കൂതറകളായി, കളിച്ചുതിമിർത്തു കഴിഞ്ഞ കാലമുണ്ടായിരുന്നു. പെട്ടെന്ന് എല്ലാം മാറിപ്പോയി! അന്നായിരുന്നെങ്കിൽ തോന്നുമ്പോൾ വന്നാൽ മതിയായിരുന്നു; ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകാം. രജിസ്റ്ററിൽ ആർക്കും എപ്പോഴും ഒപ്പിടാം. ക്ലാസ് നടക്കുമ്പോഴും ബഹളം വെക്കാം. സെമിനാർ ഹാളിൽ കൂക്കിവിളിക്കാം. അസൈൻമെന്റ് കട്ടെഴുതാം. പ്രോജക്ടുകൾ പേരുമാറ്റി വെക്കാം. പരീക്ഷാഹാളിൽ പബ്ലിക്കായി കോപ്പിയടിക്കാം. ബർമുഡ ധരിക്കാം. ടീഷർട്ടിടാം. മുടി എങ്ങനെയും വെട്ടാം. വിട്ടാലും കോളേജിൽ രാത്രി വരെ തങ്ങാം. അന്ന് ഹോളിയൊക്കെ കളറായിരുന്നു; ഫെസ്റ്റൊക്കെ പൂരമായിരുന്നു. ടൂർ ട്രൂലി ഹണിമൂൺ ട്രിപ്പുകളായിരുന്നു…
പുതിയ പ്രിൻസിപ്പൽ വന്നു! യോഗ്യതകളും അംഗീകാരങ്ങളും ഒട്ടനവധിയുള്ളയാൾ. അതിനൊപ്പിച്ച ഗൗരവവും ഗാംഭീര്യവും. പെട്ടെന്ന് നിയമങ്ങളെല്ലാം മാറ്റി! ഇപ്പോൾ എല്ലാം കൃത്യം, കണിശം. പഴയ കളികളൊന്നും നടക്കുന്നില്ല. പ്രിൻസിപ്പൽ എല്ലാറ്റിലും ഇടപെടുന്നു. സമയനിഷ്ഠ കർക്കശമാക്കി. ഒമ്പതേ മുപ്പത്തഞ്ചായാൽ രജിസ്റ്റർ മാറ്റിവെക്കും - അഞ്ചു മിനിറ്റ് വൈകിയാൽ ഹാഫ് ഡേ ലീവ്, വൂ!
എല്ലാ ക്ലാസുകളിലും കൃത്യമായി പങ്കെടുക്കണം. വന്നില്ലെങ്കിൽ ലീവ് ലെറ്റർ കൊണ്ടുവരണം. രണ്ടു ദിവസം തുടരെ ലീവായാൽ രക്ഷിതാവ് വരണം. യൂണിഫോം നിർബന്ധം. മുടി നന്നായി വെട്ടണം. വസ്ത്രം വൃത്തിയുള്ളതായിരിക്കണം. ഇയാൾ എന്തിനാണ് ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് എന്ന് തോന്നായ്കയല്ല; സമരം ചെയ്യാനും ആളിനെ 'ഘരാവോ' ചെയ്യാനും അറിയായ്കയല്ല. കോളേജ് അതോറിറ്റിയും പിടിഎ കമ്മിറ്റിയും അയാൾക്ക് കട്ട സപ്പോർട്ടാണ്; പണി പാളും.
ഉഴപ്പൻ അധ്യാപകരെയൊക്കെ ടെർമിനേറ്റ് ചെയ്തു. പ്രഗല്ഭരായ പുതിയ പ്രൊഫസർമാർ വന്നു. അസൈൻമെന്റിനും പ്രോജക്ടിനുമൊക്കെ മേൽത്തരം ഫോർമാറ്റുകൾ തന്നു. പഠനക്ലാസുകൾ, ഡിസ്കോഴ്സുകൾ, ഡിബേറ്റുകൾ, ഇന്റർവ്യൂ, വർക്ക് ഷോപ്പുകൾ, ജോബ് ഫെയറുകൾ... ഉറക്കൊഴിഞ്ഞ് ചെയ്തുതീർക്കേണ്ട കണ്ടമാനം ടാസ്കുകൾ …
കുത്തഴിഞ്ഞ ജീവിതത്തിൽനിന്ന് കൃത്യനിഷ്ഠയുടെ ചട്ടക്കൂടിലേക്ക് ഒരു കലാലയം മാറുമ്പോൾ അതിലെ വിദ്യാർത്ഥികൾ എത്ര പ്രയാസപ്പെട്ടുകാണുമെന്ന് ഓർത്തു നോക്കിയാട്ടെ. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു നടന്ന ഫ്രീക്കന്മാർ ഒരു സുപ്രഭാതത്തിൽ പട്ടാളക്യാമ്പിൽ എന്നപോലെ തളച്ചിടപ്പെടുന്നു. പുതിയ സാഹചര്യങ്ങളെ അവർ വെറുക്കുന്നു. പ്രിൻസിപ്പലിനെ അവർ പ്രാകുന്നു. നിയമങ്ങൾ ലംഘിക്കാൻ അവരുടെ മനസ്സ് വെമ്പുന്നു.
പക്ഷേ, ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്; ഗുണനിലവാരത്തിലെ വ്യത്യാസം! അടിച്ചുപൊളിക്കാലത്ത് പഠിച്ച് പുറത്തിറങ്ങിയവർക്കൊന്നും ഒരു ക്വാളിറ്റിയുമില്ല. അവരാരും ഉയർന്ന ഇടങ്ങളിൽ എത്തിയതുമില്ല. പക്ഷേ പരിവർത്തനാനന്തര കാലത്ത് പഠിച്ചവർക്ക് മികവേറി. അവരിലെ ഉദാസീനത മങ്ങുകയും പ്രതിഭ ജ്വലിക്കുകയും ചെയ്തു. അരാജകത്വം അണയുകയും കർമാഗ്നി ആളുകയും ചെയ്തു. പഠിക്കും കാലത്ത് പുഴുവിനെപ്പോലെ ഇഴഞ്ഞെങ്കിലും അവർ പുറത്തുവന്നത് പറക്കാനുള്ള ചിറകുകളുമായായിരുന്നു. അവർ കോളേജുകളിലെ / സർവ്വകലാശാലകളിലെ / ഇൻസ്റ്റിറ്റ്യൂട്ടുകളിലെ / കമ്പനികളിലെ കുഞ്ചിക സ്ഥാനങ്ങളിൽ വാണു.
മനുഷ്യൻ - അവന്റെ ശരീരവും മനസ്സും - അതിരുകളില്ലാത്ത ആസ്വാദനവും വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു. താന്താങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖാവസ്ഥയ്ക്ക് ഭംഗം വരുത്താനോ, അല്ലെങ്കിൽ ശരീരത്തെയും മനസ്സിനെയും കഠിനമായി കഷ്ടപ്പെടുത്താനോ പ്രകൃത്യാ നമ്മളാരും സന്നദ്ധരല്ല. പക്ഷേ നിത്യജീവിതത്തിൽ പലപ്പോഴും നാമത് ചെയ്യേണ്ടി വരുന്നു. എന്തു സുഖമാണ് പുതച്ചുറങ്ങാൻ - നല്ല തണുപ്പല്ലേ? പക്ഷേ പാതിരാനേരത്ത് പന്ത്രണ്ടര മണിക്ക് അലാറം വെച്ച് നമ്മൾ ഉണരുന്നു. ഏറെ ഇഷ്ടമുള്ള പുതപ്പുമൂടിയുള്ള ചുരുണ്ടുകിടത്തം പൊട്ടിച്ചെറിഞ്ഞുകൊണ്ട് നാം പിടഞ്ഞുണരുന്നു. - എന്താ കാര്യം? ആറുമണിക്കാണ് ദുബായിലേക്കുള്ള ഫ്ലൈറ്റ്. ഇപ്പോൾ പുറപ്പെട്ടാലേ കൃത്യമെത്തുകയുള്ളൂ. അല്ലെങ്കിൽ നാളെയാണ് ഫൈനൽ എക്സാം. പഠിച്ചതെല്ലാം കുറുസൂചനകളാക്കി വെച്ചിട്ടുണ്ട്. ആദ്യന്തം ഓടിച്ചു നോക്കിയെങ്കിലേ എല്ലാം ഓർമിച്ചെടുത്ത് വൃത്തിയിൽ എഴുതാനാകൂ. നാം നമുക്ക് വേണ്ടിത്തന്നെ വേദനിക്കുന്നു, ത്യജിക്കുന്നു, വർജിക്കുന്നു.
ഹാ നോക്കിയേ സദ്യാവട്ടം? എന്തൊക്കെയാണ് അണിനിരന്നിരിക്കുന്നത്! ആടുമന്തി, അയക്കൂറ ഫ്രൈ, ചിക്കൻ കൊമ്പത്ത്, ബീഫ് വരള, തരാതരം പഴങ്ങൾ, പായസങ്ങൾ, പുഡിങ്ങുകൾ, ഐസ്ക്രീമുകൾ, കേക്കുകൾ, ജ്യൂസുകൾ…. പക്ഷേ അവന് ആടും വേണ്ട കോഴിയും വേണ്ട! മീനും വേണ്ട ഇറച്ചിയും വേണ്ട!! ജ്യൂസും വേണ്ട കേക്കും വേണ്ട!!! എന്താ കാര്യം? വേണ്ടാഞ്ഞിട്ടല്ല; എല്ലാം ഒത്തിരി ഇഷ്ടമാണ്. അല്ല, ആഹാരത്തോട് അതിയായ ആർത്തിയാണ്. പക്ഷേ കഴിച്ചാൽ വിവരമറിയും - പ്രഷർ, ഷുഗർ, കൊളസ്ട്രോൾ...
ആഹാരസമൃദ്ധിയുടെ തിരുമുമ്പിൽ കൊതിയനായ ശരീരത്തെ പന്തിയിൽ തളച്ച ആനയെപ്പോലെ മെരുക്കിനിർത്തിയിരിക്കുകയാണ്. നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ഇംഗിതത്തിനെതിരെ മസിലുപിടിച്ചു നിൽക്കുകയാണ്. ഇഷ്ടക്കേട് തോന്നുന്ന നിയമങ്ങളും നിയന്ത്രണങ്ങളും വാരിപ്പുണരുകയാണ്. നേട്ടം കൊയ്യണമല്ലോ എന്ന് കരുതി, അപകടം തടുക്കണമല്ലോ എന്ന് വിചാരിച്ച് പുറം ഇടപെടലില്ലാതെ നമ്മൾ തന്നെ, നമുക്കെതിരെ സമരകാഹളം മുഴക്കിയിരിക്കുകയാണ്.
ഇനി പൊതുജീവിതത്തിന്റെ തുറസ്സിലേക്ക് ഇറങ്ങിപ്പോയാലോ? സർവ്വത്ര നിയന്ത്രണം! ഞാൻ അധ്വാനിച്ച് നേടിയ പണം എനിക്ക് ഇത്രയേ കൈയ്യിൽ വെക്കാവൂ; ബാക്കി ബാങ്കിലിട്ടുകൊള്ളണം. ഞാൻ വില കൊടുത്തു വാങ്ങിയ വാഹനം - നൂറായിരം നിയമങ്ങൾ പാലിച്ചേ ഓടിക്കാനാകൂ!! എനിക്കൊന്ന് റോഡരികിലൂടെ നടക്കണമെങ്കിൽ, റോഡ് മുറിച്ച് കടക്കണമെങ്കിൽ നിയമം, നിയമം, നിയമം... നമുക്കാർക്കും നിയമങ്ങൾ / നിയന്ത്രണങ്ങൾ ഇഷ്ടമല്ല. ആരാണീ ചങ്ങലകൾ തീർക്കുന്നവർ? അവരെയങ്ങ് കൈകാര്യം ചെയ്താലോ?
ഒരു കാര്യം ചെയ്യ്! കണ്ണട ഒന്ന് മാറ്റിവെക്ക്. നിയമത്തിന് വിധേയപ്പെടുന്നവൻ എന്ന റോൾ മാറി, നിയന്ത്രണം അടിച്ചേൽപ്പിക്കുന്നവർ എന്ന നിലയിലേക്ക് നമ്മളൊന്ന് മാറിയിരുന്നു നോക്ക്. കൊച്ചുമകനതാ മിഠായിപ്പെട്ടി പൊട്ടിച്ചുകഴിഞ്ഞു. ഒന്ന് ചാമ്പി, നമ്മൾ മിണ്ടിയില്ല. രണ്ടാമത്തേത് വായിലിടുന്നു; പോട്ടെ. അവൻ ഈ ഇരുന്ന ഇരുത്തത്തിൽ മൂന്നും നാലും അഞ്ചുമല്ല, ആ പായ്ക്കറ്റ് തീരുവോളം തിന്നും. നിങ്ങളെന്ത് ചെയ്യും? ഓടിച്ചെന്ന് പായ്ക്കറ്റ് പിടിച്ചുപറിച്ച് ഷെൽഫിലിട്ടു പൂട്ടും! ആരാ നിങ്ങളോട് പറഞ്ഞത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ / ഇഷ്ടവൃത്തിയിൽ ഇടങ്കോലിടാൻ? മിഠായി എന്താ മോശമാണോ? അതെ, അധികമായാൽ മിഠായിയും വിഷമാണ്!
മഴയതാ ചറപറ പെയ്യുന്നു. എന്താ രസം! കുഞ്ഞിമോളതാ പെരുമഴയത്ത് വെള്ളത്തിൽ തുള്ളി അർമാദിക്കുന്നു. നിങ്ങൾ ഓടിച്ചെന്ന് കോരിയെടുത്ത് ഒപ്പിത്തോർത്തി ചേർത്തുപിടിക്കുന്നു. മഴക്രീഡയിൽ ലയിക്കാനുള്ള അവളുടെ ഇഷ്ടത്തെ നിങ്ങളെന്തിനാ മുടക്കിയത്? അവർ കുട്ടികളാണ്. അവർക്കറിയാത്തത് മുതിർന്നവരായ നമുക്കറിയാം. ആയതിനാൽ അവരെ കരയിപ്പിച്ചും നമ്മൾ അവരുടെമേൽ നിയന്ത്രണം സ്ഥാപിക്കുന്നു. മരുന്നുകുടി കുട്ടികൾക്ക് തീരേ ഇഷ്ടമല്ല. ഗുളികതീറ്റയുടെ കാര്യം പറയാനില്ല. പക്ഷേ നമുക്കറിയാം മെഡിസിൻ കഴിച്ചെങ്കിലേ രോഗം ഭേദമാകൂ. നമ്മൾ കുട്ടിയെ കൈയ്യും കാലും പിടിച്ചമർത്തി, മൂക്കുപൊത്തി ബലാൽക്കാരമായി മരുന്നു കുടിപ്പിക്കുന്നു.
പ്രിയ സുഹൃത്തേ, നമ്മളും കുട്ടികളാണ്. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നറിയലാണ് ഏറ്റവും വലിയ അറിവ്. താല്ക്കാലിക സുഖം, സ്ഥായിയായ സ്വസ്ഥത - ഇവ ഏറ്റുമുട്ടുന്ന ഒരുപാട് മേഖലകൾ ജീവിതത്തിലുണ്ട്. സ്ഥായിയായ സ്വസ്ഥതയെ അവഗണിച്ച് ക്ഷണിക സുഖത്തിൽ അഭിരമിക്കുന്നവൻ പൊണ്ണനാണ്. അറിവിന്റെ കാര്യത്തിൽ മനുഷ്യന് പരിമിതികളുണ്ട്. എല്ലാ കാര്യങ്ങളുടെയും വരുംവരായ്കകൾ നമുക്കറിയണമെന്നില്ല. ആയതുകൊണ്ടുതന്നെ മനുഷ്യബാഹ്യമായ ഒരു തലത്തിൽനിന്നുകൊണ്ട് അവന് ജീവിതത്തിൽ വിജയിക്കാനാവശ്യമായ തത്വസംഹിത ആവശ്യമായി വരുന്നു. അതിനെയാണ് നമ്മൾ മതം എന്ന് പറയുന്നത്.
പരീക്ഷയ്ക്കുവേണ്ടി, എയർപോർട്ടിലേക്ക് കുതിക്കാൻ വേണ്ടി മാത്രം ഉറക്കിൽനിന്ന് കുതറി ഉണരുന്നതിനെ ഉൾക്കൊള്ളാൻ കഴിയുന്നവരോട് മതം പറയുന്നു: "എല്ലാ ദിവസവും പുലരുന്നതിനു മുമ്പേ ഉണരണം; പട്ടിയുറങ്ങും പോലെ പട്ടാപ്പകലാവും വരെ ഉറങ്ങരുത്." നായയും കോഴിയും കണ്ടതിലെല്ലാം കാമം തീർക്കുമ്പോൾ മതം മനുഷ്യനോട് പറയുന്നു: "കാമപൂർത്തി നിയന്ത്രിതമായിരിക്കണം; രതി വ്യഭിചാരമാവരുത്." പണം പലിശക്കെറിഞ്ഞ് സമ്പത്ത് കൊയ്യുന്നവനോട് മതം പറയുന്നു: "അരുത്, അതിൽ ചൂഷണത്തിന്റെ മൂർഖനുറങ്ങുന്നുണ്ട്." കള്ള് മോന്തിയാൽ ശരീരത്തിന് ആനന്ദമുണ്ടാകും; പറഞ്ഞിട്ട് കാര്യമില്ല, അത് കരളിനെ കൊല്ലും, ബുദ്ധിയെ നീക്കും, കുടുംബം കലക്കും - മതം പറയുന്നു: "പാടില്ല!"
പക്ഷേ, ചിലർക്കൊരു സൂക്കേടുണ്ട്. ബാക്കിയെല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി ഉൾക്കൊള്ളും, പാലിക്കും. പക്ഷേ മതത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ നാക്കിന് നീളം കൂടും. മനുഷ്യനെ മതം അടിമയാക്കുന്നു, നിയന്ത്രണങ്ങളാൽ വരിയുന്നു, സ്വാതന്ത്ര്യം നിഷേധിക്കുന്നു. നിങ്ങൾ പറയൂ, അസുഖകരമായൊരു ആറ്റിറ്റ്യൂഡല്ലേ അത്? താന്തോന്നി ജീവിതത്തോടുള്ള സ്വന്തം ആർത്തിയെ മറച്ചുപിടിക്കാൻ / കന്നാലി ജീവിതത്തോടുള്ള ആസക്തിയെ ന്യായീകരിക്കാൻ വേണ്ടിയല്ലേ മതത്തിനെതിരെ കോമരം തുള്ളുന്നത്?


