മലക്കുകൾക്കിടയിൽ വിവിധ പദവികളുണ്ട്. അവരിൽ ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, അസ്റാഈൽ, രിള് വാൻ, മാലിക്, മുൻകർ, നകീർ, റഖീബ്, അതീദ് എന്നിവർ പ്രധാനികളാണ്. പ്രവാചകന്മാർക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം എത്തിച്ചു കൊടുത്തിരുന്ന ജിബ്രീലിനാണ് ഏറ്റവും ശ്രേഷ്ഠമായ പദവി.
പ്രവാചകർ അല്ലാത്തവരിലേക്കും സന്ദേശവാഹകരായി മലക്കുകൾ എത്താറുണ്ട്. മറിയം ബീവിക്ക് ദിവ്യദൂതുമായി വന്നത് മലക്കാണെന്ന ചരിത്രം ഖുർആനിലുണ്ട്.
പ്രവൃത്തിമേഖലകളെ അടിസ്ഥാനമാക്കി മലക്കുകൾ രണ്ട് വിഭാഗമാണുള്ളത്.
1. അൽ മുഖർറബൂൻ
2. അൽമുദബ്ബിറാത്
അൽ മുഖർറബൂൻ
അല്ലാഹുവിനെ സദാസമയവും വണങ്ങിക്കൊണ്ടിരിക്കുന്നവരാണിവർ. എപ്പോഴും നാഥനെ സ്തുതിച്ചും പ്രകീർത്തനങ്ങളോടെയും കഴിയുന്നതിനാൽ, ‘അല്ലാഹുവിൻ്റെ സമീപസ്ഥർ' എന്ന് അർത്ഥം വരുന്ന മുഖർറബൂനെന്ന പേര് അവർക്കു ലഭിച്ചു. ആകാശ-ഭൗമ മണ്ഡലങ്ങളിൽ അല്ലാഹുവിനെ വാഴ്ത്തി, സാഷ്ടാംഗം ചെയ്ത്, ഇവർ നിലകൊള്ളുന്നു. സവിശേഷസൃഷ്ടിയായ 'അർശ്' വഹിച്ചുകൊണ്ടിരിക്കുന്ന, 'ഹമലതുൽ അർശ്' എന്ന പേരുള്ളവരും അതിനെ സദാ ചുറ്റിക്കൊണ്ടിരിക്കുന്ന, 'ഹാഫ്ഫൂൻ' എന്ന് നാമമുള്ള മലക്കുകളും മുഖർറബൂൻ വിഭാഗത്തിൽപ്പെടുന്നു. അർശിനെ വലയം ചെയ്തുകൊണ്ടിരിക്കുന്ന മലക്കുകൾക്ക് എഴുപതിനായിരം വരികളുണ്ട്. അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്ന ഇവർ വിശ്വാസികൾക്കുവേണ്ടി മാപ്പിരക്കുകയും ശുപാർശ നടത്തുകയും ചെയ്യുമെന്ന് തിരുനബിവചനങ്ങളിൽ വ്യക്തമായുണ്ട്.
അൽ മുഖർറബൂൻ വിഭാഗത്തിലെ മറ്റൊരു കൂട്ടം മലക്കുകളാണ് 'സുക്കാനുസമാവാത്ത്' എന്നു പേരുള്ള വാനലോകദേശക്കാർ. മുഴുവൻ സമയങ്ങളിലും അല്ലാഹുവിനുള്ള ആരാധനയുടെ വിവിധ രൂപങ്ങളിലായി മാത്രം ആകാശങ്ങളിൽ നിർദിഷ്ട സ്ഥലത്ത് ഒതുങ്ങിക്കഴിയുന്ന വിഭാഗമാണിത്. ഇവർക്ക് മറ്റ് ചുമതലകളില്ല. ഭൂമിയിലെ കഅ്ബക്ക് സമാനമായി 'ബൈത്തുൽ മഅ്മൂർ' എന്ന പേരിൽ ഒരു പുണ്യഭവനം ഉപരിലോകത്ത് സ്ഥിതിചെയ്യുന്നുണ്ട്. അവിടെ, 'ബൈത്തുൽ മഅ്മൂർ' കഅ്ബയെപ്പോലെ ആദരിക്കപ്പെടുന്നു. അല്ലാഹുവിനു സ്തുതി കീർത്തനങ്ങൾ ഉരുവിട്ട് ദിനേന എഴുപതിനായിരം മലക്കുകൾ അതിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. ഈ മലക്കുകളും അൽ മുഖർറബൂൻ വിഭാഗത്തിൽ പെട്ടവരാണ്.
അൽമുദബ്ബിറാത്ത്
അല്ലാഹുവിന്റെ നിർദേശമനുസരിച്ച് പ്രപഞ്ചത്തിലെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മലക്കുകളാണ് 'അൽ മുദബ്ബിറാത്ത്’. അവരിലെ പ്രധാന മലക്കുകളുടെ പേരും ചുമതലകളും ചുവടെ നൽകുന്നു.
1. ജിബ്രീൽ - അല്ലാഹുവിൽ നിന്ന് പ്രവാചകരിലേക്ക് ദിവ്യബോധനം എത്തിക്കൽ.
2. മീകാഈൽ - ഇടി, മിന്നൽ, കാറ്റ്, മഴ, ഭക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം.
3. ഇസ്റാഫീൽ - അന്ത്യനാളിൽ ലോകം മുഴുവനും ഇല്ലാതാക്കാനായി അല്ലാഹുവിന്റെ കൽപ്പനയാൽ ‘സ്വൂർ’ എന്ന കാഹളം മുഴക്കുക.
4. അസ്റാഈൽ - എല്ലാ സൃഷ്ടികളും അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാൽ മരണപ്പെടും. അവരുടെ ആത്മാവുകൾ സ്വീകരിക്കാൻ ഏൽപ്പിക്കപ്പെട്ട മരണ ദൂതനാണ്.
5. റഖീബ്, അതീദ് - നന്മ തിന്മകൾ രേഖപ്പെടുത്താൻ എപ്പോഴും മനുഷ്യരോടൊപ്പമുള്ളവർ.
6. മുൻകർ, നകീർ - മരണപ്പെട്ടവരെ ചോദ്യം ചെയ്യുന്നവർ.
7. മാലിക്ക് - നരകത്തിന്റെ കാവൽക്കാരൻ.
8. രിള് വാൻ - സ്വർഗത്തിന്റെ കാവൽക്കാരൻ.
9. മലക്കുൽ ഹയാത്ത് - ജീവദൂതൻ
10. ഹഫളത് - കാവൽക്കാർ
11. മുബശ്ശിറൂൻ - ശുഭസന്ദേശകൻ
12. അസ്സയ്യാഹൂൻ - സഞ്ചാരികൾ
13. മലാഇകത്തുൽ ജിബാൽ - പർവ്വതങ്ങളെ കാക്കുന്നവർ
14. സാഇഖ്, ശഹീദ് - നയിക്കുന്നവനും സഹായിയും.
15. റൂഹാനിയ്യൂൻ - കാരുണ്യ പ്രവാഹകർ.



