മദീനയെന്ന നഗരം കേന്ദ്രീകരിച്ചാണ് ഇസ്ലാമിക നാഗരികതയെ പ്രവാചകൻ മുഹമ്മദ് നബി പുഷ്ടിപ്പെടുത്തിയത്. ഈ മാതൃക ലോകത്തെല്ലാം മുസ്ലിംകൾ പിൻപറ്റി; പുതിയ നഗരങ്ങൾ സൃഷ്ടിച്ചു. അവയെ വൈജ്ഞാനികമായും സാമൂഹികമായും സാംസ്കാരികമായും ഏറ്റവും നല്ല ജീവിതം പ്രദാനം ചെയ്യുന്ന ഇടങ്ങളാക്കി മാറ്റി. സ്പെയിനിലെ മുസ്ലിം രാജവംശമായ ഉമവികളും സമാനമായ നഗരവികസന മാതൃകയാണ് പിൻപറ്റിയത്. ലോകത്തെ ഏറ്റവും കേളികേട്ട നഗരങ്ങൾ മുസ്ലിം സ്പെയിനിൽ ഉണ്ടായിരുന്നു. അതിലേറ്റവും പ്രശസ്തമായിരുന്നു കൊർദോവ.
എ.ഡി. പത്താം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ ലോകത്തെ ഏറ്റവും വികസിതവും ജീവിതം സുഖകരവുമായ നഗരമായിരുന്നു കൊർദോവ. ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാന കേന്ദ്രം എന്ന നിലയിൽ ഈ നഗരം പ്രശസ്തമായിരുന്നുവെങ്കിലും മുസ്ലിംകളുടെ വരവോടെ അതിന്റെ ഖ്യാതി ലോകതലത്തിലേക്ക് വ്യാപിച്ചു. അബ്ദുറഹ്മാൻ മൂന്നാമൻ എ.ഡി. 912-ൽ കൊർദോവയിൽ അധികാരത്തിൽ വന്നതോടെ ഈ നഗരത്തിന്റെ സമ്പുഷ്ടി അസാമാന്യമാംവിധം വിപുലമായി.
എന്താണ് ഒരു ഇസ്ലാമിക നഗരത്തിന്റെ സവിശേഷതയെന്ന് 'മുഖദ്ദിമ'യിൽ ഇബ്നു ഖൽദൂൻ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക സ്പെയിനിൽ നിന്നാണ് ഈ മുഖദ്ദിമ അദ്ദേഹം എഴുതുന്നതും. "നഗരം എന്നാൽ ഒരു ദേശം അതാഗ്രഹിച്ച ഔന്നത്യത്തിൽ എത്തുകയും, ആ പ്രൗഢിയുമായി എല്ലാം കരഗതമാക്കുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന വീടാണ്. അങ്ങനെ വരുമ്പോൾ സമാധാനപൂർണവും ശാന്തവുമായ ഒരു ജീവിതം അവർ തേടുകയും ആവാസവ്യവസ്ഥ സ്വസ്ഥമായ വീടായി മാറുകയും ചെയ്യുന്നു". കൊർദോവയുടെ കാര്യത്തിൽ ഈ നിർവചനം ഏറെ പ്രധാനമാണ്. ആദ്യ രണ്ടു നൂറ്റാണ്ടുകളിൽ അകത്തുനിന്നും പുറത്തുനിന്നും അവിടെ ഭരണം നടത്തിയ സുൽത്വാന്മാർ പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ അബ്ദുറഹ്മാൻ മൂന്നാമൻ അധികാരത്തിൽ വന്നതോടെ എല്ലാം ശാന്തമായി. സന്തോഷകരമായ ജനജീവിതം സാധ്യമായ ഒരു നഗരം ഉയർന്നുവന്നു. അവിടെ വിജ്ഞാനവും സംസ്കാരവും പൂത്തുലഞ്ഞു.
ശാന്തതയും സ്വസ്ഥതയും ഉറപ്പാക്കപ്പെട്ട നഗരത്തിന്റെ സവിശേഷതകളായി ഇബ്നു ഖൽദൂൻ ഊന്നിപ്പറയുന്നത്, പ്രതിരോധ സംവിധാനവും സുരക്ഷയും അവിടെ ഉണ്ടാവണം എന്നാണ്. മികച്ച ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കണം. അങ്ങനെ കരയും കടലും തമ്മിലുള്ള വ്യാപാര വഴികൾ സുഗമമാക്കി ക്രമീകരിക്കണം. അപ്രകാരം, ഫലഭൂയിഷ്ഠിയുള്ള മണ്ണിനടുത്തായിരിക്കണം നഗരങ്ങൾ നിർമിക്കേണ്ടത്. അത് ജനങ്ങളുടെ ഭക്ഷ്യലഭ്യത എളുപ്പമാക്കും.
ഇത്രയും കാര്യങ്ങൾ ഉറപ്പാക്കുന്നതോടെ, ധൈഷണികമായ വികാസത്തിലേക്ക് നഗരത്തെ പരിവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ഇബ്നു ഖൽദൂൻ നിരീക്ഷിക്കുന്നു. പുസ്തക നിർമാണം, എഴുത്ത്, ബൈൻഡിങ് എന്നിവയ്ക്ക് സംവിധാനങ്ങൾ ഒരുക്കണം. അങ്ങനെ മനുഷ്യരുടെ ബൗദ്ധിക വളർച്ച വിപുലമാകണം. അറിവുത്പാദനവും വിതരണവും നടക്കണം. ഒപ്പം നഗരത്തിന്റെ ഘടനയ്ക്ക് ഒരു സൗന്ദര്യാത്മക മാനം വേണം. നഗരത്തിലെ ബിൽഡിങ്ങുകൾ സവിശേഷമായ ആർകിടെക്ചറൽ ഗുണമുള്ളതും, അവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ മികച്ചതും ആവണം. ഇങ്ങനെ പ്രത്യേകമായ ദീർഘദൃഷ്ടിയോടെ നിർമിക്കപ്പെടുന്ന നഗരങ്ങളുടെ ഭദ്രവും ക്രമപ്രകാരവുമുള്ള നടത്തിപ്പിന് മികച്ച ഭരണസംവിധാനവും വേണമെന്ന് ഇബ്നു ഖൽദൂൻ പറയുന്നു.
യൂറോപ്പിൽ നഗരങ്ങൾ പൊതുവെ ശിഥിലീകരിക്കപ്പെട്ട കാലമാണ് ഒൻപത്, പത്ത്, പതിനൊന്ന് നൂറ്റാണ്ടുകൾ. അതേസമയം കൊർദോവ കൂടുതൽ മികച്ചുവരികയും അവിടെ ജനസംഖ്യ കൂടുകയും ചെയ്ത ഒരു ഘട്ടവുമാണത്. 'നഗരവത്കരണത്തിന്റെ ഇസ്ലാമിക കാലം' എന്ന് അക്കാദമിക് പണ്ഡിതർ ഈ നൂറ്റാണ്ടുകളെ വിളിക്കുന്നു.
കൊർദോവ അടക്കമുള്ള ഇസ്ലാമിക നഗരങ്ങളുടെ സവിശേഷത, ഒരേസമയം ഭരണ നടത്തിപ്പിന് സുൽത്വാൻ ഉണ്ടാവുകയും മതപരമായ കാര്യങ്ങളുടെ തീരുമാനമെടുക്കാനും വിധി പറയാനും ഖാളി പ്രധാന പദവിയിൽ ഉണ്ടാവുകയും ചെയ്യുന്നു എന്നുള്ളതാണ്. അതിനാൽത്തന്നെ ധാർമിക സങ്കൽപം ഓരോ നഗരത്തിനും ഉണ്ടായിരുന്നു. ദുർനടപ്പുകൾ ഇല്ലാതിരുന്നതിനാൽ കൊർദോവ പെട്ടെന്ന് പുഷ്ടിപ്പെട്ടു.
കൊർദോവ നഗരവികാസത്തെ ഏറ്റവും കൂടുതൽ സഹായിച്ച ഒരു ഘടകം, ഗ്വാഡൽക്വിർ നദി നഗരത്തെ ചുറ്റിയായിരുന്നു പോയിരുന്നത് എന്നതാണ്. അൽഅന്തലുസ് സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി കൊർദോവ മാറുന്നതും ഇത്തരം ഘടകങ്ങൾ ഉള്ളതുകൊണ്ടാണ്. പ്രവിശാലമായ നദിയായതിനാൽ കപ്പൽ വഴി അതിലൂടെ ചരക്ക് ഗതാഗതം സാധ്യമായിരുന്നു. ഈ ഗുണാംശത്തെ അബ്ദുറഹ്മാൻ രണ്ടാമനും ശേഷമുള്ള ഭരണാധികാരികളും നന്നായി ഉപയോഗിച്ചു. ഏറ്റവും മികച്ച ഉൽപന്നങ്ങൾ അവിടേക്ക് എത്തിച്ചു. അവിടെ നിർമിച്ച ഉൽപന്നങ്ങൾ ലോക മാർക്കറ്റിലേക്കും എത്തിച്ചു. അങ്ങനെ സാമ്പത്തിക ഭദ്രത ശരിയായി പ്രദാനം ചെയ്തു നഗരവാസികൾക്ക്.
ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ കൊർദോവ സാംസ്കാരിക, ധൈഷണിക കേന്ദ്രമായി പരിവർത്തിക്കപ്പെട്ടു. അബ്ദുറഹ്മാൻ ഒന്നാമൻ പണിത ഗ്രാൻഡ് മസ്ജിദ് നഗരത്തിന്റെ മധ്യേ തലയുയർത്തി നിന്നു. അതിനുചുറ്റും ബസാറുകൾ നിരനിരയായി ഉയർന്നുവന്നു. ഈ ബിൽഡിങ്ങുകൾ കൃത്യമായ അകലത്തിൽ, ഒരേ ക്രമത്തിൽ പണിതവയായിരുന്നു. താഴ്ത്തട്ടിൽ വ്യാപാരവും മേൽത്തട്ടിൽ വ്യാപാരികൾക്കുള്ള വിശ്രമ ഇടങ്ങളും.
നിയമങ്ങളെല്ലാം ഇസ്ലാമിക ശരീഅത് പ്രകാരമുള്ളതായതിനാൽ അവയുടെ നടത്തിപ്പ് നിയന്ത്രിച്ചിരുന്നത് സുൽത്വാൻ നിയമിച്ച ചീഫ് ഖാളിയായിരുന്നു. ആ നഗരത്തിൽ ജീവിച്ചവർക്കും അതിഥികളായി എത്തുന്നവർക്കും മതപരമായ വേർതിരിവില്ലാതെ പരിഗണന ലഭിച്ചു. ഈ ബഹുസ്വര ജീവിതഘടന യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ നിന്നെല്ലാം പ്രധാനികളെ കൊർദോവയിൽ എത്തിച്ചു.
പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിൽ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നഗരവുമായിരുന്നു കൊർദോവ. വസ്ത്രങ്ങൾ, ലെതർ, ഇരുമ്പ് ഉൽപന്നങ്ങൾ എന്നിവയെല്ലാം അവിടെ നിർമിച്ചു വിവിധ നാടുകളിലേക്ക് കയറ്റുമതി ചെയ്തു. ടെക്സ്റ്റൈൽ മേഖലയിൽ മാത്രം പതിമൂവ്വായിരം ജോലിക്കാർ അവിടെ ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് വരെ വസ്തുക്കൾ എത്തിച്ചിരുന്നു. വിവിധ നഗരങ്ങളിലേക്ക് പോസ്റ്റൽ സംവിധാനവും കൊർദോവയിൽ ലഭ്യമായിരുന്നു. ഇത് വ്യാപാര ബന്ധത്തെ ഊഷ്മളമാക്കി.ലൈബ്രറികളും വൈജ്ഞാനിക കേന്ദ്രങ്ങളും വിവർത്തന സെന്ററുകളും ഗവേഷണ സ്ഥാപനങ്ങളും കൊർദോവയെ അസാമാന്യമായ ഒരു മഹാനഗരമാക്കി മാറ്റി. ആ നഗര മാതൃകയിലാണ് പിന്നീട് യൂറോപ്യൻ നഗരങ്ങൾ തളിർത്തുവന്നത്. യൂറോപ്പിൽ ഏറെ പ്രശസ്തമായ വരികൾ ഇപ്രകാരമാണ്: "Europe was darkened at sunset, Cordova shone with public lamps; Europe was dirty, Cordova built a thousand baths". അതെ, കൊർദോവ യൂറോപ്പിന് വെളിച്ചം നൽകി.




