സ്പെയിനിൽ എട്ടാം നൂറ്റാണ്ടിൽ മുസ്ലിം ഭരണം ആരംഭിച്ചത് മുതൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഏറ്റവും മനോഹരമായ ഒരു ബഹുസ്വര സാമൂഹിക നിർമിതിയാണ് ഉണ്ടായത്. ഇന്ന് പടിഞ്ഞാറൻ ലോകത്ത് പോലും ആ മാതൃകാനാടിന്റെ വിശേഷങ്ങൾ ഭരണാധികാരികളും ചരിത്രകാരന്മാരും തുറന്നുപറയുന്നുണ്ട്. 2009-ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ബറാക് ഒബാമ കൈറോ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ പറഞ്ഞതിങ്ങനെ: "ഇസ്ലാമിന് സഹിഷ്ണുതയുടെ അഭിമാനകരമായ ഒരു പാരമ്പര്യമുണ്ട്. അന്തലൂസിന്റെയും കോർഡോബയുടെയും ചരിത്രത്തിൽ നമുക്കത് കാണാവുന്നതാണ്."
പത്താം നൂറ്റാണ്ടിൽ അബ്ദുറഹ്മാൻ മൂന്നാമൻ ഭരണാധികാരിയായി വരുന്നതോടെ ഇസ്ലാമിക സ്പെയിൻ അതിന്റെ പുഷ്കലാവസ്ഥയിൽ എത്തിയിരുന്നു. പുറത്തുനിന്നുള്ള അസ്വസ്ഥതകൾ ഇല്ലാതായി. അറിവിന് പ്രാധാന്യം നൽകുന്ന തരത്തിലുള്ള സംവിധാനങ്ങൾ വ്യാപകമായി. സാമ്പത്തികാവസ്ഥയിലും കൃഷിയിലും വ്യവസായത്തിലും കയറ്റുമതിയിലും എല്ലാം വലിയ മുന്നേറ്റം അക്കാലത്ത് ഉണ്ടായി. ഇതിന്റെ പ്രയോജനം എല്ലാ വിഭാഗം മനുഷ്യർക്കുമായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് അദ്ദേഹം എടുത്തത്. എ.ഡി. 944 മുതൽ 994 വരെ ജീവിച്ച ഇബ്നു ജുൽജുൽ എന്ന ചരിത്രകാരൻ മുസ്ലിം സ്പെയിനിലെ വിവിധ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെക്കുറിച്ച് നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്.
അഹ്ലുൽകിതാബ് എന്ന നിലയിൽ, വേദഗ്രന്ഥങ്ങൾക്ക് നേരത്തെ പാത്രമായ സമൂഹമായി ഏറെ നന്നായി ക്രിസ്ത്യൻ, ജൂത സമൂഹങ്ങൾ അവിടെ പരിഗണിക്കപ്പെട്ടു. 'ദിമ്മി' (അഥവാ സംരക്ഷിത സമൂഹം) എന്ന നിലയിൽ മുസ്ലിമേതരർ സ്പെയിനിലെ മുസ്ലിം ഭരണകൂടങ്ങൾക്ക് കീഴിൽ സംരക്ഷിക്കപ്പെട്ടു. അവർക്ക് സ്വന്തമായ നിലയിൽ തങ്ങളുടെ സ്വത്വം സംരക്ഷിക്കാനും മതം അനുഷ്ഠിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പകരം 'ജിസ്യ' എന്ന പേരിൽ ചെറിയൊരു നികുതി ഗവൺമെന്റിന് നൽകേണ്ടിയിരുന്നുള്ളൂ.
ചില ഉദാഹരണങ്ങൾ നോക്കാം. യഹൂദ ചിന്തകനും ദൈവശാസ്ത്ര വിദഗ്ദ്ധനുമായ മൈമോനിഡിസ് പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്പെയിനിലെ കൊർദോവയിലാണ് ജനിച്ചത്. മുസ്ലിം രാജവംശമായിരുന്നു അന്ന് അവിടെ ഭരണം നടത്തിയിരുന്നത്. പൗരാണിക ഗ്രീക്ക് ഫിലോസഫിയിൽ നിപുണനായിരുന്ന അദ്ദേഹം അറബി ഭാഷയിലും വലിയ വിദഗ്ദ്ധനായിരുന്നു. പിന്നീട് അദ്ദേഹം സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ മുഖ്യ വൈദ്യനായി സേവനം ചെയ്തു. ജൂത മതവിഷയങ്ങളിലും തത്വശാസ്ത്രങ്ങളിലും അതീവ വിദഗ്ധനായിരുന്ന മൈമോനിഡിസിനെ ഇസ്ലാമിക തത്വശാസ്ത്രം വളരെ ആകർഷിച്ചിരുന്നു. മുസ്ലിം സമൂഹത്തിനിടയിൽ ജീവിച്ചതിനാൽ അതിന്റെ അകക്കാമ്പ് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇബ്നു സീന, ഇമാം ഗസ്സാലി, അൽഫാറാബി എന്നിവരുടെ രചനകളും ചിന്തകളും അദ്ദേഹത്തെ സവിശേഷമായി ആകർഷിച്ചിട്ടുണ്ട്. കൈറോവിലെ പൗരാണിക നഗരമായ ഫുസ്താതിലാണ് അദ്ദേഹത്തിന്റെ മരണം. മുസ്ലിം സ്പെയിനിലെ ഉൾക്കൊള്ളലിന്റെ ഇസ്ലാമിക സമീപനമാണ് മൈമോനിഡിസിന്റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയത്.
എ.ഡി. 993 മുതൽ 1056 വരെ മുസ്ലിം സ്പെയിനിൽ ജീവിച്ച മറ്റൊരു യഹൂദ പ്രമുഖനാണ് സാമുവൽ ഇബ്നു നാഗ്രില്ല. ജൂത പണ്ഡിതനും കവിയും സൈനിക സേനാധിപനുമായിരുന്നു അദ്ദേഹം. ഗ്രനാഡയിലെ മന്ത്രിപദവി വരെ അദ്ദേഹം കൈകാര്യം ചെയ്തു.
വൈജ്ഞാനിക കൈമാറ്റത്തിന് മുസ്ലിം പണ്ഡിതരുടെ കൂടെ നേതൃത്വം നൽകിയ ക്രിസ്ത്യൻ പണ്ഡിതനായിരുന്നു റൈമണ്ട് ഓഫ് ടോളഡോ. ടോളഡോയിലെ ആർച്ച് ബിഷപ്പായിരുന്നു അദ്ദേഹം. അറബിയിൽ നിന്ന് ധാരാളം വിശിഷ്ട ഗ്രന്ഥങ്ങൾ ക്രിസ്ത്യൻ പണ്ഡിതർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലാറ്റിനിലേക്ക് വിവർത്തനം ചെയ്തു. ഇബ്നു സീന, ഇബ്നു റുഷ്ദ്, അൽസഹ്റാവി എന്നിവരുടെ രചനകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ വിവര കൈമാറ്റം പിൽക്കാലത്ത് യൂറോപ്പിൽ വൈജ്ഞാനിക മുന്നേറ്റം വിപുലമാക്കാൻ വലിയ കാരണമായി.
അറബിയിൽ നിന്ന് ലാറ്റിനിലേക്ക് നടത്തിയ വിവർത്തന പ്രക്രിയ ആധുനിക ലോകത്ത് അറിയപ്പെടുന്നത് 'ടോളഡോ സ്കൂൾ ഓഫ് ട്രാൻസ്ലേറ്റേഴ്സ്' എന്ന നിലയിലാണ്. ഉമവി ഭരണകൂടത്തിന്റെ നല്ല പിന്തുണയും പ്രോത്സാഹനവുമായിരുന്നു ഈ വൈജ്ഞാനിക കൊടുക്കൽ വാങ്ങലുകൾക്ക് നിദാനമായത്. അന്നത്തെ ക്രിസ്ത്യൻ സമൂഹങ്ങളുടെ പ്രധാന ഭാഷകളിലൊന്നായ ലാറ്റിനിലേക്ക്, ഇസ്ലാമിക ശാസ്ത്രജ്ഞർ കണ്ടെത്തിയ മഹാ വിജ്ഞാനങ്ങൾ കൈമാറുന്നതിൽ അവർ ഒരു പിശുക്കും കാണിച്ചില്ല എന്നതും എല്ലാ പിന്തുണയും നൽകി എന്നതും ബഹുസ്വരതയെ മുസ്ലിം സമൂഹം എങ്ങനെയാണ് കൊണ്ടുനടന്നിരുന്നത് എന്നതിന്റെ മകുടോദാഹരണമാണ്.
വിവർത്തന പ്രക്രിയകളിൽ ഇടപെട്ട ക്രിസ്ത്യൻ പണ്ഡിതരിൽ പ്രമുഖരാണ് ജെറാർഡ് ഓഫ് ക്രിമോന, മൈക്കൽ സ്കോട്ട്, പീറ്റർ ദി വെനറബിൾ എന്നിവർ. ഇവരിൽ പീറ്റർ ദി വെനറബിൾ മുസ്ലിം സ്പെയിൻ സന്ദർശിച്ച് ഖുർആന്റെ വിവർത്തനം ലാറ്റിനിലേക്ക് ചെയ്യുന്നതിന് നേതൃത്വം നൽകി.
ധാരാളം പൊതു പഠന, ലൈബ്രറി ഇടങ്ങൾ മുസ്ലിം സ്പെയിനിൽ ഉണ്ടായിരുന്നു; പ്രത്യേകിച്ച് പത്താം നൂറ്റാണ്ട് മുതൽ. കൊർദോവയിലെ അൽഹകം ലൈബ്രറി അതിൽ ശ്രദ്ധേയമായിരുന്നു. മുസ്ലിംകളും മറ്റു വിഭാഗക്കാരും എല്ലാം ഈ ജ്ഞാന സങ്കേതങ്ങളെ ഒരുപോലെ പ്രയോജനപ്പെടുത്തി. അത് സഹിഷ്ണുതയെ ഊട്ടിയുറപ്പിക്കുകയും വിവേചനരഹിതമായ ഭരണം നിലനിർത്തുകയും ചെയ്തു. എ.ഡി. 961 മുതൽ 976 വരെയുള്ള കാലത്ത് കൊർദോവ ഖലീഫയായിരുന്ന അൽഹകം രണ്ടാമനാണ് ഈ മഹാ ലൈബ്രറി പണിതത്. ആറു ലക്ഷം വോള്യം പുസ്തകങ്ങളും അപൂർവ കൈയെഴുത്തു പ്രതികളും അവിടെ ഉണ്ടായിരുന്നു. ജൂത ഫിലോസഫർ ആയിരുന്ന ഹസ്ഡായ് ഇബ്നു സപ്രുത് അവിടത്തെ സ്ഥിരം സന്ദർശകരിൽ ഒരാളായിരുന്നു.
സമാനമായി അൽഹംബ്ര പാലസിലും ജ്ഞാനവിനിമയ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും വിദ്യ ലഭ്യമാക്കുക എന്ന ഇസ്ലാമിക കാഴ്ചപ്പാടിന്റെ മഹാഭാവം സ്പെയിനിൽ നിറയെ കാണാമായിരുന്നു.




