അല്ലാഹുവിൻ്റെ ബഹുമാന്യ സൃഷ്ടികളാണ് മലക്കുകൾ. ഖുർആനിലെ വിവിധ ഭാഗങ്ങളിൽ അല്ലാഹുവിനോടൊപ്പം മലക്കുകളെയും ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്. ഉദാഹരണം നോക്കൂ: "തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെമേൽ സ്വലാത്ത് ചൊല്ലുന്നു. (ഖുർആൻ 33/ 56) (സ്വലാത്തിന്റെ വിവക്ഷ അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാർത്ഥനയുമാണ്)
മലക്കുകൾ പ്രപഞ്ചത്തിന്റെ നാനാഭാഗത്തും രക്ഷിതാവിന്റെ കൽപ്പനപ്രകാരം ജീവിക്കുന്നു. ഓരോരുത്തർക്കും സ്രഷ്ടാവ് കൃത്യമായ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അവനെ ധിക്കരിക്കുകയില്ല. പൂർണഭയഭക്തിയോടെ രക്ഷിതാവിന് വഴിപ്പെട്ടും അവനോടു വിനയം കാണിച്ചും ജീവിക്കുന്നവരാണവർ. അല്ലാഹു അവന്റെ സന്ദേശങ്ങൾ (വഹ് യ്) ദൂതരിലേക്ക് അയക്കുന്നത് മലക്കുകളിലൂടെയാണ്. അല്ലാഹുവിനോട് ഏറ്റവും സാമീപ്യമുള്ള മാലാഖയാണ് ജിബ്രീൽ. മുഹമ്മദ് നബിക്ക് ഹിറാഗുഹയിൽ ആദ്യ വെളിപാടുമായി പ്രത്യക്ഷപ്പെട്ടത് ജിബ്രീലായിരുന്നു. ഇരുപത്തിമൂന്ന് വർഷങ്ങൾകൊണ്ട് ഖുർആൻവചനങ്ങൾ പൂർണമായി എത്തിച്ചുകൊടുത്തതും ജിബ്രീലായായിരുന്നു.
എല്ലാ മലക്കുകളും നിരന്തരമായി അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് തൻ്റെ പ്രവൃത്തികളിൽ നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നന്മ തിരഞ്ഞെടുത്താൽ വിജയവും സൽഭാവിയും തിന്മ തിരഞ്ഞെടുത്താൽ പരാജയവും ശിക്ഷയും ലഭിക്കും. എന്നാൽ, മലക്കുകൾക്ക് അങ്ങനെയൊരു തിരഞ്ഞെടുപ്പ് നൽകിയിട്ടില്ല. അതിനാൽ, നിയോഗിക്കപ്പെട്ട കാര്യമല്ലാതെ അവരിൽ നിന്നുണ്ടാകില്ല. ധർമം മാത്രമാണ് മലക്കുകളുടെ ഗുണം. ഓരോ മനുഷ്യനെയും അദൃശ്യമായി നന്മകൊണ്ട് പ്രേരിപ്പിക്കുന്നതും അവരാണ്.



