ഇല്ലാത്തത് എന്നു പറഞ്ഞാൽ തനി ഇല്ലാത്ത പച്ചക്കള്ളം പറയുന്നത് കേട്ടിട്ട് കണ്ണുതള്ളിപ്പോയ അനുഭവങ്ങൾ നിങ്ങൾക്കാർക്കെങ്കിലും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ആലോചിച്ചിട്ട് അതൃപ്പം മാറുന്നില്ല. എങ്ങനെയാണ് ഇത്തരത്തിലുള്ള കള്ളത്രാണങ്ങൾ പറഞ്ഞുണ്ടാക്കുന്നത് പ്രചരിപ്പിക്കുന്നത്, ഹൗ വല്ലാത്ത ജാതി!
കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ്. സ്മാർട്ടാണ്. അക്കാഡമിക്കുകളിലെല്ലാം തികഞ്ഞ വമ്പത്തി. നല്ല വായനക്കാരി. സ്റ്റുഡൻസ് യൂണിയനിലും മാഗസിൻ പ്രവർത്തനങ്ങളിലുമെല്ലാം സജീവമായി ഇടപെടുന്ന ഒന്നാന്തരം ആക്ടിവിസ്റ്റ്. ഒരവസരം കിട്ടിയപ്പോൾ അവൾ തട്ടിക്കയറി. കടിച്ചു കീറാനുള്ള അരിശം. കുഞ്ഞിനെ മോഷ്ടിക്കപ്പെട്ട പെൺസിംഹത്തിന്റെ ശൗര്യം. സമാധാനിക്കൂ! കൂൾ ഡൗൺ. നമുക്ക് സൗഹൃദത്തിൽ സംസാരിക്കാം. ഒരു നോവൽ വായിച്ചതോടുകൂടെയാണ് അവൾക്കീ സന്ദേഹം മൊട്ടിട്ടത്. പിന്നീടത് പഴുത്ത് പൊട്ടി.
നിങ്ങൾ മനുഷ്യനെ കൊല്ലുന്നത് പുണ്യമായി കരുതുന്നവരല്ലേ! ഇതായിരുന്നു ആദ്യത്തെ സ്ഫോടനം. ഞാൻ ചോദിച്ചു ഏതു മനുഷ്യനെ, ആര്, എപ്പോൾ കൊന്നുവെന്നാണ് നിങ്ങൾ പറയുന്നത്? ദൈവത്തിന്റെ പേരും പറഞ്ഞ് കൊച്ചുകുഞ്ഞിനെ അമ്മയിൽ നിന്നും അടർത്തിയെടുത്ത് ആരും കാണാത്തിടത്ത് കൊണ്ടുപോയി ചെരിച്ചു കിടത്തി ഒരു പിതാവ് കഴുത്തറുത്തു കൊന്നു കളഞ്ഞില്ലേ? അത് വലിയ പുണ്യമായി നിങ്ങളിപ്പോഴും അവതരിപ്പിച്ച് നടക്കുകയല്ലേ. കൊല്ലം കൊല്ലം അതിന്റെ പേരിൽ പെരുന്നാള് കഴിച്ച് മൂരിയെയും പോത്തിനെയുമറുത്ത് ആഘോഷിക്കുകയല്ലേ. മനുഷ്യത്വം ഇല്ലാത്തവർ! തലയിലിടും പോലെ കാണിച്ചിരുന്ന തട്ടം വീണ്ടും കഴുത്തിലേക്ക് ഊരി വീണു.
ചിരി വന്നുപോയി, ആരോപണം കേട്ടിട്ട്. മോൾ വായിച്ച പുസ്തകത്തിലെ ആ വരികളൊന്ന് കാണിച്ചു തരാമോ? അവൾ പുസ്തകം നീട്ടി. പേജ് നമ്പർ പറഞ്ഞു തുറന്നു കാണിച്ചു തന്നു. നോക്കുമ്പോൾ മോള് പറയുന്നത് ശരി തന്നെ. അത് വായിച്ചാൽ ആർക്കും അങ്ങനെ തോന്നും. ഹൃദയം പോയിട്ട് നെഞ്ച്കൂട്ടിനുള്ളിൽ ചുട്ട കരിങ്കല്ലു പോലുമില്ലാത്ത ഒരു പിതാവ് തൻ്റെ പുത്രനെ അതിക്രൂരമായി മലർത്തി കിടത്തി മുഖത്തോടു മുഖം നോക്കി തലങ്ങും വിലങ്ങും കത്തിമൂർച്ച ഉരച്ച് കൊന്നുകളഞ്ഞ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവം എന്ന് വാക്കാൽ പറയാതെ പച്ചക്ക് തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് നടന്നത് മതത്തിന്റെ പേരിലാണ്. ഇത് നടത്തിയത് ദൈവത്തിന്റെ പേര് പറഞ്ഞാണ്. വേണോ ഇങ്ങനെയുള്ള മതവും ദൈവവും നമുക്ക് എന്നാണ് നന്നായി പഠിക്കുന്ന ഈ മോള് പൊട്ടിത്തെറിച്ചു കൊണ്ട് ചോദിക്കുന്നത്.
നിൻ്റെ ഈ ചോദ്യം വളരെ പ്രസക്തമാണ്. നമുക്ക് പതിയെ സംസാരിക്കാം. കാപ്പിക്ക് പറയട്ടെ. നമുക്ക് കുടിച്ച് കൊണ്ട് സംസാരിക്കാം. ഈ പറയപ്പെട്ട ചരിത്ര സംഭവം തീർത്തും, നൂറുശതമാനവും വാസ്തവ വിരുദ്ധമാണ്, എങ്ങനെയാണ് പകലിനെ രാവാക്കുന്ന, വെളുപ്പിനെ കറുപ്പാക്കുന്ന ഇത്തരം പച്ചക്കള്ളങ്ങൾ പടച്ചുണ്ടാക്കുന്നതെന്ന് ആരറിഞ്ഞു എന്നിങ്ങനെയുള്ള ഡയറക്ട് മറുചോദ്യങ്ങൾ ഒന്നും അവളോട് പറഞ്ഞില്ല.
മോൾ തങ്ങൻമാർ/സയ്യിദുമാർ എന്ന് കേട്ടിട്ടുണ്ടോ?
അതേ കേട്ടിട്ടുണ്ട്
ആരാണവർ ?
മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽ പിറന്നവർ.
ഇന്ന് അവർ ഉണ്ടോ?
അങ്ങനെ ചോദിച്ചാൽ... അതെ. എനിക്കറിയാവുന്ന തങ്ങൾ ഫാമിലികൾ ഒക്കെ ഉണ്ട്. പിന്നെ പത്രത്തിലും മറ്റുമൊക്കെ തങ്ങന്മാരുടെ ഫോട്ടോയും വാർത്തകളും കാണാറുമുണ്ടല്ലോ.
ഈ സയ്യിദ്മാരുടെ പരമ്പര ചെന്നെത്തുന്നത് മുഹമ്മദ് നബിയിൽ ആണല്ലോ. നബിയുടെ പരമ്പര പിന്നെയും പിറകോട്ട് പോകുന്നുണ്ടല്ലോ. അബ്ദുല്ലയാണ് നബിയുടെ ഉപ്പ. അബ്ദുൽ മുത്തലിബ് അവരുടെ ഉപ്പ. ഇങ്ങനെ നമുക്ക് എത്ര വരെ പറയാൻ കഴിയും? മദ്രസയിൽ പഠിക്കുന്ന ഏതൊരു കുട്ടിക്കും നബിയുടെ 20 ഉപ്പാപ്പമാരുടെ പേര് ഏത് പാതിരായ്ക്ക് വിളിച്ചു ചോദിച്ചാലും പറയാൻ കിട്ടും. പാട്ടായി പാടിത്തരുകയും ചെയ്യും. ആ പേരുകളിതാ:
1. അബ്ദുല് മുത്തലിബ്,
2. ഹാഷിം
3. അബ്ദു മനാഫ്
4. ഖുസ്വയ്യ്
5. കിലാബ്
6. മുര്റത്
7. കഅ്ബ്
8. ലുഅയ്യ്
9. ഗ്വാലിബ്
10. ഫിഹ്ര്
11. മാലിക്
12. നള്ര്
13. കിനാനത്
14. ഖുസൈമത്
15. മുദ്രികത്
16. ഇല്യാസ്
17. മുളര്
18. നിസാര്
19. മഅദ്ദ്
20. അദ്നാന്
ചോദിക്കട്ടെ അദ്നാൻ അല്ലല്ലോ ആദ്യ മനുഷ്യൻ. ആ വംശാവലി പിന്നെയും പിറകോട്ടേക്ക് പോകുന്നില്ലേ. അതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ പേരുകൾ പറയാൻ പോവുകയാണ്. ഇരുപത്തിയെട്ടാമത്തെ എത്തുമ്പോൾ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം കൊട്ടോ!
21) ഉദ്ദ്
22) മുഖവ്വിം
23) നാഹൂറ്
24) തീറഹ്
25) യഅ്റൂബ്
26) യശ്ജബ്
27) നാബിത്
28) ഇസ്മാഈല്(അ)
29) ഇബ്റാഹീം(അ).
ഇതാണ് മോളെ നീ പറഞ്ഞ കഥാപാത്രം ഹസറത്ത് ഇസ്മായിൽ നബി. BC 1911- 1774 കാലയളവിൽ ജീവിച്ച ചരിത്രപുരുഷൻ. പരിശുദ്ധ ഖുർആനിൽ പേരെടുത്ത് പറഞ്ഞ ഇരുപത്തിയഞ്ച് നബിമാരുണ്ട്. അതിൽ പെട്ട പ്രഗത്ഭനായ നബിയാണ് ഹസ്രത്ത് ഇസ്മായിൽ. ഇബ്രാഹിം നബിക്ക് ആയുസ്സിന്റെ അവസാന നാളുകൾ എത്തിയിട്ടും സന്താന ലബ്ധി ഉണ്ടായിരുന്നില്ല. ഭാര്യയായ സാറ ബീവി ഒടുവിൽ ഭർത്താവിനെ നിർബന്ധിച്ചു : അടിമയായ ഹാജറയെ വിവാഹം കഴിക്കാൻ. കഴിച്ചു. അതിലുണ്ടായ കുഞ്ഞാണ് ഇസ്മായിൽ. ശേഷം സാറാ ബീവിയും പ്രസവിച്ചു. മകൻ ഇസഹാഖ്. ആ പരമ്പരയിൽ വന്നവരാണ് ഇസ്രായേലികൾ. എന്നാൽ ഇസ്മായിൽ പരമ്പരയിലാണ് മുഹമ്മദ് നബി ജനിച്ചത്.
ഇസ്മായിൽ നബി കഅബ പുനരുദ്ധാരണ സമയത്ത് കല്ലുകൾ എടുത്ത് കൊടുത്തുകൊണ്ട് ഉപ്പയായ ഇബ്രാഹിം നബിയെ സഹായിക്കുകയുണ്ടായി. ഇസ്മായിൽ വളർന്നു. കല്യാണം കഴിച്ചു. കുട്ടികളുണ്ടായി. ഹിജാസിലെ നബിയായി. സന്താന പരമ്പരകളുണ്ടായി. അമാലിഖ വംശജയായ ഉമാറ ബിൻത് സഅദ് എന്നവരായിരുന്നു അവരുടെ ആദ്യ ഭാര്യ. പിന്നീട് അവരുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ജുർഹും വംശത്തിൽ പിറന്ന സയ്യിദ ബിൻത് മളാള് എന്നവരെ വിവാഹം ചെയ്യുകയും ചെയ്തു. 12 മക്കളുണ്ടായിരുന്നു മഹാന്. അതിൽ നാബിത്തിന്റെ സന്താന വംശാവലിയിൽ പിറന്നതാണ് മുഹമ്മദ് നബി. 130 വയസ്സിലേറെ ജീവിച്ചതായി ചരിത്രം പറയുന്നു.
മോളെ, ഞാനിത്രയും വിശദമായി ഇത് പറയുന്നത് എന്തിനാണെന്നറിയുമോ? ഞാൻ നിന്നോട് തങ്ങന്മാരെ പറ്റി ചോദിച്ചില്ലേ? മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽ പെട്ട ലക്ഷക്കണക്കിന് തങ്ങന്മാർ ഇന്ന് ജീവിക്കുന്നുണ്ട്. യമൻ, ബുഖാറ, മദീന അടക്കം ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ തങ്ങന്മാരുണ്ട്. നമ്മുടെ കേരളത്തിലുമുണ്ട്. പതിനായിരക്കണക്കിന് തങ്ങന്മാർ. എന്നാൽ കേട്ടോളൂട്ടോ! ഇവരുടെയെല്ലാം ഉപ്പാപ്പ ആയിരുന്ന ആളാണ് ഇസ്മായിൽ! കൊച്ചു നാളിലേ കഴുത്തറുത്ത് കൊന്നുകളഞ്ഞു എന്ന് ആരോപിക്കപ്പെട്ട ഇസ്മായിൽ!!
കുഞ്ഞായിരിക്കുമ്പോൾ ബലിയറുക്കപ്പെട്ട ആൾക്ക് മക്കളും മക്കളുടെ മക്കളും ഉണ്ടാകുമോ? കൂട്ടത്തിൽ ഒന്നുകൂടി ചോദിക്കട്ടെ. ഇസ്മായിൽ നബിയുടെ കാലഘട്ടത്തിൽ ജീവിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ കൃത്യമായ വംശാവലിയോട് കൂടെ ഇന്നു ജീവിക്കുന്ന ആരെയെങ്കിലും നമുക്ക് കാണിച്ചു തരാൻ പറ്റുമോ? ഇസ്മായിൽ നബിയുടെ ലക്ഷക്കണക്കിന് പേരമക്കളെ തൊട്ടു കാണിച്ചു തരാൻ സാധിക്കും. അങ്ങനെ നമുക്ക് ചുറ്റും പച്ച യാഥാർത്ഥ്യമായി ജീവൻ തുളുമ്പി നിൽക്കുന്ന ഒരു വിശുദ്ധ വംശാവലിയുടെ അങ്ങേയറ്റത്തുള്ള വ്യക്തിയെ പറ്റിയാണ് ചെറിയ പ്രായത്തിൽ കൊന്നുകളഞ്ഞു എന്ന് ആരോപിക്കുന്നത്.
സുഹൃത്തെ, ചരിത്രത്തിൽ അങ്ങനെ സംഭവം നടന്നിട്ടേയില്ല. പിന്നെ നടന്നത് ഒരു സിംബോളിക് ഇവന്റാണ്. ഇബ്റാഹീമിൻ്റെ വിശ്വാസ ദാർഢ്യം മാലോകർക്ക് വിളംബരം ചെയ്യാൻ ഉടയവനായ അള്ളാഹു തീരുമാനിച്ചു. അതിന് ഏറ്റവും കഠോരമായ ഒരു പരീക്ഷണം വെച്ചു. മകനെ ബലിയറുക്കുക. ഇബ്രാഹിം നബിക്ക് വേറെയും കഠിനമായ പല പരീക്ഷണങ്ങളും അല്ലാഹു കൊടുത്തിട്ടുണ്ട്. അല്ലാഹു ഉടമയും നമ്മളെല്ലാം അടിമകളുമാണ്. ആ അടിമ ഉടമ ബന്ധത്തിൽ അടിമക്ക് ഉടമയല്ലാത്ത മറ്റെന്തും അവൻ കഴിച്ചേയുള്ളൂ/ അങ്ങനെയേ ആകാവൂ. എന്ത് ആഗ്രഹവും അഭിലാഷവും സ്വപ്നവും മോഹവും എല്ലാം ഉടയവനായ ആ പടച്ചോന് മുമ്പിൽ സമർപ്പിക്കുമ്പോൾ മാത്രമേ ഒരാൾ പരിപൂർണ്ണ അടിമയാകുന്നുള്ളൂ.
അല്ലാഹുവിനേക്കാൾ മറ്റൊന്നിനെയും വകവെക്കാത്ത ഇബ്രാഹിം ഒരു പ്രലോഭനത്തിനും വശംവദനാകാതെ കുട്ടിയെയും കൂട്ടി കത്തിയുമായി പോയി. അത്രത്തോളം ശരിയാണ്. അറുക്കുമെന്നിടത്ത് വരെ എത്തി. അതും ശരിയാണ്. അല്ല മനസ്സുകൊണ്ട് മകനെ അറുക്കാൻ ഇബ്രാഹിം ഉറപ്പിച്ചുകഴിഞ്ഞു. അതും ശരിയാണ്. ആ ദൃഢ നിശ്ചയം കണ്ട് പ്രപഞ്ചമാകെ ഞെട്ടി. പോകുന്ന വഴിയിൽ ആ മകൻ ഉപ്പയോട് പറഞ്ഞുവത്രെ എന്നെ അറുക്കുന്ന സമയത്ത് എന്റെ കൈകാലുകൾ കെട്ടിയിടണം കെട്ടോ ഞാൻ തട്ടിപ്പിടഞ്ഞു ഓടി പോയാൽ ഉപ്പാക്ക് റബ്ബിന്റെ ഉത്തരവ് നിറവേറ്റാൻ പറ്റാതെ പോകും. വീണ്ടും പറഞ്ഞുവത്രെ എന്നെ അറക്കുമ്പോൾ ചെരിച്ചു കിടത്തണം ഉപ്പാ. എൻറെ മുഖം കാണുമ്പോൾ ഉപ്പായുടെ കൈ പിന്നാക്കം വലിഞ്ഞു പോയെങ്കിലോ? ഇബ്രാഹിം കത്തിയൂരി കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. ഇനി അടുത്ത സെക്കൻഡ് എന്താണെന്ന് പറയാൻ വയ്യ! അപ്പോഴേക്കും അശരീരി മുഴങ്ങി! യാ ഇബ്രാഹിം, അങ്ങ് പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു!! ഇസ്മായിലിന് പകരം ഒരാട്ടിൻ കുട്ടിയെ അല്ലാഹു ഇറക്കിക്കൊടുത്തു. അതിനെ അറുത്തു ബലി നൽകി ഇതാണ് യഥാർത്ഥ സംഭവം. ഇതിനെയാണ് ചരിത്രത്തോട് ശകലം പോലും നീതിപുലർത്താതെ പച്ചക്കള്ളമായി അവതരിപ്പിച്ച് പുസ്തകങ്ങളും നോവലുകളും എഴുതി ചിലർ ആളാകുന്നത്.
എന്ത് സംഭവിച്ചു എന്ന് മാത്രമല്ല അതിന്റെ അനന്തരഫലം എന്തുണ്ടായി എന്നുള്ളത് കൂടി ചേർത്ത് വെക്കുമ്പോഴാണ് ഏതൊരു സംഭവത്തിന്റെയും പൂർണ്ണ വിലയിരുത്തൽ സാധ്യമാവുക. ആൾക്കൂട്ടം അയാളെ നടുറോട്ടിൽ ഇട്ട് തല്ലിച്ചതച്ചു എന്നുള്ളത് കേൾക്കാൻ സുഖമില്ലാത്ത വാർത്ത തന്നെയാണ്. പക്ഷേ അദ്ദേഹം കൊള്ള സംഘത്തിലെ അംഗമായിരുന്നുവെന്നും നാട്ടിൽ അക്രമം നടത്തുന്ന ഒരു നെറ്റ്വർക്കിലെ കണ്ണിയാണെന്നും അയാൾക്ക് കിട്ടേണ്ടത് നാട്ടുകാർ കൊടുത്തപ്പോൾ ആ സംഘം അവിടെ നിന്ന് അപ്രത്യക്ഷമായെന്നും പിന്നീട് അറിയുമ്പോഴാണ് ആ പ്രത്യാക്രമണത്തിന്റെ പ്രസക്തി മനസ്സിലാവുക. ജീവനോടെ മണ്ണിട്ട് മൂടിക്കളഞ്ഞു എന്നുള്ളതും ആശ്വാസകരമല്ലാത്ത വാർത്തയാണ്. പക്ഷേ മണ്ണൊലിപ്പിനെ തുടർന്ന് പുറത്തായ മരത്തിന്റെ വേരുകൾ ആയിരുന്നു പിന്നീട് മണ്ണിട്ട് നികത്തിയത് എന്നറിയുമ്പോൾ അതൊരു അനിവാര്യ പ്രവർത്തനമാണെന്ന് വിലയിരുത്താൻ കഴിയും. ഇത്, മുമ്പും പിമ്പും ഒന്നും നോക്കാതെ മകനെ ബലി അറുക്കാൻ പോയി എന്ന ചരിത്രശകലം മാത്രം വെട്ടിയെടുത്ത് അതിനെ വില്പന ചരക്കാക്കുകയും വെറുപ്പും തെറ്റിദ്ധാരണയും പരത്താൻ ശ്രമം നടത്തുകയും ചെയ്യുന്നത് എന്തുമാത്രം അപഹാസ്യമാണ്. ആ ഒരു പ്രതീകാത്മക ബലികർമ്മ മനോദാർഢ്യത്തിന്റെ സ്മൃതി പിടിച്ച് എത്ര നൂറ്റാണ്ടുകളായി ബലിപെരുന്നാളിന് എത്ര ലക്ഷം കോടി ആളുകൾക്കാണ് പരിശുദ്ധമായ മാംസ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നത്.
ഉപ്പ മകനെ ബലിയറുക്കുക എന്നിട്ടാ കുട്ടി മരിക്കുക എന്ന ഒരു സംഭവം ഇസ്ലാമിന്റെ ലോകചരിത്രത്തിൽ എവിടെയും ഉണ്ടായിട്ടില്ല. അവളുടെ മുഖത്ത് പകർച്ച പടന്നു. വിപ്ലവകാരി ആണെങ്കിലും മൊശടത്തിയല്ല, പിടിവാശിയില്ല സത്യം തിരിച്ചറിഞ്ഞാൽ ഉൾക്കൊള്ളുന്നവളാണ്. നീ ഒരു കാര്യം ചെയ്യ്! ചരിത്ര വിരുദ്ധമായ ഈ സംഭവം ഫിക്ഷനാക്കി മാറ്റിയ ആ നോവലിസ്റ്റിന്റെ അടുത്ത് ചെല്ല്. ആധികാരികമായ ചരിത്രരേഖ വച്ചുകൊണ്ട് ഇത് തെളിയിക്കാൻ പറ്റുമോ എന്ന് ധൈര്യമായി അവളെ വെല്ലുവിളിക്ക്.





