നിങ്ങൾ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധരാണ്. കണ്ണും മൂക്കുമില്ലാത്ത പുരുഷമേധാവിത്വത്തിന്റെ ആളുകളാണ്. ജീവിതവൃത്തത്തിൽ നിന്ന് സ്ത്രീയെ ഇത്രയധികം കോരി പുറത്ത് തള്ളുന്ന മറ്റൊന്നും ഞാനെവിടെയും കണ്ടിട്ടില്ല. അവളിങ്ങനെ കത്തിക്കയറുകയാണ്. നല്ല നല്ല വാക്കുകളാണ് ഉപയോഗിക്കുന്നത്. മെച്ചപ്പെട്ട പ്രസന്റേഷൻ സ്കില്ലോടു കൂടിയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
ഈ പറഞ്ഞത് മോൾക്ക് എവിടെ നിന്ന്, ഏതു പുസ്തകത്തിൽ നിന്നാണ് കിട്ടിയത്? അപ്പോൾ അവൾ പുസ്തകം തുറന്ന് ചില ഭാഗങ്ങൾ കാണിച്ചു തന്നു. നോക്കുമ്പോൾ സാധനം ആദ്യം കാണിച്ച പുസ്തകം തന്നെ. മൂന്ന് നാല് പാരഗ്രാഫുകൾ വായിച്ചപ്പോൾ തന്നെ കുട്ടി പറയുന്നതിൽ കാര്യമില്ലായ്മ ഇല്ല എന്ന് തോന്നിപ്പോയി. കാരണം സ്ത്രീകളെ അത്രക്കങ്ങ് അവഗണിക്കുന്ന രീതിനിഷ്ഠകൾ.
സഫ മർവ്വ മലകൾക്കിടയിൽ സ്ത്രീകൾ നെട്ടോട്ടമോടണം. അത് മുമ്പൊരു സ്ത്രീ ഓടിയ വിഹ്വലതയുടെ കരാളവഴികളായിരുന്നു. തൻ്റെ എല്ലാമെല്ലാമായ ഭർത്താവ് വിശ്വസിച്ച് കൂട്ടിക്കൊണ്ടുവന്ന് മക്ക മണൽക്കാട്ടിൽ തള്ളി നാടുകടന്നപ്പോൾ തൻ്റെ പൈതലിന് വെള്ളം തേടിയായിരുന്നു അന്ന് ആ സ്ത്രീ ഓടിയത്. അവഗണിക്കപ്പെടേണ്ടവളാണ് സ്ത്രീ, കാടുകളിലും മരുഭൂമികളിലും ഒറ്റയ്ക്ക് തള്ളപ്പെടേണ്ടവളാണ് സ്ത്രീ, ഗതി കിട്ടാതെ മലയിൽ നിന്ന് മലയിലേക്കും തിരിച്ച് മലയിൽ നിന്ന് മലയിലേക്കും വെപ്രാളപ്പെട്ട് ഓടേണ്ടവളാണ് സ്ത്രീ എന്ന ആശയം കാലാകാലത്തേക്ക് പെർപെച്വേറ്റ് ചെയ്യാനല്ലേ നിങ്ങൾ ഹജ്ജ് ഉംറ എന്നൊക്കെ പറഞ്ഞു കൂട്ടിക്കൊണ്ടുപോയി സ്ത്രീകളെ മാത്രം ഈ പരക്കം പായിപ്പിക്കുന്നത്.
ബാക്കിയെല്ലായിടത്തും പരസ്യപ്പാസുള്ള പുരുഷന്മാർക്ക് അവിടെ മാത്രം നിരോധനമാണല്ലോ. എന്ന് മാത്രമല്ല, പ്രായമുള്ള അല്ലെങ്കിൽ രോഗിയായ ഒരു സ്ത്രീയുടെ സഹായിയായിട്ട് പോലും പുരുഷൻ ആ പരക്കം പാച്ചിലിൽ പങ്കെടുക്കരുത്, അവിടേക്ക് പ്രവേശിക്കുക പോലും അരുത് എന്നാണല്ലോ നിങ്ങളുടെ മതപ്പോലീസിന്റെ ഫത്വ. അതായത് സ്ത്രീയോട് ഒരു അനീതി ചെയ്യുക എന്നുള്ളത് മാത്രമല്ല ബാക്കിയുള്ള സകല സ്ത്രീകളോടും നിങ്ങളുടെയൊക്കെ അവസ്ഥ ഇതായിരിക്കും എന്ന് നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതിന് അവരെ തന്നെ കരുക്കളാക്കി തിരിച്ചും മറിച്ചും വെപ്രാളപ്പെടുത്തി ഓടിപ്പിക്കുന്ന നീചമായ നിഷ്ഠകൾ സ്ഥാപിച്ചെടുക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്.
ഓ മൈ ഗോഡ്! എന്താണ് ഇവളീ പറയുന്നത്? സഅയിനെ പറ്റി ആണോ ഈ കണ്ട കുറ്റങ്ങളെല്ലാം പറഞ്ഞു സ്ഥാപിക്കുന്നത്. ഹജ്ജിലും ഉംറയിലും ത്വവാഫിനു ശേഷം നടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് സഅയ്. ഖുർആനിൽ പരിശുദ്ധിയോട് കൂടെ പരാമർശിച്ച രണ്ട് പർവതങ്ങളാണ് സഫയും മർവയും. പരിശുദ്ധ കഅ്ബയിൽ നിന്ന് ശകലം മാറിയാണ് രണ്ടും സ്ഥിതി ചെയ്യുന്നത്. ഈയടുത്ത കാലം വരെ ഈ രണ്ട് പർവ്വതങ്ങൾക്കിടയിൽ വളഞ്ഞും തിരിഞ്ഞും കുണ്ടിലൂടെയും കുഴിയിലൂടെയും ഒക്കെ വേണമായിരുന്നു യാത്ര ചെയ്യാൻ. കാലം മാറി വന്നപ്പോൾ സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ അവ രണ്ടും നവീകരിച്ച, ശീതീകരിച്ച കെട്ടിടത്തിനുള്ളിലെ മൃദുല മാർബിൾ പതിച്ച നിലങ്ങളായി മാറി. അതൊന്നുമല്ല നമ്മുടെ കാര്യം. ഇവളോട് നമ്മൾ എന്തു പറയും? അതിനു മുമ്പ് വേറെ കാര്യപ്പെട്ട ഒരുകാര്യം പറയാം.
ക്ലബ്ബ് ഹൗസ് ചർച്ചകൾക്ക് തീപിടിച്ച കാലം. പല ക്ലബും നാഥനില്ലാകളരികൾ ആയിരുന്നു. മുറിവൈദ്യന്മാർ രോഗികൾക്ക് മരുന്ന് കൊടുക്കുക മാത്രമല്ല മുറിക്കുകയും തറിക്കുകയും തുന്നുകയും അവയവം മാറ്റിവെക്കുകയും ഒക്കെ ചെയ്തിരുന്ന സന്ദർഭം. മതവിരുദ്ധതയും ദൈവനിരാസവും പെട്ടെന്ന് പടർത്താനുള്ള ഉപകരണമായി ക്ലബ് ഹൗസിനെ ദുരുപയോഗം ചെയ്ത കാലം. ഒരു ഗ്രൂപ്പിലേക്ക് വെറുതെ കയറി നോക്കിയതാ. നബിയെ പറ്റിയുള്ള അപകീർത്തികരമായ സംസാരങ്ങൾ നടക്കുന്നു. മതം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞ് സ്ഥാപിക്കലാണ് ആ ക്ലബ് ഹൗസ് മൂപ്പന്റെ ദൗത്യം.
സ്ത്രീകളെ എങ്ങനെ മതം താഴ്ത്തി കെട്ടുന്നു എന്ന് കാണിക്കാൻ വേണ്ടി ഒരു പുതിയ അറിവ് എന്ന രൂപത്തിൽ ആശാൻ പറയുകയാണ്. “ഇസ്ലാമിൽ സ്ത്രീയെ എച്ചിൽ തീറ്റിക്കലാണ് പണി. നബി പാനം ചെയ്തു കഴിഞ്ഞാൽ പാത്രം കഴുകാൻ പോലും അനുവദിക്കാതെ അതിൽ തന്നെ പത്നിയെ കുടിപ്പിക്കുമായിരുന്നു. നബി കടിച്ച ഇറച്ചി കഷ്ണത്തിന്റെ ശേഷിപ്പ് പത്നിയെ കൊണ്ട് അതേ സ്ഥലത്ത് കടിച്ചു തിന്നാൽ പ്രേരിപ്പിക്കുമായിരുന്നു.” ഒരു പുരുഷന്റെ പല്ലും നാവും തട്ടാത്ത ഫ്രഷ് സാധനം സ്ത്രീ ഒരിക്കലും കഴിക്കരുത് എന്നുള്ള ദുശ്ശാഠ്യത്തിൻ്റെ ഭാഗമാണിത്.
അതുവരെ മിണ്ടാതിരുന്ന ഞാൻ സജീവമായി. എന്തൊരു വഞ്ചനയാണ് നിങ്ങളീ നടത്തുന്നത് എന്ന് പച്ചക്കങ്ങ് ചോദിച്ചു. ചരിത്രത്തെക്കുറിച്ചും മതപശ്ചാത്തലങ്ങളെ കുറിച്ചും ബോധമുള്ള ആരുമില്ലാത്ത ഒരു സദസ്സിൽ എന്ത് കള്ളവും പറഞ്ഞു ഫലിപ്പിക്കാം എന്ന് കരുതിയ ആൾക്ക് അതോടെ അടിപതറി. ഞാൻ ചോദിച്ചു എവിടെ? ഏത് ചരിത്ര പുസ്തകത്തിലാണ്, ഏത് രേഖയിലാണ് നിങ്ങൾ പറഞ്ഞതുപോലെ ഉള്ളത്. ഞാൻ അദ്ദേഹത്തെ പരസ്യമായി വെല്ലുവിളിച്ചു.
ഇതൊരു മഹാചതിയാണ്. ഞാൻ സദസ്സിനോട് തുറന്നു പറഞ്ഞു. പ്രിയപ്പെട്ടവരേ, ഈ സഭയിൽ സംബന്ധിക്കുന്നവരേ ഏതാനും മിനിറ്റുകൾ നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിക്കണം. എന്താണോ ചരിത്രത്തിൽ ശരിക്കും സംഭവിച്ചത് അതിന്റെ നേർവിപരീതം അവതരിപ്പിച്ചുകൊണ്ട് അറിവുകേടും അപരപുഛവും പരത്തുകയാണ് ഇദ്ദേഹം.
ജീവിതത്തിൽ വളരെ മനോഹരമായ പുഷ്പ ദാമ്പത്യം വരിച്ചവരാണ് നബിയും പത്നി ആയിഷ ബീവിയും. അവർ തമ്മിൽ കളിക്കൂട്ടുകാർ പോലെയാണ് കഴിഞ്ഞത്. ഓട്ട മത്സരങ്ങൾ നടത്തി ഒരാൾ ജയിക്കുകയും ഒരാൾ തോൽക്കുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിൽ നേരത്തെ തോറ്റയാൾ ജയിക്കുകയും ജയിച്ചയാൾ തോൽക്കുകയും ചെയ്തിരുന്നു. പത്നിയാകുന്ന ആയിഷ ബീവി പാനം ചെയ്താൽ അതേ പാത്രം വാങ്ങി എവിടെയാണോ തന്റെ പത്നിയുടെ ചുണ്ട് പതിഞ്ഞത് അവിടെത്തന്നെ സ്വന്തം ചുണ്ട് ചേർത്ത് വച്ചുകൊണ്ട് കുടിച്ച് ജീവിതത്തിൽ റൊമാന്റിസം പ്രദർശിപ്പിച്ച ആളായിരുന്നു മുഹമ്മദ് നബി. മാംസം കടിച്ചു തിന്നുമ്പോൾ ആയിഷ ബീവി ഏത് ഭാഗത്താണോ കടിച്ചത് അതേ ഭാഗത്ത് ചുണ്ട് വെച്ച് കടിച്ചു പ്രണയാതുര ജീവിതത്തിന്റെ മാസ്മരികത കാണിച്ചു കൊടുത്തതായിരുന്നു നബി. ആ സംഭവത്തെയാണ് ചരിത്രത്തോട് ഇത്രയും വലിയ ക്രൂരത കാണിച്ചുകൊണ്ട് നേരെ ഉൾട്ടയായി അവതരിപ്പിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് റൊമാന്റിസത്തിന്റെ ഭാഗമായി പോലും നബി കുടിച്ച പാത്രത്തിൽ പത്നിയെ കുടിപ്പിക്കുകയാണെങ്കിൽ അങ്ങനെ പറയാൻ ഒരു ഇടയെങ്കിലും ഉണ്ടാകുമായിരുന്നു. വാസ്തവത്തിൽ മറിച്ചാണ് സംഭവം. ഇതോടുകൂടി ആ ഗ്രൂപ്പിൽ സന്നിഹിതരായവർ ആകെ അസ്വസ്ഥരാവുകയും അവർ അഡ്മിനെ കൈകാര്യം ചെയ്യുകയും ചെയ്തു.
ഈ സംഭവം ഇവിടെ എടുത്തുദ്ധരിക്കാൻ കാരണം ഏകദേശം ഇതിനോട് തുല്യമായ തനി വഞ്ചനയാണ് ഈ പറഞ്ഞത്. നിങ്ങൾ നോക്കൂ. എത്രയോ നൂറ്റാണ്ട് മുമ്പ് നീഗ്രോ വർഗ്ഗക്കാരിയായ അടിമയായിരുന്ന കറുത്തവളായിരുന്ന ഹാജറ എന്ന് പറയുന്ന ഒരു സ്ത്രീ ഓടിയ വഴികളിലൂടെയാണ് ഇന്ന് പുരുഷന്മാരായ പുരുഷന്മാരെല്ലാം - അതിൽ മന്ത്രിമാരും രാജാക്കളും പ്രസിഡണ്ടുമാരും ചക്രവർത്തിമാരും ഒക്കെയുണ്ട് - ഓടിക്കൊണ്ടിരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി അവർ ഓടിക്കൊണ്ടേയിരിക്കുകയാണ്. ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗ്ഗം എന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് മകന് വെള്ളം തേടി ഓടിയ ആ ഉമ്മയുടെ പാദസ്പർശമേറ്റ വിശുദ്ധസ്ഥലികളിലൂടെ ആണും പെണ്ണും കുട്ടിയും വൃദ്ധനും പണക്കാരനും പണ്ഡിതനും കറുത്തവനും വെളുത്തവനും മല്ലനും ദുർബലനും സകലരും ഓടുകയാണ്.
വാസ്തവത്തിൽ പെണ്ണ് ഇവിടെ ആഘോഷിക്കപ്പെടുകയാണ്. പെണ്ണ് പ്രകാശിക്കുകയാണ്. ലോകത്തുള്ള സകല ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുമ്പത്തിയായി ഒരു പെണ്ണ് മുന്നിൽ നിൽക്കുകയാണ്. ആ പെണ്ണിന്റെ കാലടി തേടി കാലങ്ങളായി ആണുങ്ങളായ ആണുങ്ങളെല്ലാം പെണ്ണുങ്ങളോടൊത്തു തന്നെ ഓടുകയാണ്. അങ്ങനെ പെണ്ണ് എല്ലാ അർത്ഥത്തിലും രാജാത്തിയാക്കപ്പെടുന്ന ചരിത്രത്തിലെ വളരെ സുമോഹനമായ ഒരു എപ്പിസോഡിനെ എടുത്തുകൊണ്ടാണ് നേർ വിപരീത തലത്തിൽ ഇട്ടുകൊണ്ട് ശരിയായ ചരിത്രവഞ്ചന നടത്തുന്നത്. പുരുഷന്മാർക്ക് സഅയ് ഇല്ല പോലും. അവർക്ക് അവിടേക്ക് പ്രവേശനം ഇല്ല പോലും.
ഹാജറാ ബീവിയെ മരുഭൂമിയിൽ ഒറ്റക്ക് വിട്ടേച്ച് ഇബ്രാഹിം നബി തിരിച്ചുപോയ സംഭവത്തെ വളരെ ക്രൂരമായാണ് പ്രസ്തുത പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നുവച്ചാൽ തികച്ചും പുരുഷാധിപത്യപരമായ ഒരു ധാർഷ്ട്യം എന്ന നിലക്ക്. നമ്മൾ ഒരു സംഭവത്തെയും അതിന്റെ തലയും കാലും മറച്ചുവെച്ച്, കണ്ണും നാക്കും വെട്ടിമാറ്റി ഏതെങ്കിലും ഒരു ഭാഗം മാത്രം അവസരരഹിതമായി അടർത്തിയെടുത്ത് തെറ്റായി കാണാൻ പാടില്ല. അതിന്റെ പരിപൂർണ്ണതയിൽ വായിക്കുമ്പോഴാണ് നാം സത്യത്തിൻ്റെ മർമത്തിലെത്തുക.
ഇബ്രാഹിം നബി ദൈവ കൽപ്പന പ്രകാരം ഭാര്യയെയും മകനെയും മരുഭൂമിയിൽ വിട്ടേച്ച് പോകുമ്പോൾ എന്തായിരിക്കും ആ മനസിന്റെ പിടപിടപ്പ് എന്നുകൂടി പുരുഷ പക്ഷത്തുനിന്ന് പിതാവിന്റെ പക്ഷത്ത് നിന്ന് ഭർത്താവിന്റെ പക്ഷത്തുനിന്ന് കാണാനുള്ള ദാക്ഷീണ്യമെങ്കിലും നമുക്ക് വേണം. വിഷമത്തോടു കൂടിയുള്ള ആ പോക്ക് വിജയത്തിലേക്കുള്ള കുതിപ്പ് ആയിരുന്നു. അങ്ങനെ പോയതുകൊണ്ട് ചേതം ഒന്നും വന്നിട്ടുമില്ല. ആളില്ലാത്ത മരുഭൂമിയുടെ വിജനതയിലേക്ക് കാട്ടുമൃഗങ്ങൾ കടന്നുവന്ന് അവരെ കടിച്ചുകീറിയിട്ടില്ല. കൊള്ളക്കാർ വന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും അടിമച്ചന്തയിൽ വിൽക്കുകയും ചെയ്തിട്ടില്ല. മറിച്ച് ലോകത്ത് ഒരിക്കലും ആർക്കും മറക്കാനാവാൻ പറ്റാത്ത വിധത്തിലുള്ള യുഗാന്തര ജീവിതം നീട്ടി കിട്ടുകയായിരുന്നു.
ഇത് എഴുതുന്ന സമയത്തും നമ്മളിത് വായിക്കുന്ന സമയത്തും ആയിരക്കണക്കിന് ആളുകൾ ആ ഉമ്മ പാഞ്ഞു നടന്ന വഴികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി പാഞ്ഞു കൊണ്ടേയിരിക്കുകയാണ്. പലരും ഓട്ടം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. പലരും ഓടാനുള്ള ഊഴം കാത്തിരിക്കുകയാണ്. അത്രയ്ക്കും കാലാതിവർത്തിയായ രാജാത്തിയായി ഒരു കറുത്ത വർഗ്ഗക്കാരിയായ അടിമ പെണ്ണിന് ഇടം കൊടുത്ത സംഭവത്തെയാണ് മേൽപ്പറഞ്ഞ പ്രകാരം വക്രീകരിച്ചിരിക്കുന്നത് എന്ന് വേദനയോടെ നമുക്ക് തിരിച്ചറിയാം. സത്യം അന്വേഷിച്ച് പോകുന്നവർക്ക് ഇനിയും ഇനിയും ഒരുപാട് ചക്രവാളങ്ങൾ താണ്ടാനുണ്ട് എന്ന സൂചനയും നമുക്ക് ഇതിൽ നിന്ന് കിട്ടുന്നു.





