ആഗോള രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഒരു പ്രധാന സമസ്യയാണ് സെക്യുലറിസം. പ്രധാനമായും രണ്ട് തരത്തിലുള്ള സെക്യൂലറിസമാണ് ലോകത്ത് നിലവിലുള്ളത്. പാശ്ചാത്യ മതേതര കാഴ്ചപ്പാടാണ് അതിലൊന്ന്. മതം പൗരൻ്റെ സ്വകാര്യജീവിതത്തിൽ മാത്രം അനുഷ്ഠിച്ചാൽ മതിയെന്നും രാഷ്ട്രത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ നിന്ന് മതത്തെ പൂർണമായും മാറ്റിനിർത്തണമെന്നും ആവശ്യപ്പെടുന്ന വെസ്റ്റേൺ സെക്യുലറിസം ഒരർഥത്തിൽ മതനിരാസത്തിലധിഷ്ഠിതമായ ആശയമാണ്. പൗരൻ്റെ മതവിശ്വാസത്തെ ബഹുമാനിക്കാൻ സ്റ്റേറ്റ് തയ്യാറാകുന്നില്ലെന്നത് പാശ്ചാത്യ മതേതരത്വത്തെ പ്രശ്നവത്കരിക്കുന്നുണ്ടെന്നത് നേരാണ്. ഏതേത് പൗരസമൂഹത്തിലും മതം വ്യക്തിയുടെ സ്വത്വത്തെ നിർണയിക്കുന്ന മുഖ്യ ഘടകമായിരിക്കുമ്പോഴാണ് പാശ്ചാത്യ മതേതര കാഴ്ചപ്പാട് നിഷേധാത്മക സ്വഭാവത്തിലൂന്നുന്നത്. ചർച്ചിനെ സ്റ്റേറ്റിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു പാശ്ചാത്യ പ്രതിലോമ മതേതര കാഴ്ചപ്പാട് രൂപപ്പെട്ടത് എന്നുവന്നാൽ പോലും രാഷ്ട്രത്തിന് മതവൈവിധ്യങ്ങളോട് മുഖം തിരിച്ചിരിക്കാനാവില്ല.
സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലാതിരിക്കുകയും എല്ലാ മതങ്ങളെയും അത് തുല്യമായി പരിഗണിക്കുകയും ചെയ്യുന്നതാണ് മതേതരത്വത്തിൻ്റെ രണ്ടാമത്തെ ആശയം. ജനാധിപത്യ രാജ്യമായ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ മതേതരാശയങ്ങളുടെ അടിത്തറ എല്ലാ മതവിശ്വാസങ്ങളും ഒരുപോലെ ബഹുമാനിക്കപ്പെടുന്നു എന്നതാണ്. അവിടെ മതം പൗരൻ്റെ സ്വകാര്യ ജീവിതത്തിൽ മാത്രം പാസ്സുള്ള വ്യവഹാരമല്ല. രാഷ്ട്രപൗരന്മാരുടെ സാമൂഹിക ജീവിതം മതരഹിതമായിരിക്കണമെന്ന് സ്റ്റേറ്റിന് നിർബന്ധമില്ല. അതേസമയം സ്റ്റേറ്റ് ഒരു തിയോക്രാറ്റിക് സ്റ്റേറ്റാകരുതെന്ന നിഷ്കർഷത അതിന് ഉണ്ടുതാനും. പാശ്ചാത്യ മതേതരത്വത്തിൽ നിന്ന് ഭിന്നമായി പൗരൻ്റെ സജീവമായ മതാസ്തിത്വത്തെ മുഖവിലക്കെടുക്കുന്നു എന്നത് രണ്ടാമത്തെ മതേതര കാഴ്ചപ്പാടിൻ്റെ ഗുണവശമാണ്.
ഇസ്ലാമിക ആശയ പരിസരങ്ങളിൽ മതേതര വ്യവഹാരങ്ങൾക്ക് ഇടമേയില്ലെന്ന പൊതുബോധം ബോധപൂർവമോ അല്ലാതെയോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നത് കാണാതിരിക്കാനാകില്ല. യഥാർഥത്തിൽ, ഇസ്ലാമിതര മതവിഭാഗങ്ങളുടെ അവകാശങ്ങൾ വകവെച്ചു നൽകുകയും അവർക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് ഇസ്ലാം. സമൂഹത്തെ മതവിശ്വാസത്തെ മുൻനിർത്തി വിഭജിക്കുമ്പോൾ മൂന്ന് വിഭാഗങ്ങളെ കണ്ടെത്താനാകും. മതങ്ങളൊന്നുമേ സത്യമല്ലെന്ന് വിശ്വസിക്കുന്നവരാണ് അതിലൊരു വിഭാഗം. എല്ലാ മതങ്ങളും സത്യമാണെന്നും ഒരേ ലക്ഷ്യത്തിലേക്കൊഴുകുന്ന കൈവഴികളാണ് അവയോരോന്നുമെന്നതാണ് രണ്ടാം പക്ഷം. ഈ രണ്ട് പക്ഷത്തുമല്ല ഇസ്ലാമിൻ്റെ മനസ്സ്. സത്യമതം ഒന്ന് മാത്രമാണെന്നും മറ്റുളളവയെല്ലാം അസത്യമാണെന്നും വിശ്വസിക്കുന്നതോടൊപ്പം ഇതരമതസ്ഥരെ പരിഗണിക്കുന്നതാണ് ഇസ്ലാമിന്റെ മതേതര സമീപനം. ഒരു മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നതിനൊപ്പം മറ്റു മതവിശ്വാസികൾക്ക് അർഹമായ പരിഗണന നൽകുന്നയാൾ
അപകടകാരിയല്ല, മതഭ്രാന്തനുമല്ല. അതിനാൽ മുസ്ലിം മറ്റു വിശ്വാസികളുടെ മതജീവിതത്തിന് ഭീഷണി സൃഷ്ടിക്കില്ല.
“തീർച്ചയായും ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു” എന്ന് വിശുദ്ധ ഖുർആനിലെ ‘ഇസ്റാഅ്’ അധ്യായത്തിലെ 70ാം വചനത്തിൽ അല്ലാഹു പറയുന്നുണ്ട്. ആദ്യ മനുഷ്യനായ ആദമിൻ്റെ സന്താനങ്ങൾക്കെല്ലാം അല്ലാഹു ആദരവ് കൽപിച്ചെങ്കിൽ മുസ്ലിമേതരരും സ്രഷ്ടാവായ അല്ലാഹുവിനാൽ ആദരിക്കപ്പെട്ടു എന്ന് സാരം. ഒരു അമുസ്ലിമിന് സാമാന്യ വിലയുണ്ടാകുന്നത് അയാൾ തന്നെ അത് ഹനിക്കാതിരിക്കുമ്പോൾ മാത്രമാണ്. അപ്പോൾ മാത്രമാണ് അയാളുടെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും ഇസ്ലാം വിലകൽപിക്കുന്നത്. എന്നാൽ അമുസ്ലിം തൻ്റെ വില കളയും വിധം പ്രവർത്തിച്ചാൽ അയാളുടെ വില നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടും.
ഒരു അമുസ്ലിം ഇസ്ലാമിന്റെ സ്വയം പ്രഖ്യാപിത ശത്രുവായി രംഗത്ത് വരികയും മുസ്ലിംകളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്താൽ അയാൾ തൻ്റെ മൂല്യം സ്വയം എടുത്തുകളഞ്ഞിരിക്കുന്നു. അയാൾ സംരക്ഷണമോ ബഹുമാനമോ അർഹിക്കാത്ത ആളായിത്തീർന്നിരിക്കുന്നെന്ന് ചുരുക്കം. സ്വയം വിലയിടിക്കുന്ന പ്രവൃത്തി മുസ്ലിം ചെയ്താൽ അയാൾക്കും ഇതേ സ്ഥിതി തന്നെയായിരിക്കുമെന്നത് ശ്രദ്ധേയമാണ്. അതിനാൽ ഒരു മുസ്ലിം കൊലപാതകം നടത്തിയാൽ അതുവഴി അയാൾ തൻ്റെ രക്തത്തിൻ്റെ സംരക്ഷണം നഷ്ടപ്പെടുത്തിയിരിക്കുന്നു. കൊലപാതകം നടത്തിയയാൾക്ക് ജീവിക്കാൻ അവകാശമില്ലാതാകുന്നത് അയാൾ ആ കുറ്റകൃത്യം ചെയ്തതിനാലാണ്.
ജൂതൻ്റെ മൃതദേഹം കൊണ്ടുവരുന്നത് കണ്ടപ്പോൾ തിരുനബി എഴുന്നേറ്റ് നിന്നത് മനുഷ്യത്വത്തോടുള്ള ആദരവാണ്. അതിൽ മാത്രം ഒതുങ്ങിയതുമില്ല ആ സമീപനം. പരസ്പര ആദാനപ്രദാനങ്ങളുടെതായ ഇഴചേർന്ന സാമൂഹിക ജീവിതം തിരുനബിയുടെ മദീന രാഷ്ട്രത്തിൽ ജൂത സമുദായവുമായി നിലനിന്നിരുന്നു. അതിന് സാക്ഷ്യമായി പ്രവാചക പത്നി ആഇശ ബീവിയുടെ വാക്കുണ്ട്. വിയോഗസമയത്ത് തിരുനബിയുടെ പടയങ്കി ഒരു ജൂതൻ വശം പണയത്തിലായിരുന്നു എന്നാണ് ആ സാക്ഷ്യം പറച്ചിൽ. തിരുനബിക്ക് സേവനം ചെയ്യാൻ തയ്യാറായി വന്നിരുന്നു ഒരു ജൂതക്കുട്ടി. അസുഖ ബാധിതനാണെന്നറിഞ്ഞപ്പോൾ ആ കുട്ടിയുടെ ഭവനം സന്ദർശിക്കുന്നുണ്ട് തിരുനബി. മതാന്ധതയാണ് ഇസ്ലാമിന്റെ ഉള്ളടക്കമെങ്കിൽ ജൂതക്കുട്ടിയുടെ വീട്ടിൽ തിരുനബി എത്തുമായിരുന്നില്ല. അവ്വിധമൊരു ചരിത്രം പിറവിയെടുക്കുക പോലുമുണ്ടാകുമായിരുന്നില്ല. മതനിർദ്ദേശങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള മാനവികഭാവമാണ് ഇസ്ലാമിന്റെ മതേതരത്വത്തിൻ്റെ അന്തസത്ത.
