ഒരു വലിയ പേപ്പർ എടുക്കുക. ഒരു പേനയും. ഒരു സ്കെയിലും വേണം. പേപ്പർ A3 എങ്കിലും ആയിരിക്കണം. സ്കെയിൽ കുറുകെ പിടിച്ച്, മുട്ടി മുട്ടിയില്ല എന്നവിധം കുത്തുകളിട്ട് പോവുക. കണ്ടാൽ ഒരു നേർരേഖ പോലെ തോന്നണം. ഏറ്റവും മധ്യഭാഗത്തുള്ള കുത്തിൽ തൊട്ടുപിടിക്കുക. ഇനി അതിനു മുന്നിലും പിന്നിലുമുള്ള ആയിരക്കണക്കിന് കുത്തുകളെ നിങ്ങൾ മാറിമാറി നോക്കുക!
ഈ തൊട്ടുപിടിച്ചിരിക്കുന്ന മധ്യബിന്ദുവാണ് നിങ്ങൾ. തൊട്ടുപിന്നിലേത് നിങ്ങളുടെ മാതാപിതാക്കൾ. അതിനും പിന്നിൽ ഗ്രാൻഡ് പാരന്റ്സ്, അതിനു പിന്നിൽ അവരുടെ പാരന്റ്സ്, അതിനു പിന്നിൽ ഗ്രേറ്റ് ഗ്രാൻഡ് പാരന്റ്സ്... അങ്ങനെയങ്ങനെ. തൊട്ടുമുന്നിൽ നിങ്ങളുടെ മക്കൾ; തുടർന്ന് മക്കളുടെ മക്കൾ; പിന്നെ ഗ്രേറ്റ് ഗ്രാൻഡ് മക്കൾ; പിന്നെ അടുത്ത ജനറേഷൻ; പിന്നെയടുത്തത്... അങ്ങനെയങ്ങനെ!
റൂമിൽ ഒറ്റയ്ക്കിരിക്കുക. വാതിലിന് സാക്ഷയിടുക! ഇനി ശാന്തമായി, സ്വസ്ഥമായി നിങ്ങൾ നിങ്ങളെപ്പറ്റി ഒന്നാലോചിക്കുക. കാലമാകുന്ന നീളപ്രവാഹത്തിലെ ഒരു കുത്ത്; ഒരു കുത്ത് മാത്രമാണ് നിങ്ങൾ. നിങ്ങളുടെ പ്രകാശവും പ്രഭാവവും എത്രയുണ്ട്? നിങ്ങൾക്ക് ആരെയെല്ലാം അറിയാം? ആർക്കെല്ലാം നിങ്ങളെ അറിയാം? നിങ്ങളുടെ പാരന്റ്സിനും മക്കൾക്കും. ചിലപ്പോൾ ഗ്രാൻഡ് പാരന്റ്സിനും ഗ്രാൻഡ് ചിൽഡ്രനും. അപൂർവങ്ങളിൽ അപൂർവമായി ഗ്രേറ്റ് ഗ്രാൻഡ് പാരന്റ്സിനും ചിൽഡ്രനും. കഴിഞ്ഞു! കാലത്തിന്റെ പ്രവാഹം ഈ A3 ഷീറ്റിന്റെ അരികിൽ അവസാനിക്കുന്നില്ല. സൗകര്യത്തിനുവേണ്ടി നമ്മളങ്ങനെ ചെയ്തതാണ്. പതിനായിരം കോടി A3 ഷീറ്റുകളിലെ ലക്ഷം കോടി കുത്തുകൾക്കപ്പുറമാണ് കാലത്തിന്റെ ആഴം, പരപ്പ്, വ്യാപ്തി...
ഒരു ഉദാഹരണത്തിന്, നിങ്ങൾ പേനയുടെ മുന ഒരു ചാൺ ഇപ്പുറത്തുള്ള ഒരു കുത്തിൽ തൊട്ടുപിടിക്കൂ. നിങ്ങൾ ഈ ലോകത്തിലേക്ക് വന്ന പിതൃവംശാവലിയിലെ ഒരു കണ്ണിയാണത്. എന്നുവെച്ചാൽ നിങ്ങളുടെ ഏതോ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് മുത്തച്ഛൻ. അയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും നിങ്ങൾക്കറിയില്ല. അയാൾക്ക് നിങ്ങളെയും.
ഇനിയും ഒരു ചാൺ ഇങ്ങോട്ട് പിടിച്ചാൽ നിങ്ങൾക്കോ അയാൾക്കോ അറിയാത്ത ഒരു മൂത്ത മുതുക്കൻ മുത്തച്ഛനെ പേനമുന കൊണ്ട് തൊടാൻ കിട്ടും. തിരിച്ച് മധ്യബിന്ദുവിൽനിന്ന് അങ്ങോട്ട് ഇതുപോലെ പിടിച്ചാൽ നിങ്ങൾ കാണാത്ത, നിങ്ങൾക്ക് മടിയിലിരുത്തി ഓമനിക്കാൻ ഭാഗ്യമില്ലാത്ത ഒരു പേരക്കിടാവിനെ കാണാൻ പറ്റും. ആ പേരക്കിടാവ് വല്യച്ഛനായി മരിച്ച് യുഗങ്ങൾ ഒരുപാട് കഴിഞ്ഞാൽ പിറക്കുന്ന സുന്ദരനായ ഒരു പേരക്കിടാവിനെ കിട്ടും, വീണ്ടും ഒരു ഒന്നരച്ചാൺ നീട്ടിപ്പിടിച്ചാൽ...
നീ ഇവിടേക്ക് വന്നിട്ട് വല്യാളായി വാഴ്ന്നു. എന്നിട്ടെന്തുണ്ടായി? നമുക്കോരോരുത്തർക്കും തോന്നുന്നു, എനിക്കാണീ ലോകം / ഞാനാണീ ലോകം എന്ന്. പക്ഷേ ലോകം ലോകത്തിന്റെ വഴിക്ക്. നമ്മൾ വരച്ച കാലത്തിന്റെ നേർരേഖയെ ഒരു ഫിലിമായി സങ്കൽപ്പിച്ച് ഒന്ന് വേഗത്തിൽ വലിച്ചു പായിപ്പിച്ചു നോക്കിയേ... എന്താണ് നമ്മൾ? ഒരു ഉണർച്ച, ഒരു ഉയിര്, ഒരു ഉറക്കം. കഴിഞ്ഞു! അതിനിടെ നാം ഒരുപാട് വേഷങ്ങൾ കെട്ടുന്നു. രാജാവാകുന്നു, മന്ത്രിയാകുന്നു, പോലീസാകുന്നു, കള്ളനാകുന്നു. അടിയും പിടിയും, കളിയും കാര്യവും, യുദ്ധവും മരണവും, സ്നേഹവും കാമവും, കൊല്ലും കൊലയും.
ആരായിട്ടെന്ത്? എത്രയുണ്ടായിട്ടെന്ത്? കാലപ്രവാഹത്തിലെ ഒരു കുഞ്ഞിക്കുത്തായി ഒടുങ്ങാനല്ലാതെ, കാലത്തിനൊപ്പം തുടങ്ങി കാലത്തോടൊപ്പം സഞ്ചരിച്ച് കാലാതിവർത്തിയായ കുലപതിയാകാൻ നമ്മുടെ പണം, പദവി, അധികാരം, പത്രാസ്—എന്തുകൊണ്ടെങ്കിലും കഴിയുന്നുണ്ടോ?
വാ, വാതിൽ തുറക്ക്. നമുക്ക് യാത്ര പോകാം. കഠിനമായ യാത്രയാണ്. കൊടുംവെയിലുണ്ട്, പൊള്ളുന്ന മരുഭൂമിയാണ്. താണ്ടാനേറെയുണ്ട്. ക്ഷീണം തോന്നുന്നു അല്ലേ? വിയർക്കുന്നു അല്ലേ? അതാ അങ്ങപ്പുറത്ത് ഒരു മരത്തണൽ. വേഗം നടക്ക്, അവിടെയിരിക്കാം. ഹാ! നല്ല കാറ്റ്. ഇരുട്ടുന്നതിനു മുന്നേ താഴ്വര പിടിക്കണം. ഇരുന്നാൽ വഴിയിലായിപ്പോകും. എഴുന്നേൽക്ക്!
ഇത്രയേയുള്ളൂ മനുഷ്യജീവിതം—ദീർഘമായ യാത്രയിലെ ഒരു കൊച്ചു വിശ്രമം. നമ്മൾ അവിടെ ഒന്നിരുന്ന്, വേണ്ടിവന്നാൽ ഒന്ന് കൈയ്യിൽ തലചായ്ച്ച് കിടന്ന് ഉടൻ സ്ഥലം വിടുന്നു. മിനിറ്റുകളുടെ വിശ്രമത്തിനുവേണ്ടി ഇവിടെ കിളച്ചുകോരി, കൊള്ളികളും ഇലകളും പെറുക്കിക്കൂട്ടി ആശ്രമം പണിത്, മരത്തോല് പൊളിച്ച് മെത്തയുണ്ടാക്കി, പിന്നെ പൂന്തോട്ടം വെച്ച്, കുളം വെട്ടി, അരുവിയൊഴുക്കി ഈ കൊടുംവഴിയിൽ അലിഞ്ഞുപോയാൽ എത്തേണ്ടിടത്ത് എത്തില്ല. ലക്ഷ്യമാണ് പ്രധാനം; വഴിയിലെ വിശ്രമബിന്ദുവല്ല.
ജോബ് ഇന്റർവ്യൂവിന് പുറപ്പെട്ടയാൾ റെയിൽവേ സ്റ്റേഷനിലെ ശീതീകരിച്ച റൂമിലെ സുഖശീതളിമയിൽ സ്വയം നഷ്ടപ്പെട്ടുപോയാൽ എങ്ങനെയിരിക്കും? ജീവസന്ധാരണത്തിനുവേണ്ടി നാടും വീടും വിട്ട് മറുനാട്ടിലേക്ക് പറന്നവൻ, കിട്ടുന്നതെല്ലാം തന്റെ വാടകമുറി ഫൈവ്സ്റ്റാറാക്കുന്നതിൽ തുലച്ചാൽ എങ്ങനെയിരിക്കും? നാം നമ്മുടെ തീരാത്ത മോഹങ്ങൾക്കു പിന്നാലെ പാഞ്ഞു തളരുന്നു. നമ്മുടെ നാളുകൾ ചുട്ട അപ്പക്കല്ലിൽ വീണ വെള്ളത്തുള്ളികൾ പോലെ ആവിയായി ഒടുങ്ങുന്നു. കേട്ടിട്ടില്ലേ ശ്ലോകം?
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം; വേഗേന നഷ്ടമാമായുസ്സുമോർക്ക നീ; വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം."
പ്രശസ്ത ആംഗലേയ കവി റോബർട്ട് ഹെറിക്ക് (Robert Herrick) പാടുന്നുണ്ട്: "ആ പനിനീർ പൂമൊട്ടുകളെല്ലാം വേഗം ഇറുത്തെടുത്തോളൂ; ഇന്ന് പുഞ്ചിരിച്ചു തിളങ്ങിനിൽക്കുന്ന പൂവുകൾ നാളെയാകുമ്പോൾ കരിഞ്ഞുണങ്ങിയിരിക്കും." വില്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധമായ വരികൾ നമ്മളെത്ര കേട്ടതായിരിക്കും:
"Life's but a walking shadow, a poor player, That struts and frets his hour upon the stage, And then is heard no more. It is a tale Told by an idiot, full of sound and fury, Signifying nothing."
"ജീവിതം നടന്നകലുന്ന ഒരു നിഴൽ മാത്രമാണ്; ഒരു പാവം കളിക്കാരൻ. അത് സ്റ്റേജിൽ ഏതാനും നാഴികകൾ ആടിത്തിമിർക്കുന്നു, പിന്നെ ഒന്നും കേൾക്കാനില്ല. ശരിക്കും ഒരു വിഡ്ഢി പറഞ്ഞ, ശബ്ദവും കോലാഹലങ്ങളും നിറഞ്ഞ അർത്ഥശൂന്യമായ ഒരു കഥ പോലെ."
അതെ, പലർക്കും ജീവിതം അങ്ങനെയാണ്—ഒരർത്ഥവുമില്ലാത്ത പൊട്ടക്കഥ. അതിലേക്ക് സൂചന നൽകിക്കൊണ്ട് ഖുർആൻ ഇങ്ങനെ പറയുന്നുണ്ട്: "അറിയുക! ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും അലങ്കാരങ്ങൾ കാട്ടലും, അന്യോന്യം പൊങ്ങച്ചം പറയലും, സമ്പത്തിലും സന്താനങ്ങളിലുമുള്ള പരസ്പര മത്സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉപമ ഇപ്രകാരമാകുന്നു: ഒരു മഴ പെയ്തു; അതിനാലുണ്ടായ സസ്യലതാദികൾ കണ്ട് കർഷകർ പുളകിതരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോൾ അത് മഞ്ഞളിക്കുന്നതായി നിനക്ക് കാണാം. പിന്നീടത് വൈക്കോലായിത്തീരുന്നു."
ഹദീസിലുണ്ടല്ലോ: "ഈ ദുനിയാവിൽ നീ ഒരു പ്രവാസിയെപ്പോലെ, അല്ലെങ്കിൽ ഒരു വഴിപോക്കനെപ്പോലെയാവുക." ഇന്നലെ കണ്ണുതുറന്ന്, ഇന്ന് ആളായി, നാളെ ശവമായി ചീയുന്ന ഈ ജീവിതത്തിന്റെ അർത്ഥാന്തരങ്ങളും ഗൂഢരഹസ്യങ്ങളും നാം അന്വേഷിച്ചറിയേണ്ടതല്ലേ? നമ്മുടെ ജീവിതത്തിന് ശ്രേഷ്ഠമായ അർത്ഥപ്പൊരുളുകൾ ഒന്നുമില്ലെങ്കിൽ കുപ്പച്ചീരയിൽനിന്നും ശീമക്കൊന്നയിൽനിന്നും എന്താണ് നമുക്കുള്ള വ്യത്യാസം? കണ്ടാമൃഗത്തെക്കാളും കഴുതപ്പുലിയെക്കാളും നമുക്ക് ഈ പ്രപഞ്ചത്തിൽ എന്താണ് പ്രാധാന്യം? എന്തായിരിക്കാം നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക സാഫല്യം?


