മുമ്പ് ഒരു നാട്ടു കാരണവർ ചട്ടമ്പിയായി നടന്ന ഒരു വാല്യക്കാരനോട് ആളുകൾക്കിടയിൽ പറഞ്ഞ ഒരു മാസ് ഡയലോഗ് ഉണ്ട്:- തന്നെയൊക്കെ കാലിൽ പിടിച്ച് വായുവിൽ നാല് കറക്കം കറക്കി നാലഞ്ച് തട്ട് അങ്ങോട്ടുമിങ്ങോട്ടും തട്ടിയാൽ ശരിയാവുന്ന പ്രശ്നമേ ഉള്ളൂ, മറക്കണ്ട എന്ന്! ആ പറഞ്ഞതിനെ നമ്മുക്ക് ഒന്ന് വിശകലനം ചെയ്തു നോക്കാം. ആദ്യം കുറെ കറക്കുക പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുക. ഇതല്ലേ അതിന്റെ കാതൽ. നമ്മളിലും ഇല്ലേ ചെറുമാതിരി ചട്ടമ്പിത്തരങ്ങളൊക്കെ. നമ്മളിലും ഇല്ലേ ചെറുതല്ലാത്ത ചില പ്രശ്നങ്ങളൊക്കെ. ആ നാട്ടുമൂപ്പൻ പറഞ്ഞതു പോലുള്ള കുറച്ച് കറക്കലുകളും അങ്ങോട്ടും ഇങ്ങോട്ടുമുള്ള അഞ്ചാറ് തട്ടിക്കളികളുമൊക്കെ നമുക്കും കിട്ടണ്ടേ? എങ്കിൽ തീരാവുന്ന കുറച്ചു കൊച്ചു പ്രശ്നങ്ങളല്ലേ നമുക്കും ഉള്ളൂ?
ഇത് ഇപ്പോൾ വലിച്ചിടാൻ സാഹചര്യപരമായ ഒരു കാരണമുണ്ട്. ഹജ്ജിനെ പറ്റിയാണ് നമ്മൾ പറയുന്നത്. ഹജ്ജിലെ ആദ്യത്തെ കർമ്മമാണ് കറങ്ങൽ. ത്വവാഫ് എന്ന് സാങ്കേതിക നാമം. നമുക്ക് ഇങ്ങനെ സങ്കൽപ്പിക്കാം. പലതരം പ്രശ്നങ്ങളും സൂക്കേടുകളും ഉള്ളവർക്ക് ഒറ്റത്തരം ചികിത്സ നൽകുന്ന ഒരു യന്ത്രം കണ്ടുപിടിച്ചു. രോഗികളെ ആ കൂറ്റൻ യന്ത്രത്തിലേക്ക് തള്ളിയിടുന്നു. ഹൃദയം പോലുള്ള ആ എൻജിന് ചുറ്റും പലതരം പ്രശ്നങ്ങളുള്ളവരെയും രോഗങ്ങളുള്ളവരേയും പലതവണ പതുക്കനെ കറക്കിയെടുക്കുന്നു. യന്ത്രത്തിന്റെ ഒരു കോണിൽ ഒരു കറുത്ത പോയിന്റ് ഉണ്ട്. അത് ഏത് രോഗമാണെങ്കിലും സെൻസ് ചെയ്ത് വലിച്ചെടുക്കുന്നു.
കഅബക്ക് ചുറ്റുമാണല്ലോ ആളുകൾ കറങ്ങുന്നത്. കഅബയുടെ ഒരു മൂലയിൽ ഹജറുൽ അസ്വദ് ഉണ്ട്. ഹൃദയത്തിന്റെ പണി രക്തത്തെ സദാ ചലനാത്മകമാക്കി ശുദ്ധീകരിക്കൽ ആണെങ്കിൽ കഅബ എന്ന കൂറ്റൻ ഹൃദയം ചെയ്യുന്നത് തന്നിലേക്ക് ഇട്ടു തരുന്ന മലിന പദാർത്ഥങ്ങളെ അല്ലെങ്കിൽ പദാർത്ഥങ്ങളിലെ മാലിന്യങ്ങളെ അബ്സോർബ് ചെയ്യലാണ്. ഏഴുതവണ വലിങ്ങനെ ചുഴറ്റിക്കറക്കി പുറത്തിടുമ്പോഴേക്കും ഒരുവിധം ആള് ശുദ്ധിയായിട്ടുണ്ടാവും.
കഅബക്കു മുകളിൽ നിന്നുള്ള ഒരു ആകാശക്കാഴ്ച മനസ്സിൽ കണ്ടു നോക്കിയേ. ലോകത്തിൻറെ നാനാ ദിക്കുകളിൽ നിന്ന് കറുത്തവരും വെളുത്തവരും ഇരുനിറക്കാരും കുറിയവരും തടിയന്മാരും നീളന്മാരും പണിക്കാരും പണക്കാരും തൊഴിലാളികളും മുതലാളികളും മാഷും കുട്ടിയും സ്ത്രീയും പുരുഷനും പാശ്ചാത്യനും പൗരസ്ത്യനും ഭരണകർത്താവും ഭരണീയനും സകലാംഗനും വികലാംഗനും എല്ലാം ഒറ്റ ചക്രത്തിൽ ഇട്ട് സാവകാശം ഇങ്ങനെ കറങ്ങിക്കറങ്ങി തെളിഞ്ഞു വരുന്ന രംഗം. ലോകത്തെവിടെയും കാണാനാകില്ല സമാനമായ മറ്റൊരു ദൃശ്യം.
മനുഷ്യനെ പുതഞ്ഞിരിക്കുന്ന ഡംഭ് / അഹന്ത എന്ന പുറ്റിൽ നിന്ന് അവനെ പൊളിച്ചെടുക്കാൻ ഹജ്ജിലെ ഓരോ കർമ്മങ്ങളും സഹായിക്കുന്നു. ത്വവാഫ് തന്നെ നോക്കൂ. എല്ലാവരും തുടങ്ങേണ്ടത് ഒരേ പോയിന്റിൽ നിന്നാണ്; ഹജറുൽ അസ്വദിൻ്റെ നേർക്ക് നിന്ന്. എനിക്കിങ്ങനെ കറങ്ങാനൊന്നും വയ്യ! ഞാനിവിടെ ശകലം മാറി ഗ്യാലറിയിൽ ഇരുന്നു ഈ ദൃശ്യങ്ങളൊക്കെ വിലയിരുത്താം, വിശകലനം ചെയ്യാം. വേണ്ട! ഞാൻ നാട്ടുകാർക്കിടയിൽ കാര്യപ്പെട്ടവനാണ്, പേരുകേട്ടവനാണ്, പണക്കാരനാണ്, പത്രാസ് ഉള്ളവനാണ് -എങ്കിൽ അതും പറഞ്ഞ് അവിടെ ഇരുന്നോ. ത്വവാഫ് വേണോ കൂട്ടത്തിൽ ചേരണം.
ചിലർക്ക് പൊതുജനം എന്നുള്ളത് അലർജിയാണ്, ആൾക്കാരുടെ കൂടെ കൂടുക സാധാരണക്കാരുടെ കൂടെ നടക്കുക, കോമൺ ഫോക്കിനോട് നേരിട്ട് സംസാരിക്കുക എന്നതൊക്കെ വലിയ മോശത്തരമാണ്. ഒരുപക്ഷേ ഹജ്ജിന് വരുന്നവരും അവരവരുടെ നാടുകളിൽ ഇത്തരത്തിലുള്ള അകലവും അന്യത്വവുമൊക്കെ കൃത്യമായി പാലിച്ചു ജീവിക്കുന്നവരാവാം. മോനേ അതെല്ലാം പുറത്ത് അവിടെ അഴിച്ചു വെച്ചേക്ക്. ത്വവാഫിലേക്ക് വരുന്നതിനുമുമ്പ് എല്ലാവരും ഒരു അഴിച്ചുപണി നടത്തുന്നുണ്ട്. ഓരോരുത്തരും താൻ ആരാണെന്ന് കാണിക്കാൻ വേണ്ടി എടുത്തണിയുന്ന വേഷഭൂഷാദികളും അലങ്കാരാദികളും എല്ലാം പരിപൂർണ്ണമായും അഴിച്ച് പുറത്തുവച്ച് എല്ലാവരും രണ്ടു കഷണം തുണിക്കണ്ടത്തിൽ സ്വന്തം ദേഹത്തെ ചുറ്റിപ്പൊതിയുമ്പോഴാണ് ത്വവാഫിനുള്ള അർഹത വരുന്നത്. ഞാൻ നിന്നിൽ നിന്നും നിങ്ങളിൽ നിന്നുമെല്ലാം ഇത്രക്ക് വ്യത്യസ്തനാണ് എന്ന് കാണിക്കുന്ന എല്ലാ അലങ്കാരങ്ങളോടും വിടപറഞ്ഞ് എല്ലാവരും പരസ്പരം തിരിച്ചറിയാൻ പറ്റാത്ത വിധം വസ്ത്രസാമാന്യത കൈവരിക്കുന്നു. അഥവാ നീ എവിടെ നിൽക്കുന്നു എന്ന് ചോദിച്ചാൽ ഞാനിതാ ഒരു വെള്ളത്തുണിയും വെള്ളമുണ്ടും ധരിച്ച് നിൽക്കുന്നു എന്ന് പറഞ്ഞാൽ ആ അടയാളം തിരിച്ചറിയാൻ ശ്രമിക്കുന്നവന് ശ്രമകരമാവും വിധം ഒരേ പോലെയാകുന്നു. കടലിലെ എവിടെയോ കിടക്കുന്ന ഒരു തുള്ളി മറ്റൊരു തുള്ളിയോട് എന്നെ കാണാൻ വാ, ഞാനിതാ ഈ കടലിലെ ഒരുതുള്ളി ഇവിടെയുണ്ട് എന്ന് പറയുംപോലെ, തമാശയായി തീരുന്നു.
ഈ ബാഹ്യമായ അഴിച്ചു വെക്കൽ പ്രതീകാത്മകം മാത്രമല്ല കെട്ടോ. അതോടൊപ്പം അയാളുടെ ഉള്ളിൽ അയാൾ കെട്ടിക്കൊളുത്തിവെച്ചിരിക്കുന്ന/ആരും കാണാതെ എടുത്തണിഞ്ഞിരിക്കുന്ന മേന്മത്തരത്തിൻ്റെ ആഢ്യത്തരത്തിന്റെ വലിയ വിചാരത്തിന്റെ എല്ലാ ആഭരണങ്ങളും വേണം അയാൾ അഴിച്ചു വെക്കാൻ. ശേഷം നാം കറങ്ങിക്കൊണ്ടേയിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക് കണ്ണി ചേരുകയാണ്. ഭയങ്കര രസമാണ് തുടർന്നുള്ള രംഗങ്ങൾ. ഇടതും വലതും മുന്നിലും പിന്നിലും അപ്പുറത്തും ഇപ്പുറത്തും ഒക്കെയുള്ള ആളുകളുടെ വൈവിധ്യങ്ങൾ അത്യാശ്ചര്യകരമാണ്. എന്തെല്ലാം തരം മനുഷ്യർ...എവിടെനിന്നെല്ലാം വരുന്നവർ ....എത്രയെല്ലാം പുണ്യവാളന്മാർ....എന്തെല്ലാം ആധികളും വ്യാധികളും കൊണ്ടുനടക്കുന്നവർ
ഏത് അവഗണിക്കപ്പെട്ടവനും എത്ര ഇല്ലാത്തവനും ഞാൻ ഈ ലോകത്ത് ഒറ്റക്കല്ല, എനിക്ക് ചുറ്റും ആളുകളുണ്ട് എന്ന് തോന്നുകയും സ്വയം സന്തോഷിക്കുകയും ഒന്നായി ഒരു കണ്ണിയായി വളഞ്ഞൊഴുകുകയും ചെയ്യുന്ന സുന്ദരമായ അനുഭവം. പ്രത്യേകിച്ച് ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ പാർശ്വവൽക്കരണം അനുഭവിക്കുന്നവർ ഈ വിശുദ്ധ മണ്ണിൽ എത്തിച്ചേരുമ്പോഴാണ് മാനവിക ഐക്യത്തിന്റെ മധുരിക്കുന്ന മധുരം നുണയാൻ ആവുക. വലതു തോൾവശം നഗ്നമായി ഇടുന്നത് കൊണ്ട് ചിലപ്പോൾ മേനികൾ തമ്മിൽ ചുംബിച്ചു പോവുക പോലും ചെയ്യും. കാഷ്യസ് മുഹമ്മദലി ക്ലേയും മാൽകം എക്സുമെല്ലാം ആ മധുരചുംബനം നല്ലവണ്ണം നുണഞ്ഞിട്ടുണ്ട്.
എന്തെല്ലാം ആധുനികതയും നാഗരികതയും പ്രസംഗിച്ചാലും പാശ്ചാത്യലോകത്ത് കറുപ്പിനോടുള്ള വർണ്ണവെറി വളരെയധികമാണ്. കറുത്ത വർഗ്ഗക്കാരന് ഇപ്പോഴും അവിടങ്ങളിൽ അടിയും കുത്തും ചവിട്ടും അവഗണനയും തന്നെയാണ്. ഇന്ന് മാത്രമല്ല ചരിത്രത്തിൽ എവിടെയും അങ്ങനെയായിരുന്നു. നമ്മളീ ചുറ്റിക്കറങ്ങുന്ന കഅബയില്ലേ അതിനൊരു ചരിത്രമുണ്ട്. മക്ക ഫത്തഹിന്റെ ദിവസം പതിനായിരക്കണക്കിന് സ്വഹാബികൾ ഉണ്ടായിട്ട് ഇസ്ലാമിന്റെ പരസ്യ വിളംബരം ആയ വാങ്കുവിളിക്കാൻ മുഹമ്മദ് നബി വിളിച്ചേൽപ്പിച്ചത് കറുത്ത നീഗ്രോ അടിമയായിരുന്ന ബിലാല്ബിന് റബാഹയെ ആയിരുന്നു. പതിനായിരങ്ങൾക്കതൊരു മഹാപാഠം ആയിരുന്നുവെങ്കിലും ഉള്ളിൽ വിശ്വാസത്തിന്റെ നനവേശാത്ത പലർക്കും ആ രംഗം കണ്ടു നിൽക്കാൻ പറ്റിയില്ല. ആ ഒരു രംഗം കാണേണ്ട ദൗർഭാഗ്യമില്ലാതെ അതിനുമുമ്പായി മരിച്ചു പിരിഞ്ഞവർക്ക് അവർ ആശംസകൾ അർപ്പിച്ച് അരിശം തീർത്തു. ജാതീയതയുടെ പേരിലുള്ള അയിത്തവും ഉച്ചനീചത്വങ്ങൾ പൂർണ്ണമായും ഭൂമുഖത്ത് നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒന്നുകൂടി പ്രത്യേകം ആലോചിക്കണം. ഏത് പ്രതലത്തിൽ കൂടിയാണ് ഈ കറങ്ങി ഒഴുകുന്നത്? ഇന്നലെകളിൽ എന്തെല്ലാം പരിശുദ്ധ സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഏതെല്ലാം എത്രയെല്ലാം പരിശുദ്ധ പാദങ്ങളാണ് ഇതിലൂടെ നടന്നു പോയത്. എത്രയെല്ലാം പ്രവാചകന്മാർ, പുണ്യപുരുഷന്മാർ മഹാന്മാർ മഹതിമാർ സച്ചരിതർ ഇതിലൂടെ കടന്നുപോയി... അത്രയ്ക്ക് മഹത്തരമായ ഈ വിശുദ്ധസ്ഥലത്തിലൂടെ ഏഴു തവണ മനോഹരമായി കറങ്ങി തെളിയുമ്പോളുണ്ട് ഇബ്രാഹിം മഖാമിന്റെ പിന്നിൽ പോയി ഒരു രണ്ട് റക്അത്ത് നിസ്കാരം. അതുകഴിഞ്ഞ് വയറ് നിറച്ച് ഒരു സംസം കുടി. പിന്നീട് ദേഹത്തു നിന്നും മനസ്സിനെ വലിച്ചു പുറത്തിട്ട് കണ്ണീരിൽ മുക്കി ഒരു പ്രാർത്ഥനയാണ്. ഒരിക്കലും തള്ളപ്പെടാത്ത തേട്ടം.
അതും കഴിഞ്ഞാണ് സഫയിലേക്ക് പോകുന്നത്. ഇന്ന് നമുക്കത് ആൾബഹളമുള്ള പുരുഷാരം പതയ്ക്കുന്ന ശീതീകൃതമായ സ്ഥലമാണ്. പക്ഷേ നൂറ്റാണ്ടുകൾ പിറകിലേക്ക് പോകുമ്പോൾ ഒരു ഉമ്മ നുറുങ്ങിയ ഹൃദയത്തോട് കൂടി ഇതിലൂടെ ഓടിയിരുന്നു. കുറച്ച് അപ്പുറത്താണ് കുട്ടിയെ കിടത്തിയിരിക്കുന്നത്. അതിനെന്തെങ്കിലും സംഭവിക്കുമോ എന്ന് ആധിയുണ്ട്. വല്ല കാട്ടുജീവികളോ ഇഴജന്തുക്കളോ വന്ന് അപായപ്പെടുത്തിയെങ്കിലോ. അവന് ഇനി വെള്ളം കിട്ടിയേ തീരൂ. നല്ല കരച്ചിലാണ്. ഇവിടെ എവിടെയെങ്കിലും വെള്ളം കാണും.
സഫയിൽ നിന്ന് മർവയിലേക്കു ഓടി. വെള്ളം കണ്ടില്ല! തിരിച്ചു സഫയിലേക്ക് ഓടി. അപ്പോഴും കണ്ടില്ല. പക്ഷേ അതോടെ ആ ശ്രമം നിർത്തിയില്ല. ഒന്ന് വീഴുമ്പോഴേക്കും എല്ലാം തീർന്നു എന്ന് കരുതുന്നവർക്ക് ആശ്വാസമാണ്, ഊർജ്ജമാണ് ഈ ഉമ്മ. നിരാശയുടെ നിഴൽ കാണുമ്പോഴേക്കും കയറെടുത്ത് കെട്ടിത്തൂങ്ങുന്ന ആധുനിക ദുർബല സമൂഹത്തിന് ഒരു തിരുത്താണ് ഈ ഉമ്മയുടെ മനക്കരുത്ത്. പിന്നെയും ഓടി. പിന്നെയും ഓടി. പിന്നെയും ഓടി. ഏഴ് തവണ തുടർന്നു.
നാട്ടുകാരണവർ പറഞ്ഞില്ലേ അങ്ങോട്ടുമിങ്ങോട്ടും നാല് തട്ട് തട്ടണമെന്ന്. ഇവിടെയിതാ ഏഴു പ്രാവശ്യം കഅ്ബക്ക് ചുറ്റും കശക്കി എറിഞ്ഞ നമ്മളെ വീണ്ടും എഴുതവണ സഫമർവ പർവതങ്ങൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നു. നൂറ്റാണ്ടുകൾക്കപ്പുറം വെപ്രാളപ്പെട്ട് പാഞ്ഞ ഉമ്മയുടെ പാദസ്ഥലികളിലൂടെ. ഉമ്മയുടെ കാൽക്കീഴിലാണല്ലോ സ്വർഗം. നമുക്കുള്ള സ്വർഗം അവിടെ എവിടെയോ കിടപ്പുണ്ടായിരിക്കണം. വേവുന്ന മനസ്സോടെ വേണം നമ്മൾ അതിലൂടെ പതുങ്ങി പാഞ്ഞു നടക്കാൻ. അതും കഴിഞ്ഞ് ഒരല്പം മുടിമുറിച്ചിടുക കൂടി ചെയ്താൽ നമ്മൾ പുതിയ ഉൽപ്പന്നമായി! ശരിക്കും ഒരു പുതിയ പിറവി!! ഒന്നുകൂടി ജനിക്കാൻ പൂതിയുള്ളവരേ ഇപ്പോഴുള്ള നിങ്ങളെ പൂർണമായി അൺഡു ചെയ്ത്, കെട്ടു വേഷങ്ങളെല്ലാം വലിച്ചെറിഞ്ഞ്, കഫൻ പുട എന്ന് തോന്നിക്കുന്ന വെള്ള രണ്ട് കോറത്തുണികൾ വാരിപ്പുതച്ച്, പാഞ്ഞു തളർന്നുവീഴാനായി പാഞ്ഞു വാ...!





