മനുഷ്യ ശരീരത്തെപ്പറ്റി സംസാരിക്കുമ്പോൾ എങ്ങനെയാണ് നമ്മൾ ഹൃദയത്തെ പറ്റി പറയാതിരിക്കുക. ഹജ്ജിനെ പറ്റി സംസാരിക്കുമ്പോൾ അറഫയെ പറയാതിരിക്കാൻ കഴിയുമോ? അറഫയല്ലേ ഹജ്ജ്. അൽ ഹജ്ജു അറഫ എന്നല്ലേ തിരുവാക്യം. ജബലുറഹ്മയുടെ താഴ് വാരത്തിൽ കിടക്കുന്ന പരന്ന മൈതാനിയാണ് അറഫാ. അറിഞ്ഞു എന്നാണ് അറഫാ എന്ന പദത്തിൻ്റെ അർത്ഥം. ആദിമ മനുഷ്യരായ ആദം നബിയും ഹവാ ബീവിയും സ്വർഗത്തിൽ നിന്ന് ഇറങ്ങിയത് വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു. വർഷങ്ങളോളം അവർ വേറെ വേറെ ഇടങ്ങളിൽ കഴിഞ്ഞുകൂടി. പിന്നീട് ഒരിക്കൽ അവർ പരസ്പരം കണ്ടുമുട്ടി. തിരിച്ചറിഞ്ഞു. അത് ഈ മൈതാനിൽ വച്ചായിരുന്നു. അങ്ങനെയാണ് ഇത് അറഫാ ആവുന്നത്.
ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മനുഷ്യസമ്മേളനം അറഫാ നഗരിയിലാണ്. 30 ലക്ഷം മുതൽ 40 ലക്ഷം വരെ ആളുകൾ പങ്കെടുക്കുന്നു. വ്യത്യസ്ത ദേശക്കാർ ഭാഷക്കാർ വർണ്ണക്കാർ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള പല ജാതി മനുഷ്യന്മാർ. ഹജ്ജ് സാധു ആവണമെങ്കിൽ അറഫയിൽ വന്നു നിൽക്കണം. അറഫ ഒരു ചരിത്രഭൂമി കൂടിയാണ്. ലോകം മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത മനുഷ്യാവകാശ പ്രഖ്യാപനം നടന്ന പ്രഭാഷണം ഇവിടെ വച്ചായിരുന്നു മുഹമ്മദ് നബി നടത്തിയത്. തന്റെ പ്രബോധന ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു അത്. പരിശുദ്ധ ദീനിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും വിശദീകരിച്ചും അതിനേക്കാൾ ഏറെ ജീവിച്ചു കാണിച്ചും പരിസമാപ്തിയിൽ എത്തിച്ച ശേഷമായിരുന്നു അത്. കടന്നുവരുമ്പോൾ ഇവിടം ചെളി ആയിരുന്നു 23 കൊല്ലക്കാലം കൊണ്ട് ദേശമാകെ പൊന്നു വിളയിച്ചു. ശേഷം സർവ്വദേശത്തേക്കും സർവ്വകാലത്തേക്കുമായി സകലലോകമനുഷ്യനെ അഭിസംബോധന ചെയ്തുകൊണ്ട് നബി തങ്ങൾ ഇങ്ങനെ പ്രസംഗിച്ചു:
മനുഷ്യരേ, ഇത് ശ്രദ്ധാപൂർവം കേൾക്കു. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള് നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്പിക്കേണ്ടതാണ്...''
മനുഷ്യരേ, ഈ സുദിനം നിങ്ങൾക്ക് എത്രയേറെ പരിശുദ്ധമാണോ, ഈ മാസം (ദുൽഹജ്ജ്) നിങ്ങൾക്ക് എത്രമാത്രം പവിത്രമാണോ, ഈ നാട് നിങ്ങൾക്ക് എത്രയധികം പരിപാവനമാണോ അതുപോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും അതീവ പരിശുദ്ധവും പവിത്രവും ആദരണീയവുമാണ്. പരസ്പരം രക്തംചിന്തലും ധനാപഹരണം നടത്തലും ദുരഭിമാനം പ്രകടിപ്പിക്കലുമെല്ലാം ഓരോരുത്തർക്കും നിഷിദ്ധമാണ്. ജനങ്ങളേ, അല്ലാഹു നിങ്ങളിൽ നിന്ന് അജ്ഞാന കാലത്തെ ദുരഭിമാനങ്ങളൊക്കെയും നീക്കിയിരിക്കുന്നു.
നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. ആരും അക്രമം ചെയ്യരുത്. കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നാഥനെ ആരാധിക്കുക. അഞ്ചുനേരം നിസ്കരിക്കുക. റമളാൻ മാസം നോമ്പനുഷ്ഠിക്കുക. നിങ്ങളോട് കൽപിക്കപ്പെട്ട കാര്യങ്ങൾ അനുസരിക്കുക. എങ്കിൽ നിങ്ങൾ നാഥന്റെ സ്വർഗത്തിൽ പ്രവേശിക്കും. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അവരോട് നിങ്ങൾ നല്ല നിലയിൽ മാത്രം വർത്തിക്കുക. സ്ത്രീകളോട് നിങ്ങൾക്ക് അനേകം ബാധ്യതകളുണ്ട്. അവർക്ക് നിങ്ങളോടുമുണ്ട് കടപ്പാടുകൾ. മാന്യമായ നിലയിൽ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങളുടെ ബാധ്യതയാണ്. നിശ്ചയം നിങ്ങൾ അവരെ വിവാഹം ചെയ്തവരാണ്. അവരുടെ സുരക്ഷിതത്വം അല്ലാഹു നിങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്. ദുർവൃത്തികളിൽ നിന്ന് അവർ പൂർണമായും ഒഴിഞ്ഞുനിൽക്കുകയും വേണം.
ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത മനുഷ്യാവകാശ പ്രഖ്യാപനമാണ് അറഫാ പ്രഭാഷണത്തിലൂടെ മുഹമ്മദ് നബി ലോകത്തിന് സമ്മാനിച്ചത്. ഒരു ആഗോള കാഴ്ചപ്പാടിൽ മാനവ സമൂഹം കൈക്കൊള്ളേണ്ട എല്ലാവിധ വൈയക്തിക സാമൂഹിക അന്തർദേശീയ നിയമ ചട്ടങ്ങളെല്ലാം സംക്ഷിപ്തമായ, എന്നാൽ നല്ല ഭാഷാ ചാതുരിയോടെ അവതരിപ്പിച്ചിരിക്കുന്നു. ആധുനിക കാലത്ത് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം വായിക്കേണ്ട പാഠപുസ്തകമായി അറഫാ പ്രഭാഷണം നിലകൊള്ളുന്നു.





