അല്ലാഹുവിൻ്റെ പ്രധാനസൃഷ്ടികളാണ് മലക്കുകൾ (മാലാഖമാർ). മനുഷ്യേതരസൃഷ്ടികളിലെ സചേതനരും അദൃശ്യരുമാണവർ. പ്രത്യക്ഷമായി മനുഷ്യർക്ക് ഇടപെടാൻ കഴിയാത്ത കാര്യങ്ങളിൽ പ്രപഞ്ചരക്ഷിതാവിന്റെ ചുമതല ലഭിച്ചവരാണ് ഈ വിഭാഗം. നിയമങ്ങളും വ്യവസ്ഥകളും നടപ്പിലാക്കാൻ സജ്ജരായ മലക്കുകൾക്ക് വ്യത്യസ്തരൂപങ്ങൾ സ്വീകരിക്കാൻ കഴിയും. അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിരുദ്ധമായി യാതൊന്നും പ്രവർത്തിക്കാത്ത അവർ മനുഷ്യരുടെ ദൃഷ്ടിപഥത്തിൽ നിന്നകന്ന് ഭൂമിലോകത്തും ഭൂമിക്കപ്പുറത്തുമായി കൃത്യതയോടെയും സൂക്ഷ്മതയോടെയും ജീവിക്കുന്നു.
മലക്കുകളിലുള്ള വിശ്വാസം
മനുഷ്യകുലത്തിന് മുമ്പും ശേഷവുമായി അല്ലാഹു സൃഷ്ടിച്ച അനേകം ചേതന, അചേതന വസ്തുക്കളുണ്ട്. അവ ഓരോന്നും മനസ്സിലാക്കി വിശ്വസിക്കണമെന്ന് നിർബന്ധകൽപ്പനയില്ല. എന്നാൽ, മലക്കുകളുടെ കാര്യം അങ്ങനെയല്ല. അവരെക്കുറിച്ചുള്ള വിശ്വാസം നിർബന്ധമാണ്. മലക്കുകളിൽ വിശ്വസിക്കാത്തവർ വഴിതെറ്റിയവരാണെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു: "സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും (മുഹമ്മദ് നബി) ആ ദൂതന് അവതരിച്ച ഗ്രന്ഥത്തിലും മുൻകഴിഞ്ഞ ദൂതന്മാർക്ക് അല്ലാഹു നൽകിയ ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുക. അല്ലാഹുവിലും അവൻ്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതരിലും അന്ത്യദിനത്തിലും അവിശ്വസിക്കുന്നവർ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു. (അന്നിസാഅ് 136)
മലക്കുകളെക്കുറിച്ച് തെറ്റായി വായിക്കുന്നവരുണ്ട്. എന്നാൽ, കൃത്യവും വ്യക്തവുമായി വിശുദ്ധ ഖുർആനിലൂടെയും പ്രവാചകവചനങ്ങളിലൂടെയും അല്ലാഹു വിശ്വാസി സമൂഹത്തിന് അവരെ സംബന്ധിച്ച പാഠം നൽകുന്നുണ്ട്. ഇസ്ലാംമതത്തിൻ്റെ അടിസ്ഥാനശിലയായ വിശ്വാസകാര്യങ്ങളിൽ രണ്ടാമത്തെ ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകളുണ്ടെന്നും അവർ സ്രഷ്ടാവായ അല്ലാഹുവിൻ്റെ അനുഗൃഹീത അടിമകളാണെന്നും വിശ്വസിക്കലാണ് മലക്കുകളിൽ വിശ്വസിക്കുകയെന്നതിൻ്റെ താത്പര്യം. മനുഷ്യരെപ്പോലെ അവരും അല്ലാഹുവിൻ്റെ അടിമകളാണ്.
എന്നാൽ, ഈ വിഭാഗത്തിന്റെ സൃഷ്ടിപ്പ് മനുഷ്യപ്രകൃതിയിൽ നിന്ന് വിഭിന്നമാണ്. അവർ അല്ലാഹുവിന്റെ പുത്രിമാരോ ദേവീ ദേവന്മാരോ അല്ല. പ്രപഞ്ചത്തിലെ ഒരംശത്തിൽ പോലും മലക്കുകൾക്കു സ്വതന്ത്രമായ നിയന്ത്രണാധികാരമോ ക്രയവിക്രയങ്ങൾക്കുള്ള ഇടമോ ഇല്ല. എല്ലാം അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണ്, അവൻ്റെ നിർദേശം അനുസരിച്ചാണ് മലക്കുകൾ പ്രവർത്തിക്കുന്നത്. സന്ദേശവാഹകൻ എന്നാണ് മലക്ക് എന്ന പദത്തിന്റെ അർഥം. മലക്കുകളുടെ വാസസ്ഥലം പ്രധാനമായും ഉപരിലോകമാണെന്ന് ഖു൪ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാകുന്നു.
മലക്കുകളുടെ സൃഷ്ടിപ്പ്
പ്രകാശത്താലാണ് മലക്കുകളുടെ സൃഷ്ടിപ്പ്. അവർക്ക് വിവിധ രൂപഭാവങ്ങൾ സ്വീകരിക്കാൻ കഴിയും. അദൃശ്യമായ പ്രകാശരൂപമാണ് മലക്കുകൾക്കുള്ളത്. അതുകൊണ്ടുതന്നെ അവർക്ക് അതിവേഗം സഞ്ചരിക്കാൻ സാധിക്കും. ആധുനികശാസ്ത്രം പറയുന്നതനുസരിച്ച്, സെക്കൻഡിൽ ഏകദേശം 3 ലക്ഷത്തോളം കിലോമീറ്റർ വേഗതയിൽ പ്രകാശത്തിനു സഞ്ചരിക്കാൻ കഴിയും.
പ്രകാശോർജത്തെ വിവിധ പ്രവർത്തനങ്ങൾക്ക് സംവിധാനിക്കുന്നത് നാം കാണുന്നുണ്ട്. മനുഷ്യനു യുക്തിയും ചിന്താശേഷിയും നൽകിയ അല്ലാഹു മലക്കുകളിൽ സമ്മാനിച്ച അപാരമായ കഴിവുകൾ എത്രയെന്ന് അവനു മാത്രമേ അറിയുകയുള്ളൂ. തിരുനബി പറഞ്ഞു: “മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. മനുഷ്യരിൽ നിന്നു വ്യത്യസ്തമായി മലക്കുകൾക്ക് ചിറകുകളുണ്ട്.” വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: “രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവൻ.”



