1. അറിയുന്നവർ വിട്ട ഭാഗം പൂരിപ്പിക്കുക!
ഒരു അമുസ്ലിം സഹോദരിയാണ്. എന്തോ വളരെച്ചെറിയ ചില്ലറപ്പൈസ കൊടുക്കാനുള്ളത് ഓർമ വന്നപ്പോൾ അവർക്ക് അത് വിളിച്ചു കൊടുത്തു. അത്രയും നിസ്സാരമായ പൈസ തിരിച്ചു കൊടുത്തതിൽ ആശ്ചര്യം തോന്നിയ അവർ ചോദിച്ചത് നിങ്ങൾ എന്താ... പോകുന്നുണ്ടോ എന്നാണ്? എന്തായിരിക്കും ആ സഹോദരി അവിടെ പറഞ്ഞിരിക്കുക? ഊഹിച്ചു നോക്കൂ!
2. തെറ്റുണ്ടെങ്കിൽ തിരുത്തുക!
ഒത്തിരി വർഷങ്ങൾക്കു മുമ്പാണ്. ഉറങ്ങാൻ കിടന്നു കാണും. ഉറ്റ സുഹൃത്തിന്റെ ഫോൺ വരുന്നു. "പിന്നെ നിങ്ങൾ എനിക്ക് തന്ന ഒരു പുസ്തകമുണ്ട്; ഖുർആനും ബൈബിളും ആധുനിക ശാസ്ത്രവും താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന മോറിസ് ബുക്കായിയുടെ പുസ്തകത്തിന്റെ അറബിക് പരിഭാഷ. ഇതിപ്പോൾ എന്റെ ഷെൽഫിലുണ്ട്. ഇത് നിങ്ങൾ എനിക്ക് തന്നതാണോ അല്ല നിങ്ങൾക്ക് തിരിച്ചു തരേണ്ടതാണോ? ഒന്ന് വിശദമായി പറയണം.
സാന്ദർഭികമായി പറയട്ടെ, ചില മനുഷ്യൻമാരുണ്ട്. പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുപോകും. തരാമെന്ന് പറയും. തരികയില്ല. അവന്മാരുടെ വിചാരം പുസ്തകക്കളവ് എന്തോ നല്ല ഏർപ്പാടാണെന്നാണ്. മറ്റൊന്നും പോലെയല്ല; പുസ്തകം വാങ്ങിക്കൊണ്ടുപോയി തരാമെന്ന് വാക്ക് പറഞ്ഞ് തരാതിരിക്കുന്നത് പുണ്യകരമാണെന്ന് മനസ്സിലാക്കിയത് പോലെ. അയാൾക്ക് പുസ്തകം അത്രയും പ്രിയപ്പെട്ടതായതുകൊണ്ടല്ലേ എന്ന് കരുതി നമ്മൾ ആ വാക്കുലംഘനത്തെ അരുമയായി ഓമനിക്കണമെന്ന പോലെ. ബുക്കു കള്ളന്മാരെപ്പറ്റി അധികം ഒന്നും പറയിക്കേണ്ട എന്നതിനപ്പുറം അധികമൊന്നും ഇപ്പോൾ പറയുന്നില്ല.
തിരിച്ചുവരാം. സുഹൃത്തിന്റെ വിളി വന്നപ്പോഴാണ് അങ്ങനെയൊരു പുസ്തകം കൈമാറിയതിനെപ്പറ്റിത്തന്നെ ആലോചിക്കുന്നത്. അത് ജിദ്ദയിൽ ജോലി ചെയ്യുന്ന ഒരു പണ്ഡിതൻ തന്നതാണ്. എനിക്കായി സ്വന്തം തന്നതാണോ അതോ വായിച്ച് തിരിച്ചു കൊടുക്കാൻ തന്നതാണോ എന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിരുന്നില്ല. അങ്ങനെ ഞാൻ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതു നിങ്ങൾക്ക് തന്നതാണ്. അങ്ങനെ ഞാൻ സുഹൃത്തിനെ വിളിച്ചുപറഞ്ഞു. അത് എനിക്ക് തന്നതാണ്, ആകയാൽ ഞാൻ നിങ്ങൾക്ക് തന്നതാണ്. അദ്ദേഹത്തിന് സമാധാനമായി. പിന്നീടാണ് ഞാൻ ചോദിക്കുന്നത് എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു അതിദ്രുത അന്വേഷണം?
നിങ്ങൾക്കാർക്കെങ്കിലും ഊഹിച്ചു പറയാൻ പറ്റുമോ? പലരും പറഞ്ഞത് അദ്ദേഹം ഹജ്ജിനു പോവുകയാണെന്നാണ്. പക്ഷേ അത് ശരിയല്ല പോലും, അങ്ങനെയല്ലത്രെ പറയേണ്ടത്; "അദ്ദേഹം ഹജ്ജ് തുടങ്ങിക്കഴിഞ്ഞു!" എന്നാണ് പോലും പറയേണ്ടത്! ശരിക്കു പറഞ്ഞാൽ ശരി അതല്ലേ. ഹജ്ജ് എന്നുള്ളത് ദുൽഹിജ്ജ മാസത്തിലെ ആറുദിവസം കൊണ്ട് മാത്രം ചെയ്തു തീർക്കാവുന്ന ഏതാനും ആചാരങ്ങളോ കർമങ്ങളോ മാത്രമല്ല; മറിച്ച് അതിന് ആഴ്ചകളുടെയും മാസങ്ങളുടെയും മുന്നൊരുക്കങ്ങൾ ഉണ്ട്. ഖുർആൻ അതിനെ പരാമർശിക്കുന്നിടത്ത് ഹജ്ജ് ഏതാനും മാസങ്ങൾ ആണ് എന്ന് പ്രയോഗിച്ചു കാണാം.
മക്കയിലെത്തിയതിനു ശേഷമല്ല അതിൻ്റെ മുമ്പേ തുടങ്ങി, മക്കയിൽ നിന്ന് തിരിച്ചു വന്നതിനുശേഷവും ഉടയാതെ കൂടെത്തന്നെ കൊണ്ടുനടക്കുന്ന ഒരു വിശേഷത ഉണ്ട് ഹജ്ജിന്. നല്ലപോലെ നിർവഹിച്ചാൽ ഉമ്മ ഇപ്പോൾ പ്രസവിച്ച കുഞ്ഞിനെ പോലെ നിഷ്കളങ്കനാവും. ശരിയായ ഹജ്ജിന്റെ കൂലി മറ്റൊന്നുമല്ല, സ്വർഗം ഒന്ന് മാത്രം. അപ്പോൾ മനസ്സിലായല്ലോ ഹജ്ജ് ചെയ്തു വന്നതിനു ശേഷം കളിയും കൂത്താട്ടവും ആണെങ്കിൽ ഈ രണ്ട് സംഗതികളും നിലനിൽക്കില്ല എന്നുള്ളത്. ശരിയായ ഹജ്ജ് ആണോ എങ്കിൽ അതിൻ്റെ വാലിഡിറ്റി മരണം വരെ ഉണ്ടായിരിക്കും.
ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ പങ്കെടുക്കുന്ന വളരെ വ്യത്യസ്തമായ ഒരു കഥാംശം ഹജ്ജിനു പിറകിലുണ്ട്. ലോകത്ത് മറ്റെവിടെയും ഒരു ചരിത്രത്തിലോ ഒരു കഥയിലോ ഒരു ഫിക്ഷനിലോ പോലും കാണാൻ കഴിയാത്ത വ്യത്യസ്തമായ അനുഭവങ്ങളുടെ ഉടമകളാണ് ഈ മൂവരും. ഒന്ന് ഒരു ഉപ്പയാണ്. മറ്റൊന്ന് ഒരു ഉമ്മയാണ്. വേറൊന്ന് ഒരു മകനും. സമാനതകളില്ലാത്ത മൂന്ന് സവിശേഷ വ്യക്തിത്വങ്ങൾ. അവരെപ്പറയാതെ, അവരെ ഓർക്കാതെ പിന്നെ എന്ത് ഹജ്ജ്?
നാം കണ്ടുകേട്ട് അനുഭവിച്ചു പോരുന്ന കാര്യകാരണ ബന്ധങ്ങളുടെ കെട്ടുപാടുകളുള്ള ഒരു ലോകമുണ്ട് നമുക്ക് ചുറ്റും. പക്ഷേ അതിനെയെല്ലാം അപ്പാടെ തകിടം മറിക്കുന്ന രൂപത്തിലുള്ളതാണ് ഇവരുടെ ജീവിതം. ഉപ്പയുടെ കാര്യം തന്നെ എടുക്കാം. പൊതുവേ നമ്മൾ കണ്ട ഉപ്പമാരൊക്കെ എപ്പോഴാണ് ഉപ്പയാകുന്നത്. കല്യാണം കഴിഞ്ഞ് ഏതാണ്ട് ദാമ്പത്യജീവിതത്തിന്റെ തേൻ-പൂ ഘട്ടങ്ങളിൽ തന്നെ. അപൂർവ്വമായി അല്പം ദീർഘിച്ചു എന്ന് വരാം. എന്നാൽ കൈ പൊക്കൂ! നിങ്ങളുടെ കൂട്ടത്തിൽ ആർക്കാണ് എൺപത്താറാം വയസ്സിൽ ആദ്യമായി കുഞ്ഞുണ്ടായത്? ആരെങ്കിലുമുണ്ടോ? എന്നാൽ നിങ്ങൾക്ക് അങ്ങനെ വേണ്ട! എൺപത്തിയാറാം വയസിൽ ആദ്യമായി കുഞ്ഞുണ്ടായ ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? അതുമില്ല?!
മലക്കുകൾ (മാലാഖമാർ) വന്നു മക്കളെ കുറിച്ചുള്ള സുവാർത്ത അറിയിക്കുമ്പോൾ തന്നെ പത്നി സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഞാനൊരു പടു വൃദ്ധ. എന്റെ മാരനാണെങ്കിലോ വയസ്സൻ. ഇതൊരു വല്ലാത്ത ആശ്ചര്യകരമായ കാര്യം തന്നെ. അപ്പോൾ മലക്കുകൾ തിരിച്ചു പറയുന്നുണ്ട്. അല്ലാഹുവിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് എന്തിനാണ് ആശ്ചര്യം തോന്നുന്നത്. അവൻ്റെ കൃപാ കടാക്ഷങ്ങൾ നിങ്ങളുടെ മേലിൽ വർഷിക്കുന്നുണ്ട്. അങ്ങനെ അതിവയസ്സരായ ദമ്പതികൾക്ക് കുഞ്ഞുണ്ടായി. തുടക്കത്തിലേ പറഞ്ഞിരുന്നല്ലോ നമ്മൾ കണ്ടും കേട്ടും അറിഞ്ഞും പരിചയമില്ലാത്ത അത്ഭുതങ്ങളുടെ വൃത്താന്തങ്ങളാണ് ഈ മൂവരെയും ചുറ്റിപ്പിണഞ്ഞു കിടക്കുന്നതെന്ന്.
പരീക്ഷണങ്ങളായിരുന്നു ഹസ്റത് ഇബ്രാഹിം നബിയുടെ ജീവിതമഖിലം. സത്യം പറഞ്ഞപ്പോൾ ശത്രുക്കളുണ്ടായി. അവരാണെങ്കിൽ ശക്തരായിരുന്നു. രാജാവും ശിങ്കിടികളും. അപ്പോൾ സ്വാഭാവികമായും ശിക്ഷ കടുപ്പപ്പെട്ടതായിരിക്കുമല്ലോ. വലിയ അഗ്നികുണ്ഡം ഉണ്ടാക്കി അതിലേക്ക് വലിച്ചെറിയാനായിരുന്നു തീരുമാനം. അങ്ങനെയെറിഞ്ഞു! പക്ഷേ പ്രകൃതി നിയമങ്ങൾ ഉല്ലംഘിച്ചുകൊണ്ട് കാര്യകാരണ ബന്ധങ്ങളുടെ കൊളുത്തും കെണിപ്പും പൊട്ടിച്ചുകൊണ്ട് തീ തണുപ്പായി, സുഖശീതളിമയായി. ഹസ്റത്ത് ഇബ്രാഹിം എന്ന ഹീറോ കൂളായി ഇറങ്ങിപ്പോന്നു.
കുഞ്ഞുണ്ടാവേണ്ട സന്ദർഭങ്ങളെല്ലാം അസ്തമിച്ച് വൃദ്ധനായപ്പോഴാണ് തനിക്കൊരു ഓമനമോൻ പിറന്നതെന്ന് പറഞ്ഞു. എന്ത് ആഗ്രഹമുണ്ടാകും അതിനെ ലാളിച്ച് ജീവിതത്തിൻ്റെ സായംസന്ധ്യയിൽ ചാഞ്ഞു കിടക്കാൻ. പക്ഷേ പരീക്ഷണം പിന്നാലെ വന്നു. അല്ലാഹുവിൻ്റെ ഉത്തരവ്. ഭാര്യയെയും പിഞ്ചോമനയെയും വിട്ടേച്ചു പോകണമെന്ന്. ഇന്ന് നമ്മളിത് വായിക്കുമ്പോൾ ഒരു കഥ പോലെ നമുക്ക് തോന്നുന്നു. പക്ഷേ അതിൻ്റെ പ്രത്യക്ഷ ദൃശ്യത മനസ്സിൽ വരച്ചു നോക്കുമ്പോഴാണ് അതിന്റെ തീയും തീഷ്ണതയും മനസ്സിലാവുക.
ഭാര്യയെയും മകനെയും കൂട്ടി ഡൽഹിയിൽ നിന്ന് വരുന്ന വഴിയാണ്. വണ്ടി എടുക്കാറായ സമയത്ത് നാം സ്റ്റേഷനിൽ ഇറങ്ങി വെള്ളവും ബിസ്ക്കറ്റും വാങ്ങുന്നു. പണം എണ്ണിക്കൊടുത്ത് തിരിച്ചുവരാൻ നോക്കുമ്പോഴേക്കും വലിഞ്ഞു പിടിച്ചു കയറാൻ പറ്റാത്ത വിധം വേഗത്തിൽ വണ്ടി ഓടിത്തുടങ്ങിയിരിക്കുന്നു. കൊണ്ടുനടക്കുന്ന ഫോണില്ലാത്ത കാലമാണെന്ന് ഓർക്കണം. അവളും കുഞ്ഞും അകത്ത്. വണ്ടി അതാ വേഗം കൂടിത്തുടങ്ങുന്നു. ഇനിയെന്ത് ചെയ്യും. കാറുപിടിച്ച് പിന്നാലെ പോയാലോ? എന്തുകാര്യം? തീവണ്ടി വേഗത്തെ വെല്ലാൻ കുഞ്ഞിക്കാറിനു എന്ത് ചെയ്യാൻ കഴിയും? അവൾ ആകെ ബേജാറാവില്ലേ? കുഞ്ഞ് കൂകിച്ചീറി കരയാൻ തുടങ്ങിയാൽ അവൾ എന്തു ചെയ്യും? അവൾക്കാണെങ്കിൽ മറ്റൊരു ഭാഷയും അറിയുകയുമില്ല. കുഞ്ഞ് വെള്ളത്തിന് ദാഹിച്ച് വല്ലാതെ കരയുന്നുണ്ടായിരുന്നു. വിശപ്പും കൂടി തുടങ്ങിയാൽ അലറിക്കരയും. ഓർക്കുമ്പോൾ ആകെ പാനിക്കാകുന്നു. വണ്ടിയിൽ നിറച്ച് ആളുകളുണ്ട്. പോകുന്ന വഴിക്കെല്ലാം സ്റ്റേഷനുകളും ആളുകളും ഉണ്ട്. അങ്ങനെയൊക്കെ ആണെങ്കിലും ആ സമയത്ത് നമ്മുടെ മനസ്സിലുണ്ടാകുന്ന ആധിയുടെ ആഴം ഒന്നോർത്തുനോക്ക്?
ഇത് ആളും ബഹളവും ഉള്ള നഗര മധ്യത്തിലല്ല വിട്ടേച്ച് പോകുന്നത്. ഉഷ്ണത്തിന്റെ കാഠിന്യത്താൽ പുൽനാമ്പു പോലും തളിരിടാത്ത / അങ്ങിങ്ങ് കരിമ്പാറകളുടെ കൂനും മുഴയുമുള്ള പൊള്ളുന്ന മരുഭൂമിയിലാണ് വിട്ടേച്ച് പോകുന്നത്: ഖുർആൻ എടുത്തു പറയുന്നുണ്ട് "കൃഷി ഒന്നുമില്ലാത്ത താഴ് വരയിലെന്ന്. ആ ഉമ്മയെയും പറ്റി വേണം പഠിക്കാൻ. തന്നെ തനിച്ചാക്കി വിട്ടു പോകുന്ന പ്രിയതമനോട് തല്ലുകൂടുകയും അലമുറയിട്ട് അലോസരപ്പെടുത്തുകയും പ്രാകിപ്പറയുകയും ചെയ്യുകയായിരുന്നോ അവർ? എല്ലാം കൂടി ഒറ്റ ചോദ്യം:- അല്ലാഹുവിൻ്റെ കല്പനപ്രകാരമാണോ ഈ പോക്ക്?
അതേ പ്രിയേ! എല്ലാവിധ മന:സ്സമ്മതവും. വേഗം പൊയ്ക്കോളൂ വിജയിച്ചുവാ എന്ന ആശിർവാദം. ഏത് പെണ്ണിൽ നിന്ന് സങ്കൽപ്പിക്കാൻ പറ്റും ഇന്നത്തെക്കാലത്ത് അല്ലെങ്കിൽ ഏതെങ്കിലും കാലത്ത് എവിടെയെങ്കിലും ഇങ്ങനെയൊന്ന്.
കുറേക്കാലം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ മോൻ നല്ലമോനായിരിക്കുന്നു. നല്ല ചൊടിയും വർത്തമാനവും കളിയും ചേലുമൊക്കെ. അപ്പോഴാണ് അടുത്ത പരീക്ഷണത്തിന്റെ മുഴക്കം കേൾക്കുന്നത്. ആ മകനെ അറുത്ത് ബലി നൽകാൻ. നിങ്ങൾ എവിടെയങ്കിലും നിങ്ങളുടെ അനുഭവങ്ങളിലോ നിങ്ങൾ വായിച്ച കഥകളിലെങ്കിലോ പരസ്പരം പങ്കിട്ട നരേറ്റീവുകളിലോ ഏതെങ്കിലും പിതാവ് ഇമ്മട്ട് മകനെ ബലിയറുക്കുന്നതായ കഥാസന്ദർഭം കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ?
ഇതറിഞ്ഞ മകൻ നട്ടപ്പാതിരക്ക് ആരും കാണാതെ നാടുവിട്ടോടി! അങ്ങനെയല്ല കഥ. അതുകൊണ്ടാണ് പറഞ്ഞത് ഈ കഥയിലെ ഉപ്പയും മകനും ഉമ്മയും ഒക്കെ വേറെ ലെവലാണെന്ന്. മകൻ പറയുന്നു ഉപ്പാക്ക് അങ്ങനെ ഒരു ദിവ്യ സന്ദേശം വന്നെങ്കിൽ അത് ഭംഗിയിൽ നടപ്പിലാക്കുക, ഞാൻ വളരെ ക്ഷമയോടു കൂടി അത് സ്വീകരിക്കാം.
ചില്ലറക്കാരനല്ല ഈ ചെറുപ്പക്കാരൻ. കൊച്ചു പൈതലായിരുന്നപ്പോൾ, വെള്ളത്തിനു വേണ്ടി കരഞ്ഞപ്പോൾ ഉമ്മ ഒരിടത്ത് കിടത്തി സഫാ മർവ പർവതങ്ങൾക്കിടയിൽ വെള്ളം ഉണ്ടോ എന്ന് അന്വേഷിച്ച് പലതവണ ഓടി. തിരിച്ചുവരുമ്പോഴേക്കും ഈ കൊച്ചുപൈതൽ കൈ കാലിട്ടടിച്ച ഭൂമിയിൽ നിന്ന് നൽതണ്ണീർ ഗളഗളാന്ന് പൊട്ടിയൊഴുകി. എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ച ഒരു ഊഹക്കഥയല്ല ഇത്. നിങ്ങൾ വർത്തമാനത്തിൽ ജീവിക്കുന്ന ആളല്ലേ. നിങ്ങൾക്ക് എവിടേക്കും പോവാനും അന്വേഷിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നില്ലേ?
ആ കാലടിയിൽ നിന്ന് പൊട്ടി വന്ന വെള്ളം ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. പരിശുദ്ധമായ പച്ചവെള്ളം നിങ്ങൾക്കും കുടിക്കാം. കാലങ്ങൾ ഇത്രയായിട്ടും ലക്ഷക്കണക്കിന് ആളുകൾ അത് അനുദിനം കുടിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ഏതാണ്ടെല്ലാ രാജ്യത്തേക്കും അത് കയറ്റിക്കൊണ്ടു പോകുന്നു. അത്ഭുതം! അത്ഭുതം!! മഹാത്ഭുതം!!!





