നല്ല ചോദ്യമാണ്. ആകർഷകമായ ആശയവും! പക്ഷേ അതിന്റെ പ്രായോഗിക തലത്തിലേക്ക് വരുമ്പോൾ പ്രശ്നങ്ങളുടെ കൂട്ടയടിയാകും ഫലം.
മനുഷ്യർ പലതരക്കാരാണ്; പല വിചാരക്കാരും പല ആവശ്യക്കാരുമാണ്. നേട്ടം, നഷ്ടം, സന്തോഷം, ദുഃഖം, പ്രണയം, നൈരാശ്യം, യുദ്ധം, സമാധാനം എന്നിങ്ങനെ എണ്ണമറ്റ മുള്ളുകളാൽ പൊതിഞ്ഞു നിൽക്കുന്ന മുരിക്കുമരമാണ് മനുഷ്യാനുഭവം. ചരിത്രത്തിലുടനീളം, മനുഷ്യൻ ജീവിതത്തിന്റെ നിഗൂഢമായ ചോദ്യങ്ങൾക്ക് ഉത്തരം തേടിയിട്ടുണ്ട് - അസ്തിത്വത്തിന്റെ ഉത്ഭവം, ഉൺമയുടെ ഉദ്ദേശ്യം, മരണത്തിന്റെ അർത്ഥം, മരണാനന്തര ലോകം... ഇതിനൊന്നും ഞാനും നീയും ഒന്നിച്ചിരുന്നാൽ തീരുമാനമാവില്ല. മനുഷ്യർക്ക് അവരുടെ അന്തർലീനമായ ചിന്തയുടെയും അനുഭവത്തിന്റെയും വൈവിധ്യം കൊണ്ട്, സാർവത്രികവും സമഗ്രവുമായ ഒരു മതം സൃഷ്ടിക്കാൻ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്.
വിചിത്രമായ ആഗ്രഹങ്ങളുടെയും വിരുദ്ധമായ വിശ്വാസങ്ങളുടെയും വിഭിന്നമായ മൂല്യസങ്കല്പങ്ങളുടെയും ഒരു പോർക്കളമാണ് ആഗോള മാനവിക സമൂഹം. ഒരാൾ പവിത്രമായി അവതരിപ്പിക്കുന്നതിനെ മറ്റൊരാൾ പരിഹസിച്ചേക്കാം. ഒരാൾക്ക് ഗൗരവമായി തോന്നുന്നത് മറ്റൊരാൾക്ക് ആനമണ്ടത്തരമായി അനുഭവപ്പെട്ടേക്കാം. ഇങ്ങനെ ഉള്ളിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളെയെല്ലാം സമന്വയിപ്പിക്കുന്ന, എല്ലാ വിഭിന്നതകളെയും വിഭാഗീയതകളെയും വൈരുദ്ധ്യങ്ങളെയും കലർത്തി ലയിപ്പിക്കുന്ന ഒരു മതം സൃഷ്ടിക്കാൻ മനുഷ്യർ വളഞ്ഞിരുന്നു എന്ന് വിചാരിക്കുക - അതെപ്പോൾ അടിച്ചുപിരിഞ്ഞു എന്ന് നോക്കിയാൽ മതി!
മനുഷ്യന് ആശ്വാസവും ആസ്വാദനവും ആനന്ദവും നൽകുന്ന കഥകളും കഥനങ്ങളും കെട്ടിച്ചമയ്ക്കാൻ സാധിക്കും. അതുപോലെ ഒരു സ്ഥാപനത്തിന്റെ നിയമവ്യവസ്ഥകൾ / ഒരു കമ്പനിയുടെ ബൈലോ / ഒരു രാഷ്ട്രത്തിന്റെ ഭരണഘടന എന്നിതൊക്കെ മനുഷ്യർ ചേർന്നിരുന്നാൽ 'ആവശ്യാനുസരണം മാറ്റം വരുത്താം' എന്ന ക്ലോസ് പ്രകാരം സാധ്യമാകും. പക്ഷേ അത്രയ്ക്കു നിസ്സാരമല്ലല്ലോ കാലാകാലങ്ങളായി ദേശമായ ദേശങ്ങളിലെല്ലാം വസിക്കുന്ന മനുഷ്യർക്കുവേണ്ടിയുള്ള നിയമനിർമ്മാണം.
അത് മനുഷ്യനെ മനുഷ്യനേക്കാൾ നന്നായി അറിയുന്ന ഒരാൾക്കാണ് സാധിക്കുക. ലോകത്തെ വ്യത്യസ്ത ദേശരാജ്യങ്ങളിലും സംസ്കൃതികളിലും നിലനിൽക്കുന്ന ധാർമികമായ അടിത്തറകളെ പരിശോധിച്ചു നോക്കിയാൽ അത് അങ്ങനെതന്നെയാണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയുകയും ചെയ്യും. അല്ലാതെ മനുഷ്യനെയാണ് ധാർമികത പടയ്ക്കാൻ ഏൽപ്പിച്ചത് എങ്കിൽ ഇന്നും പട ഒടുങ്ങിയിട്ടുണ്ടാവില്ല. കാരണം മനുഷ്യർ വെവ്വേറെ താല്പര്യങ്ങളുടെ തമ്പുരാക്കന്മാരാണ്.
മദ്യപാനത്തിന്റെ കാര്യമെടുക്കുക. മദ്യം കഴിക്കുകവഴി താത്കാലിക ഉത്തേജനവും മതിഭ്രമവും ലഭിക്കുമെന്നതൊഴിച്ചാൽ അത് ശരീരത്തിനും മനസ്സിനും സമൂഹത്തിനൊന്നടങ്കവും മുറിവാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് നിയമനിർമ്മാണ സമയത്ത് 'എന്നാൽ മദ്യം കഴിക്കരുത്; പാടേ വർജ്ജിച്ചേക്കണം' എന്ന് ആളുകൾ എഴുതിച്ചേർക്കുമെന്ന് നിങ്ങൾ കരുതിയോ? ഓർക്കുക! ലോകത്ത് കാലാകാലങ്ങളിൽ കോടിക്കോടിക്കണക്കിന് മില്യണുകളുടെ വ്യാപാര വ്യവസായം നടക്കുന്ന മേഖലയാണിത്. അവർക്ക് മനുഷ്യന്റെ ആരോഗ്യവും കുടുംബത്തിന്റെ ഭദ്രതയും സമൂഹത്തിന്റെ അന്തസ്സൊന്നുമല്ല വിഷയം; മറിച്ച് ലാഭമാണ്. ചരിത്രത്തിൽ എല്ലാ കാലത്തും മദ്യമാഫിയ സജീവമായിരുന്നു. കാലം മാറിയതിനനുസരിച്ച് ലഹരി പദാർത്ഥങ്ങളുടെ രൂപവും വീര്യവും ഏറിവന്നു. വിൽപ്പനയുടെ രീതികൾ നവീകരിച്ചു. വർത്തമാനകാലത്ത് സ്കൂളുകളിലടക്കം ലഹരി അരിഞ്ഞിറങ്ങി നമ്മുടെ മക്കൾ അന്തരാ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യർ ഒത്തുചേർന്ന് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ - ഏതാനും പേർ ഒരു ഭാഗത്തുനിന്ന് ലഹരിക്കെതിരെ ഒച്ചവെക്കുമ്പോൾ / മറുഭാഗത്ത് വലിയൊരു വർത്തക സാമ്രാജ്യം തന്നെയുണ്ട് അവരെ വെട്ടി നിലംപരിശാക്കാൻ. അത്തരം മൂലധന ശക്തികളോട് രാജിയാകാൻ ആർക്കുമാകില്ല; മുഖത്തുനോക്കി "മദ്യം വർജ്ജിച്ചിടുവിൻ!!!" എന്ന് ആർജ്ജവത്തോടെ പറയുന്ന മനുഷ്യാതീത വചനത്തിനല്ലാതെ.
ഇതേപോലെയാണ് വ്യഭിചാരവും വേശ്യാവൃത്തിയുമൊക്കെ. അതിന്റെയൊക്കെ ഉപാസകരായ ആളുകൾ നിയമനിർമ്മാണ നേരത്ത് കത്തിയും പാരയുമായി വരുമെന്നതിന് പുറമേ, പെണ്ണിനെ വെച്ച് കച്ചവടം ചെയ്യുക എന്നത് ചരിത്രത്തിലെന്നുമുണ്ടായിട്ടുള്ളതാണ്. മാത്രവുമല്ല, ലൈംഗികത്തൊഴിൽ എന്നൊക്കെ ഓമനപ്പേര് വിളിച്ച് അത്തരം വികൃത വ്യവഹാരങ്ങളെ സാമാന്യവൽക്കരിക്കുന്ന കാലസന്ധിയിൽ, നമ്മൾ ആരൊക്കെ ചേർന്ന് മതം നിർമ്മിക്കാമെന്നാണ് നിങ്ങൾ പറയുന്നത്?
ലോകത്തെ പല ഫൈവ്സ്റ്റാർ കച്ചവടങ്ങളുടെയും അദൃശ്യമായ രാസത്വരകങ്ങളായി വർത്തിക്കുന്നത് കിടക്കയിൽ കാഴ്ചവെക്കപ്പെടുന്ന പെൺശരീരങ്ങളാണ്. ഭീമന്മാരായ പെൺവിപണി മാഫിയ മാത്രമല്ല, അത്തരം ആലയങ്ങളിൽ ആശ്വാസം കണ്ടെത്തുന്ന പകൽമാന്യന്മാരായ മേലാളന്മാരും പരോക്ഷമായി നിങ്ങൾക്കെതിരെ തിരിയും. അവിടെയും മറ്റു താല്പര്യങ്ങൾക്കൊന്നും പ്രലോഭിതനാവാത്ത ഒരു സ്രോതസ്സിൽനിന്ന് കർക്കശമായി പറയാൻ കഴിയണം: "വ്യഭിചാരത്തോടടുക്കുക പോലുമരുത്!!!"
പലിശയുടെ കാര്യം നോക്കൂ! ലോക സാമ്പത്തിക വ്യവസ്ഥ ചലിക്കുന്നത് തന്നെ പലിശപ്പുറത്തായി മാറിയിരിക്കുന്നു. പലിശക്കാരന്റെ മനസ്സാണ് ഷേക്സ്പിയറുടെ ഷൈലോക്ക്. അകത്തിറച്ചി അരിഞ്ഞു വാങ്ങുന്ന കണ്ണില്ലാ ക്രൂരതയാണ് പലിശ മനസ്സ്. ആ സമ്പ്രദായത്തിന്റെ ഉള്ളിന്റെയുള്ളിൽ പണമോഹത്തിന്റെ വിഷഫണം താഴ്ത്തിയുറങ്ങുന്ന ചൂഷണത്തിന്റെ കരിമൂർഖനെ പെട്ടെന്നാർക്കും പിടികിട്ടില്ല. താത്കാലികമായി നിങ്ങൾ എന്തൊക്കെ മഹിമകൾ പൊലിപ്പിച്ചു പറഞ്ഞാലും ഉള്ളവൻ തടിയനങ്ങാതെ കൂടുതൽ ഉള്ളവനും ഇല്ലാത്തവൻ അന്നന്ന് കൂടുതൽ ഗതികെട്ടവനും ആയിത്തീരുന്ന പലിശയെന്ന ക്യാൻസറിനെതിരെ ഒന്നും ഭയക്കാതെ അരുതെന്ന് പറയാൻ മനുഷ്യൻ പോരാ; മറ്റാരോ തന്നെ വേണം!
ഇതിങ്ങനെ ഓരോന്നായി എടുത്ത് വിശദീകരിക്കേണ്ടതില്ല എന്ന് തോന്നുന്നു! നാം നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കിയാൽ മതി; നമുക്കെന്തെല്ലാം ഭ്രാന്തമായ മോഹങ്ങളുണ്ട്! ഇതേപോലെ ഓരോ വ്യക്തിയുടെ ഉള്ളിലും ഉണ്ടാവില്ലേ പുറംലോകമറിഞ്ഞാൽ മാനഹാനി വരുന്ന മായിക മോഹങ്ങൾ? ശക്തമായ വിലക്കുകളും നിയമങ്ങളും ഉള്ളതുകൊണ്ട് മാത്രമല്ലേ നാം നമ്മെ പിടിച്ചു വെക്കുന്നത്?
ഒരു സ്കൂൾ എങ്ങനെ പ്രവർത്തിക്കണം? എപ്പോൾ തുടങ്ങണം? ഏതെല്ലാം സമയങ്ങളിൽ ഏതെല്ലാം പിരീഡുകൾ നടക്കണം? വൈകുന്നേരം എത്ര മണിക്ക് വിടണം? ഏതെല്ലാം ദിവസങ്ങളിൽ ക്ലാസ് വേണം? എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ അവിടുത്തെ കുട്ടികളെ ഏൽപ്പിച്ചാൽ എങ്ങനെയുണ്ടാകും! മഴയുടെ മണമോ കാറ്റിന്റെ നിഴലോ മതി കളക്ടറെ വിളിച്ച് സ്കൂൾ ലീവില്ലേ എന്ന് ചോദിക്കുന്ന നമ്മുടെ മക്കൾ, സ്കൂൾ നടത്തിപ്പിന്റെ നിയമാവലി തയ്യാറാക്കിയാൽ എപ്പടിയിരിക്കും!
ആയതിനാൽ നമ്മളല്ലാത്ത ഒരു സ്രോതസ്സിൽനിന്നു വന്നേ പറ്റൂ നമുക്കുള്ള നിയമങ്ങൾ. അത് കേവലം ജീവിതത്തിന്റെ നിത്യ വ്യവഹാരത്തിനുള്ള ഉണക്ക സ്റ്റാറ്റ്യൂട്ടുകൾ എന്നതിനപ്പുറം ജീവിതത്തിന്റെ അഗാധമായ, നിഗൂഢമായ പ്രതലങ്ങളെപ്പോലും പ്രശ്നവൽക്കരിക്കുന്ന പരിശുദ്ധ പ്രത്യയശാസ്ത്രം ആയിരിക്കണം. അത് കാലദേശങ്ങൾക്കനുസരിച്ച് അയഞ്ഞു കുഴഞ്ഞു കളിക്കുന്ന 'അമീബിയാക്' അസ്തിത്വമാവരുത്; മറിച്ച് ദൃഢമായിരിക്കണം. ഭദ്രമായിരിക്കണം. സമഗ്രമായിരിക്കണം.


