മുസ്ലിം സമൂഹം എങ്ങനെയാണ് എല്ലാത്തരം വൈജാത്യങ്ങളെയും സഹകരണ മനസ്സോടെ ഉൾക്കൊണ്ടുകൊണ്ട് തികച്ചും ബഹുസ്വരമായ ഒരു ജീവിതം കാഴ്ചവെച്ചതെന്ന് മുസ്ലിം സ്പെയിനിന്റെ ചരിത്രം വിശദമായി പറഞ്ഞുതരും. ബ്രിട്ടീഷ് ആർകിയോളജിസ്റ്റായിരുന്ന സ്റ്റാൻലി ലൈൻപൂൾ തന്റെ വിഖ്യാതമായ 'സ്പെയിനിലെ മുസ്ലിംകളുടെ ചരിത്രം' എന്ന പുസ്തകത്തിൽ അത് വിശദാംശങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്: "മുസ്ലിംകൾക്ക് കീഴിലുള്ള എണ്ണൂറു വർഷത്തോളം നീണ്ടുനിന്ന സ്പെയിനിലെ ഭരണം എങ്ങനെയാണ് ഒരു നാഗരിക, ജ്ഞാന കേന്ദ്രീകൃത സമൂഹം തിളങ്ങിനിൽക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങൾ യൂറോപ്പിന് മുഴുവൻ കാണിച്ചുകൊടുത്തു."
യൂറോപ്പിനെ നാഗരികവത്കരിക്കുന്നതിലും വൈജ്ഞാനികമായ നവീന ഉത്ഥാനത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിലും ഏറ്റവും പ്രധാന പങ്കുവഹിച്ച ഘടകം സ്പെയിനിലെ മുസ്ലിം ഭരണമാണ്. ഇന്നത്തെ സ്പെയിനും പോർച്ചുഗലും ഉൾക്കൊള്ളുന്ന ഐബീരിയൻ പെനിൻസുലയിലാണ് പ്രധാനമായും മുസ്ലിം ഭരണം ഉണ്ടായത്.
എ.ഡി. 711-ലാണ് മുസ്ലിംകൾ സ്പെയിനിലെത്തുന്നത്. ഗ്രനാഡയിൽ 1492-ൽ മുസ്ലിം ഭരണത്തിന് അന്ത്യമാകുന്നത് വരെ അത് നീണ്ടുനിന്നു. ഉമവി ഖിലാഫതിലെ സേനാധിപനായ താരിഖ് ബിൻ സിയാദിന്റെ നേതൃത്വത്തിലാണ് മുസ്ലിംകൾ സ്പെയിനിൽ എത്തുന്നത്. അക്കാലത്തെ ഖലീഫ അൽവലീദ് ഒന്നാമനാണ് ഈ ദൗത്യത്തിന് അദ്ദേഹത്തെ നിയോഗിച്ചത്. സ്പെയിൻ അധീനതയിൽ വന്നതോടെ വിസ്മയകരമായ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങൾ അവിടെ നടന്നു.
മധ്യകാലത്ത് നടന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക മാറ്റത്തിന്റെ നിമിത്ത സംഭവമെന്ന നിലയിലാണ് മുസ്ലിംകളുടെ സ്പെയിനിലേക്കുള്ള കടന്നുവരവിനെ ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. മുസ്ലിം ആഗമനത്തിന് മുമ്പ് വിസിഗോത്തുകൾ ആയിരുന്നു ഐബീരിയൻ പെനിൻസുല ഭരിച്ചിരുന്നത്. അവർ ആഭ്യന്തര സംഘർഷങ്ങളിൽ അഭിരമിക്കുന്നവരായിരുന്നു. അതുകാരണം എങ്ങും അസ്വസ്ഥത പുകയുന്ന അവസ്ഥയായിരുന്നു ഉമവി വരവിന്റെ സമയത്ത് അവിടെ. മാത്രവുമല്ല, അധികാരമുള്ളവനും പണമുള്ളവനും മാത്രമേ സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്നുള്ളൂ. തദ്ദേശീയരായ പാവപ്പെട്ടവർ ഈ വിധിയിൽ നരകിച്ചു ജീവിക്കുകയായിരുന്നു. റോമൻ സമൂഹത്തിന്റെ ഭാഗമായിരുന്ന ക്രൂരമായ അടിമത്ത സംവിധാനം അവിടെ നിലനിന്നിരുന്നു.
ഉമവികളുടെ സ്പെയിനിലേക്കുള്ള വരവ് സമാധാനപരമായിരുന്നു. യുദ്ധവും സംഘട്ടനവും ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തി. അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ സമാധാനപൂർണമായ മുസ്ലിം ഭരണത്തിലേക്ക് സ്പെയിൻ പരിവർത്തിക്കുകയും ചെയ്തു. താരിഖ് ബിൻ സിയാദിന് പുറമെ അദ്ദേഹത്തിന്റെ കമാൻഡർ മൂസ ബിൻ നുസൈർ, മകൻ അബ്ദുൽ അസീസ് ബിൻ മൂസ എന്നിവർ ഈ വിജയപ്രയാണത്തിൽ പ്രധാനപ്പെട്ട സൈനിക ഇടപെടലുകൾക്ക് നേതൃത്വം നൽകി.
മുസ്ലിംകൾക്ക് കീഴിൽ ഈ പ്രദേശങ്ങൾ അൽ-അന്തലുസ് എന്ന പേരിൽ അറിയപ്പെട്ടു. അന്തലുസിന്റെ മതപരവും സാംസ്കാരികവും സാമൂഹികവുമായ വികാസം മുഖ്യമായി നടക്കുന്നത് അബ്ദുറഹ്മാൻ ഒന്നാമൻ എ.ഡി. 756-ൽ ഭരണത്തിൽ എത്തിയതോടുകൂടിയാണ്. ഡമസ്കസിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. എന്നാൽ അബ്ബാസി ഖിലാഫതിന് കീഴിലേക്ക് ഉമവികളിൽ നിന്ന് ഭരണം മാറിയതോടെ അദ്ദേഹവും കുറച്ച് അനുയായികളും അന്തലുസിലേക്ക് വന്ന് ഇവിടെ ഭരണത്തിൽ വരികയായിരുന്നു.
പള്ളികൾ കേന്ദ്രീകരിച്ചാണ് മുസ്ലിം സാംസ്കാരിക വികാസം മുഖ്യമായി നടന്നിരുന്നതെന്നതിനാൽ പ്രധാനമായി അദ്ദേഹം ചെയ്തത് കൊർദോവ മസ്ജിദ് നിർമിക്കലാണ്. എ.ഡി. 788-ൽ അബ്ദുറഹ്മാൻ ഒന്നാമൻ വിടപറഞ്ഞു. പിന്നീട് വന്ന ഭരണാധികാരികൾ വിജ്ഞാന വിപുലീകരണത്തിന് വലിയ പ്രോത്സാഹനം നൽകിയവരായിരുന്നു. അതോടൊപ്പം തന്നെ സ്പെയിനിൽ അധിവസിച്ചുവന്നിരുന്ന ക്രിസ്ത്യൻ-ജൂത ജനവിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തു. ഈ സഹിഷ്ണുതയിലൂടെ എല്ലാവർക്കും വിജ്ഞാനം നേടാവുന്ന തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെട്ടു. വൈജ്ഞാനിക-വ്യവഹാര ഭാഷ അറബിയിലേക്ക് പരിവർത്തിക്കപ്പെട്ടതോടെ ഒരു ആഗോള സമൂഹമായി സ്പാനിഷ് ജനത പെട്ടെന്ന് മാറി.
ശാസ്ത്രം, മെഡിസിൻ, അസ്ട്രോണമി, കൃഷിശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയിലെല്ലാം നൂതനമായ വികാസം അന്തലുസിൽ ഉണ്ടായി. കവിതാ രചനയുടെയും തത്വശാസ്ത്ര ചിന്തകളുടെയും ഉണർവുകൾ അവിടെ പ്രകടമായി. കലയും വാസ്തുവിദ്യയും ശോഭിച്ചുവന്നു. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന നാഗരികതയായി അവിടം മാറി. ആ ഉണർവുകളാണ് യൂറോപ്പിലേക്ക് മുഴുവൻ പിന്നീട് പ്രവഹിച്ചത്.
ബാഗ്ദാദ് അടക്കമുള്ള മുസ്ലിം പ്രതാപ നഗരങ്ങളിൽ പന്ത്രണ്ടാം നൂറ്റാണ്ടോടെ ശോഭ കെട്ടുതുടങ്ങുന്നുണ്ട്. സ്പെയിനിലും ഇത് സംഭവിക്കുന്നുണ്ട്. 1492-ൽ മുസ്ലിം ഭരണത്തിന് സ്പെയിനിൽ അന്ത്യമായി. പക്ഷേ അതുവരെയുണ്ടായിരുന്ന എഴുനൂറിലധികം വർഷങ്ങൾ ഒരാൾക്കും മായ്ക്കാൻ കഴിയാത്ത വിധം സർഗാത്മകതയുടെയും വിജ്ഞാനത്തിന്റെയും മഹാ മേൽവിലാസമായിരുന്നു.




