പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട മലക്കുകളെ സാധാരണ മനുഷ്യർക്ക് യഥാർഥ രൂപത്തിൽ കാണാനാകില്ല. എന്നാൽ, വിവിധരൂപങ്ങൾ സ്വീകരിക്കാൻ കഴിവുള്ള അവർ, മനുഷ്യനേത്രങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രൂപം പ്രാപിച്ചാൽ എല്ലാവർക്കും കാണാം. നന്മതിന്മകൾ എഴുതാൻ വേണ്ടി മലക്കുകൾ എപ്പോഴും അദൃശ്യരായി ഓരോ മനുഷ്യനൊപ്പവുമുണ്ട്.
അല്ലാഹുവിൻ്റെ ദൂതരായ നബിമാർക്ക് മലക്കുകളെ കാണാനും കേൾക്കാനുമാകും. ദൈവികസന്ദേശം പ്രവാചകരിലേക്കെത്തിക്കാൻ നിയോഗിക്കപ്പെട്ട മലക്ക്, ജിബ്രീലിനെ ഒന്നിൽ കൂടുതൽ തവണ മുഹമ്മദ് നബി യഥാർഥരൂപത്തിൽ കണ്ടിട്ടുണ്ട്. ഒരു നബിഅനുചരൻ പറയുന്നു: “ഒരിക്കൽ ഞങ്ങളോട് തിരുനബി ചോദിച്ചു: ‘ഞാൻ കേൾക്കുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?’
‘ഞങ്ങൾക്കൊന്നും കേൾക്കാനാവുന്നില്ലല്ലോ.’
തിരുനബി പറഞ്ഞു: ‘ഞാൻ ആകാശത്തിൽ നിന്ന് മുഴക്കം കേൾക്കുന്നു, വാനലോകത്തിന്റെ ന്യൂനതയല്ലത്, സാഷ്ടാംഗത്തിലോ നിർത്തത്തിലോ ആയി (നിസ്കാരത്തിൻ്റെ ഭാഗം) മലക്കുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ അവിടെ ഒരു കാൽപ്പാദത്തിന്റെ സ്ഥലം പോലും ഒഴിഞ്ഞുകിടക്കുന്നില്ല.’”
മലക്കുകൾ മറ്റു രൂപങ്ങളിലേക്കു മാറുമ്പോൾ അവരെ പ്രവാചകരല്ലാത്തവർക്കും കാണാൻ കഴിയും എന്ന് സൂചിപ്പിച്ചല്ലോ. ഒരു സംഭവം പറയാം: “പ്രവാചകൻ മുഹമ്മദ് നബി ഒരാളോട് സംസാരിക്കുന്നത് ഒരു സ്വഹാബി (അനുചരൻ) കണ്ടു. ദീർഘമായ സംസാരം കഴിഞ്ഞപ്പോൾ സ്വഹാബി തിരുനബിയോട് അതാരായിരുന്നുവെന്ന് ചോദിച്ചു. ‘താങ്കൾ അദ്ദേഹത്തെ കണ്ടോ?’
സ്വഹാബി പറഞ്ഞു: ‘അതെ’
മുഹമ്മദ് നബി പറഞ്ഞു: ‘അത് ജിബ്രീൽ എന്ന മലക്കാണ്. അയൽവാസിയോടുള്ള കടപ്പാടുകളെ സംബന്ധിച്ച് വിവരിക്കുകയായിരുന്നു. അതു കേട്ടപ്പോൾ അയൽവാസി അനന്തരാവകാശി പോലുമായേക്കുമോ എന്നു ഞാൻ ധരിച്ചുപോയി, താങ്കൾ സലാം പറഞ്ഞിരുന്നെങ്കിൽ ജിബ്രീൽ അതിനുത്തരം നൽകുമായിരുന്നു.’”
മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്നിട്ടുള്ളതിന് ഖു൪ആനിലും തിരുവചനങ്ങളിലും ധാരാളം ഉദാഹരണങ്ങള്‍ കാണാം. പ്രവാചകരായിരുന്ന ഇബ്റാഹീം നബിയുടെയും ലൂത്വ് നബിയുടെയും അടുക്കലേക്ക് അതിഥികളായി മനുഷ്യരൂപത്തില്‍ വന്ന മലക്കുകളുടെ കഥ ഖുർആൻ വിവരിക്കുന്നുണ്ട്.



