കുത്തഴിഞ്ഞ ഒരു പള്ളിക്കൂടത്തിലേക്ക് ലക്ഷ്യബോധവും കർക്കശസ്വഭാവവുമുള്ള ഒരു പ്രധാനാധ്യാപകൻ കടന്നുവരുമ്പോൾ അതുവരെ അവിടെയുള്ളവർ എന്തുകൊണ്ടാണ് അസ്വസ്ഥരാവുന്നതെന്ന് ഊഹിക്കാമല്ലോ? കെടുകാര്യസ്ഥത ആസനമുറപ്പിച്ച എല്ലാ സിസ്റ്റത്തിലും പരിവർത്തനം കൊണ്ടുവരുമ്പോൾ സ്വൈര്യക്കേട് ഉടലെടുക്കും. ഉഡായിപ്പ് ശീലമാക്കിയ ഒരു കമ്പനിയിലേക്ക് പുതിയ എം.ഡി വരുമ്പോൾ ‘എന്തായിരിക്കും ചങ്ങാതിയുടെ നിലപാട്’ എന്നോർത്ത് അലസശിരോമണികൾ ഉരുകും; പ്രാകും. എന്നാൽ, കാര്യങ്ങളെല്ലാം കർക്കശമായി നടക്കണം എന്ന് കരുതുന്നവർ 'നല്ല ചിട്ടക്കാരനായ ബോസ് വരേണമേ' എന്ന് ഉള്ളുരുകി പ്രാർത്ഥിക്കും. ശരീരത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് അലസമായ ദിനചര്യകളിൽ പൂണ്ടുപോയ മനുഷ്യരെ ധാർമികതയുടെ ജാഗ്രതയിലേക്ക് ഉണർത്തിയെടുക്കുക എന്നതാണ് മതത്തിന്റെ ദൗത്യം. ആയതുകൊണ്ടുതന്നെ ഭൂരിപക്ഷം വരുന്ന 'അലസമഹാസഭ'യുടെ സജീവമായ പ്രതിരോധം എപ്പോഴും പ്രതീക്ഷിച്ചിരിക്കണം.
ആറാം നൂറ്റാണ്ടിലെ അറബികളുടെ ചരിത്രം പഠിച്ചാൽ ഈ കാര്യം വളരെ വ്യക്തമാകും. കൊള്ളരുതാത്ത കാര്യങ്ങളുടെ കുലമൂപ്പന്മാരായിരുന്നു അവർ. കള്ളുണ്ട്, കളവുണ്ട്, പെണ്ണുണ്ട്, പകയുണ്ട്, യുദ്ധമുണ്ട്, പലിശയുണ്ട്, പറ്റിക്കലുണ്ട്, പിടിച്ചുപറിയുണ്ട്... അങ്ങനെയെല്ലാമുള്ള, കാലങ്ങളായി അധമത്വത്തിന്റെ ചാണകക്കുഴിയിൽ കാൽ പൂണ്ടുകിടക്കുന്ന സമൂഹത്തിലേക്ക് ധാർമികബോധത്തിന്റെ സ്വർണ്ണസൂര്യൻ കൈയ്യിൽ പിടിച്ചുകൊണ്ട് ഇസ്ലാം കടന്നുവന്നപ്പോൾ, ഇരുട്ടിന്റെ ശക്തികൾ ഇടഞ്ഞുനിന്നു. "അങ്ങനെയൊരു മാറ്റവും പുതുമയുമൊന്നും ഈ മണ്ണിൽ ഞങ്ങളുള്ള കാലത്തോളം നടക്കൂല" എന്നവർ തീർത്തു പറഞ്ഞു. മുൻകാലങ്ങളിൽ വന്ന എണ്ണമറ്റ പ്രവാചകരാരും തന്റെ സമൂഹത്താൽ പരവതാനി വിരിച്ച് സ്വീകരിക്കപ്പെട്ടവരല്ല. ഓരോ സമുദായത്തിലെയും ഗോത്രമൂപ്പന്മാർ ആളുകളെ സംഘടിപ്പിച്ച് ആവതു പോരാടി.
ഇസ്ലാം, യഹൂദമതം, ക്രിസ്ത്യാനിസം എന്നിവയിലെ പ്രവാചകവംശാവലി ചെന്നുചേരുന്ന ഒരു കേന്ദ്ര വ്യക്തിത്വമായിരുന്നു ഹസ്രത്ത് ഇബ്രാഹിം നബി. തന്റെ കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്തിയപ്പോൾ പരിഹാസങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു. ഒടുവിൽ തന്റെ വിശ്വാസങ്ങൾക്കായി തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ടു. പക്ഷേ ആത്മീയമായ അനുഗ്രഹം കൊണ്ട് അത്ഭുതകരമായി ഇറങ്ങിപ്പോന്നു. (ഖുർആൻ 21:51-69)
ദുർഭരണാധികാരിയുടെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിക്കാനും അവർക്ക് ധാർമികസമ്പന്നമായ ജീവിതവഴി കാണിച്ചു കൊടുക്കാനും വന്ന ഹസ്രത്ത് മൂസാ നബി പലവിധേന വേട്ടയാടപ്പെട്ടു. അക്രമിയായിരുന്ന ഫറോവ ചക്രവർത്തി തനിക്കെതിരെ പരസ്യയുദ്ധത്തിന് ആഹ്വാനം ചെയ്തു. പട്ടാളക്കാർ പിന്നാലെയോടി. കടൽ കടന്ന് പ്രവാസം വരിക്കേണ്ടി വന്നു. പക്ഷേ പ്രയാസങ്ങളെല്ലാം സഹിച്ചുകൊണ്ട് മൂസാ പ്രവാചകൻ തന്റെ ദൗത്യത്തിൽ ഉറച്ചുനിന്നു. (ഖുർആൻ 2:49-50). പ്രവാചകൻ നൂഹ് നബിയുടെ ചരിത്രം പ്രത്യേകിച്ച് പറയേണ്ടതാണ്. 950 വർഷക്കാലം ഒരു സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് ധാർമികതയുടെ സന്ദേശം സ്വീകരിച്ചത്. അവശേഷിച്ചവരെല്ലാം ധിക്കാരപൂർവ്വം പുറംതിരിഞ്ഞു നടന്നു കളഞ്ഞു. (ഖുർആൻ 71:1-26). സാമൂഹിക പരിവർത്തനത്തിന്റെ പുതിയ പഥങ്ങളുമായി കടന്നുവന്ന ഈസാ നബിയെ അവർ ചില്ലിക്കാശിന് ഒറ്റിക്കൊടുത്തു. മരത്തിൽ ആണിയടിച്ച് ക്രൂശിച്ചു കൊല്ലുവാൻ പോലും അവർ പദ്ധതിയിട്ടു; പക്ഷേ നടന്നില്ലെന്ന് മാത്രം! (ഖുർആൻ 3:55)
നിലനിൽക്കുന്ന നെറികേടുകൾക്കെതിരെ നന്മയുടെ ഭാഷയിൽ സംസാരിച്ചാൽ സമൂഹം എപ്രകാരം ധിക്കരിക്കുമെന്നതിന്റെ തെളിവാണ് ഹസ്രത്ത് ലൂത്വ് നബിയുടെ ചരിത്രം. ചരിത്രത്തിൽ മുമ്പെങ്ങും കാണാത്തവിധം രതിവൈകൃതത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ആ സമൂഹം. സ്വവർഗഭോഗമായിരുന്നു അവരുടെ സ്വർഗ്ഗം. ആണുങ്ങൾ ആണിണകളെ പുൽകലായിരുന്നു അവരുടെ സാംസ്കാരിക ദുർവിലാസം. തന്റെ പത്നി പോലും ആ ദുർനടപ്പുകാർക്ക് കൂട്ടുനിന്നു. തന്നെ സന്ദർശിക്കാൻ എത്തിയ ആൺരൂപമുള്ള ദൂതന്മാർക്കെതിരെപ്പോലും ആ കശ്മലന്മാർ കാമവെറിയുമായി പാഞ്ഞടുത്തു. മഹാനവർകൾ സമൂഹമധ്യേ ക്രൂരമായി പരിഹസിക്കപ്പെട്ടു. (ഖുർആൻ 7: 80-84). ഇതേപോലെ ഹസ്രത്ത് ശുഐബ്, ഹസ്രത്ത് സ്വാലിഹ്, ഹസ്രത്ത് ഹൂദ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തന്നെ നിലനിൽക്കുന്ന ദുർനടപ്പുകൾക്കെതിരെ ശക്തമായി ശബ്ദിച്ചവരും അതിന്റെ പേരിൽ കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നവരുമാണ്. വേണ്ടാതീനങ്ങളിൽനിന്ന് വേഗം മാറിനിന്നുതരും ഒരു ജനത എന്ന് ആരും വിചാരിക്കേണ്ട!
ഇപ്പറഞ്ഞതെല്ലാം ഇന്നലെകളുടെ സവിശേഷത മാത്രമല്ല. ഇന്നും അത് അങ്ങനെതന്നെയാണ്. മാറ്റത്തിന്റെ ധ്വനികളുമായി ഓഫീസിലേക്ക് കടന്നുവരുന്ന നല്ലനടപ്പുകാരനായ ഹെഡിനെ അവിടത്തെത്തന്നെ താപ്പാനകൾ അള്ളുവെക്കുക പതിവാണല്ലോ. സമൂഹത്തിൽ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെ ശരീരത്തിലും ആ താപ്പാനകളുടെ ചാര ഏജൻസികൾ വർക്ക് ചെയ്യുന്നുണ്ട്. അതിനെയാണ് അറബിയിൽ 'ഹവാ' എന്ന് വിളിക്കുന്നത്; ജഡികവികാരം. അത് ചിലരിൽ എല്ലിൽ ഇറച്ചി എന്നപോലെ പൊതിഞ്ഞുചുറ്റി പറ്റിനിൽക്കും. അത്തരക്കാർക്ക് ധാർമികതയുടെ പരിവർത്തന തലത്തിലേക്ക് മാറിയിരിക്കാൻ എല്ലിൽനിന്നും ഇറച്ചി പറിച്ചുകീറുന്ന അതേ ക്ലേശം കാണും. എന്നാൽ മറ്റു ചിലർക്ക് ഹവ എന്നത് അങ്ങേയറ്റം നിയന്ത്രണവിധേയമായിരിക്കും. അവരിൽ ധാർമികത എളുപ്പം മുളയ്ക്കും; വിശ്വാസം വിടർന്നു പൂക്കും. പ്രവാചക വചനത്തിൽ കാണാം: "നിങ്ങളിൽ ആരുടെയും വിശ്വാസം പൂർണ്ണമാകില്ല; നിങ്ങളുടെ ഹവ ഞാൻ കൊണ്ടുവന്ന ദർശനങ്ങളോട് പൂർണ്ണ പൊരുത്തത്തിലാവുന്നത് വരെ." കൂട്ടുകാരാ, ചൂണ്ടുവിരൽ നെഞ്ചിൽ തൊട്ട് ആലോചിക്ക്; ജീവിതം നൈമിഷികമായ ഹവയിൽ ഒഴുക്കാനുള്ളതാണോ? അതോ ഏതോ ശ്രേഷ്ഠമായ ലക്ഷ്യം പൊരുതി നേടാനുള്ളതോ? പ്രലോഭനങ്ങളുടെ കുത്തൊഴുക്കിന് മധ്യേയാണ് നമ്മുടെ ജീവിതം. പ്രതിരോധിക്കാൻ കഴിയാത്ത പ്ലവമായി ഒഴുകിയൊടുങ്ങണോ അതോ മതത്തിന്റെ കരുത്തിൽ എതിർത്തുനീന്തി ജയിക്കണോ എന്നതാണ് ചോദ്യം.


