ഭൗമ-വാന ലോകങ്ങളിൽ ഓരോ സൃഷ്ടിയുടെയും ആയുസ്സ് എത്രയാണ് എന്നതിൽ സ്രഷ്ടാവായ അല്ലാഹുവിന് കൃത്യമായ തീരുമാനമുണ്ട്. അതിനാൽ മനുഷ്യരെപ്പോലെ മലക്കുകള്ക്കും മരണമുണ്ട്. മലക്കുകൾക്ക്, വിവിധ രൂപങ്ങൾ സ്വീകരിക്കാനുള്ള ശേഷി സ്രഷ്ടാവ് അനുവദിച്ചിട്ടുണ്ട്. ഉത്കൃഷ്ട സൃഷ്ടികളായ അവർക്ക്, മനുഷ്യർക്കുള്ളതു പോലെ വികാരവിചാരങ്ങളില്ലാത്തതിനാൽ അന്നപാനീയങ്ങൾ ആവശ്യമില്ല. വിവാഹമോ സന്താനോൽപാദനമോ അവരുടെ അജണ്ടയുമല്ല.
ക്ഷീണമോ അലസതയോ ബാധിക്കാതെ രാവും പകലും അല്ലാഹുവിന് ആരാധനയർപ്പിക്കുന്നു ഈ സൃഷ്ടി വിഭാഗം. മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പ്തന്നെ അല്ലാഹു മലക്കുകളെ സൃഷ്ടിച്ചു. അവരുടെ എണ്ണം മനുഷ്യരെ മറികടക്കും. മലക്കുകളിൽ നിന്ന് ആദ്യം പടയ്ക്കപ്പെട്ടത് നാലുപേരാണ്; ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, അസ്റാഈൽ. മലക്കുകളുടെ എണ്ണം കൃത്യമായി അല്ലാഹുവിനല്ലാതെ ആർക്കും അറിയുകയില്ല. ഇക്കാര്യം ഖുർആനും ഹദീസ് വചനങ്ങളും പഠിപ്പിക്കുന്നുണ്ട്. നരകത്തെക്കുറിച്ച് തിരുനബിയുടെ വാക്കുകൾ ഇങ്ങനെ: “നരകത്തിന് എഴുപതിനായിരം ചങ്ങലകളുണ്ട്. ഓരോ ചങ്ങലയോടൊപ്പവും എഴുപതിനായിരം മലക്കുകളും. അവര് അതിനെ വലിച്ചുകൊണ്ടുവരും.”
ഭൂമിയിലുള്ള വിശുദ്ധ കഅ്ബക്ക് (മുസ്ലിംകളുടെ പുണ്യഗേഹം) സമാനമായി വാനലോകത്ത് ഒരു ഗേഹമുണ്ട്; 'ബൈത്തുൽ മഅ്മൂർ.’ പ്രതിദിനം എഴുപതിനായിരം മലക്കുകളാണ് അതിലേക്കു പ്രവേശിക്കുന്നത്. മലക്കുകളുടെ ബാഹുല്യം ഇത്തരം അധ്യാപനങ്ങളിലൂടെ മനസ്സിലാക്കാം. അവരുടെ സൃഷ്ടിപ്പിലെ മാഹാത്മ്യത്തെക്കുറിച്ചുള്ള മറ്റൊരു നബിവചനം നോക്കൂ: "അ൪ശ് (അല്ലാഹുവിൻ്റെ ഒരു പ്രത്യേക സൃഷ്ടി) വഹിക്കുന്ന ഒരു മലക്കിനെക്കുറിച്ച് നിങ്ങളെ അറിയിക്കാന് അല്ലാഹു എനിക്ക് അനുമതി നല്കി. അതിന്റെ ചെവിയുടെ അടിഭാഗം മുതൽ തോൾ വരെ 700 വർഷം യാത്രചെയ്യാനുളള ദൂരമുണ്ട്."



