ആറാം നൂറ്റാണ്ടിലെ മുഹമ്മദ് നബിയുടെ പിറവി, ലോകത്തെ ഏറ്റവും മഹത്തായ മതത്തിന്റെ പൂർത്തീകരണത്തിന്റെ പ്രാരംഭത്തിന് നിമിത്തമാവുകയായിരുന്നു. എ.ഡി. 570 മുതൽ 632 വരെയുള്ള മുഹമ്മദ് നബിയുടെ ജീവിതമാണ് ഇന്ന് ഇസ്ലാമികാശയം നിലനിൽക്കുന്നതിന്റെ നിമിത്തം (ചരിത്രപരമായി തിരുനബിയുടെ ജനനം എ.ഡി. 570-ലാണ്). മുസ്ലിംകൾ എല്ലാ കാലത്തും വിശ്വസിച്ചൊരു കാര്യമുണ്ട്; അവരുടെ വേദഗ്രന്ഥമായ ഖുർആൻ മുസ്ലിംകൾക്ക് ഒരു മിഷൻ നൽകുന്നുണ്ട്. അതായത്, ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുകയും അവിടെ എല്ലാവരും ആദരിക്കപ്പെടുകയും വേണം.
മുഹമ്മദ് നബി സ്വജീവിതത്തിലൂടെ വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്ന വിധമുള്ള പ്രശോഭിതമായ സന്ദേശങ്ങൾ മുന്നോട്ടുവെച്ചു. കരൺ ആംസ്ട്രോങ് തന്റെ 'മുഹമ്മദ്: നമ്മുടെ കാലത്തിന്റെ പ്രവാചകൻ' എന്ന പുസ്തകത്തിൽ ആ കാര്യം വിശദീകരിക്കുന്നുണ്ട്. "മുഹമ്മദ് നബിയുടെ അനുചരർ എങ്ങനെയാണ് നബിയുടെ ജീവിതമെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു ജീവിതത്തിൽ പകർത്തി. നബിയുടെ വിരഹശേഷമുള്ള ഒരു നൂറ്റാണ്ടിനിടയിൽ തന്നെ ഇസ്ലാം പുതിയ പ്രദേശങ്ങളിലേക്ക് നീങ്ങി. ധാരാളം പേർ ഈ മതത്തിലേക്ക് വന്നു. മുഹമ്മദ് നബിയുടെ വാക്കുകളും പ്രവർത്തികളും മൗനങ്ങളും അനുവാദങ്ങളും ക്രോഡീകരിച്ച് മുസ്ലിം പണ്ഡിതർ ഹദീസ് ശേഖരങ്ങൾ ഉണ്ടാക്കി. അത് പിന്നീട് ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനമായി മാറി."
തിരുനബി ജീവിതത്തിന്റെ അനുധാവന രീതിയായ സുന്നത്, എങ്ങനെയാണ് മുസ്ലിംകൾ തിരു ബിയെ അനുകരിക്കേണ്ടത് എന്ന് പരിശീലിപ്പിച്ചു. അതായത് മുഹമ്മദ് നബി എങ്ങനെയാണ് സംസാരിച്ചത്, ഭക്ഷണം കഴിച്ചത്, സ്നേഹിച്ചത്, വെള്ളമുപയോഗിച്ച് കഴുകിയത്, രാജ്യം ഭരിച്ചത്, നിയമങ്ങൾ നടപ്പിലാക്കിയത്, വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്, ഇതര സമൂഹത്തോടുള്ള നിലപാടെടുത്തത് - എന്നിങ്ങനെ തിരുനബി ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളെപ്പോലും ജീവിതത്തിലേക്ക് പകർത്തി. അങ്ങനെ മുസ്ലിംകൾ തിരുനബി ജീവിതത്തിന്റെ ക്രമത്തിനനുസരിച്ച് തങ്ങളുടെ ജീവിതം പുനഃസംവിധാനിച്ചു.
എട്ട്, ഒൻപത് നൂറ്റാണ്ടുകളിലാണ് മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകങ്ങൾ വന്നുതുടങ്ങുന്നത്. ഇസ്ലാമിക ചരിത്ര രചനകൾ ആരംഭിക്കുന്നത് തിരുനബി ജീവിതത്തെ തന്നെ സൂക്ഷ്മമായി പകർത്തിക്കൊണ്ടാണ്. ഈ ചരിത്രരചനകളുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം, അവയിൽ അസംബന്ധങ്ങളോ തെറ്റായ വിവരണങ്ങളോ നൽകരുത് എന്നതാണ്. ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിന്റെ പൊതുവായ സമീപനമാണ് അതീവ സൂക്ഷ്മതയോടെ മാത്രം വസ്തുതകളെ ഉൾക്കൊള്ളുക എന്നത്.
ഇസ്ലാമിക ചരിത്ര രചനകളാണ് വാസ്തവത്തിൽ ആധുനിക ലോകത്തിന് ചരിത്രമെഴുത്തിനുള്ള കനമുള്ള മാതൃക നിശ്ചയിച്ചു നൽകുന്നത്. ഈ ചരിത്രങ്ങൾ ഒരേസമയം വ്യക്തി, പ്രദേശം, കാലാവസ്ഥ, വൈജ്ഞാനിക-സാമൂഹിക അവസ്ഥ, ഇസ്ലാം രൂപപ്പെടുത്തുന്ന പരിവർത്തനങ്ങൾ, വിവിധ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ഉന്നത ഭാവങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ്. മേൽപ്പറഞ്ഞപോലെ സൂക്ഷ്മമായ അടരുകളിലൂടെ വിവരം ശേഖരിച്ചതുമാണ്.
അംഗീകൃത തിരുവചങ്ങളുടെ ക്രോഡീകരണ സ്വഭാവം തന്നെ അതിസൂക്ഷ്മ ചരിത്രത്തിന്റെ രേഖപ്പെടുത്തലിന് സമാനമാണ്. അതായത്, ഉള്ളടക്കം മാത്രം വിശ്വസനീയമായാൽ പോര, അത് ഉദ്ധരിക്കുന്ന ആളുകൾ തന്നെയും പൂർണമായി വിശ്വസ്തരും തെറ്റുകളിൽ നിന്ന് മാറിനിൽക്കുന്നവരും അവാസ്തവം സംഭവിക്കാത്തവരും ആവണം. ഇമാം ബുഖാരിയുടെ ഹദീസ് സമാഹാര ഗ്രന്ഥം ആ ഇനത്തിൽ ഏറ്റവും വിശിഷ്ടമായി എണ്ണപ്പെടാൻ കാരണം അതിന്റെ തിരഞ്ഞെടുപ്പിൽ കാണിച്ച അതീവ ശ്രദ്ധയാണ്.
നൈതികതയും നീതിയും വാസ്തവികതയും ഇസ്ലാമിന്റെ ഏതു മൂല്യങ്ങളിലും ഏറ്റവും പ്രധാനമാണ്. അമേരിക്കൻ ചരിത്രകാരനായ Chase F. Robinson എഴുതി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കൃതിയാണ് 'Islamic Historiography'. അദ്ദേഹം അതിന്റെ ആമുഖത്തിൽ, അറബി ഭാഷ എന്ന പ്രധാനപ്പെട്ട രചനയുടെയും സർഗാത്മകതയുടെയും ഭാഷ, മുസ്ലിംകളുടെ രാഷ്ട്രാന്തര തലങ്ങളിലേക്കുള്ള വ്യാപനങ്ങളോടെ എങ്ങനെയാണ് ലോകചരിത്രത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങൾക്കും വൈജ്ഞാനിക വിനിമയങ്ങൾക്കും വേദിയാകുന്നത് എന്ന് രേഖപ്പെടുത്തുന്നുണ്ട്.
ഇറാഖി നഗരങ്ങളായ ബസ്വറ, കൂഫ എന്നിവ അബ്ബാസി ഖിലാഫതിന്റെ കാലത്ത് അറിവിന്റെ മഹാകേന്ദ്രങ്ങളായി മാറുന്നുണ്ട്. അതിനുമുമ്പ് വാചികമായി കൈമാറ്റം ചെയ്യപ്പെട്ട ജ്ഞാനം അവിടെ വെച്ച് പേപ്പറുകളിലേക്ക് പകർത്തുന്ന വ്യാപകമായ രീതികൾ വന്നു. മുസ്ലിം ഗോൾഡൻ ഏജ് കാലങ്ങളിൽ സുൽത്വൻമാർ ഈ വിവരവിസ്ഫോടന പ്രക്രിയയ്ക്ക് വലിയ പിന്തുണയും നൽകി. വിജ്ഞാനത്തിന്റെ ഭാഷ എന്നപോലെ തന്നെ അറബി, ചരിത്രമെഴുത്തിന്റെയും ഭാഷയായി. ആ ചരിത്രമെഴുത്തിൽ നേരത്തെ സൂചിപ്പിച്ചപോലെയുള്ള സൂക്ഷ്മമായ നൈതികത പാലിക്കപ്പെട്ടു. മുസ്ലിം പണ്ഡിതർക്ക് ഏതുതരത്തിലുള്ള വിജ്ഞാന പ്രവർത്തനവും മതപരമായ നന്മയുടെ ഭാഗം കൂടിയായിരുന്നു. അതുകൊണ്ട് സ്ഖലിതം ഒട്ടും സംഭവിക്കാൻ ആരും ആഗ്രഹിച്ചിരുന്നില്ല.
പന്ത്രണ്ടാം നൂറ്റാണ്ടുവരെ അതിഗംഭീരമായി വികസിച്ച അറബിയിലെ ചരിത്ര രചനാരീതികൾ പിന്നീട് മറ്റു ഭാഷകളെയും സ്വാധീനിച്ചു; മുഖ്യമായും പേർഷ്യനെ. ഇറാഖി ദേശത്തിന്റെ അടുത്തുനിൽക്കുന്ന, അബ്ബാസിയ ഖിലാഫതിന്റെ കാലത്ത് ഏറെ വികസിച്ച പേർഷ്യൻ സംസ്കാരത്തിൽ അറബി ഭാഷയുടെ രീതിശാസ്ത്രം സ്വാധീനമുണ്ടാക്കി. ചരിത്രത്തിൽ മാത്രമല്ല, സാഹിത്യത്തിലും തത്വശാസ്ത്രത്തിലും എല്ലാം കനമുള്ള രചനകൾ അതിൽ വന്നു. ഇതേ പാറ്റേൺ വൈകാതെ ലാറ്റിനിലും ഉണ്ടായി. കൊർദോവയിലെ വൈജ്ഞാനിക സംവിധാനങ്ങൾ എല്ലാ മതസ്ഥർക്കും അവസരം നൽകുന്നതും വിവിധ ഭാഷകളിലേക്കുള്ള വിവർത്തന പ്രക്രിയകളെ പ്രോത്സാഹിപ്പിക്കുന്നതും ആയിരുന്നു. അറബി ഗ്രന്ഥങ്ങളുടെ ലാറ്റിനൈസേഷൻ മുസ്ലിം ചരിത്ര രചനാരീതിയുടെ സ്വാധീനം യൂറോപ്പിലും കൊണ്ടുവന്നു.
ഇസ്ലാമിക ചരിത്ര രചനയുടെ രീതി കൂടുതലും വൈജ്ഞാനികമായ സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നു. അതായത് ചരിത്രത്തിലും കൈമാറ്റം ചെയ്യപ്പെട്ടത് വിജ്ഞാനമാണ്. സംഘർഷങ്ങളുടെ വഴിയെയല്ല അത് അവലംബിച്ചത്. ആ ചരിത്രപ്രകാശനത്തിന്റെ അടരുകൾ ചുവടെയുള്ള അധ്യായങ്ങളിൽ വിവരിക്കുന്നു.




