എല്ലാവർക്കും താല്പര്യം താന്തോന്നികളായി ജീവിക്കാൻ തന്നെയാണ്. കന്നുകാലികൾ നമ്പർ വൺ താന്തോന്നികളാകുന്നു. അവർക്ക് അതിരും വരമ്പും ഒന്നുമില്ല. വിശക്കുമ്പോൾ എന്താണോ 'ഈറ്റബിൾ' (eatable) ആയി മുന്നിൽ കാണുന്നത് - അത് എന്റേതാണോ, എന്റെ ഉടമയുടേതാണോ, ആരാന്റേതാണോ, അനാഥക്കുട്ടിയുടേതാണോ, കട്ടതാണോ, കെട്ടതാണോ, ചീത്തയാണോ, ചീഞ്ഞതാണോ, കാഷ്ഠത്തിൽ വീണതാണോ, ഛർദ്ദി പുരണ്ടതാണോ എന്നൊന്നുമില്ല - കിട്ടിയത് കടിച്ചു തിന്നും. നാൽക്കവലകളിലും അങ്ങാടികളിലും തെരുവുകളിലും ആടുകളെയും പശുക്കളെയും കാക്കകളെയും പൂച്ചകളെയും നമ്മൾ ഇവ്വിധം കാണാറുണ്ട്.
പക്ഷേ, പ്രശ്നമിതാണ്; നമ്മൾ കന്നുകാലികളാകാതെ പോയി! മസ്തിഷ്കത്തിന്റെ പ്രൊട്ടക്ഷനില്ലാത്ത മാംസശരീരം മാത്രമുള്ള ജന്തുക്കളായിരുന്നു നമ്മളെങ്കിൽ നമുക്കും അങ്ങനെയാകാമായിരുന്നു. തീറ്റയുടെയും കുടിയുടെയും മാത്രമല്ല, ഭോഗത്തിന്റെയും ഉറക്കത്തിന്റെയും അലച്ചിലിന്റെയും അരാജകത്വത്തിന്റെയും കാര്യത്തിൽ യാതൊരു കരുതലും ആവശ്യമുണ്ടായിരുന്നില്ല. വലുതാകുമ്പോൾ അമ്മയ്ക്ക് പാഞ്ഞുകയറുന്ന ആട്ടിൻകുട്ടികളെ കണ്ടിട്ടില്ലേ! ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത്, താന്തോന്നികളായി ജീവിക്കുക എന്നത് ശരീരത്തിന്റെ പ്രകൃത്യാ ഉള്ള തേട്ടമായതിനാൽ അത് എളുപ്പമുള്ള, ആസ്വാദ്യകരമായ കാര്യമാണെന്നതാണ്. ആർക്കും അതാകാം; അതിന് പ്രതിഭയുടെ ആവശ്യമില്ല.
പക്ഷേ, മനുഷ്യൻ ബുദ്ധിയുള്ളവനാണ്, യുക്തിയുള്ളവനാണ്, സാമൂഹ്യജീവിയാണ്, സാംസ്കാരിക സമ്പന്നനാണ്, ധാർമികബോധമുള്ളവനാണ്, സനാതനത്വവും നൈതികതയും കാത്തുസൂക്ഷിക്കുന്നവനാണ്. അല്ലെങ്കിൽ അങ്ങനെയൊക്കെ ആകേണ്ടവനാണ്; ആയിത്തീരേണ്ടവനാണ്. ഇങ്ങനെയൊക്കെ ആയിരിക്കെപ്പിന്നെ താന്തോന്നിജീവിതവുമായി കഴിയാൻ കൊതിക്കുക എന്നത് നടപ്പുള്ള കാര്യമല്ല.
നമുക്ക് ശരീരത്തിൽനിന്നുതന്നെ തുടങ്ങാം. ആടും പോത്തും തിന്നുന്നതുപോലെ കണ്ടതെല്ലാം കണ്ടമാനം തിന്നാൻ നമുക്ക് പറ്റുമോ? നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിന്റെ സ്വഭാവമനുസരിച്ച്, പ്രായമനുസരിച്ച് ഏതെല്ലാം എത്ര അളവിൽ പറ്റുമെന്ന് മനസ്സിലാക്കി, ഇഷ്ടക്കേടോടെ നിയന്ത്രിച്ച് മാത്രമേ കഴിക്കാവൂ. ഡയബറ്റിക് ആയ ആൾ തോന്നിയതുപോലെ ഫ്രൂട്ട്സും ജ്യൂസും ചോറും മരച്ചീനിയും അടിച്ചു കയറ്റിയാൽ ആള് കാഞ്ഞുപോകും. ആടിനും പോത്തിനും ഒക്കെ ഇങ്ങനെ ഡയബറ്റിക്കാകുക, സോഡിയം കുറയുക, ഹീമോഗ്ലോബിൻ കൂടുക, ബിപി ഏറുക എന്നിങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ, ആവോ? അതോ അതൊക്കെ നിയന്ത്രിക്കാനുള്ള നൈസർഗികമായ മെക്കാനിസം അവരിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടോ, ആവോ?
അപ്പോൾ തീറ്റ നിയന്ത്രിക്കപ്പെട്ടു. ഇനി ശരീരത്തിന്റെ ആഘോഷമോ? എന്നുവെച്ചാൽ അതിലൊന്ന് ലഹരിഭോഗമാണ്, മറ്റൊന്ന് ലൈംഗികതയും. കഞ്ചാവടിച്ചാൽ കാല് പോയി കൈ ചിറകാകുമത്രേ! ഇനി കട്ടികൂടിയ എംഡിഎംഎ പോലുള്ളതാണെങ്കിൽ കൈയ്യും കാലും ചിറകുമില്ലാതെ പറന്നൊടിയാമത്രേ! പക്ഷേ, ഈ താല്ക്കാലിക സുഖങ്ങൾക്ക് ജീവനാണ് വില നൽകേണ്ടി വരിക എന്നത് അവർക്ക് തന്നെ അറിയാം. കരൾ നുരുമ്പി, ഹൃദയം ദ്രവിച്ച് ദാരുണാന്ത്യം വരുമെന്ന് അനുഭവങ്ങൾ പറയുന്നു. എന്തിനധികം, ഏറ്റവും പോപ്പുലറായ സ്മോക്കിങ് പോലും അതിഗുരുതരമായ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. അതുകൊണ്ടല്ലേ 'Injurious to Health' എന്നതിനൊപ്പം ആന്തരാവയവങ്ങൾ പൊട്ടിക്കീറിയ, കണ്ണുപൊള്ളുന്ന ഫോട്ടോകൾ സിഗരറ്റ് പായ്ക്കിന്റെ മുകളിൽ നിയമപാലനമെന്ന നിലയിൽതന്നെ പതിപ്പിച്ചിരിക്കുന്നത്.
ഇനി വേഴ്ചയുടെ കാര്യം പറയാനുമില്ല. വ്യാജവേഴ്ചകളിൽ വ്യാപൃതനാകുന്ന വ്യക്തി ഗുരുതരമായ രോഗങ്ങളുടെ തീമാളങ്ങളിൽ വീണ് വെന്തുപോകും. പുറമെ ഇവയ്ക്കൊക്കെ ചില സാമൂഹ്യ പ്രശ്നങ്ങൾ കൂടി ഉണ്ടല്ലോ. ഒരാൾ കള്ളുകുടിയനാകുന്നത് അയാളുടെ ശരീരത്തെ മാത്രമല്ല, കുടുംബ വ്യവസ്ഥയെക്കൂടി കുരുതി കൊടുക്കുന്നു. മത്തുകയറിയാൽ ബുദ്ധി പോകും. കുടിച്ചുപൂസായി വീട്ടിൽ കയറിവരുന്നവൻ ഭാര്യയുമായി, മക്കളുമായി ശണ്ഠകൂടും. അത് അവരുടെ മാനസികാരോഗ്യത്തെയും ഉശിരിനെയും തകർക്കും. സോഷ്യോ-പേഴ്സണൽ സ്റ്റാറ്റസിനെ കരിക്കും. അച്ഛൻ കള്ളുകുടിച്ച് അടിയുണ്ടാക്കി അയൽക്കാർ ഓടിവന്ന ഒരു വീട്ടിലെ, ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടി കോളേജിലേക്ക് പോകുമ്പോഴുള്ള മാനസികാവസ്ഥ ആലോചിച്ചു നോക്കിയേ! അയ്യയ്യേ!
അമ്മയെ തെറിവിളിച്ച് തല്ലിച്ചതയ്ക്കുന്നത് കാണുന്ന മകൻ അച്ഛനോട് എന്തുമാത്രം പകയുമായാണ് വളർന്നുവരിക! അതുപോലെ തന്റെ ഭർത്താവ് പരനാരീസേവകനാണ് എന്നറിയുന്ന ഭാര്യയുടെ മനസ്സ് എന്തുമാത്രം നരകമായിരിക്കും! ഞങ്ങളുടെ അച്ഛൻ രാവൃത്തികേടുകളുടെ ആശാനാണെന്നറിയുന്ന മക്കൾക്ക് നാട്ടിലും കോളേജിലും അയൽപക്കത്തും സുഹൃത്തുക്കൾക്കിടയിലും എന്തുമാത്രം മാനഹാനി അനുഭവിക്കേണ്ടി വരും? സംശയം വേണ്ട, മാന്യനായി ജീവിക്കണമെങ്കിൽ മനുഷ്യന് നിയമം വേണം; അതത്രേ മതം. ആരോഗ്യപരമായ നിയമങ്ങൾ ഉള്ളതുപോലെ, രാഷ്ട്രപരമായ നിയമങ്ങൾ ഉള്ളതുപോലെ, ധാർമികമായ നിയമസാകല്യത്തിന്റെ പേരാണ് മതം.
ഇത്തരം നിയന്ത്രണങ്ങൾ ഒരു ബാഹ്യ പോലീസിങ് ഇല്ലാതെ സ്വയം പുൽകുവാൻ കഴിയുന്നുണ്ടോ നമുക്ക്? ഉദാഹരണത്തിന്, പെനാൽറ്റിയെ ഭയപ്പെട്ടതുകൊണ്ടാണോ നമ്മൾ വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് വെക്കുന്നത് / സീറ്റ് ബെൽറ്റിടുന്നത്? അതുപോലെ അന്യർക്കുവേണ്ടി ത്യജിക്കുവാനും സഹിക്കുവാനും ഒരു ഭരണഘടനാ നിയമപാലനം എന്ന നിലയ്ക്കല്ലാതെ സ്വയം ഏറ്റെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? നിങ്ങളുടെ വീട്ടിൽ വരൾച്ചക്കാലത്ത് ഒരു ബക്കറ്റ് വെള്ളം ഉണ്ടെന്ന് കരുതുക. നിങ്ങൾ അത് കാലുകഴുകാൻ ഉപയോഗിക്കരുതെന്നും അടുത്ത വീട്ടുകാർക്ക് കുടിക്കാൻ കൊടുക്കുകയാണ് വേണ്ടതെന്നും ഒരു കോടതിയും നിഷ്കർഷിക്കില്ല; നമ്മളായി ഏറ്റെടുക്കണം.
മേൽപ്പറഞ്ഞ എല്ലാ നിയമങ്ങളെയും ഉൾക്കൊള്ളുന്ന ബൃഹത്തായ, സമഗ്രമായ ജീവിതപദ്ധതി കൂടിയാണ് മതം. സംശയമൊന്നും വേണ്ട, മതമനുസരിച്ച് ജീവിക്കൽ ലളിതമാണ്, ആസ്വാദ്യകരമാണ്. പാരത്രിക മോക്ഷമാകുന്ന സ്വർഗ്ഗം കഷ്ടപ്പാടുള്ള കാര്യങ്ങളാൽ തടയപ്പെട്ടിരിക്കുന്നു; ആത്യന്തികനാശമായ നരകം നീചവൃത്തികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രവാചകവചനത്തിൽ കാണാം. ലളിതമാണ് അതിന്റെ സാരം. 'No pain, no gain' എന്നൊക്കെ നമ്മൾ പറയാറില്ലേ. മതം മനുഷ്യനെ ധാർമികതയിൽ മുളപ്പിച്ചെടുക്കുന്നു. മതം മനുഷ്യനെ മഹാനാക്കുന്നു.


