ഒരു ഹദീസിന്റെ സാരാംശം ഇങ്ങനെയാണ്: തിരുനബി അരുളി: “ഞാൻ നിങ്ങൾക്കെത്തിച്ചു തന്നതൊക്കെയും നിങ്ങൾ അതേപ്പടി സ്വീകരിച്ചേക്കണം. പറഞ്ഞുകൊടുത്തത് സ്വീകരിക്കാതെ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചതു കൊണ്ടാണ് നിങ്ങളുടെ മുൻഗാമികൾ ഒന്നിനും കൊള്ളാത്തവരായി മാറിയത്. മാത്രമല്ല, പ്രവാചകന്മാരെക്കുറിച്ച് അഭിപ്രായഭിന്നത വെച്ചുപുലർത്തുകയും ചെയ്തു. ഞാൻ നിരോധിച്ച കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കുവിൻ. ആജ്ഞാപിച്ച കാര്യങ്ങൾ ആവുന്നിടത്തോളം ചെയ്യുവീൻ.” അബൂഹുറൈറ ഉദ്ധരിച്ച ഹദീസാണിത്. അദ്ദേഹത്തിൽ നിന്ന് ഇബ്നു ശിഹാബുസ്സുഹ്രിയും അദ്ദേഹത്തിൽ നിന്ന് മഅമറും, അദ്ദേഹത്തിൽ നിന്ന് അബ്ദുർറസാഖുമാണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്.
ഈ ഹദീസിന്റെ ഉള്ളടക്കതിലല്ല, സനദിൽ ഒരു പ്രശ്നമുണ്ട്. ഇബ്നു ശിഹാബുസ്സുഹ്രി, അബൂഹുറൈറയെ കാണാൻ ഒരു സാധ്യതയുമില്ല. അവർ സമകാലികരല്ല. അബൂഹുറൈറ വിടപറഞ്ഞ വർഷമാണ് ഇബ്നു ശിഹാബുസ്സുഹ്രിയുടെ ജനനം. പിന്നെയെങ്ങനെ ഇവർ ഹദീസ് കൈമാറും? ഹിജ്റ 58 ആണ് വർഷം. ഇബ്നു ശിഹാബുസ്സുഹ്രി തനിക്ക് ഈ ഹദീസ് കൈമാറിയ ഗുരുവിനെ പറഞ്ഞിട്ടില്ല എന്നത് വ്യക്തം. ഇങ്ങനെ, ഗുരുവിനെ പറയാതിരിക്കുന്നതിന്, അത് (സനദിന്റെ ആദ്യ ഭാഗത്തോ, മധ്യത്തിലോ, അവസാനത്തിലോ) എവിടെയായാലും ഏത് രൂപത്തിലായാലും (തുടരെ ഒന്നിലധികം ഗുരുക്കന്മാരെ പറയാതിരുന്നിട്ടോ, അല്ലാതെയോ) അത്തരം ഹദീസുകൾക്ക് ‘മുൻഖത്വിഅ്’ എന്ന് പറയും. മുൻഖത്വിഇന്റെ വ്യാപകാർത്ഥമാണ് ഇത്. മറ്റൊരു രൂപവുമുണ്ട് മുൻഖത്വിഇന്. നിവേദക പരമ്പരയിൽ ഒരേ സ്ഥാനത്ത് നിന്ന് തുടർച്ചയായി (consecutive) രണ്ട് അല്ലെങ്കിൽ അതിലധികം നിവേദകർ വിട്ടുപോയിട്ടുണ്ടെങ്കിൽ അതിനെ ‘മുഅ്ളൽ’ എന്നും പറയും.
ഒരു ഹദീസ് മുൻഖത്വിഅ് ആണോ, അല്ലയോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് മുകളിൽ പരാമർശിച്ചത്. അതായത്, സമകാലികരാണോ എന്ന അന്വേഷണം.
മറ്റൊരു വഴി, ഹദീസ് റിപ്പോർട്ട് ചെയ്തയാളും ഗുരുവും ഒരു സ്ഥലത്ത് ഒന്നിച്ചു കണ്ടിട്ടുണ്ടോ എന്ന അന്വേഷണമാണ്. സമകാലികരായവരെല്ലാം ഒന്നിച്ചുകൂടണമെന്നില്ലല്ലോ. ഒന്നിച്ചു കൂടിയിട്ടില്ല എന്ന് തെളിഞ്ഞാൽ ആ ഹദീസ് മുൻഖത്വിഅ് ആണെന്ന് മനസ്സിലാക്കാം.
ഇത് വ്യക്തമാവാൻ ഖത്വീബുൽ ബഗ്ദാദി സഈദുബ്നു ആമിറിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസെടുക്കാം. അദ്ദേഹം ഖാബൂസിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹം അബു ളബ്യാനിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തന്റെ പിതാമഹനിൽ നിന്ന്, അദ്ദേഹം ജാബിറിൽ നിന്ന്. ഹദീസ് ഇങ്ങനെ: "നബി, ഹുസൈന്റെ രണ്ട് തുടകൾ തമ്മിൽ വേർപിരിക്കുന്നതും വൃഷ്ണങ്ങൾ ചുംബിക്കുന്നതും ഞാൻ കണ്ടു.”
പല നിരീശ്വരവാദികളും തിരുനബിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി ഉദ്ധരിക്കാറുള്ള ഈ ഹദീസ് മൗളൂഅ് (തിരുനബിയുടെ മേൽ ആരോപിച്ചുണ്ടാക്കിയ വ്യാജമായ പ്രസ്താവന) ആണെന്ന് സമർത്ഥിച്ച ശേഷം ഖത്വീബുൽ ബഗ്ദാദി തുടരുന്നു: "ഈ ഹദീസിന് മറ്റൊരു ന്യൂനതയുമുണ്ട്. അഥവാ, റിപ്പോർട്ടർമാരിലെ സഈദു ബ്നു ആമിറും ഖാബൂസും ഒന്നിച്ചു കണ്ടിട്ടില്ല. സഈദു ബ്നു ആമിർ ബസ്വറക്കാരനും ഖാബൂസ് കൂഫക്കാരനുമാണ്. മാത്രമല്ല, സഈദുബ്നു ആമിർ റിപ്പോർട്ട് ചെയ്തതെല്ലാം ബസ്വറക്കാരിൽ നിന്ന് മാത്രമാണ് താനും.
ചില നിവേദകന്മാരും ഗുരുക്കന്മാരും സമകാലികരും പരസ്പരം ഒരുമിച്ചുകൂടിയവരുമായിരിക്കാം. എന്നാൽ, ഗുരുവിൽ നിന്ന് ഹദീസ് സ്വീകരിക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവില്ല. ഇങ്ങനെയുള്ള അവസരങ്ങളിലും ആ ഹദീസിനെ സംബന്ധിച്ച് മുൻഖത്വിഅ് എന്നു പറയും.
ചെറിയ കുട്ടിയായിരിക്കെയാണ് ഗുരുവിന്റെ കൂടെ ഉണ്ടായിരുന്നതെങ്കിൽ ഈ അവസ്ഥ സംജാതമാവും. ഹസനുൽ ബസ്വരി, അലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസുകളെ സംബന്ധിച്ച് മുൻഖത്വിഅ് എന്നു പറയാൻ കാരണമിതാണ്. കുട്ടിയായിരിക്കെ മാത്രമാണ് അദ്ദേഹം അലിയെ കണ്ടത്; മദീനയിൽ വെച്ച്. പിന്നീട് അലി കൂഫയിലേക്ക് യാത്ര തിരിച്ചു. അതിൽ പിന്നെ ഇവർ തമ്മിൽ കണ്ടിട്ടേയില്ല. ഇതിനെ അന്വർത്ഥമാക്കുന്നുണ്ട് അൽ ഹാഫിസ് സഖാവിയുടെ വാക്കുകൾ: "അലിയിൽ നിന്ന് ഹസനുൽ ബസ്വരി ഹദീസ് കേട്ടതായി ഹദീസ് പണ്ഡിതന്മാർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല.” ഇമാം തുർമുദി പറയുന്നു: "അലിയിൽ നിന്ന് ഹസൻ ഹദീസ് ശ്രവിച്ചതായി അറിവില്ല.
മുൻഖത്വിഅ് (വ്യാപകാർത്ഥത്തിലുള്ളത്) പല ഇനങ്ങളാകുന്നുണ്ട്. അതിൽപ്പെട്ട ഒന്നാണ് മുദല്ലസ്. വിൽപനച്ചരക്കിലെ ന്യൂനതയെ മറച്ചുവെക്കുന്നതിനാണ് ഭാഷാപരമായി തദ്ലീസ് എന്ന് പറയുന്നത്. ഇത് രണ്ട് ഇനങ്ങളാണ്. തലീസുൽ ഇസ്നാദ്, തലീസുശുയൂഖ്.
താൻ കണ്ട ഒരാളിൽ നിന്ന് കേൾക്കാത്ത ഒന്ന് കേട്ടു എന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അവതരിപ്പിക്കുന്നതിനാണ് തദ്ലീസുൽ ഇസ്നാദ് എന്ന് പറയുന്നത്. അപ്പോൾ, അവൻ "ഹദ്ദസനീ എന്നോ “അഖ്ബറനീ' (എന്നോട് പറഞ്ഞു) എന്നോ പറയില്ല. കാരണം, അതിലൂടെ കേട്ടു എന്ന് തോന്നിപ്പിക്കാനാവില്ല. വ്യക്തമാക്കലാണ്. ‘അൻ ഫുലാനിൻ' (അവനിൽ നിന്ന് ഞാൻ റിപ്പോർട്ട് ചെയ്യുന്നു) എന്ന് പറയും. കാരണം, അതിൽ കേട്ടു എന്ന് തോന്നിപ്പിക്കലുണ്ടല്ലോ. ഒരു ഉദാഹരണം പറയാം:
ശവം, മദ്യം എന്നിവ വിലകൊടുത്തു വാങ്ങുന്നതിനെയും നാട്ടുകഴുതയെ ഭക്ഷിക്കുന്നതിനെയും വ്യഭിചാരിണിയുടെ വേതനത്തെയും ഇണചേർക്കാൻ (മൃഗങ്ങളെ) വാടക കൊടുത്തതിന് ലഭിക്കുന്ന കൂലിയെയും തിരുനബി നിരോധിച്ചു. ഇത് അലിയിൽ നിന്നും ആസ്വിമുബ്നു ളംറ റിപ്പോർട്ട് ചെയ്യുന്ന ഹദീസാണ്. അവരിൽ നിന്ന് ഹബീബുബ്നു അബീ സാബിത്. അവരിൽ നിന്ന് ഹസനു ബ്നു ദക്വാൻ.
ഈ ഹദീസിനെ സംബന്ധിച്ച് അബ്ദുല്ലാഹി ബ്നു മുഹമ്മദി ബിൻ നസ്റിൽ നിന്നും ഇമാം ഹാകിം ഉദ്ധരിക്കുന്നു: “ഈ ഹദീസ്, ഹസനു ബ്നു ദക്വാൻ, ഹബീബു ബ്നു അബീ സാബിതിൽ നിന്ന് കേട്ടിട്ടില്ല. അതായത്, ഇതേ ഹദീസ് അബ്ദുൽ വാരിസ് എന്നവർ ഹസനു ബ്നു ദക്വാനിൽ നിന്ന് റിപ്പോർട്ട് ചെയ്തിടത്ത് ഹസൻ തന്റെ ശൈഖായി പറഞ്ഞത് ഹബീബുബ്നു അബീസാബിതിനെയല്ല, പ്രത്യുത അംറുബ്നു ഖാലിദിനെയാണ്. അംറുബ്നു ഖാലിദിന്റെ ഗുരുവാണ് ഹബീബ്. സ്വീകാര്യയോഗ്യനല്ലാത്തത് കൊണ്ട് അംറിനെ പറയാതിരുന്നതാണ്.
അപ്പോൾ ഇവിടെ ഹസനു ബ്നു ദക്വാൻ തന്റെ ഗുരുവിനെ പറഞ്ഞില്ല. മാത്രമല്ല, തന്റെ ഗുരുവിൻ്റെ ഗുരുവിൽ നിന്ന് കേട്ടു എന്ന രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഈ ഹദീസിനെ സംബന്ധിച്ച് മുദല്ലസ് എന്നു പറയും.
ഒന്നിലധികം ഗുരുക്കന്മാരിൽ നിന്ന് തദ്ലീസ് നടത്തിയ സംഭവങ്ങളും കാണാം. അലിയ്യു ബ്നു ഖശ്റം ഉദ്ധരിക്കുന്നു: “ഞങ്ങൾ ഇബ്നു ഉയയ്നയുടെ സമീപത്തിരിക്കെ അദ്ദേഹം, സുഹ്രി പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഹദീസ് ഉദ്ധരിക്കാൻ തുടങ്ങി. ഉടനെ ജനങ്ങൾ ചോദിച്ചു: ‘നിങ്ങളോട് സുഹ്രി പറയുകയോ?’ ഉയയ്ന നിശബ്ദനായി. വീണ്ടും ഉയയ്ന പറയാൻ തുടങ്ങി. ‘സുഹ്രി പറഞ്ഞു.’ വീണ്ടും ചോദ്യം വന്നു. നിശബ്ദനായി. മൂന്നാമതും ഇതാവർത്തിച്ചപ്പോൾ ഉയയ്ന പറഞ്ഞു. ‘ഞാൻ സുഹ്രിയിൽ നിന്നും അവരുടെ ഗുരുവിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടില്ല.’ എന്നാൽ, സുഹ്രിയെ നേരിട്ടു ദർശിച്ച രൂപത്തിലാണ് ഇബ്നു ഉയയ്ന സംസാരിച്ചത്. ഇത് ഒന്നിലധികം ഗുരുക്കന്മാരിൽ ശൈഖുമാരിൽ നിന്നുള്ള തദ്ലീസാണ്.”
രണ്ടാമത്തെ ഇനം തദ്ലീസുശ്ശുയൂഖ് ആണ്. പ്രസിദ്ധമല്ലാത്ത നാമത്തിലൂടെയോ വിശേഷണത്തിലൂടെയോ തന്റെ ഗുരുവിനെ പരിചയപ്പെടുത്തുന്നതിനാണ് തദ്ലീസുശ്ശുയൂഖ് എന്ന് പറയുന്നത്. അല്ലാമാ അബൂ അബ്ദില്ലാഹിൽ ഹാകിം പറഞ്ഞ സംഭവം ഈ ഗണത്തിൽ പെട്ടതാണ്. സംഭവം ഇങ്ങനെ:
“അല്ലാമാ സൗരി തന്റെ ഗുരു ഇബ്റാഹീമുബ്നു ഹിറാസയിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്റെ ഗുരുവിന്റെ ഈ നാമം പറയാറില്ല, പ്രത്യുത അബൂ ഇസ്ഹാഖു ശ്ശൈബാനി എന്നാണ് പറയുക. പറയാതിരിക്കാൻ കാരണമുണ്ട്. ഇദ്ദേഹം റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ ളഈഫ് (നിദാനശാസ്ത്ര പ്രകാരം സ്വഹീഹിനും ഹസനിനും നിർണയിച്ച മാനദണ്ഡങ്ങൾ പൂർണമായോ ഭാഗികമായോ പാലിക്കാത്ത നിവേദനം) ആയാണ് ഗണിക്കപ്പെടുന്നത്. അതു കൊണ്ട് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം പറഞ്ഞാൽ ഹദീസ് അംഗീകരിക്കപ്പെടുകയില്ല. അബൂ ഇസ്ഹാഖ് എന്നത് ഹിറാസയുടെ ഉപനാമവും ശൈബാൻ എന്നത് കുടുംബ നാമവും ആണ്. എന്നാൽ ഈ പേരിൽ പ്രസിദ്ധരായത് സുലൈമാൻ അബൂസുലൈമാൻ എന്നവരാണ്. അദ്ദേഹം വിശ്വസ്തനുമാണ്.” ഇങ്ങനെ ഹദീസ് തദ്ലീസ് ചെയ്യാൻ കാരണം തന്റെ ശൈഖിന്റെ പ്രായക്കുറവോ ജനങ്ങൾക്കിടയിൽ പ്രശസ്തി ഇല്ലായ്മയോ, സ്ഥാനമില്ലായ്മയോ, വിശ്വാസ്യത ഇല്ലായ്മയോ ആകാം.
തദ്ലീസുശുയൂഖിൽ മറ്റൊരു സാധ്യത കൂടിയുണ്ട്. ധാരാളം ഗുരുനാഥന്മാരുണ്ടെന്ന ധാരണ ജനിപ്പിക്കൽ. ഒരു സമയത്ത് തന്റെ ഗുരുവിന്റെ പ്രസിദ്ധമായ നാമവും മറ്റൊരു സമയത്ത് ഗുരുവിന്റെ ഉപനാമവും വേറൊരിക്കൽ ഏതെങ്കിലും വിശേഷണവും പറഞ്ഞാൽ ധാരാളം ഗുരുനാഥന്മാരുണ്ടെന്ന് തോന്നുമല്ലോ. എന്നാൽ തദ്ലീസ് ചെയ്യുന്ന ചില മുതിർന്ന ഹദീസ് പണ്ഡിതന്മാരെ കാണാം. സുഫ്യാനുസ്സൗരിയും, അഅ്മശും, ഇബ്നു ഉയയ്നയും അവരിൽ ചിലരാണ്. അവർ തദ്ലീസ് ചെയ്യുന്നത് മുകളിൽ പറഞ്ഞ കാരണങ്ങൾക്ക് വേണ്ടിയല്ല. പ്രത്യുത അവരുടെ അടുക്കൽ ഈ ഹദീസ് സ്വീകാര്യമാണെന്ന് സ്ഥിരപ്പെട്ടതിന്ന് വേണ്ടിയോ സ്വീകാര്യയോഗ്യരിൽ നിന്നേ ഇവർ റിപ്പോർട്ട് ചെയ്യൂ എന്ന് ജനങ്ങൾക്കിടയിൽ പ്രസിദ്ധമായതിന്ന് വേണ്ടിയോ ആണ്.
തദ്ലീസ് ചെയ്തവന്റെ ഹദീസ് സ്വീകരിക്കുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് മൂന്ന് വീക്ഷണങ്ങളാണുള്ളത്. സ്വീകാര്യമല്ല എന്നതാണ് ഒരു വീക്ഷണം. കാരണമായി ചൂണ്ടിക്കാട്ടുന്നത്, തദ്ലീസ് ഒരു വഞ്ചനയാണ്. വഞ്ചന നീതിക്കു നിരക്കുന്നതല്ല.
തദ്ലീസ് ചെയ്തവൻ വിശ്വസ്തനാണെങ്കിൽ ഹദീസ് സ്വീകാര്യമാണ്. അല്ലെങ്കിൽ സ്വീകാര്യമല്ല എന്നതാണ് മറ്റൊരു വീക്ഷണം. ഒരു വിശ്വസ്തൻ പൊതുവെ മറ്റൊരു വിശ്വസ്തനിൽ നിന്നല്ലാതെ തദ്ലീസ് ചെയ്യില്ലല്ലോ!’. മൂന്നാമത്തെ വീക്ഷണം ഇങ്ങനെ: വിശ്വസ്തരിൽ നിന്നേ തദ്ലീസ് ചെയ്യൂ എന്നറിയപ്പെട്ടവരുടെ ഹദീസ് സ്വീകാര്യമാണ്. സുഫ്യാനുബ്നു ഉയയ്നയെല്ലാം ഈ ഗണത്തിൽ പെടും. വിശ്വാസ്യത കുറഞ്ഞയാളുകളിൽ നിന്നും തദ്ലീസ് ചെയ്യും എന്നറിയപ്പെട്ടവരുടെ ഹദീസ് സ്വീകാര്യവുമല്ല. ഇതാണ് ഭൂരിപക്ഷ പണ്ഡിതമതം. ഇമാം ശാഫിഈയും ശുഅ്ബയും യഹ്യബ്നു മഈനുമെല്ലാം ഈ അഭിപ്രായത്തെയാണ് പിൻതാങ്ങുന്നത്.
ചുരുക്കത്തിൽ, ഒരു ഹദീസ് മുൻഖത്വിഉ ആണോ അല്ലേ എന്ന് തിരിച്ചറിയാൻ മൂന്ന് വഴികളുണ്ട്. മുൻഖത്വിഇന് രണ്ടർത്ഥമുണ്ട്. വ്യാപകാർത്ഥം, സങ്കുചിതാർത്ഥം. വ്യാപകാർത്ഥമനുസരിച്ച് മുദല്ലസ്, മുൻ ഖത്വിഇൽ പെടും. മുദല്ലസ് സ്വീകാര്യയോഗ്യമാണോ അല്ലേ എന്നതിൽ മൂന്ന് അഭിപ്രായങ്ങളാണുള്ളത്. വിശ്വസ്തരിൽ നിന്നേ തദ്ലീസ് ചെയ്യൂ എന്നറിയപ്പെട്ടവരുടെ ഹദീസ് സ്വീകരിക്കുമെന്നും അല്ലാത്തവരുടേത് സ്വീകരിക്കില്ല എന്നുമാണ് പ്രബലാഭിപ്രായം.
