദീസുകൾ മാത്രമുള്ള തന്റെ ഗ്രന്ഥത്തിന് "തഹ്ദീബുൽ ആസാർ" എന്നു പേരുവെച്ചതും ഈ അഭിപ്രായത്തെ ശരിവെക്കുന്നു.
അപ്രകാരം ഹദീസിനെക്കുറിച്ച് 'ഖബർ' എന്ന പ്രയോഗവും പര്യായപദമാണെന്നാണ് പ്രബലാഭിപ്രായം. എന്നാൽ, ഈ വാദം അംഗീകരിക്കാത്തവർ പറയുന്നത്: "തിരുനബിയിൽ നിന്നും അവിടുത്തെ അനുചരന്മാരിൽ നിന്നും ശിഷ്യരുടെ ശിഷ്യരിൽ നിന്നും ഉദ്ധരിക്കപ്പെട്ടതിന് (മർഫൂഅ്, മൗഖൂഫ്, മഖ്ത്വൂഅ്) ഹദീസെന്ന് പറയും, രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ചരിത്രങ്ങൾക്കും, പൂർവകാല സംഭവങ്ങൾക്കും "ഖബർ' എന്നും പറയും.”
ചുരുക്കത്തിൽ, നിവേദകപരമ്പര പരിഗണിച്ച് ഹദീസ് മൂന്ന് ഇനങ്ങളാണ്. മർഫൂഅ്, മൗഖൂഫ്, മഖ്ത്വൂഅ്. ഒരു മർഫൂആയ ഹദീസിന്റെ നിവേദക പരമ്പരയിൽ കണ്ണിയറ്റിട്ടില്ലെങ്കിൽ ആ ഹദീസിന് “മുസ്നദ്" എന്ന് പറയുന്നു. ഹദീസ്, അസർ, ഖബർ എന്നിവ പര്യായപദങ്ങളാണ്.
